തൃശൂരിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി പിതാവും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹം തേടി. കാൽ തൊട്ടു വന്ദിച്ച തുഷാറിനോട് ‘ ആയുഷ്മാൻ ഭവഃ’ എന്നു പറഞ്ഞു തലയിൽ കൈവച്ച് വെള്ളാപ്പള്ളി അനുഗ്രഹിച്ചു. ക്ഷേത്രത്തിലെ പ്രസാദം പ്രീതി നടേശൻ മകന്റെ നെറ്റിയിൽ ചാർത്തി
ബിഡിജെഎസ് പ്രവർത്തകയാണെന്നും തുഷാറിനു വേണ്ടി തൃശൂരിൽ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രീതി പറഞ്ഞു. 2 വർഷം മുൻപാണ് ബിഡിജെഎസിൽ അംഗത്വമെടുത്തത്. നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് ശക്തി പകരണം. അതിനു തുഷാർ ജയിക്കണമെന്നും അവർ പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ കൊല്ലത്തെ ക്യാംപ് ഓഫിസിലെത്തിയാണു തുഷാർ മാതാപിതാക്കളുടെ അനുഗ്രഹം തേടിയത്.
തുഷാർ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന അഭിപ്രായം വ്യക്തിപരമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ അനുഗ്രഹം തേടിയെത്തിയതിനു തൊട്ടു മുൻപ് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം ഭാരവാഹികൾ മുൻപ് മത്സരിച്ചപ്പോഴൊക്കെ കെട്ടിവച്ച കാശ് നഷ്‌ടപ്പെട്ടു. അതിനാലാണ് അങ്ങനെ പറഞ്ഞത്. യോഗത്തിന്റെ അച്ചടക്കവും സംഘടനാ ബോധവുമുള്ള വൈസ് പ്രസിഡന്റാണ് തുഷാർ. അടുത്ത കൗൺസിലിൽ യോഗത്തിൽ തുഷാറിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ചു തീരുമാനമെടുക്കും. തിരഞ്ഞെടുപ്പിൽ ശരിദൂര നിലപാടായിരിക്കും യോഗത്തിന്റേത്. പക്ഷേ ആലപ്പുഴയിലെ നിലപാട് അങ്ങനെയാകില്ല.
Leave a Reply