അമ്മയും മക്കളും ഉള്‍പ്പെടുന്ന മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഞാറക്കല്‍ പള്ളിക്ക് കിഴക്ക് നാലാം വാര്‍ഡില്‍ ന്യൂറോഡില്‍ മൂക്കുങ്കല്‍ പരേതനായ വര്‍ഗീസിന്‍റെ മക്കളായ ഞാറക്കല്‍ സെന്‍റ് മേരീസ് സ്‌കൂള്‍ അധ്യാപിക ജെസി (49), സഹോദരന്‍ ജോസ് (51) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ഞാറക്കല്‍ സെന്‍റ് മേരീസ് യു.പി സ്‌കൂള്‍ റിട്ട. അധ്യാപിക റീത്ത(80)യെ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൂവരേയും കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന് ഒഴുകുന്ന നിലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി വീട്ടില്‍ നിന്നും അനക്കമൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ എ.പി. ലാലു ഞാറക്കല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ എ.കെ. സുധീറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ജോസും ജെസിയും ഒരുമുറിയിലും അമ്മ റീത്ത മറ്റൊരു മുറിയിലും കിടക്കുന്നതായി കണ്ടത്. മുറികളില്‍ രക്തം വാര്‍ന്ന് ഒഴുകുന്നത് കണ്ട് പരിശോധിച്ചപ്പോള്‍ റീത്തക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ജോസിന്‍റെയും ജെസിയുടേയും കഴുത്തുകളില്‍ ചരടുകൊണ്ട് കുരുക്കുമിട്ടിരുന്നു. ഇവരുടെ മരണം സ്ഥിരീകരിച്ചെങ്കിലും മൃതദേഹം വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഫോറന്‍സിക് വിദഗ്ദരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ച് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമേ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റൂ. മൂവരും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു.