ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പ്രധാനമന്ത്രി ഋഷി സുനക് നേഴ്‌സുമാർക്കുള്ള പുതിയ വേതനവ് അനുവദിച്ചാൽ അടുത്ത ആഴ്ച ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന പണിമുടക്കുകൾ ഒഴിവാക്കമെന്ന ആവശ്യവുമായി രാജ്യത്തെ ഏറ്റവും വലിയ നേഴ്സിങ് യൂണിയൻറെ മേധാവി. ഇത് ആദ്യമായാണ് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് മേധാവി പാറ്റ് കുള്ളൻ സുനക്കിനോട് ശമ്പള വർദ്ധനവിനെ സംബന്ധിച്ച് നേരിട്ട് ബന്ധപ്പെടുന്നത്. വെയിൽസിലും സ്കോട്ട്‌ലൻഡിലും പുതിയ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ പുതിയ വാഗ്ദാനങ്ങളോ ചർച്ചകളോ പണിമുടക്കിൽ നിന്ന് ജീവനക്കാരെ പിന്തിരിപ്പിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

എൻ എച്ച് എസിലെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കിനായിരിക്കും തിങ്കളാഴ്ച്ച രാജ്യം സാക്ഷ്യം വഹിക്കുക. ഇംഗ്ലണ്ടിലെ നേഴ്‌സുമാരും ആംബുലൻസ് ജീവനക്കാരും ശമ്പളവും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള ആവശ്യവുമായാണ് പണിമുടക്കുമായി മുൻപോട്ട് വന്നിരിക്കുന്നത്. രണ്ട് സർവീസുകളിലെയും ജീവനക്കാർ തിങ്കളാഴ്ച പണിമുടക്കും. വെള്ളിയാഴ്ച നടക്കുന്ന വാക്കൗട്ടിൽ ആംബുലൻസ് ജീവനക്കാരും പങ്കെടുക്കും.

പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ, സർക്കാരിൽ നിന്നുള്ള ന്യായമായ ശമ്പള വാഗ്ദാനം ലഭിക്കുകയാണെങ്കിൽ പണിമുടക്ക് ഒഴിവാക്കാനാകുമെന്ന് മിസ്സ് കുള്ളൻ പറഞ്ഞു. നാദിം സഹാവിയെ നികുതി വിഷയത്തിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ നടപടിയെ അവർ പിന്താങ്ങി . ഇത്തരത്തിലുള്ള നീക്കം ജങ്ങൾക്ക് സർക്കാരിനോടുള്ള വിശ്വസ്തത വീണ്ടെടുക്കാൻ സഹായകമാകുമെന്നും മിസ്സ് കുള്ളൻ കത്തിൽ പറയുന്നു