അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഇന്ത്യയിൽ പൗരത്വബില്ലിനോട് ബന്ധപ്പെട്ട വളരെയധികം പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടന്നുകൊണ്ടിരിക്കുമ്പോൾ പ്രവാസികളും ആശങ്കയിലാണ്. പ്രവാസികളുടെ ഒസിഐ കാർഡ് റദ്ദു ചെയ്യാനായിട്ട് പല കാരണങ്ങളും പൗരത്വബിൽ ഉണ്ട് എന്നുള്ളതാണ് പ്രധാനപ്പെട്ട കാരണം. പൗരത്വ ബില്ലിൽ ഒസിഐ കാർഡ് റദ്ദു ചെയ്യാനുള്ള കാരണങ്ങളും പല വകുപ്പുകളും കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. പൗരത്വബിൽ പ്രവാസികൾക്ക് പ്രശ്നങ്ങൾ ആകാൻ സാധ്യതയുള്ള നാല് വ്യവസ്ഥകളാണുള്ളത് .
ഒന്നാമതായി രജിസ്ട്രേഷൻ വ്യാജമാണെന്ന് കണ്ടെത്തിയാൽ കാർഡ് റദ്ദു ചെയ്യപ്പെടും. രണ്ടാമത്തെ വ്യവസ്ഥ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി അഞ്ചുവർഷത്തിനുള്ളിൽ രണ്ടോ അതിലധികമോ വർഷം ജയിൽ ശിക്ഷ അനുഭവിച്ചാലും കാർഡ് റദ്ദു ചെയ്യപ്പെടാം. മൂന്നാമത്തെ വകുപ്പ് രാജ്യത്തിൻെറ പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായിട്ട് ഏതെങ്കിലും പ്രവാസി പ്രവർത്തിച്ചു എന്ന് തോന്നിയാൽ ഒസിഐ കാർഡ് റദ്ദു ചെയ്യപ്പെടാം. ഇവയ്‌ക്കെല്ലാം പുറമേ രാജ്യത്തെ ഏതെങ്കിലും നിയമത്തിനെതിരായി പ്രവർത്തിച്ചാലും ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള വകുപ്പും എഴുതിച്ചേർത്തിട്ടുണ്ട്. പ്രവാസികളെ കൂടുതൽ ആശങ്കയിലാക്കുന്ന ഒരു വസ്തുത എന്ന് പറയുന്നത്ഒസിഐ കാർഡ് റദ്ദു ചെയ്യാൻ ചേർക്കപ്പെട്ടിരിക്കുന്ന പല വകുപ്പുകളും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കപ്പെടാനും ആരെയെങ്കിലും മനഃപൂർവം ഉപദ്രവിക്കണമെന്നുണ്ടെങ്കിൽ ഈ വകുപ്പുകൾ അവരുടെ മേൽ ചുമത്തപ്പെടാനും എന്നുള്ളതാണ്. ഉദാഹരണത്തിന് ഫേസ്ബുക്കിലോ വാട്ട്സ് ആപ്പിലോ പോസ്റ്റ് ചെയ്യുന്ന ഫോർവേഡ് മെസ്സേജുകളോ കമന്റുകളോ ഒക്കെ ഏതെങ്കിലും രീതിയിൽ രാജ്യ താത്പര്യത്തിന് എതിരാണ് എന്ന് വരുത്തിതീർക്കുവാനിയിട്ട് നിസ്സാരമായി സാധിക്കാവുന്നതേയുള്ളൂ . ചുരുക്കത്തിൽ വിദേശത്ത് സ്ഥിരതാമസമാക്കിയ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഭീഷണി ഉയർത്തുന്ന ഒന്നാണ് പൗരത്വബിൽ.
ഒസിഐ. കാർഡ് റദ്ദ് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ പിന്നീട് സന്ദർശന വീസയിൽ ഇന്ത്യയിലേക്കുള്ള യാത്രയും ദുഷ്കരമാകും. ഇന്ത്യയിൽ വസ്തുവകകളും ബന്ധുക്കളുമൊക്കെയുള്ള പ്രവാസികൾക്ക് ഇത് വലിയ ബുദ്ധുമുട്ടുണ്ടാക്കും. ഇന്ത്യയിലായിരിക്കെയാണു കാർഡ് റദ്ദാക്കപ്പെടുന്നതെങ്കിൽ ഉടൻതന്നെ രാജ്യം വിടേണ്ടിയും വരും.
വിദേശത്തിരുന്നു സർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിക്കുകയും സർക്കാർ നയങ്ങള്‍ക്കെതിരെ സഭ്യമല്ലാതെ സംസാരിക്കുകയും ചെയ്യുന്നവർക്കെല്ലാം വേണ്ടിവന്നാൽ കൂച്ചുവിലങ്ങിടാൻ ഇതിലൂടെ സാധിക്കും.
Leave a Reply