ലണ്ടന്‍: റയന്‍എയര്‍ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ കഴിഞ്ഞയാഴ്ചകളില്‍ യാത്രകള്‍ മുടങ്ങുകയോ റദ്ദാക്കപ്പെടുകയോ ചെയ്തവര്‍ ഒട്ടേറെയാണ്. പൈലറ്റുമാരുടെ കുറവാണ് റയന്‍എയറിന്റെ പ്രതിസന്ധിക്ക് കാരണമായത്. പതിനായിരങ്ങള്‍ക്ക് യാത്രാപ്രതിസന്ധി സൃഷ്ടിച്ച കമ്പനി നടപടികള്‍ നേരിടുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. യുകെയില്‍ ബജറ്റ് എയര്‍ലൈനുകള്‍ക്ക് അത്ര നല്ല സമയമല്ല ഇതെന്നാണ് ഇതിനു ശേഷം പുറത്തു വരുന്ന ചില വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. മറ്റൊരു എയര്‍ലൈന്‍ കമ്പനിയായ മൊണാര്‍ക്ക് പ്രതിസന്ധിയിലാണെന്ന് സൂചന നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

സാമ്പത്തിക സ്ഥിരതയുണ്ടോ എന്ന് തെളിയിക്കാന്‍ മൊണാര്‍ക്കിനോട് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള അന്തിമ തിയതി ഒരിക്കല്‍കൂടി നീട്ടി നല്‍കിയിരിക്കുകയാണ് സിഎഎ. മൊണാര്‍ക്കിന് നല്‍കിയിരുന്ന എയര്‍ട്രാവല്‍ ഓര്‍ഗനൈസേഴ്‌സ് ലൈസന്‍സ് (എടിഒഎല്‍) ഇന്നലെ അവസാനിച്ചതിനെത്തുടര്‍ന്നാണ് നടപടി. തകര്‍ച്ചയിലായ ഇത്തരം കമ്പനികളെ രക്ഷപ്പെടുത്തുന്നതിനായി സിഎഎ അവതരിപ്പിച്ച ഈ പദ്ധതിയുടെ കീഴിലുള്ള 1300 കമ്പനികളുടെ ലൈസന്‍സ് കാലാവധി മൊണാര്‍ക്കിനൊപ്പം അവസാനിച്ചിട്ടുണ്ട്. 2016ല്‍ കാലാവധി നീട്ടി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു കമ്പനി പ്രവര്‍ത്തനം തുടര്‍ന്നു വന്നിരുന്നത്.

ടിക്കറ്റും താമസവും ഒരുമിച്ച് ബുക്ക് ചെയ്താല്‍ മാത്രമേ പാക്കേജിന്റെ പരിരക്ഷ ലഭിക്കൂ. ഫ്‌ളൈറ്റ് റദ്ദാക്കിയാലും യാത്രക്കാര്‍ക്ക് പ്രശ്‌നമുണ്ടാകാത്ത വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. കമ്പനിയില്‍ നേരിട്ട് ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ 2017ല്‍ ഈ ആനുകൂല്യം ലഭിക്കൂ എന്നാണ് വിവരം. എന്നാല്‍ ലൈസന്‍സ് പൂര്‍ണ്ണമായും റദ്ദായാല്‍ അത് യാത്രക്കാര്‍ക്ക് തിരിച്ചടിയാകും.