കാലിഫോര്‍ണിയയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്ത ലോകത്തെല്ലായിടത്തും ഞെട്ടലുളവാക്കുന്നതായിരുന്നു. പ്രപഞ്ചത്തില്‍ നാം ഒറ്റക്കല്ലെന്നും ഭൂമിയിലേക്ക് അന്യഗ്രഹജീവികള്‍ സന്ദര്‍ശനത്തിന് എത്തിയെന്നുമൊക്കയായിരുന്നു വാര്‍ത്ത. ഇതിനു തെളിവായി കാലിഫോര്‍ണിയയിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ‘ പറക്കുംതളിക’ യുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിരന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അസംഭവ്യമാണെന്ന് വിശ്വസിക്കുന്നവര്‍ അത് ഉത്തര കൊറിയ അമേരിക്കക്ക് മേല്‍ നടത്തിയ ന്യൂക്ലിയര്‍ ആക്രമണമാണെന്നു വരെ പറഞ്ഞു.
എന്നാല്‍ എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് നടത്തിയ റോക്കറ്റ് വിക്ഷേപണമാണ് ഇതെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. കാലിഫോര്‍ണിയയുടെ ആകാശത്ത് സന്ധ്യാസമയത്ത് പ്രത്യക്ഷപ്പെട്ട വലിയ ഓവല്‍ ആകൃതിയിലുള്ള പ്രകാശമാണ് തെറ്റിദ്ധാരണകള്‍ക്ക് ഇടനല്‍കിയത്. റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുകയും അതിശയകരമായ ഈ ദൃശ്യം പലരും ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. സെലിബ്രിറ്റികള്‍ പോലും വിവരമറിയാതെ ഇതേക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചു.
ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി സേവന വിഭാഗങ്ങളിലേക്ക് നിരവധി പേരാണ് വിളിച്ചത്. ഇതോടെയാണ് സംഭവം എലോണ്‍ മസ്‌കിന്റെ റോക്കറ്റാണെന്ന വിവരം പൊതുജനങ്ങളെ അറിയിക്കാന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നേരിട്ട് രംഗത്തെത്തേണ്ട്ി വന്നത്. സാന്റ ബാര്‍ബറ കൗണ്ടിയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ ഫോഴ്‌സ് ബേസില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. അഭ്യൂഹങ്ങള്‍ പരന്നതിനേത്തുടര്‍ന്ന് റോക്കറ്റ് വിക്ഷേപണത്തിന്റെ വീഡിയോ നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള ന്യൂക്ലിയര്‍ ഏലിയന്‍ യുഎഫ്ഒ എന്ന അടിക്കുറിപ്പുമായി എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.
Leave a Reply