ബ്രിട്ടനിലെ യുവസാമൂഹിക പ്രവർത്തകയും മലയാളിയുമായ അമിക ജോർജിന് ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി. രാജ്ഞിയുടെ ജന്മദിനത്തോടനബന്ധിച്ചു നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരമാണ് 21 വയസ്സുകാരിയായ അമിക നേടിയത്.

ഈ വർഷം എംബിഇ പുരസ്കാരം നേടുന്ന 457 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. അമിക ഉൾപ്പെടെ ഇന്ത്യൻ വംശജരായ 30 പേർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പത്തനംതിട്ട കുമ്പളാംപൊയ്ക സ്വദേശിയായ ജോർജിന്റെയും തിരുവനന്തപുരം സ്വദേശിയായ നിഷയുടെയും മകളാണ് അമിക.

2017 ൽ ബ്രിട്ടനിലെ പാവപ്പെട്ട പെൺകുട്ടികൾക്കു സൗജന്യമായി സാനിറ്ററി പാഡുകൾ നൽകുന്നതിനുള്ള ‘ഫ്രീ പിരിയഡ്സ്’ ക്യാംപെയ്ന് തുടക്കമിട്ടാണ് അമിക ശ്രദ്ധ നേടിയത്. കാമ്പയിൻ വൻ വിജയമായതിനെ തുടർന്ന് ബ്രിട്ടീഷ് സർക്കാർ പൊതുമേഖലയിലുള്ള സ്കൂളുകളിലും കോളേജുകളിലും സാനിട്ടറി പാഡുകളും ടാമ്പണുകളും സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു.