സ്വന്തം ലേഖകൻ
ഒഹായോ: ചൂടേറിയ സംവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും. ഒഹായോയിലെ ക്ളീവ് ലാന്റിൽ നടന്ന സംവാദത്തിൽ ഇരുവരും വാക്കുകൾകൊണ്ട് ഏറ്റുമുട്ടുകയുണ്ടായി. പരസ്പരം അധിക്ഷേപിക്കുന്ന സാഹചര്യങ്ങൾ വരെ ഉടലെത്തു. വാക്പോരിനാൽ നിറഞ്ഞ സംവാദവേദി തിരഞ്ഞെടുപ്പിൽ നിർണായകമായേക്കുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിന് 34 ദിനങ്ങൾ മാത്രം ശേഷിക്കെ ആരെ പിന്തുണയ്ക്കണമെന്ന ആശയക്കുഴപ്പത്തിലാണ് അമേരിക്കയിലെ മിക്ക വോട്ടർമാരും. സ്ഥാനാർത്ഥികളുടെ വാദങ്ങൾ യുക്തിഭദ്രമാണോയെന്ന വിലയിരുത്തലിനു ശേഷമാണ് തങ്ങളുടെ വോട്ട് ആർക്ക് നൽകണമെന്ന് അവർ തീരുമാനമെടുക്കുക. നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞടുപ്പിന് മുന്നോടിയായുള്ള സംവാദപരമ്പരകളിൽ നേരിട്ടുള്ള സംവാദമാണ് ക്ളീവ് ലാന്റിലെ വേദിയിൽ ഇന്നലെ നടന്നത്.

ഒന്നരമണിക്കൂർ നീണ്ടുനിന്ന സംവാദത്തിൽ പലയിടത്തും ബൈഡനെ കടന്നാക്രമിക്കുകയായിരുന്നു ട്രംപ്. 73 തവണയാണ് ട്രംപ് ബൈഡനെ തടസപ്പെടുത്തിയത്. നിരന്തരം തടസ്സം സൃഷ്ടിച്ചുക്കൊണ്ടിരുന്ന ട്രംപ് വ്യക്തിപരമായും ആക്രമിച്ചു. “കഴിഞ്ഞ 47 വർഷത്തിനിടയിൽ താങ്കൾ ഒന്നും ചെയ്തിട്ടില്ലെന്ന് എല്ലാവർക്കും അറിയാം” എന്നുതുടങ്ങിയ പ്രയോഗങ്ങൾ ട്രംപ് നടത്തുകയുണ്ടായി. ട്രംപിന്റെ വാക്കുകൾക്കെതിരെ തിരിഞ്ഞ ജോ, ”ഒന്ന് മിണ്ടാതിരിക്കുമോ മനുഷ്യാ? ” എന്ന് ചോദിച്ചു. പ്രസിഡന്റിനെ ഒരവസരത്തിൽ കോമാളി എന്ന് വിളിക്കുകയുണ്ടായി. ട്രംപിന്റെ അനാവശ്യ ഇടപെടലുകൾ ഫോക്സ് ന്യൂസിൽ നിന്ന് മോഡറേറ്റർ ആയി എത്തിയ ക്രിസ് വാലസ് ചൂണ്ടിക്കാട്ടി. മറുപക്ഷത്തുള്ള ആൾക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പകർച്ചവ്യാധി, ആരോഗ്യ സംരക്ഷണം, സമ്പദ്വ്യവസ്ഥ എന്നീ വിഷയങ്ങളിലേക്ക് സംവാദം നീണ്ടപ്പോൾ ട്രംപിന് കാലിടറി.

മഹാമാരിയിൽ മാസങ്ങളോളം ജനങ്ങളുടെ ജീവൻ വച്ച് ട്രംപ് കളിക്കുകയായിരുന്നുവെന്ന് ജോ പറഞ്ഞു. ട്രംപ് കാരണം 200,000 അമേരിക്കകാരുടെ ജീവൻ നഷ്ടപ്പെട്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബൈഡന് ആയിരുന്നു ഈ സമയത്ത് രാജ്യം ഭരിക്കുന്നതെങ്കില്‍ മരണസംഖ്യ ഇപ്പോഴത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് ട്രംപ് മറുപടി പറഞ്ഞു. 20 മിനിറ്റ് നേരം കോവിഡ് പ്രതിസന്ധിയെപ്പറ്റിയാണ് ചർച്ച ചെയ്തത്. ‘ഒരിക്കലും വിഡ്ഢികളോട് വാദിക്കരുത്. കാരണം നിങ്ങളെ അവർ അവരുടെ നിലവാരത്തിലേക്ക് താഴ്ത്തും” എന്ന മാർക്ക് ട്വയിനിന്റെ വിഖ്യാത വാക്കുകൾ കടമെടുത്തുകൊണ്ടാണ് ജോ സംവാദം അവസാനിപ്പിച്ചത്.
	
		

      
      



              
              
              




            
Leave a Reply