വൻ ശബ്ദം കേട്ട് റോഡിലിറങ്ങി നോക്കിയ പോലീസ് ഉദ്യോഗസ്ഥൻ രക്ഷിച്ചത് ഒരു ജീവൻ. ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചുകയറി കാർ തകരുകയും പിന്നീട് കത്തിയമരുകയും ചെയ്തിട്ടും ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാളെ സാഹസികമായി കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഉഴവൂർ ആൽപ്പാറ നിരപ്പേൽ എബി ജോസഫ് (45) രക്ഷിക്കുകയായിരുന്നു. ഷാപ്പ് നടത്തിപ്പുകാരൻ മോനിപ്പള്ളി കാരാംവേലിൽ റജിമോനാണ് കാറപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഉഴവൂരിൽനിന്ന് മോനിപ്പള്ളിക്ക് വരികയായിരുന്നു കാർ. ആൽപ്പാറ റോഡിൽ പായസപ്പടി ഭാഗത്തെ ട്രാൻസ്‌ഫോർമറിലേക്കാണ് ഇടിച്ചുകയറിയത്. കാറിന് മുകളിലേക്ക് ട്രാൻസ്‌ഫോർമർ പതിക്കുകയും ചെയ്തതോടെ അകത്ത് അകപ്പെട്ടയാൾ ജീവൻ അപായപ്പെടുമോയെന്ന ഭയത്തിലായിരുന്നു. ഈ സമയത്താണ് എബി രക്ഷകനായി എത്തിയത്.
എബി തന്റെ വീടുപണി നടക്കുന്ന സ്ഥലത്ത് നിൽക്കുന്നതിനിടെയാണ് വലിയ ശബ്ദം കേട്ടത്. മരം ഒടിഞ്ഞുവീണതാണെന്ന് കരുതി ഓടിയെത്തിയപ്പോൾ കണ്ടത് വഴിയരികിലെ ട്രാൻസ്‌ഫോർമർ ഒടിഞ്ഞുവീണ് ഒരു കാറിന് മുകളിൽ കിടക്കുന്ന ഭീകരദൃശ്യമാണ്. ചിലന്തിവല പോലെ കാറിനെ ചുറ്റിവരിഞ്ഞ് വൈദ്യുതിവിതരണ കമ്പികൾ. കാറിന്റെ മുൻവശത്തുനിന്ന് തീയും പുകയും ഉയരുന്നുമുണ്ടായിരുന്നു. കാറിനകത്ത് എത്രപേർ അകപ്പെട്ടിട്ടുണ്ട് എന്ന് അറിയാൻ പോലും സാധിച്ചിരുന്നില്ല.
എബി കാറിനടുത്തേക്ക് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയപ്പോഴും ചുറ്റും വൈദ്യുതികമ്പികൾ കണ്ട് ഒന്നു സംശയിച്ചു. വൈദ്യുതി പ്രവാഹമുണ്ടോ എന്ന് അറിയാൻ വഴികളൊന്നും ഇല്ലായിരുന്നു. എങ്കിലും മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ ഉള്ളിൽ കുടുങ്ങിയവരെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. കാറിന് മുകളിലേക്ക് ട്രാൻസ്‌ഫോർമർ വീണതോടെ വൈദ്യുതിബന്ധം നിലച്ചിട്ടുണ്ടാകാമെന്ന് വിശ്വസിച്ച് കാറിന്റെ ചില്ല് തല്ലിപ്പൊട്ടിക്കാൻ തുടങ്ങുകയായിരുന്നു.
കാറിന്റെ ഡ്രൈവർസീറ്റിലെ ആളെ മാത്രമേ കാണാനായുള്ളൂ. ആ വശത്തെ വാതിൽ തുറക്കാൻ വയ്യാത്ത അവസ്ഥയിലായതിനാൽ ചില്ല് പൊട്ടിക്കലായിരുന്നു ഏക പോംവഴി. ഇതിനിടയിൽ തന്റെ കൈ മുറിഞ്ഞ് രക്തം വാർന്ന് ഒഴുകിയിട്ടും എബി ചില്ല് തകർക്കൽ നിർത്തിയില്ല. ചില്ല് പൊട്ടിയതോടെ ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടു. ഇതു വഴിയാണ് കാറിൽനിന്ന് ആളെ രക്ഷിച്ചത്. അപ്പോഴേക്കും തീ ആളി തുടങ്ങിയിരുന്നു. എങ്കിലും നാട്ടുകാർ കൂടി സഹായത്തിനെത്തിയതോടെ വലിയ പ്രയാസമില്ലാതെ പരിക്കേറ്റയാളെ ആശുപത്രിയിലാക്കി. ഇതിനുശേഷമാണ് എബി ഉഴവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. കൈയ്യിൽ രണ്ട് തുന്നൽ വേണ്ടി വന്നെങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് എബി. നാട്ടുകാർ ഇതിനോടകം തന്നെ ആക്ഷൻ ഹീറോ എബി എന്ന വിശേഷണവും ഇദ്ദേഹത്തിന് നൽകി കഴിഞ്ഞു.
അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനൊപ്പം തന്നെ എബി തന്നെയാണ് അഗ്നിരക്ഷാസേന, വൈദ്യുതി, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതും. കാറും ട്രാൻസ്‌ഫോർമറും പൂർണമായും കത്തി നശിച്ച നിലയിലാണ്.
Leave a Reply