ക്ലീവ്‌ലാന്‍ഡ്: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായയെ പൊലീസ് വെടിവെച്ചു കൊന്നു. ടെലഗ്രാഫ് പോസ്റ്റില്‍ ബന്ധിക്കപ്പെട്ട നിലയിലാണ് ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായയെ കണ്ടെത്തിയത്. നായ അക്രമാസക്തനായതും ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതുമാണ് വെടിവെച്ച് കൊല്ലാനുള്ള തീരുമാനത്തിലേക്ക് പോലീസിനെ എത്തിച്ചത്. രക്ഷപ്പെടുത്തിയാലും നായ ജനങ്ങളെ അക്രമിക്കാന്‍ സാധ്യതയുണ്ടായിരുന്നതായി ക്ലീവ്‌ലാന്‍ഡ് പൊലീസ് അറിയിച്ചു.

ഒരു മൃഗത്തെ കൊല്ലുകെയെന്നത് ഞങ്ങളെ സംബന്ധിച്ച് ദു:ഖമുള്ള കാര്യമാണെന്നും ആനിമല്‍ വെല്‍ഫെയര്‍ അധികൃതരുമായി കൂടിയാലോചിച്ചാണ് പട്ടിയെ കൊന്നതെന്നും അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ജയ്‌സണ്‍ ഹാര്‍വിന്‍ പറഞ്ഞു. ഉടമസ്ഥരെ കണ്ടെത്തി നായയെ തിരിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായതിനെതുടര്‍ന്നായിരുന്നു കൊല്ലാനുള്ള തീരുമാനം കൈക്കൊണ്ടെതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നായയെ മയക്കുവെടി വെച്ച് മയക്കി പിടികൂടാന്‍ കഴിഞ്ഞാലും അതിനെ പുനരധിവസിപ്പിക്കാന്‍ നായയുടെ അക്രമോത്സുക സ്വഭാവം മൂലം സാധിക്കുമായിരുന്നില്ലെന്ന് വെറ്ററിനറി വിദഗ്ദ്ധര്‍ പറഞ്ഞതായും പോലീസ് അവകാശപ്പെട്ടു. അഥവാ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞാലും വെറ്ററിനറി ഡോക്ടര്‍മാര്‍ ഇതിന് ദയാവധം നല്‍കുമായിരുന്നുവെന്നും ഹാര്‍വിന്‍ വ്യക്തമാക്കി.

അതേസമയം, പട്ടിയെ കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. നായയെ കൊല്ലുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആര്‍എസ്പിസിഎ അറിയിച്ചു. പോലീസിനെയും ഡോഗ് വാര്‍ഡനെയും സഹായിക്കാന്‍ ശ്രമിച്ചിരുന്നു. നായകളെ ഉപേക്ഷിക്കുന്നത് അംഗീകരിക്കാനാകാത്ത പ്രവണതയാണെന്നും ഇത്തരം സംഭവങ്ങളിലുണ്ടാകുന്നതു പോലെയുള്ള ദുരന്തങ്ങളിലേ അവ കലാശിക്കൂ എന്നും ചാരിറ്റി വ്യക്തമാക്കി.