1921-ലെ മലബാര്‍ കലാപം പ്രമേയമാക്കി ഒരുങ്ങുന്നു ചിത്രം ‘വാരിയംകുന്നന്‍’ ഒരുങ്ങുന്നത് 80 കോടി ബജറ്റില്‍. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം തികയുന്ന 2021-ലാണ് പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ആഷിഖ് അബുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായാണ് വാരിയംകുന്നന്‍ ഒരുങ്ങുക.

‘ഉണ്ട’ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ഹര്‍ഷദും റമീസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം പ്രഖ്യാപിക്കപ്പെട്ടതോടെ വിവാദങ്ങളാണ് സിനിമരംഗത്ത് ഉയരുന്നത്. ഇത് മാപ്പിള ലഹളയാണ് സ്വതന്ത്ര സമരമല്ല, ചിത്രത്തില്‍ നിന്നും പിന്‍മാറണം എന്നിങ്ങനെ സൈബര്‍ ആക്രമണങ്ങളാണ് പൃഥ്വിരാജിന് നേരെ ഉയരുന്നത്.

അതേസമയം, വാരിയംകുന്നന്‍ കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയും വില്ലനാക്കിയുമുള്ള 3 സിനിമകള്‍ കൂടിയാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ദ ഗ്രേറ്റ് വാരിയംകുന്നന്‍’ എന്നാണ്.

‘ഷഹീദ് വാരിയം കുന്നന്‍’ എന്ന പേരിലാണ് പി.ടി കുഞ്ഞുമുഹമ്മദ് ചിത്രം ഒരുക്കുന്നത്. വാരിയംകുന്നനെ നായകനാക്കിയാണ് ഈ ചിത്രങ്ങള്‍ ഒരുക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബര്‍ ഒരുക്കുന്ന ‘1921’ എന്ന ചിത്രത്തില്‍ പ്രതിനായക വേഷമാണ് വാരിയംകുന്നന്.

ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് സംവിധായകര്‍. മിഥുന്‍ മാനുവല്‍ തോമസ്, അരുണ്‍ ഗോപി എന്നീ സംവിധായകരാണ് ചിത്രത്തിന് പിന്തുണയര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.

”ഈ മണ്ണിലൊരു കഥ പറയാന്‍ ജാതിയും മതവും നോക്കേണ്ടി വന്നാല്‍ ആ നാട് വിപത്തിലേക്കാണ്… മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍” എന്നാണ് അരുണ്‍ ഗോപി കുറിച്ചിരിക്കുന്നത്.

”സിനിമയെ ആര്‍ക്കാണ് പേടി?? അടിത്തറ ഇല്ലാത്തവര്‍ക്കോ അതോ അസ്തിത്വം ഇല്ലാത്തവര്‍ക്കോ അതോ ചരിത്രം ഇല്ലാത്തവര്‍ക്കോ അതോ ധൈര്യം ഇല്ലാത്തവര്‍ക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്.. ” എന്നാണ് മിഥുന്‍ മാനുവല്‍ പറയുന്നത്.

ഇത് സ്വാതന്ത്രൃസമരമല്ല, മാപ്പിള കലാപമാണെന്നും കൊടുംകുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് സൈബര്‍ ആക്രമണം നടക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യവുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.