തിരുവനന്തപുരം : സംഗീതജ്‌ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണം സി.ബി.ഐ. അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു ഡി.ജി.പി: ലോക്‌നാഥ്‌ ബഹ്‌റ. അന്വേഷണം സി.ബി.ഐക്കു വിടുന്നതിനോടു ക്രൈംബ്രാഞ്ചിനു വിയോജിപ്പില്ലെന്ന റിപ്പോര്‍ട്ട്‌ ഡി.ജി.പി. ഉടന്‍ മുഖ്യമന്ത്രിക്കു കൈമാറും. കേസുമായി ബന്ധപ്പെട്ടു ചില സാമ്പത്തിക ഇടപാടുകള്‍ കൂടിയുണ്ടെന്നു ബാലഭാസ്‌കറിന്റെ കുടുംബം പരാതിപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം കൂടി പരിശോധിക്കണമെന്നും ഡി.ജി.പി. ആവശ്യപ്പെടും. ക്രൈംബ്രാഞ്ച്‌ ഐ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞദിവസം യോഗംചേര്‍ന്നു കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണു ഡി.ജി.പിയുടെ നടപടി.

നിലവിലെ ക്രൈംബ്രാഞ്ച്‌ അന്വേഷത്തില്‍ തൃപ്‌തിയില്ലെന്നും മകന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ ബാലഭാസ്‌കറിന്റെ പിതാവ്‌ ഉണ്ണി മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട്‌ തേടിയതിനെത്തുടര്‍ന്നാണ്‌ ഡി.ജി.പി. അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചത്‌.

ബാലഭാസ്‌കറും രണ്ടു വയസുള്ള മകളും കൊല്ലപ്പെട്ട വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്നാണ്‌ ഇതുവരെയുള്ള അന്വേഷണത്തിലെ ക്രൈംബ്രാഞ്ചിന്റെ നിലപാട്‌. ബാലഭാസ്‌കറിന്റെ പിതാവ്‌ പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ മാത്രമാണ്‌ വ്യക്‌തത വരാനുള്ളത്‌. അന്തിമ റിപ്പോര്‍ട്ട്‌ ഉടന്‍ തയാറാകുമെന്നും ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്‌ഥര്‍ ഡി.ജി.പിയെ അറിയിച്ചു. ക്രൈംബ്രാഞ്ച്‌ ഐ.ജി: എസ്‌. ശ്രീജിത്ത്‌, കേസ്‌ അന്വേഷിക്കുന്ന ഡിവൈ.എസ്‌.പി: കെ. ഹരികൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ പങ്കെടുത്തത്‌.ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഡി.ജി.പി. സംതൃപ്‌തി പ്രകടിപ്പിച്ചു. പൊതുസമൂഹത്തില്‍ ചര്‍ച്ചയായ കേസായതിനാല്‍ സി.ബി.ഐ. അന്വേഷണം വേണോയെന്നു സര്‍ക്കാര്‍ നിലപാടെടുക്കട്ടെയെന്ന അഭിപ്രായമാണു ഡി.ജി.പി. പ്രകടിപ്പിച്ചത്‌. ബാലഭാസ്‌കറിന്റെ കുടുംബം സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സി.ബി.ഐ. അന്വേഷിക്കട്ടെയെന്ന നിലപാട്‌ ക്രൈംബ്രാഞ്ചും കൈക്കൊണ്ടു.

ബാലഭാസ്‌കറിന്റെ അപകടമരണത്തിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്നും അതിന്‌ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുമാണ്‌ ബന്ധുക്കള്‍ ആരോപിക്കുന്നത്‌. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ്‌ കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 25ന്‌ പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ട്‌ റോഡരികിലുള്ള മരത്തിലിടിക്കുന്നത്‌. കുട്ടി അപകടസ്‌ഥലത്തും ബാലഭാസ്‌കര്‍ ദിവസങ്ങള്‍ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍വച്ചും മരിച്ചു. ബാലഭാസ്‌കറിന്റെ മാനേജര്‍ സ്വര്‍ണ കടത്തുക്കേസില്‍ ഉള്‍പ്പെട്ടതോടെയാണു സി.ബി.ഐ അന്വേഷണാവശ്യം ഉയര്‍ന്നത്‌.