ബിനോയ് എം. ജെ.

അറിവ് ജീവിതത്തിന്റെ അടിസ്ഥാനമാകുന്നു. നാം സദാ അറിവിൽ വളർന്നുകൊണ്ടേയിരിക്കുന്നു. ഒരാളുടെ ജീവിതം അറിവു സമ്പാദിക്കുവാൻ വേണ്ടി മാത്രം മാറ്റിവയ്ക്കുമ്പോൾ അയാൾ ‘ജ്ഞാനയോഗി’ ആകുന്നു. ജ്ഞാനയോഗി സദാ പഠിച്ചു കൊണ്ടേയിരിക്കുന്നു. നിരീക്ഷണമാകുന്നു അയാളുടെ ഏക കർമ്മം. അയാൾ ബാഹ്യലോകത്തെയും ആന്തരിക ലോകത്തെയും ഒരു കാഴ്ചക്കാരനെ പോലെ നോക്കി കാണുന്നു. കർമ്മം ചെയ്യാത്തതിനാൽ അയാളിൽ സ്വാർത്ഥതയോ അഹമോ ഉണ്ടാകുകയില്ല. യാഥാർഥ്യത്തെ മാറ്റുവാനുള്ള പരിശ്രമമാകുന്നു ഓരോ കർമ്മവും. അതിനാൽ തന്നെ കർമ്മം ചെയ്യുന്നവർക്ക് യാഥാർഥ്യത്തെ അതായിരിക്കുന്ന നിലയിൽ സ്വീകരിക്കുവാനാകുന്നില്ല. ആഗ്രഹത്താൽ പ്രചോദിതനായാണ് മനുഷ്യൻ കർമ്മം ചെയ്യുന്നത്. ഉദാഹരണത്തിന് മാർക്സിസത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരാൾ എല്ലായിടത്തും വർഗ്ഗസമരത്തെ(അങ്ങനെ ഒന്ന് ഇല്ലെങ്കിൽ പോലും) കാണുന്നു. അല്ലെങ്കിൽ പണമുണ്ടാക്കുവാൻ ശ്രമിക്കുന്ന ഒരാൾ എല്ലായിടത്തും പണത്തെയും ലാഭത്തെയും കാണുന്നു. യാഥാർഥ്യം അപ്രകാരം ആകണമെന്നില്ല. ഒരു രാഷ്ട്രീയക്കാരന്റെ ചിന്താഗതി അയാൾ പ്രവർത്തിക്കുന്ന പാർട്ടിക്ക് അനുകൂലമായി മാത്രം പോകുന്നു. അതിനു വിരുദ്ധമായി ചിന്തിക്കുവാൻ അയാളെ കൊണ്ടാകുന്നില്ല. പുരുഷൻമാർ നോക്കുമ്പോൾ തങ്ങൾ സ്ത്രീകളേക്കാൾ ശ്രേഷ്ഠർ. സ്ത്രീകൾ നോക്കുമ്പോൾ തങ്ങൾ പുരുഷൻമാരേക്കാൾ ശ്രേഷ്ഠർ. മുതലാളികൾ നോക്കുമ്പോൾ തൊഴിലാളികൾ അധമൻമാർ. തൊഴിലാളികൾ നോക്കുമ്പോൾ മുതലാളികൾ ചൂഷകർ. നാം എന്തിലെങ്കിലും പങ്കെടുത്താൽ അതിനനുകൂലമായി മാത്രം ചിന്തിക്കുന്നു. ഇവിടെ യാഥാർഥ്യം വളച്ചൊടിക്കപ്പെടുന്നു.

