ദോഹ: വെള്ളവും വൈദ്യുതിയും പാഴാക്കുന്നവര്‍ക്കെതിരെ ഖത്തറില്‍ കര്‍ശന നടപടി. ഇരുപതിനായിരം റിയാല്‍ വരെയാണ് പുതിയ നിയമമനുസരിച്ച് വെള്ളം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ പിഴ ലഭിയ്ക്കുക. വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റിയായ കഹ്‌റാമ അറിയിച്ചത് ശുദ്ധ ജലം ഉപയോഗിച്ചു കാര്‍ കഴുകുന്നത് പിടിക്കപ്പെട്ടാല്‍ ഇരുപതിനായിരം റിയാല്‍ പിഴ ചുമത്തുന്നത് ഉള്‍പ്പടെ കനത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന തര്‍ശീദ് നിയമം നടപ്പിലാക്കി തുടങ്ങിയെന്നാണ്.
കനത്ത പിഴ ശിക്ഷയാണ് ശുദ്ധ ജലവും വൈദ്യുതിയും ഏതെങ്കിലും വിധത്തില്‍ പാഴാക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ലഭിക്കുക. പതിനായിരം റിയാലായിരിക്കും വൈദ്യുതി പാഴാക്കുന്നവര്‍ക്ക് പിഴ ചുമത്തുക. നിയമം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പാര്‍പ്പിടങ്ങള്‍ക്കും ബാധകമാണ്. കെട്ടിടങ്ങള്‍ക്ക് പുറത്ത് അനാവശ്യമായ അലങ്കാര വിളക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. രാജ്യവ്യാപകമായ പ്രചാരണ പരിപാടികളും മറ്റും ജല വൈദുതി ദുരുപയോഗം തടയുന്നതിനായി തര്‍ശീദ് നടത്തി വരികയാണ്.
ബോധവത്കരണ നോട്ടീസുകള്‍ രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, പള്ളികള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പതിച്ചിട്ടുണ്ട്. ലഘു ലേഖകളും പോസ്റ്ററുകളും ഷോപ്പിങ്ങ് മാളുകള്‍ കേന്ദ്രീകരിച്ചും മറ്റും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിലൂടെ ഉദ്ദേശിക്കുന്നത് വൈദ്യുതിയുടെയും വെള്ളത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തുകയാണ്. നിയമ ലംഘനം ഇതിനു ശേഷവും തുടര്‍ന്നാല്‍ പിഴത്തുക ഇരട്ടിയിലധികമായി വര്‍ധിപ്പിയ്ക്കും. വൈദ്യുത വിളക്കുകള്‍ രാവിലെ ഏഴിനും വൈകിട്ട് 4.30നും ഇടയില്‍ തെളിയിച്ചതായി കണ്ടാല്‍ നിയമ ലംഘനമായി കണക്കാക്കി പിഴ ഈടാക്കും.