ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ജീവൻ നിലനിർത്താൻ വെന്റിലേറ്ററിന്റെ സഹായം ആവശ്യമായിരുന്ന 13കാരിയുടെ ഉപകരണം പരിചരണത്തിനെത്തിയ നേഴ്സ് അബദ്ധത്തിൽ ഓഫ് ചെയ്തത് ആറു മിനിറ്റോളം. ബ്രിട്ടനിലെ മെർസിസൈഡിലെ സെന്റ് ഹെലൻസിൽ 2022 ഫെബ്രുവരി 15 നാണ് സംഭവം. ഡൗൺ സിൻഡ്രോമും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്ന ജോയ് ഒസുണ്ടെക്കോ എന്ന പെൺകുട്ടിയുടെ വെന്റിലേറ്ററാണ് ഓഫ് ആയത്. മകളുടെ മുറിയിലെത്തിയ അമ്മയാണ് അപകടം തിരിച്ചറിഞ്ഞത്. ശ്വാസമെടുക്കാൻ കഴിയാതെ ജീവനറ്റതുപോലെ കിടന്ന മകൾക്ക് പിതാവ് മയോ സ്വയം ഓക്സിജൻ നൽകി ശ്വാസം വീണ്ടെടുക്കാൻ സഹായിക്കുകയായിരുന്നു. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വെന്റിലേറ്റർ ഏകദേശം ആറു മിനിറ്റ് ഓഫ് ആയിരുന്നുവെന്ന് കുടുംബം തിരിച്ചറിഞ്ഞത്.

സംഭവത്തെ തുടർന്ന് ജോയിയെ ഒൻപതു ദിവസം ആൽഡർ ഹേയ് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തെ തുടർന്ന് മകളുടെ ആരോഗ്യനില മോശമായെന്നും ശരീരചലനങ്ങൾ കുറഞ്ഞെന്നും പുഞ്ചിരി നഷ്ടപ്പെട്ടെന്നും മാതാപിതാക്കൾ ആരോപിച്ചു. 2022 ജൂൺ 13ന് ജോയ് മരിച്ചു. വെന്റിലേറ്റർ ഓഫ് ആയ സംഭവമാണ് മകളുടെ ആരോഗ്യനില വഷളാകാനും മരണത്തിനും കാരണമായതെന്നാണ് കുടുംബത്തിന്റെ സംശയം. പരിചരണ ചുമതലയുണ്ടായിരുന്ന ഒപ്റ്റിമ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ലിമിറ്റഡ് വെന്റിലേറ്റർ അബദ്ധത്തിൽ ഓഫ് ചെയ്ത കാര്യം അംഗീകരിച്ചെങ്കിലും അത് ജോയിയുടെ മരണത്തിന് കാരണമായെന്ന വാദം നിഷേധിച്ചു. കുടുംബവുമായി പിന്നീട് കോടതിക്ക് പുറത്തുവച്ച് നഷ്ടപരിഹാര ധാരണയിലെത്തി.

സംഭവത്തിൽ നേഴ്സിനെതിരെ ആദ്യം ക്രിമിനൽ നടപടികൾ ആരംഭിച്ചെങ്കിലും 2025 ഡിസംബറിൽ പ്രോസിക്യൂഷൻ നടപടികൾ മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് തീരുമാനിച്ചു. മരണത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യവും കോറോണർ നിരസിച്ചു. അതേസമയം, നേഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ നേഴ്സിന്റെ ജോലിയിൽ മുൻകരുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൗൺസിൽ അറിയിച്ചു. മകൾക്ക് എന്താണ് സംഭവിച്ചതെന്നതിൽ ഇന്നും വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും നീതിന്യായ സംവിധാനത്തിൽനിന്ന് തങ്ങൾ നിരാശരായെന്നും മാതാപിതാക്കൾ പറഞ്ഞു. മകളുടെ മരണത്തിന് വെന്റിലേറ്റർ സംഭവവുമായി ബന്ധമുണ്ടെന്നതിന് മെഡിക്കൽ തെളിവില്ലെന്നാണ് പരിചരണക്കമ്പനിയുടെ നിലപാട്.











Leave a Reply