ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈ ക്രിസ്‌തുമസ് കാലത്ത് ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത് 70 മൈൽ വേഗതയിൽ വീശിയടിക്കുന്ന കൊടുങ്കാറ്റ്. വരാനിരിക്കുന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ഇതിന് പിന്നാലെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി റോയൽ ഓട്ടോമൊബൈൽ ക്ലബ്(ആർ എ സി) രംഗത്തെത്തി. ശനിയാഴ്ചയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കാണുന്നുണ്ട്.
വടക്കൻ ഇംഗ്ലണ്ടിൽ 70 മൈൽ വേഗതയിലും മിഡ്‌ലാൻഡിൽ 50 മൈൽ വേഗതയിലും വെള്ളിയാഴ്ച വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. ശക്തമായ മഴയും കാറ്റും ഈ ക്രിസ്‌തുമസ് അവധിക്കാലത്തെ യാത്രകൾക്ക് തടസമാകും എന്ന് ചൂണ്ടിക്കാട്ടിയ ആർ എ സി വക്താവ് സൈമൺ വില്യംസ്, ഇവ മുൻകൂട്ടി കണ്ട് യാത്രയ്ക്ക് അധിക സമയം അനുവദിക്കണമെന്നും ഓർമ്മിപ്പിച്ചു.
ഞായറാഴ്ച ക്രിസ്മസ് രാവിൽ കനത്ത മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ക്രിസ്തുമസ് ദിനം രാജ്യത്തെ ചില ഭാഗങ്ങളിൽ താപനില 7C ഉം മറ്റ് ചിലഭാഗങ്ങളിൽ 3-6C ഉം വരെ താഴും. സ്‌കോട്ട്‌ലൻഡിൽ ക്രിസ്മസിന് ശേഷമുള്ള ദിവസങ്ങളിൽ -8 സെൽഷ്യസ് വരെ താപനില കുറയും.
Leave a Reply