കെന്റ്: യുകെ മലയാളികൾക്ക് നടുക്കവും ദുഃഖവും നൽകി മറ്റൊരു മലയാളി നഴ്സിന്റെ മരണം സംഭവിച്ചിരിക്കുന്നു. കെന്റിനടുത്തു ഗ്രേവ് സെന്റ് എന്ന് പറയുന്ന സ്ഥലത്തിനടുത്തു താമസിച്ചിരുന്ന ഷെറിൻ വർഗ്ഗീസ് ആണ് ഇന്ന് വൈകീട്ട് അഞ്ചുമണിയയോടെ മരണത്തിനു കീഴടങ്ങിയത്. പരേതക്ക് 49 വയസ്സാണ് പ്രായം. വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് വൈസ് ചെയർമാനും എൻജിനീയറുമായ പോൾ വർഗീസിന്റെ ഭാര്യയാണ് പരേതയായ ഷെറിൻ. രണ്ട് ആൺ കുട്ടികളാണ് ഇവർക്കുള്ളത്. ഒരാൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ഇളയ ആൾ  സ്കൂളിലുമാണ് പഠിക്കുന്നത്.

ഷെറിൻ വർഗ്ഗീസ് ഡെന്റൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. വളരെ സന്തോഷപ്രദമായ കുടുംബജീവിതത്തിലേക്ക് അവിശ്വസനീയമായ വാർത്ത കടന്നു വന്നത് വെറും അഞ്ചു മാസം മുൻപ്. ഷെറിന് ബ്രേസ്റ് കാൻസർ ആണ് എന്നുള്ള വാർത്തയിൽ പ്രതീക്ഷ നഷ്‍ടപ്പെടാതെ ധീരമായി ചികിത്സകളുമായി മുന്നോട്ടു പോയി. ചികിൽസിച്ചു ഡോക്ടർ മാരും പ്രതീക്ഷ നൽകിയപ്പോൾ മറ്റൊരു ജീവിതം സ്വപ്നം കാണുകയായിരുന്നു ഷെറിൻ എന്ന യുകെ മലയാളി നേഴ്സ്.

എന്നാൽ എല്ലാം മാറിമറിഞ്ഞത് പെട്ടെന്ന് ആയിരുന്നു. രോഗം മൂർച്ഛിച്ചതോടെ രണ്ടാഴ്ച മുൻപേ കെന്റ് ആശുപത്രിയിൽ നിന്നും റോയൽ ലണ്ടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എല്ലാ പ്രതീക്ഷകളും തല്ലിക്കൊഴിച്ചു ഇന്ന് അഞ്ച് മണിയോടെ ഷെറിൻ മരണമടഞ്ഞു.

ചാവക്കാട്, പേരകം സ്വദേശിനിയാണ് പരേതയായ ഷെറിൻ. ചാലക്കുടി സ്വദേശിയാണ് ഭർത്താവായ പോൾ. സംസ്ക്കാരം സംബന്ധിച്ച തീരുമാനം പിന്നീട് മാത്രമേ അറിയുവാൻ സാധിക്കുകയുള്ളു.

അകാലത്തിൽ ഉണ്ടയായ ഷെറിൻ വർഗ്ഗീസ്ന്റെ വേർപാടിൽ വേൾഡ് മലയാളി കൗൺസിൽ യുകെ ചെയർമാൻ ഡോക്ടർ  ജിമ്മി ലോനപ്പൻ ഷെറിന്റെ ബന്ധുക്കളെ അനുശോചനം അറിയിച്ചു. അതോടൊപ്പം ഷെറിന്റെ മരണത്തിൽ അതീവ ദുഃഖിതനാണെന്നും മലയാളം യുകെയുമായി സംസാരിക്കെ വേൾഡ് മലയാളി കൗൺസിൽ യുകെ ചെയർമാൻ ആയ ഡോക്ടർ  ജിമ്മി ലോനപ്പൻ പറഞ്ഞു.

ഷെറിന്റെ ആകസ്മിക നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം ബന്ധുക്കളുടെ ദുഃഖത്തിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.