ഗൂഗിൾ മാപ്പ് നോക്കി ഡോക്ടറുടെ കുടുംബം സഞ്ചരിച്ച കാർ തോട്ടിൽ പതിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് രക്ഷപ്പെട്ടത്.

രാത്രി വൈകി എറണാകുളത്തുനിന്നു യാത്ര തിരിച്ച കുടുംബം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് സഞ്ചരിച്ചത്. തിരുവാതുക്കൽ നിന്ന് വഴിതെറ്റിയാണ് സംഘം പാറേച്ചാലിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരുവാതുക്കൽനാട്ടകം സിമിന്റുകവല ബൈപാസിലൂടെ പാറേച്ചാൽ ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്. ഈ ഭാഗത്ത് റോഡിൽ ഉൾപ്പെടെ വൻ കുത്തൊഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി കൂടിയായിരുന്നു.

പാറേച്ചാൽ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോൾ കൈത്തോട്ടിലേക്ക് പതിച്ച കാർ ഒഴുകിനീങ്ങി. വാഹനത്തിലുണ്ടായിരുന്നവർ നിലവിളിക്കുകയും വശങ്ങളിലെ ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാട്ടുകാരായ സത്യൻ, വിഷ്ണു എന്നിവരാണ് ആദ്യം എത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനു സമീപം എത്തിയപ്പോൾ വെള്ളത്തിലേക്ക് ചാടി. കാർ അപ്പോഴേയ്ക്കും 300 മീറ്റർ ഒഴുകിനീങ്ങി. ശേഷം വാഹനം കരയിലേക്ക് തള്ളിനീക്കാൻ ശ്രമിക്കുന്നതിനിടെ മുൻഭാഗം ചെളിയിൽ തറഞ്ഞു.

ഇതോടെ നാട്ടുകാർ കയറിട്ടു കാർ സമീപത്തെ വൈദ്യുതത്തൂണിൽ ബന്ധിച്ചു. ഡോർ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്തേയ്ക്ക് എത്തിച്ചു. യാത്രക്കാരെ സമീപത്തെ സനലിന്റെ വീട്ടിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി, ആർക്കും പരിക്കുകൾ ഇല്ല. ശേഷം രാത്രിയിൽ എത്തിയ ബന്ധുക്കളോടൊപ്പം ഇവർ മടങ്ങി.