ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നതിനെ അനുകൂലിച്ച് ഭൂരിപക്ഷം ബ്രിട്ടീഷുകാര്‍. രണ്ട് ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് നടത്തിയ വലിയ സര്‍വേയില്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരണമെന്ന് 56 ശതമാനം പേര്‍ ആവശ്യപ്പെട്ടു. അതേസമയം പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനും ബ്രെക്‌സിറ്റോടെ സിംഗിള്‍ മാര്‍ക്കറ്റ് ബന്ധവും അവസാനിപ്പിക്കണമെന്ന പക്ഷക്കാരാണ്. യൂറോപ്പില്‍ തുടര്‍ന്നാല്‍ ബ്രിട്ടന്റെ സാമ്പത്തികമേഖലയ്ക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്ന് 52 ശതമാനം പേര്‍ അവകാശപ്പെട്ടു.

രണ്ടാമതൊരു ഹിതപരിശോധന നടന്നാല്‍ ബ്രിട്ടീഷ് ജനത ബ്രെക്‌സിറ്റിനോടുള്ള അഭിപ്രായം മാറ്റുമെന്നും സര്‍വേ പറയുന്നു. ബ്രെക്‌സിറ്റ് അനുകൂലികളായിരുന്ന 8 ശതമാനം പേര്‍ ഇപ്പോള്‍ അതില്‍ നിന്ന് പിന്നോട്ടു പോയിട്ടുണ്ട്. അതിനൊപ്പം തന്നെ ബ്രെക്‌സിറ്റ് വിരുദ്ധരായ 4 ശതമാനം പേര്‍ക്കും അഭിപ്രായ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. രണ്ടാം ഹിതപരിശോധന സംഭവിച്ചാല്‍ ബ്രെക്‌സിറ്റ് അനുകൂലികളും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം വെറും 1 ശതമാനത്തില്‍ ഒതുങ്ങും. അനുകൂലികളുടെ എണ്ണം 51 ശതമാനമായി കുറയുമെന്നാണ് വെളിപ്പെടുത്തല്‍.

ഇരു പക്ഷവുമല്ലാത്തവരുടെ വലിയൊരു ശതമാനം അപ്പോഴും നിലനില്‍ക്കുമെന്നതിനാല്‍ യൂണിയന്‍ വിടണമെന്ന അഭിപ്രായത്തിനു തന്നെയായിരിക്കും അപ്പോഴും മേല്‍ക്കൈ. യുകെയും ബ്രസല്‍സും തമ്മില്‍ നടന്നു വരുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ജനങ്ങള്‍ തൃപ്തരല്ലെന്നും സര്‍വേയില്‍ വ്യക്തമായി. 62 ശതമാനം പേരാണ് അസംതൃപ്തി അറിയിച്ചത്. ഗൂഗിള്‍ സര്‍വേയുമായി സഹകരിച്ചുകൊണ്ട് ജോണ്‍സ്റ്റണ്‍ പ്രസ്, ന്യൂസ്‌ക്വസ്റ്റ്, ഡെയിലി മിററിന്റെ മാതൃ കമ്പനിയായ ട്രിനിറ്റി മിറര്‍ എന്നീ പ്രസാധക സ്ഥാപനങ്ങള്‍ നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.