രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ അടുത്ത ഏപ്രിൽ മുതൽ ഡീസൽ വാഹനങ്ങൾ പുറത്തിറക്കില്ലെന്നു പ്രഖ്യാപിച്ചു. മാരുതിയുടെ വാർഷിക വാഹന വില്പനയിൽ 23 ശതമാനം മാത്രമാണ് ഡീസൽ വാഹനങ്ങൾക്കുള്ളത്. ഡീസൽ വാഹന ഉത്പാദനം നിർത്തുന്പോൾ ഉപയോക്താക്കൾ പെട്രോൾ, സിഎൻജി വാഹനങ്ങളിലേക്ക് മാറുമെന്ന് മാരുതി പ്രതീക്ഷിക്കുന്നതായി ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു. ഡീസൽ വാഹനങ്ങൾ നിർത്തുന്പോൾ കൂടുതൽ സിഎൻജി വാഹനങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പ്രഖ്യാപിച്ചതിനൊപ്പം മാരുതി സുസുകി വാർഷിക വില്പന റിസൽട്ടും പുറത്തുവിട്ടു. മാർച്ച് 31ന് അവസാനിച്ച സാന്പത്തികവർഷത്തിൽ 6.1 ശതമാനം വളർച്ചയോടെ ആകെ 17.53 ലക്ഷം വാഹനങ്ങൾ ആഭ്യന്തര മാർക്കറ്റിൽ വിറ്റു. ഇതിൽ 17.29 ലക്ഷം കാറുകളും 23,874 എൽസിവികളും ഉൾപ്പെടും. കയറ്റുമതി ചെയ്തത് 1,08,749 വാഹനങ്ങളാണ്.
മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിൽ കന്പനിയുടെ വില്പന കുറഞ്ഞു. അറ്റാദായം 4.6 ശതമാനം താഴ്ന്ന് 1,795 കോടി രൂപയായി. രൂപയുടെ മൂല്യം ഇടിഞ്ഞതും അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതും പരസ്യച്ചെലവ് കൂടിയതുമെല്ലാം അറ്റാദായം കുറയാൻ കാരണമായതായി മാരുതി അറിയിച്ചു. വരുമാനം 0.7 ശതമാനം ഉയർന്ന് 20,737.5 കോടി രൂപയായി. കൂടാതെ, ബലേനോ ഡീസൽ വേരിയന്റുകൾക്കും ആർഎസ് പെട്രോൾ വേരിയന്റിനും 15,000 രൂപ വരെ വില വർധിപ്പിച്ചു. 1.0 ലിറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിനുള്ള ബലേനോ ആർഎസ് വേരിയന്റ് ഇനിമുതൽ 8.88 ലക്ഷം രൂപ (എക്സ് ഷോറൂം) വില വരും. നേരത്തെ 8.76 ലക്ഷം രൂപയായിരുന്നു.
Leave a Reply