അതിനാൽ തന്നെ സത്യം അറിയണമെങ്കിൽ യാതൊന്നിലും പങ്കെടുക്കാതെയിരിക്കുവിൻ. നിങ്ങൾ ഒരു കാഴ്ചക്കാരനാകുവിൻ. അപ്പോൾ നിങ്ങൾക്ക് യാതൊന്നിനെയും വളച്ചൊടിക്കേണ്ട ആവശ്യമില്ല. എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിക്കുവിൻ. ജീവിതം ഒരു നിരീക്ഷണമായി മാറട്ടെ. ബാഹ്യലോകത്തെയും ആന്തരിക ലോകത്തെയും ഒരുപോലെ നിരീക്ഷിക്കുവിൻ. സാധന (അതൊരുതരം കർമ്മമാകുന്നു) യുടെ ആവശ്യം വാസ്തവത്തിൽ ഇല്ല. അറിവ് മാത്രമാണ് ശാശ്വതമായിട്ടുള്ളത്. നേട്ടങ്ങൾ ഒന്നും തന്നെ ശാശ്വതമല്ല. വിജയവും അപ്രകാരം തന്നെ. ജയാപജയങ്ങൾക്ക് നടുവിലും വർദ്ധിച്ചുവരുന്ന ഒന്നുണ്ട്. അതറിവാണ്. നിങ്ങൾ സമ്പാദിച്ച പണം നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം. സത്പേര് തിരോഭവിച്ചേക്കാം. വിജയം പരാജയത്തിന് വഴിമാറിയേക്കാം. എന്നാൽ അറിവാകട്ടെ സദാ വർദ്ധിച്ചുവരുന്നു. അതൊരിക്കലും പുറകോട്ടടിക്കില്ല. നേട്ടങ്ങളും, വിജയങ്ങളും, ഭോഗങ്ങളും നിങ്ങളുടെ മനസ്സിന്റെ മാത്രം സൃഷ്ടിയാണ്. അത് വസ്തുതകളോടുള്ള നിങ്ങളുടെ സമീപനത്തിന്റെ പരിണതഫലം മാത്രം. പണത്തെ സ്നേഹിക്കുന്നവന് മാത്രമേ അത് നേട്ടമായി അനുഭവപ്പെടൂ. ഈ ജഗത് മുഴുവൻ ഭോഗാത്മകമാണ്. അറിവാകട്ടെ അതിനുമപ്പുറത്താണ്. അറിവിനെ സ്നേഹിക്കുന്നവന് സുഖദു:ഖങ്ങളില്ല. അയാൾ എല്ലാറ്റിൽനിന്നും എന്തെങ്കിലും ഒക്കെ പഠിക്കുന്നു. ആ പഠനം ഒരാനന്ദമാണ്. വിജയിക്കുമ്പോൾ അയാൾ ചില കാര്യങ്ങൾ പഠിക്കുന്നു. പരാജയപ്പെടുമ്പോൾ വേറെ ചില കാര്യങ്ങളും. ആ അർത്ഥത്തിൽ വിജയവും പരാജയവും തമ്മിൽ വ്യത്യാസമില്ല. രണ്ടും അറിവ് സമ്പാദിക്കുവാനുള്ള ഉപാധികൾ മാത്രം. വിജയിക്കുമ്പോൾ ആനന്ദിച്ചുന്മാദിക്കേണ്ട കാര്യമില്ല; പരാജയപ്പെടുമ്പോൾ നിരാശയുടെ പടുകുഴിയിലേക്കു വീഴേണ്ടതുമില്ല. രണ്ടിൽ നിന്നും എന്തെങ്കിലും ഒക്കെ പഠിക്കുവിൻ! ആ അറിവാകട്ടെ നമ്മുടെ ഏക ആസ്വാദനം. സുഖത്തിൽ നിന്നും നിങ്ങൾ പഠിക്കുന്നു; ദുഃഖത്തിൽ നിന്നും നിങ്ങൾ പഠിക്കുന്നു. അറിവ് സമ്മാനിക്കുന്ന കാര്യത്തിൽ അവ രണ്ടും സമം സമം. സുഖദു:ഖങ്ങളിലെ ഈ സമത നിങ്ങളെ നിർവ്വാണത്തിലേക്ക് നയിക്കും.

നമ്മുടെ മുന്നിൽ പ്രത്യേകിച്ച് ആഗ്രഹമോ ലക്ഷ്യമോ ഉണ്ടാകേണ്ട ആവശ്യമില്ല. അവ ലൗകികമാകുന്നു. അറിവാകട്ടെ ലൗകികതക്കും അപ്പുറത്താണ്. യാഥാർഥ്യത്തെ അതായിരിക്കുന്നതുപോലെ തന്നെ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ നിങ്ങളുടെ അറിവും ബുദ്ധിയും എല്ലാ പരിമിതികളും ലംഘിക്കുകയും അനന്തതയിലേക്ക് പ്രവേശിക്കുകയും ചെയ്യും. അപ്പോൾ നിങ്ങൾ എല്ലാം അറിയുന്നു. നിങ്ങൾ ഈശ്വരനിൽ ലയിക്കുന്നു. പിന്നീട് നിങ്ങൾക്ക്അവിടുത്തെ ഇഷ്ടം നിറവേറട്ടെ എന്നല്ലാതെ മറ്റൊരു പ്രർത്ഥനയോ ആഗ്രഹമോ ഉണ്ടായിരിക്കുകയില്ല. കാരണം നിങ്ങളുടെ പരിമിതമായ ഇഷ്ടാനിഷ്ടങ്ങളെയും മനസ്സിനെയും നിങ്ങൾ ഉപേക്ഷിച്ചുകഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് ഈശ്വരൻ അനന്താനന്ദസ്വരൂപിയാണെന്ന് നിങ്ങൾ അറിയുന്നത്. സ്വാർത്ഥമോഹങ്ങളുടെ പിറകേ പോകുന്നത് മഠയത്തരമാണെന്ന് അപ്പോൾ മാത്രമേ നമുക്ക് മനസ്സിലാകൂ. സ്വാർത്ഥത പരിമിതിയെ സൂചിപ്പിക്കുന്നു. അവിടെ മനസ്സും, അറിവും, ബുദ്ധിയും പരിമിതപ്പെടുന്നു. ആശയക്കുഴപ്പങ്ങളും, മനോസംഘർഷങ്ങളും, അൽപത്തവും നിങ്ങളെ വിട്ടു പിരിയുകയില്ല. മരണഭയം നിങ്ങളെ വേട്ടയാടും. ഈ ലൗകികമായ കാര്യങ്ങളിൽ മനസ്സ് ഉടക്കി പോകാതെയിരിക്കുവാൻ അതിനുമപ്പുറത്തുള്ള അറിവിൽ നിങ്ങളുടെ മനസ്സിനെ പ്രതിഷ്ഠിക്കുവിൻ.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120