കാനഡയിലെ വീട്ടിൽ ചാലക്കുടി സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജൻ (34) നെയാണ് മെയ് ഏഴിന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡോണയുടെ മരണശേഷം കാണാതായ ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ. പൗലോസിനെ ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവ ദിവസംതന്നെ ലാല്‍ കെ. പൗലോസ് ഇന്ത്യയിലേക്ക് കടന്നുവെന്നാണ് സംശയം. ലാല്‍ കെ പൗലോസിനെതിരെ കനാഡ സർക്കാർ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
എട്ടുവർഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെ കൊന്ന് ഭർത്താവ് നാടുവിട്ടുവെന്നാണ് സംശയം. ശാസ്ത്രീയ തെളിവുകളിലൂടെയാണ് ഡോണയുടേതുകൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചത്.
അതിന് ശേഷമാണ് ഭർത്താവിനെതിരെ വാറണ്ടും പുറപ്പെടുവിച്ചത്. കാനഡ പത്രങ്ങളിലും വെബ് സൈറ്റിലും ഇയാളുടെ ചിത്രം സഹിതം വാർത്തയും നല്‍കി. പ്രതിയെ കുറിച്ച് വിവരമുള്ളവർക്ക് ബന്ധപ്പെടാൻ ഫോണ്‍ നമ്പറും നല്‍കി. ഇതിനൊപ്പമാണ് കേരളത്തിലുള്ള ബന്ധുക്കളേയും വിവരം അറിയിക്കുന്നത്. ലാല്‍ കെ പൗലോസ് കുറ്റിച്ചിറ കണ്ണംമ്പുഴ കുടുംബാംഗമാണ്. ഇന്ത്യയിലേക്ക് കടന്ന ലാലിനെ പിടികൂടാൻ കാനഡ ഇന്ത്യയുടേയും സഹായം തേടും. ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര ബന്ധം അത്ര ശക്തമല്ല. കുറ്റാവളികളെ കൈമാറുന്നതിലും നിരവധി നൂലാമാലകളുണ്ട്.
ഇതെല്ലാം മനസ്സിലാക്കി ലാല്‍ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൊല്ലപ്പെട്ട ഡോണയും ഇന്ത്യാക്കാരിയാണ്. അതുകൊണ്ട് തന്നെ ലാലിന് അധിക കാലം ഒളിച്ചിരിക്കാൻ കഴിയില്ലെന്നാണ് കാനഡ പൊലീസിന്റെ കണക്കു കൂട്ടല്‍. ഇയാളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായവും കാനഡ തേടിയേക്കും. യുവതിയുടെ ബന്ധുക്കള്‍ കേരളാ പൊലീസിനും ഇതു സംബന്ധിച്ച പരാതി നല്‍കാൻ സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ നിയമ വശങ്ങള്‍ പരിശോധിച്ച് കേരളത്തിലും കേസെടുക്കാൻ സാധ്യത ഏറെയാണ്.
Leave a Reply