ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിനു ശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ആദ്യമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയോടെ ഷെഫീല്‍ഡ് വിശ്വാസ സമൂഹം അഭിവന്ദ്യ പിതാക്കന്‍മാര്‍ക്ക് നവംബര്‍ 4 വെള്ളിയാഴ്ച വൈകിട്ട് 6.30 സ്വാഗതമോതും. നവംബര്‍ 4ന് പ്രസ്റ്റണില്‍ നടക്കുന്ന വൈദിക കൂട്ടായമയുടെ സമ്മേളനത്തിനു ശേഷമാണ് അഭിവന്ദ്യ പിതാക്കന്‍മാര്‍ ഷെഫീല്‍ഡിലെത്തിച്ചേരുന്നത്. ദേവാലയത്തില്‍ നല്‍കുന്ന സ്വീകരണത്തിനു ശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ബലിയര്‍പ്പണം നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ബിജു കുന്നയ്ക്കാട്ട്, അഭിവന്ദ്യ പിതാക്കന്‍മാരുടെ സെക്രട്ടറിമാര്‍, മറ്റു വൈദികര്‍ തുടങ്ങിയവര്‍ സഹ കാര്‍മികരാകും. തുടര്‍ന്ന് പാരിഷ്ഹാളില്‍ സ്‌നേഹവിരുന്നും നടക്കും.

card

ചാപ്ലെയിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു. ഹാലം രൂപതയിലും നോട്ടിംഗ്ഹാം, ലീഡ്‌സ്, മിഡില്‍സ്ബറോ രൂപതകളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. വലിയ ആവേശത്തോടും പ്രതീക്ഷയോടും കൂടിയാണ് അഭിവന്ദ്യ പിതാക്കന്‍മാരുടെ സന്ദര്‍ശനത്തെ വിശ്വാസികള്‍ കാത്തിരിക്കുന്നത്. ഷെഫീല്‍ഡില്‍ നടക്കുന്ന സന്ദര്‍ശനത്തിനു ശേഷം നവംബര്‍ 5, 6 തിയതികളിലായി മറ്റു വിവിധ സ്ഥലങ്ങളിലും അഭിവന്ദ്യ പിതാക്കന്‍മാര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സാധിക്കുന്നത്ര ആളുകള്‍ ഈ അവസരത്തില്‍ പങ്കുചേരാനെത്തണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.