ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- 900 ജീവനക്കാരെ ഒരൊറ്റ സൂം കോളിലൂടെ പിരിച്ചുവിട്ട അമേരിക്കൻ കമ്പനി സി ഇ ഒ യ് ക്കെതിരെ വിമർശനങ്ങൾ വിവിധ ഭാഗത്തുനിന്നും ഉയർന്നു വരുന്നു. ബെറ്റർ. കോം കമ്പനി സി ഇ ഒ വിശാൽ ഗാർഗ്‌ ആണ് ബുധനാഴ്ച ഈ തീരുമാനം അറിയിച്ചത്. ഈ വീഡിയോ കോളിന്റെ വിവിധ റെക്കോർഡിങ്ങുകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ക്രിസ്മസ് അവധിക്കാലത്തിനു മുൻപേയുള്ള ഇത്തരമൊരു തീരുമാനം ജോലിക്കാരെ എല്ലാവരെയും തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മൂന്ന് മിനിറ്റിലധികം ഈ കോൾ നീണ്ടുനിന്നില്ല എന്ന് ജീവനക്കാർ വ്യക്തമാക്കി.


കോളിന്റെ തുടക്കത്തിൽ മോശം വാർത്തയുമായാണ് താൻ എത്തിയിരിക്കുന്നതെന്ന് സി ഇ ഒ വ്യക്തമാക്കുന്നുണ്ട്. കമ്പനിയുടെ നിലനിൽപ്പിന് ആവശ്യമായ ഒരു തീരുമാനമാണ് താൻ നടപ്പിലാക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുശേഷം ഉടൻതന്നെ ജീവനക്കാരെ പിരിച്ചു വിടുന്ന തീരുമാനം അറിയിക്കുകയായിരുന്നു. പുറത്തു വരുന്ന മറ്റു റിപ്പോർട്ടുകൾ പ്രകാരം കമ്പനിക്ക് കഴിഞ്ഞ ആഴ്ച 750 മില്യൻ ഡോളർ ധനസഹായം ലഭിച്ചതായി വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതു സംബന്ധിച്ച യാതൊരു പരാമർശവും സിഇഒ നടത്തിയില്ല.

തന്റെ ജീവിതത്തിൽ താൻ രണ്ടാം പ്രാവശ്യം ആണ് ഇത്തരമൊരു തീരുമാനം അറിയിക്കുന്നതെന്നും സി ഇ ഒ പറഞ്ഞു. പിരിച്ചുവിടൽ സംബന്ധിച്ച മെയിൽ ഉടൻതന്നെ എല്ലാ ജീവനക്കാർക്കും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി വിമർശനങ്ങൾ കമ്പനിക്കെതിരെ ഉയർന്നുവരുന്നുണ്ട്. ഇത്തരമൊരു തീരുമാനം അപ്രതീക്ഷിതമായിരുന്നു എന്ന് ജീവനക്കാരും വ്യക്തമാക്കി.