തിരുവനന്തപുരം: അഭയ കേസില്‍ രണ്ടാം പ്രതിയായ ഫാ. ജോസ് പൂതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക സിബിഐ കോടതിയാണ് പൂതൃക്കയിലിനെ ഒഴിവാക്കി ഉത്തരവിട്ടത്. അതേസമയം ഒന്നാം പ്രതി ഫാ. തോമസ് എം.കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

പുതൃക്കയിലിനെതിരെ തെളിവുകളില്ല എന്ന നീരീക്ഷണം ശരിവെച്ചാണ് കോടതിയുടെ നടപടി. മറ്റു പ്രതികള്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ മാര്‍ച്ച് 14ന് ആരംഭിക്കും. 2008 നവംബറിലാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. 2009 ജൂലൈയില്‍ ഇവര്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണങ്ങള്‍ എത്തിച്ചേര്‍ന്നത്. ക്രൈംബ്രാഞ്ച് കേസ് അട്ടിമറിച്ചെന്നാരോപിച്ച് ഹൈക്കോടതിയില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി കേസില്‍ വിചാരണ നടപടികള്‍ നടന്നിരുന്നില്ല. 2011 മാര്‍ച്ച് 16-ന് മൂന്നുപ്രതികളും പ്രത്യേക സി.ബി.ഐ. കോടതിയില്‍ വിടുതല്‍ഹര്‍ജി ഫയല്‍ ചെയ്തു. കഴിഞ്ഞ മാസം കോടതി മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ നാലാംപ്രതിയാക്കി ചേര്‍ത്തിരുന്നു. തെളിവു നശിപ്പിച്ചു എന്ന കുറ്റമാണ് മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്. സിബിഐ പട്ടികയില്‍ മൈക്കിള്‍ ഉള്‍പ്പെട്ടിരുന്നില്ല.