ബ്രിട്ടനിൽ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിര്‍ദേശത്തെ ലേബര്‍പാര്‍ട്ടി അംഗീകരിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്. ജോണ്‍സണ്‍ അവതരിപ്പിച്ച പ്രമേയത്തെ ആദ്യമായി 438 പേര്‍ പിന്തുണച്ചു. ‘നമ്മുടെ രാജ്യത്തെ രൂപാന്തരപ്പെടുത്തുന്നതിന് ഈ തലമുറക്ക് ലഭിച്ച അവസരമാണിതെന്ന്’ പൊതുതിരഞ്ഞെടുപ്പെന്ന ആശയത്തെ അംഗീകരിച്ചുകൊണ്ട് ലേബർ നേതാവ് ജറമി കോർബിൻ പറഞ്ഞു.
ഡിസംബർ ഒൻപതിനു തെരഞ്ഞെടുപ്പാകാമെന്ന നിർദേശം തള്ളിയതോടെ ലിബറൽ ഡെമോക്രാറ്റുകളും സ്കോട്ടിഷ് ദേശീയ പാർട്ടിയും വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. ലേബർ എംപിമാരിൽ പകുതിയോളം പേരും നിയമനിർമ്മാണത്തിനെതിരെ വോട്ട് രേഖപ്പെടുത്തിയിരുന്നു. അഞ്ച് ആഴ്ചത്തെ ഹ്രസ്വ പ്രചാരണത്തിനായി പാർലമെന്റ് അടുത്ത ബുധനാഴ്ച പിരിച്ചുവിടും. ജോണ്‍സന്‍റെ പ്രമേയം ഹൌസ് ഓഫ് ലോർഡ്‌സും ഉടന്‍ പാസാക്കുമെന്നാണ് പ്രതീക്ഷ.
‘ഭരിക്കാനായി ജനിച്ചവരാണ്’ എന്ന് കരുതുന്ന ജോൺസനെപോലുള്ള കൺസർവേറ്റീവുകളെ പുറത്താക്കാൻ വോട്ടര്‍മാരോട് ആഹ്വാനം ചെയ്തുകൊണ്ട് കോർബിൻ തന്റെ പ്രചാരണത്തിന് കളമൊരുക്കി. ‘ബ്രെക്സിറ്റ് ഇല്ലാതാക്കാനായി ഒരു സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്’ എന്നായിരുന്നു ലിബറല്‍ ഡെമോക്രാറ്റിക് ലീഡര്‍ ജോ സ്വിൻസൺ പറഞ്ഞത്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടനെ പുറത്തെത്തിക്കാന്‍ ‘പുതിയതും പുനരുജ്ജീവിപ്പിച്ചതുമായ’ ഒരു പാർലമെന്റ് ആവശ്യമാണെന്ന് ജോണ്‍സണ്‍ ഹൌസ് ഓഫ് കോമണ്‍സില്‍ നടന്ന ചര്‍ച്ചക്കിടെ വാദിച്ചിരുന്നു. ‘ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങളിലേക്ക് പോകുകയല്ലാതെ നമ്മുടെ മുന്നില്‍ മറ്റ് മാർഗമില്ല’ എന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു.
ഒക്ടോബർ 31-ന് മുൻപ് യൂറോപ്യൻ യൂണിയൻ വിടുമെന്ന പ്രഖ്യാപനം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം ബോറിസ് ജോൺസൻ ആരംഭിച്ചത്. കരാറില്ലാതെ ബ്രെക്‌സിറ്റ് ഉണ്ടാവില്ലെന്നു വ്യക്തമായി ഉറപ്പു തന്നാൽ തെരഞ്ഞെടുപ്പ് നിർദേശം പരിഗണിക്കാമെന്നായിരുന്നു ആദ്യം ലേബര്‍പാര്‍ട്ടി എടുത്ത നിലപാട്. ബ്രെക്‌സിറ്റ് കാലാവധി 2020 ജനുവരി 31 വരെ നീട്ടി നൽകാൻ യൂറോപ്യൻ യൂണിയൻ സമ്മതിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ബിൽ ജോൺസൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ചാൽ മാത്രമേ ജനുവരിക്ക് മുൻപ് യൂറോപ്യൻ യൂണിയൻ വിടാൻ സാധിക്കൂ. പൊതു തിരഞ്ഞെടുപ്പിലൂടെ അംഗബലം കൂട്ടി ശക്തമായി തിരിച്ചുവരാനാണ് ജോണ്‍സണ്‍ തയ്യാറെടുക്കുന്നത്.
Leave a Reply