ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ട മുൻ എസ്എൻപി എംപിയ്ക്കെതിരെ നാടകീയ നീക്കം. റൂഥർഗ്ലെൻ, ഹാമിൽട്ടൺ വെസ്റ്റ് എംപി, മാർഗരറ്റ് ഫെറിയറെ തിരിച്ചുവിളിക്കാനുള്ള നീക്കം ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായതോടെ എംപി സ്ഥാനം നഷ്ടമായി. 2022ൽ കോവിഡ് നിയമങ്ങൾ ലംഘിച്ചുവെന്ന കുറ്റത്തിന് 30 ദിവസത്തേക്ക് ഹൗസ് ഓഫ് കോമൺസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നും 270 മണിക്കൂർ കമ്മ്യൂണിറ്റി സേവനം ചെയ്യണമെന്നും സ്റ്റാൻഡേർഡ് കമ്മിറ്റി വിധിച്ചു. എന്നാൽ ഉത്തരവ് വന്നിട്ടും സ്ഥാനമൊഴിയാൻ അവർ തയ്യാറായില്ല. അതിനാൽ ആയിരക്കണക്കിന് വോട്ടർമാർ അവരെ തിരിച്ചുവിളിക്കാനുള്ള അവസരം ഉപയോഗിച്ചു. ഇതോടെ, ലേബർ ഉറ്റുനോക്കുന്ന സീറ്റിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യോഗ്യരായ 81,124 വോട്ടർമാരിൽ 15% (11,896) പേരാണ് എംപിയെ നീക്കം ചെയ്യാനുള്ള നിവേദനത്തിൽ ഒപ്പുവെച്ചത്. ഉപതിരഞ്ഞെടുപ്പിലേക്ക് നയിക്കാൻ 10% മാത്രം മതി. തനിക്ക് കോവിഡ് ഉണ്ടെന്ന് അറിഞ്ഞിട്ടും ലണ്ടനിൽ നിന്ന് സ്കോട്ട്‌ലൻഡിലേക്ക് ട്രെയിനിൽ യാത്ര ചെയ്തെന്ന കുറ്റമാണ് ഫെറിയറിന്റെ പേരിലുള്ളത്. 2020 ഒക്ടോബറിൽ എസ്എൻപി പാർട്ടി വിപ്പ് പിൻവലിച്ചതിനുശേഷവും എംപി സ്ഥാനം രാജിവയ്ക്കാൻ അവർ തയ്യാറായില്ല. 2019 ഡിസംബറിൽ എസ്എൻപിക്ക് വേണ്ടി 5,230 ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഫെറിയർ, അടുത്ത വർഷം ഒക്ടോബറിൽ എസ്എൻപി അവരെ സസ്പെൻഡ് ചെയ്തതു മുതൽ സ്വതന്ത്ര എംപിയായി തുടരുകയായിരുന്നു.

മൈക്കൽ ഷാങ്ക്സ് ആണ് ഉപതെരഞ്ഞെടുപ്പിനുള്ള ലേബർ സ്ഥാനാർത്ഥി. ഇനിയൊരു മത്സരത്തിന് ഇല്ലെന്ന് ഫെറിയർ വ്യക്തമാക്കിക്കഴിഞ്ഞു. സ്കോട്ട് ലൻഡിൽ എസ്‌എൻപിയുടെ തകരുന്ന ജനപിന്തുണ മുതലാക്കാനുള്ള ശ്രമത്തിലാണ് ലേബർ.