റാന്നി: കോവിഡിനെതിരായ യുദ്ധത്തിനൊടുവിൽ വിജയിച്ച് ആ 5 പേർ ഐത്തല മീമൂട്ടുപാറയിലെ പട്ടയിൽ വീട്ടിലേക്കു മടങ്ങിയെത്തി. ഇറ്റലിയിൽ നിന്നെത്തിയ മോൻസി, രമണി, റിജോ എന്നിവരും മോൻസിയുടെ സഹോദരൻ ജോസഫ്, ഭാര്യ ഓമന എന്നിവരാണ് രോഗമുക്തരായി വീടുകളിലേക്കു മടങ്ങിയെത്തിയത്.

ആ ദിവസങ്ങളെക്കുറിച്ച് റിജോ പറയുന്നു…

ശാരീരിക ബുദ്ധിമുട്ടുകളെക്കാൾ അതിജീവിക്കാൻ ഉണ്ടായിരുന്നത് മാനസിക പ്രയാസങ്ങളായിരുന്നു. പിടിച്ചു നിർത്തിയത് ഞങ്ങളെ പരിചരിച്ച ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരുമായിരുന്നു.

കലക്ടറും ജില്ലാ മെഡിക്കൽ ഓഫിസറും റീജനൽ മെഡിക്കൽ ഓഫിസറും എല്ലാം നേരിട്ട് കാര്യങ്ങൾ അന്വേഷിച്ചു. ക്നാനാനായ സഭയുടെ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് എന്നിവർ വിളിച്ച് ആശ്വസിപ്പിച്ചു.

 ഞങ്ങൾ എല്ലാവരും കോവിഡ് ബാധിതരാണെന്നു പറഞ്ഞത് ഡോ.നസ്‍ലിം ആയിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഈ പോരാട്ടം ജയിക്കുമെന്ന് ഡോക്ടർമാർ ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ടിരുന്നു. വീട്ടിലെ പോലെ തന്നെ ഞങ്ങൾക്ക് ആ ഐസലേഷൻ മുറി തോന്നി. ഞങ്ങൾക്കു ഭക്ഷണം നൽകിയിരുന്ന രമ ചേച്ചി, സ്വന്തം മകനെ പോലെയാണ് എന്നെ കണ്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 ഐസലേഷൻ വാർഡിൽ ഫോൺ ഉപയോഗിക്കുന്നത് കുറവായിരുന്നു. പത്രങ്ങളിലൂടെ കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നു. ക്വാറന്റീനിൽ പോയവരിൽ ഞങ്ങളുടെ പരിചയക്കാരും ബന്ധുക്കളുമായിരുന്നു അധികവും. അവർ ഞങ്ങളെ കുറ്റപ്പെടുത്തിയില്ല. 4 വർഷത്തിനു ശേഷം ഇറ്റലിയിൽ നിന്നു വന്നതാണ് ഞാൻ. ആ എക്സൈറ്റ്മെന്റിലാണ് അടുപ്പക്കാരെ കാണാൻ പോയത്.

 ഞങ്ങളെ വർഷങ്ങളായി അറിയുന്നവർക്കു ഞങ്ങളോടു ദേഷ്യം ഇല്ല. ഐത്തല ഉള്ളവരൊന്നും ഞങ്ങളോടു മോശമായി പെരുമാറിയില്ല. എല്ലാവരുടെയും പിന്തുണ ഞങ്ങൾക്ക് ഉണ്ടെന്ന് ബോധ്യമായപ്പോൾ പേടി മാറി. നമ്മുടെ ജില്ലയിൽ രോഗം ഇത്രയും നിയന്ത്രണ വിധേയമാകുന്നതിന് നിമിത്തമായത് ഞങ്ങളുടെ വരവാണെന്നു ചിന്തിക്കാനാണ് ഇഷ്ടം. പഞ്ചായത്ത് അംഗം ബോബി ഏബ്രഹാം ഞങ്ങളെ ഒരുപാട് പിന്തുണച്ചു.

 ഇന്ത്യ എടുത്തതു പോലെ ഒരു തീരുമാനം ഇറ്റലിയിൽ എടുത്തിരുന്നെങ്കിൽ ഇപ്പോൾ കാണുന്ന ദുരന്തം അവിടെ ഉണ്ടാകുമായിരുന്നില്ല. ഈ യുദ്ധം ജയിക്കാൻ സർക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് വഴി. മരണഭീതി വേണ്ട. ഞങ്ങൾക്കു സാധിക്കുമെങ്കിൽ ആർക്കും സാധിക്കും.

 14 ദിവസം കൂടി ക്വാറന്റീനിലാണ്. അതു കഴിഞ്ഞ് പരിശോധനയുണ്ട്. ഇറ്റലിയിലെ സാഹചര്യം മാറിയ ശേഷമേ മടങ്ങു. ഞങ്ങൾ താമസിക്കുന്ന ജില്ലയായ പ്രവീസോയിൽ ഇതുവരെ ഒരാളും പോസിറ്റീവ് ആയിട്ടില്ല. എയർപോർട്ടിലോ വിമാന യാത്രയിലോ മറ്റോ ആകാം ഞങ്ങൾ രോഗ ബാധിതരായതെന്നു കരുതുന്നു.