ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവയില്‍ നല്‍കിവന്നിരുന്ന ഇളവ് ഒഴിവാക്കിയതോടെ ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ചുയരും. കാന്‍സറിനും എച്ച്‌ഐവി ചികിത്സയ്ക്കും ഉപയോഗിക്കുന്നവയുള്‍പ്പെടെ എഴുപത്തിനാലു മരുന്നുകളുടെ ഇറക്കുമതിച്ചുങ്കത്തില്‍ നല്‍കി വന്നിരുന്ന ഇളവാണ് ഒഴിവാക്കിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് കഴിഞ്ഞയാഴ്ച പുറത്തു വിട്ട വിജ്ഞാപനത്തിലാണ് തീരുവയിളവ് ഒഴിവാക്കിയത്.
വൃക്കയിലെ കല്ലുകളുടെ ചികിത്സക്കുപയോഗിക്കുന്ന മരുന്നുകള്‍, കീമോതെറാപ്പി, റേഡിയോതെറാപ്പി, ഹൃദ്രോഗം, പ്രമേഹം, പാര്‍ക്കിന്‍സണ്‍സ്, അസ്ഥിരോഗങ്ങള്‍ തുടങ്ങിയവയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍, അണുബാധകള്‍ക്കുളള ആന്റിബയോട്ടിക്കുകള്‍ എന്നിവയ്ക്കുണ്ടായിരുന്ന ഇറക്കുമതിത്തീരുവയിളവ് എടുത്തുകളഞ്ഞത് ആരോഗ്യ മേഖലയില്‍ വന്‍ പ്രതിസന്ധിക്ക് കാരണമായേക്കും. ചില മരുന്നുകളുടെ കസ്റ്റംസ് തീരുവ 35 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ബാക്ടീരിയ അണുബാധകള്‍ക്കും രക്താര്‍ബുദത്തിനും ആവശ്യമായ മരുന്നുകള്‍, അനസ്‌തേഷ്യ മരുന്നുകള്‍, എച്ച്‌ഐവി, ഹൈപ്പറ്റൈറ്റിസ് ബി, അലര്‍ജികള്‍, സന്ധിവാതം എന്നിവയ്ക്കുള്ള മരുന്നുകള്‍ക്കും വില ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ആര്‍ത്തവവിരാമ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്കും ഗ്ലൂക്കോമയ്ക്കും കീടനാശിനികള്‍ മൂലമുളള വിഷബാധ ചികിത്സിക്കാനുപയോഗിക്കുന്ന മരുന്നുകള്‍ക്കും, കുട്ടികളിലും മുതിര്‍ന്നവരിലുമുള്ള വളര്‍ച്ചാ ഹോര്‍മോണ്‍ തരാറുകള്‍ പരിഹരിക്കുന്നതിനുള്ള മരുന്നുകള്‍ക്കും കസ്റ്റംസ് തീരുവ ബാധകമാക്കിയിട്ടുണ്ട്.
ആഭ്യന്തരമായി ഉദ്പദിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ മരുന്നുകളുടെ വിലവര്‍ദ്ധന രോഗികളുടെ ചികിത്സാച്ചെലവ് ഉയര്‍ത്തും. നാലു കാന്‍സര്‍ മരുന്നുകളുടേയും പത്ത് എച്ച്‌ഐവി മരുന്നുകളുടേയും ഹീമോഫീലിയ മരുന്നിന്റേയും വില കുതിച്ചുയരുമെന്നാണ് ആരോഗ്യരംഗത്തുനിന്നുള്ള വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.