ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർക്കെതിരായ സമ്മർദ്ദം ശക്തമാകുന്നതിനിടെ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ആൻഡി ബേൺഹാം വീണ്ടും പാർലമെന്റിലേക്ക് മടങ്ങാൻ നീക്കം തുടങ്ങി. ആരോഗ്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെസ് സ്ട്രീറ്റിംഗ് രാജിവച്ചതിന് പിന്നാലെയാണ് ലേബർ പാർട്ടിക്കുള്ളിലെ നേതൃത്വചർച്ചകൾ വീണ്ടും സജീവമായത്. ലേബർ എംപി ജോഷ് സൈമൺസ് രാജിവച്ച് ബേൺഹാമിന് മത്സരിക്കാൻ വഴി ഒരുക്കാമെന്ന് പ്രഖ്യാപിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മേക്കർഫീൽഡ് മണ്ഡലത്തിൽ ലേബർ സ്ഥാനാർഥിയായി മത്സരിക്കാനാണ് ബേൺഹാമിന്റെ തീരുമാനം. രാജ്യത്തിന് ആവശ്യമായ മാറ്റം കൊണ്ടുവരാൻ താൻ പാർലമെന്റിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, ലേബർ പാർട്ടിയുടെ സമീപകാല തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് സർക്കാരിന്റെ ജനപ്രീതി കുറവാണ് കാരണമെന്ന് ആരോപിച്ചാണ് സ്ട്രീറ്റിംഗ് മന്ത്രിസഭയിൽ നിന്ന് പിന്മാറിയത്. രാജ്യത്തെ പ്രതിസന്ധികൾക്ക് നിലവിലെ നേതൃത്വത്തിന് വ്യക്തമായ പരിഹാരമില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇതിനിടെ മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ നികുതി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ചതായി അറിയിച്ചു. ലേബർ നേതൃത്വ മത്സരമുണ്ടായാൽ പങ്കെടുക്കുന്നത് തള്ളിക്കളയുന്നില്ലെങ്കിലും താൻ മത്സര രംഗത്ത് ഉണ്ടാകുമോ എന്നതിനെ കുറിച്ച് ഉറപ്പ് പറയാൻ അവർ തയാറായില്ല . ലേബർ പാർട്ടിയിൽ നേതൃത്വ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ 81 എംപിമാരുടെ പിന്തുണ ആവശ്യമാണ്. സ്റ്റാർമറിനെതിരെ ഇതുവരെ ഔദ്യോഗിക വെല്ലുവിളി ഉയർന്നിട്ടില്ലെങ്കിലും പാർട്ടിക്കുള്ളിലെ അസ്വസ്ഥത തുടരുകയാണ്.