ന്യൂസ് ഡെസ്ക്, മലയാളം യുകെ
സാലിസ്ബറിയിലെ കഫേ ദിവാലി എന്ന ഇന്ത്യൻ റസ്റ്റോറന്റിന് സൗത്തേൺ കറി അവാർഡ്സിൽ ഇരട്ട നേട്ടം. 2026ലെ ‘ഇന്ത്യൻ റെസ്റ്റോറന്റ് ഓഫ് ദി ഇയർ’ മേഖലാതല ജേതാവിനുള്ള പുരസ്കാരവും ‘കറി/കഫേ ഓഫ് ദി ഇയർ 2026’ ബഹുമതിയും കഫേ ദിവാലി സ്വന്തമാക്കി. മേയ് 4ന് റീഡിങിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരം നൽകിയത്.

ഈ നേട്ടം തന്റെ ടീമിന്റെ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും അംഗീകാരമാണെന്ന് കഫേ ദിവാലി ഉടമ മുഹമ്മദ് റഷീദ് പറഞ്ഞു. യഥാർഥ ഇന്ത്യൻ രുചിയും മികച്ച അതിഥിസൽക്കാരവും ഉപഭോക്താക്കൾക്ക് നൽകാനുള്ള ശ്രമത്തിന്റെ ഫലമാണ് ഈ പുരസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥിരം ഉപഭോക്താക്കൾക്കും സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ഷെഫുമാരുടെയും ജീവനക്കാരുടെയും പിന്തുണയാണ് വിജയത്തിന് പിന്നിലെ പ്രധാന കരുത്തെന്നും റഷീദ് വ്യക്തമാക്കി.

പാലക്കാട് സ്വദേശിയായ റഷീദ് സാലിസ്ബറിയിൽ കുടുംബസമേതം താമസിക്കുകയാണ്. കഫേ ദിവാലിയിലൂടെ ദക്ഷിണേന്ത്യൻ വിഭവങ്ങൾ ജനപ്രിയമാക്കിയ അദ്ദേഹം കഴിഞ്ഞ വർഷം ‘ചിക്‌ടെയിൽസ്’ എന്ന പുതിയ ഫാസ്റ്റ്ഫുഡ് ശൃംഖലയും ആരംഭിച്ചിരുന്നു. ഫ്രൈഡ് ചിക്കൻ, ബർഗർ, റാപ്പുകൾ എന്നിവ പ്രധാന ആകർഷണമാക്കിയ സംരംഭത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. 2019ലെ ‘ഏഷ്യൻ കറി അവാർഡ്സിൽ’ സൗത്ത് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ മികച്ച ഏഷ്യൻ ഭക്ഷണശാലയായി കഫേ ദിവാലി തിരഞ്ഞെടുക്കപ്പെട്ട വാർത്ത മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു
https://malayalamuk.com/chicktales-spices-up-uk-fried-chicken-market-with-salisbury-launch/











Leave a Reply