ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കടുത്ത പ്രതിസന്ധിയെ നേരിടുന്ന ഒട്ടേറെ പേരാണ് രാജ്യത്ത് . ഇതിന് പുറമെയാണ് ഊർജ്ജബില്ലുകളിലെ കുതിച്ചു കയറ്റം. വാർഷിക വരുമാനം കുറവുള്ള , സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നവർക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് സർക്കാർ . ഇതിൻറെ ഭാഗമായി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് 900 പൗണ്ട് വീതം ലഭിക്കും.
സഹായധന വിതരണത്തിന്റെ ആദ്യ ഗഡു ഏപ്രിൽ 25നും മെയ് 17നും ഇടയിൽ ലഭിക്കുമെന്നാണ് ഡിപ്പാർട്ട്മെൻറ് ഓഫ് വർക്ക് ആന്റ് പെൻഷൻ അറിയിച്ചിരിക്കുന്നത്. 80 ലക്ഷം ആളുകൾക്ക് ഇതിൻറെ ആനുകൂല്യം ലഭിക്കുമെന്നാണ് ഏകദേശ കണക്കുകൾ . അടുത്തമാസം ആരംഭിക്കുന്ന സഹായധനത്തിന്റെ ആദ്യ ഗഡു 301 പൗണ്ട് ആണ് . അർഹരായ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ആയിരിക്കും സഹായധനം എത്തുന്നത്.
ഇതുകൂടാതെ വേനൽക്കാലത്ത് വൈകല്യമുള്ള 60 ലക്ഷത്തോളം പേർക്ക് 150 പൗണ്ട് അധികമായി നൽകാനും തീരുമാനമായിട്ടുണ്ട്. അടുത്ത ശൈത്യകാലത്ത് 80 ലക്ഷത്തോളം ആളുകൾക്ക് 300 പൗണ്ട് അധികമായി ലഭിക്കും. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ഇടയിൽ നട്ടംതിരിയുന്ന ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് . എന്നിരുന്നാലും വിലക്കയറ്റത്തിന്റെ പ്രത്യാഘാതം ലഘൂകരിക്കുന്നതിന് സർക്കാരിൻറെ ധനസഹായം അപര്യാപ്തമാണെന്ന വിമർശനവും ശക്തമാണ്.
Leave a Reply