തന്റെ ചുമതലയിലുണ്ടായിരുന്ന പ്രാക്ടീസുകളില്‍ നിന്ന് 400,000 പൗണ്ടുമായി കടന്നുകളഞ്ഞ ജിപി കാമുകിയുമൊത്ത് ആത്മമഹത്യ ചെയ്തുവെന്ന് സ്ഥിരീകരണം. ജിപിയായിരുന്ന ടൈറ്റസ് ബ്രാഡ്‌ലി നോയേമി ഗെര്‍ഗ്ലി എന്ന 28കാരിയായ കാമുകിയുമൊത്ത് കേപ്പ് വെര്‍ഡിലുള്ള സാന്റോ അന്റാവോ എന്ന സ്ഥലത്തേക്കാണ് കടന്നത്. ഒരു വര്‍ഷം മുമ്പ് ഇവര്‍ അപ്രത്യക്ഷരായതിനു ശേഷമാണ് ഡോ.ബ്രാഡ്‌ലി ജോലി ചെയ്തിരുന്ന നാല് പ്രാക്ടീസുകളിലെ പെന്‍ഷന്‍ ഫണ്ടുകളും ജീവനക്കാരുടെ ശമ്പളത്തിനായുള്ള പണവും കാണാനില്ലെന്ന് വ്യക്തമായത്. അറ്റ്‌ലാന്റിക് ദ്വീപായ കേപ്പ് വെര്‍ഡിലെ പോലീസ് ഇന്നലെയാണ് ഇവര്‍ രണ്ടു പേരും ഒരു ബുള്ളറ്റില്‍ നിന്നേറ്റ മുറിവിനാലാണ് കൊല്ലപ്പെട്ടതെന്ന് അറിയിച്ചത്.
ഇരുവരും തമ്മിലുണ്ടായ കലഹത്തിനു ശേഷമായിരുന്നു കൊലപാതകവും ആത്മഹത്യയും നടന്നതെന്ന് ഇവര്‍ താമസിച്ചിരുന്ന ഡിവിന്‍ ആര്‍ട്ട് ഗസ്റ്റ് ഹൗസിലെ മാനേജര്‍ പറഞ്ഞു. തന്നെ ഡോക്ടര്‍ മര്‍ദ്ദിച്ചതായി നോയേമി ഗസ്റ്റ് ഹൗസ് ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതിനു ശേഷം വെടിയൊച്ച കേള്‍ക്കുകയായിരുന്നുവെന്നാണ് മൊഴി. പണം നഷ്ടമായെന്ന് യുകെയില്‍ സ്ഥിരീകരിക്കപ്പെട്ടതിനു ശേഷമായിരുന്നു ഇവര്‍ ചെക്ക് ഇന്‍ ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. 2017 ഏപ്രില്‍ 15നായിരുന്നു ഇത്. രണ്ട് ദിവസത്തിനു ശേഷം ഇരുവരും കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നാണ് പോലീസ് അറിയിക്കുന്നത്. 2012ല്‍ വിവാഹബന്ധം തകര്‍ന്നയാളാണ് ബ്രാഡ്‌ലി. ലണ്ടനില്‍ ഒരു പബ്ലിക് റിലേഷന്‍സ് കമ്പനിയില്‍ ജീവനക്കാരിയായിരുന്നു ഹംഗേറിയന്‍ വംശജയായ നൊയേമി.
ഇവരുമായി പരിചയപ്പെടുമ്പോള്‍ ഈസ്റ്റ് സസെക്‌സിലെ ഇയാള്‍ക്ക് കീഴിലുള്ള സര്‍ജറികള്‍ ജീവനക്കാരില്ലാതെ പ്രതിസന്ധിയിലായിരുന്നു. അസന്‍ഷന്‍ ദ്വീപുകളിലേക്ക് മീന്‍പിടിത്ത ട്രിപ്പിന് പോയ ഇവര്‍ രണ്ടു പേരും മൂന്നാഴ്ച പിന്നിട്ടിട്ടും മടങ്ങിയിരുന്നില്ല. പിന്നീട് തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായെന്ന് പറഞ്ഞ് നോയേമി തിരിച്ചെത്തിയിരുന്നുവെന്ന് സര്‍ജറി വൃത്തങ്ങള്‍ പറഞ്ഞു. കാണാതായ പണം നോയേമിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി അന്ന് കണ്ടെത്തിയിരുന്നു. ഈ സര്‍ജറികളില്‍ രണ്ടെണ്ണം ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. രണ്ടെണ്ണം പുതിയ ഉടമസ്ഥരുടെ കീഴിലാണുള്ളത്. ഇവരെ അവസാനമായി കാണാതാകുന്നതിനു മുമ്പായി സര്‍ജറികളിലെ ജീവനക്കാര്‍ക്ക് ശരിയായി ശമ്പളം ലഭിച്ചിരുന്നില്ലെന്നും മുന്‍ സ്റ്റാഫ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പണം കാണാതായ സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് സസെക്‌സ് പോലീസ് അറിയിച്ചു.
Leave a Reply