കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ ഇര എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതിലെ വിഷമം പങ്കുവച്ച് നടിയുടെ സഹോദരന്‍ രംഗത്ത്.  സഹോദരിയുടെ മാനത്തിനുമേൽ ആ പദം കൂടുതൽ തീവ്രതയോടെ നിൽക്കുകയാണ് . മറ്റൊരുനാളും അനുഭവിക്കാത്ത വേദനയും ഇതിലൂടെ ഞങ്ങൾ ഇന്നനുഭവിക്കുന്നുണ്ടെന്നതും ഇവിടെ മറച്ചു വെക്കുന്നില്ലെന്നും പോസ്റ്റിലുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ ഉണ്ടായ ഒരു സംഭവമാണ് ഈ കുറിപ്പിനാധാരം . മാനുഷികതയുടെ നേർത്ത അതിർവരന്പ് പോലുമില്ലാതെ ഒരു മാധ്യമ പ്രവർത്തകൻ തങ്ങൾക്കു കിട്ടിയെന്നവകാശപ്പെടുന്ന ഒരു വാർത്ത അവതരിപ്പിക്കുന്നത് കണ്ടപ്പോഴാണ് ‘ ഇര ‘ എന്ന പദത്തിന് ഇത്രമാത്രം വേദനിപ്പിക്കാൻ സാധിക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് . ഇതിനു മുൻപും അറിയപ്പെടുന്ന പല സംഘടനാപ്രതിനിധികളും ഈ പദത്തിനെ കേവലം ഒരു പദമായിമാത്രം കണ്ടുകൊണ്ട് സ്വതസിദ്ധമായ തന്റെ നർമ്മ ശൈലിയിൽ പല പ്രസ്താവനകളും ഇറക്കിയതും ഇവിടെ ഞാൻ ഓർത്തുപോവുകയാണ് . അഭിനയം ഒരു കലയാണ് . ആർക്കും എളുപ്പത്തിൽ ചെയ്യാൻ സാധിക്കാത്ത ഒന്ന് . അതുകൊണ്ടു തന്നെയാണ് വെള്ളിത്തിരയിലെ താരങ്ങൾ പകലിലും മിന്നും താരങ്ങളായത് . ഇര എന്ന പദം പണ്ടും എന്നെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു . ഒറ്റപ്പെടലും പരാജയവും കണ്ണീരും നീറ്റലുമെല്ലാം കൂടിച്ചേർന്ന് നിസ്സഹായതയുടെ ഒരു പരിവേഷമാണ് ആ പദം അന്നെന്നെ അനുഭവിപ്പിച്ചു തന്നിരുന്നത് . ഇപ്പോൾ സഹോദരിയുടെ മാനത്തിനുമേൽ ആ പദം കൂടുതൽ തീവ്രതയോടെ നിൽക്കുകയാണ് . മറ്റൊരുനാളും അനുഭവിക്കാത്ത വേദനയും ഇതിലൂടെ ഞങ്ങൾ ഇന്നനുഭവിക്കുന്നുണ്ടെന്നതും ഇവിടെ മറച്ചു വെക്കുന്നില്ല . എന്നാൽ ഒറ്റപ്പെടലിനും പരാജയത്തിനും കണ്ണീരിനും നീറ്റലിനുമെല്ലാം മീതെ ധൈര്യം ചങ്കൂറ്റം തന്റേടം അഭിമാനം എന്നീ അർത്ഥതലങ്ങൾ കൂടി ഈ വാക്കിനുണ്ടെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു . എന്നാൽ ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോകുന്ന ഒരു വ്യക്തിയേയും കുടുംബത്തേയും മുന്നെങ്ങുമില്ലാത്ത വിധം ഈ പദം വേട്ടയാടുമെന്നുള്ള തിരിച്ചറിവോടു കൂടിയുമാണ് ഇപ്പോൾ ഞാനിതെഴുതുന്നത് . അതുകൊണ്ടു പറയുകയാണ് ഈ പദത്തിന് ബദലായി ആരേയും വേദനിപ്പിക്കാത്തൊരു പദം മാധ്യമലോകത്തിന് കണ്ടെത്താനായാൽ ഒരുപാടുപേരെ അതാശ്വസിപ്പിക്കും . മാനുഷികതയും സാമൂഹ്യപ്രതിബദ്ധതയും ഉറപ്പു നൽകുന്നതാണ് മാധ്യമ പ്രവർത്തനം എന്ന് ഒരു മാധ്യമപ്രവർത്തകൻ കൂടിയായിരുന്ന ഞാൻ ഇന്നും വിശ്വസിക്കുന്നു . മാധ്യമ സുഹൃത്തുക്കളോട് ഞാനിത് പറയുവാനുള്ള കാരണം നിങ്ങൾക്കാണ് ഏറ്റവും എളുപ്പത്തിൽ ജനങ്ങളുടെ മനസ്സിലേക്ക് കയറിച്ചെല്ലാൻ സാധിക്കുന്നത് എന്നതു കൊണ്ടാണ് . വിശ്വാസപൂർവ്വം നിറുത്തട്ടെ .