കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു. ടൊറന്റോയില്‍ നിന്നു 300 കീലോമീറ്റര്‍ അകലെയുള്ള ടോബര്‍മോറിയിലായിരുന്നു അപകടം. മിസിസാഗയില്‍ ഒരു സ്വകാര്യകമ്പനിയില്‍ എച്ച് ആര്‍ മാനേജര്‍ ആയി ജോലിനോക്കിവന്ന ആലപ്പുഴ പുന്നകുന്നം ചേപ്പില വീട്ടില്‍ ജോണി തോമസിന്റെ മകന്‍ ജിം തോമസ് ജോണി (30) ആണ് മരിച്ച മലയാളി. ഓഗസ്റ്റ് 26 ന് രാത്രിയാണ് സംഭവം.
ജിമ്മും സഹപ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജിമ്മും എതിര്‍ദിശയില്‍നിന്നുവന്ന കാറിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ജിമ്മിനെ കാനഡ ലണ്ടനിലെ ആശുപത്രിയിലേക്ക് എയര്‍ ആബുംലന്‍സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ നാലുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നിലഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരില്‍ മലയാളികളില്ലെന്നാണ് സൂചന. ജിമ്മിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.
2015 ലാണ് ജിം കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറുന്നത്. ഇവിടത്തെ മലയാളി സമൂഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ജിമ്മിന്റെ വേര്‍പാട് കാനഡയിലെ മലയാളി സമൂഹത്തിന് ഇതുവരെ ഉള്‍ക്കൊള്ളനായിട്ടില്ല. കാനഡയില്‍ മിസിസാഗ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗമാണ്. ഭാര്യ: സെലിന്‍ ജെയിംസ്. മകള്‍: ഇവാന (രണ്ടര വയസ്), മാതാവ്: ലില്ലിക്കുട്ടി. സഹോദരങ്ങള്‍: ലിജി ജോണി (അമേരിക്ക), ജെറി ജോണി (കാനഡ). നാട്ടില്‍ പുന്നകുന്നം സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്.