ലണ്ടന്‍: റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ആശുപത്രിയില്‍ ഗുരുതരമായ ചികിത്സാപ്പിഴവുകള്‍ സംഭവിച്ചതായി കണ്ടെത്തി. കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുകയും രോഗികള്‍ക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തതായാണ് വ്യക്തമായത്. ഹൃദ്രോഗ ചികിത്സ വൈകിയതു മൂലം രോഗി മരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്കുള്‍പ്പെടെ ഓപ്പറേഷനുകള്‍ വൈകുന്നതായും ഇന്‍സ്‌പെക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു.

സെപ്‌സിസ് ബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്കു പോലും സമയത്ത് ആന്റിബയോട്ടിക്കുകള്‍ നല്കുന്നതില്‍ ആശുപത്രി പരാജയപ്പെട്ടു. ശുചിമുറിയില്‍ നിന്നുള്ള മലിനജലം പുറത്തേക്ക് കളയുന്നതിലുണ്ടായ തകരാറ് പരിഹരിക്കാന്‍ മൂന്ന് വര്‍ഷമായിട്ടും സാധിച്ചിട്ടില്ലെന്ന ആരോപണവും ആശുപത്രിക്ക് നേരെ ഉയരുന്നു. സര്‍ജറി, മെറ്റേണിറ്റി, കാര്‍ഡിയോളജി തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഉള്‍പ്പെടെ നല്‍കുന്ന സേവനങ്ങളില്‍ വീഴ്ച കണ്ടെത്തിയതോടെ ട്രസ്റ്റിനെതിരെ കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി.

കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ 2016 ജൂണ്‍ മൂതല്‍ 2017 ജൂലൈ വരെയുള്ള കാലയളവില്‍ 554 രോഗികള്‍ക്ക് ചികിത്സ വൈകിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. അപ്പോയിന്റ്‌മെന്റുകള്‍ക്കായി കാത്തിരിക്കുന്നതിനിടെ രണ്ട് രോഗികള്‍ മരണത്തിനു കീഴടങ്ങിയെന്നും ബന്ധുക്കള്‍ അറിയിച്ചു. മരണങ്ങള്‍ക്ക് കാരണം ചികിത്സ വൈകിയതാണെന്ന് പറയാനാകില്ലെങ്കിലും ട്രസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന അതാണെന്നും ഇന്‍സ്‌പെക്ടര്‍മാര്‍ പറയുന്നു.