പാലാ: നിർത്തിയിട്ടിരുന്ന കാറിനു തീപിടിച്ച് അക്ഷയ സെന്റർ ഉടമ വെന്തുമരിച്ച സംഭവത്തിൽ പാലാ പോലീസ് അന്വേഷണം ആരംഭിച്ചു. പാലാ മുരിക്കുംപുഴ താഴത്തുപാണാട്ട് പി.ജി. സുരേഷ് (63) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.15നു പാലാ – ഉഴവൂർ റോഡിൽ വലവൂരിലാണ് അപകടമുണ്ടായത്.
കത്തിയമർന്ന കാറിനുള്ളിൽ പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി. പരിശോധനയിൽ കാറിനുള്ളിൽ പെട്രോൾ പടർന്നതായി കണ്ടെത്തി. സുരേഷ് ജീവനൊടുക്കിയതാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ കാരണത്തെക്കുറിച്ചാണു പോലീസ് അന്വേഷിക്കുന്നത്.
അതേസമയം കാറിനു തീപിടിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കത്തിയമർന്ന കാറും മറ്റു തെളിവുകളും പോലീസ് വിശദമായി പരിശോധിക്കും. കാർ തീപിടിച്ചു കത്തിയ സ്ഥലത്തു നിന്നു നാലു കിലോമീറ്റർ അകലെ കുടക്കച്ചിറയിൽ അക്ഷയ സെൻറർ നടത്തുകയാണു സുരേഷ്. റോഡ് സൈഡിൽ നിർത്തിയിട്ട നിലയിലായിരുന്നു കാർ. ഡ്രൈവിംഗ് സീറ്റിലിരുന്നു പതിനഞ്ചു മിനിറ്റോളം മൊബൈൽ ഫോണിൽ ഇയാൾ സംസാരിക്കുന്നത് കണ്ടവരുണ്ട്.
പിന്നീട് തൊട്ടടുത്ത സീറ്റിൽ നിന്നും തീ ഉയരുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ സുരേഷിനെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും വാതിൽതുറക്കാൻ ഇയാൾ കൂട്ടാക്കിയില്ല. തീ ആളിപ്പടർന്നതോടെ രക്ഷാപ്രവർത്തനം അസാധ്യമാവുകയും ചെയ്തു. സുരേഷിന്റെ ഉടമസ്ഥതയിൽ കുടക്കച്ചിറയിൽ പ്രവർത്തിക്കുന്ന സ്ഥാപനം രണ്ടാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. പാലായിലും സുരേഷ് കംപ്യൂട്ടർ സ്ഥാപനം നടത്തിയിരുന്നു.
സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോ. വാസന്തിയാണ് (തൊടുപുഴ മാരിയിൽ കുടുംബാംഗം) സുരേഷിന്റെ ഭാര്യ. മക്കൾ: നവീൻ (യുഎസ്എ), ഡോ. പാർവതി. മരുമക്കൾ: അപർണ, ഡോ. ബിജോയി.
Leave a Reply