സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ‘കട്ടന്‍ ചായയും പരിപ്പുവടയും’ പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ പിഡിഎഫ് പ്രചരിപ്പിച്ച സംഭവത്തില്‍ ഡിസി ബുക്‌സിനെതിരെ പോലീസ് കേസെടുത്തു. ഡിസി ബുക്‌സിന്റെ മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസ് ഫയല്‍ ചെയ്തത്.
സംഭവത്തില്‍ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിന് കഴിഞ്ഞ ദിവസം നിര്‍ദേശം ലഭിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റല്‍ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഐ.ടി ആക്ടും ചുമത്തുമെന്നാണ് ലഭിച്ച വിവരം.
വിവാദത്തെ തുടര്‍ന്ന് എ.വി ശ്രീകുമാറിനെ ഡി.സി ബുക്സ് നേരത്തേ സസ്പെന്റ് ചെയ്തിരുന്നു.
ആത്മകഥാ വിവാദത്തില്‍ വെള്ളിയാഴ്ച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ആത്മകഥ ചോര്‍ന്നത് ഡി.സി ബുക്സില്‍നിന്ന് തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആത്മകഥ പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍വരുന്നതിനാല്‍ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. രചയിതാവ് കോടതിയില്‍ പോകുകയും കോടതി നിര്‍ദേശിക്കുകയും ചെയ്താലേ പോലീസിന് തുടര്‍നടപടി സ്വീകരിക്കാനാകൂവെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ കേസ് എടുക്കാന്‍ പ്രത്യേക പരാതി ആവശ്യമില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇ.പി.ജയരാജനും, ഇ.പി.യുമായി ഇതുസംബന്ധിച്ച് ഒപ്പിട്ട കരാറില്ലെന്ന് രവി ഡി.സി.യും പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രസാധനത്തിന് ധാരണയുള്ളതായും വ്യക്തമാക്കിയിരുന്നു.
ഡി.സി.യുടെ പബ്ലിക്കേഷന്‍ വിഭാഗം മേധാവിയില്‍നിന്നാണ് പുസ്തകം ചോര്‍ന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് സമര്‍പ്പിച്ച ആദ്യറിപ്പോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിനായി സംസ്ഥാന പോലീസ് മേധാവി മടക്കിനല്‍കുകയായിരുന്നു. തുടര്‍ന്നാണ്, വിഷയം പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നുകാട്ടി ജില്ലാ പോലീസ് മേധാവി വീണ്ടും റിപ്പോര്‍ട്ട് നല്‍കിയത്. ആത്മകഥ ചോര്‍ത്തിയതിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി വ്യക്തമായ വിശദീകരണം റിപ്പോര്‍ട്ടിലില്ലെന്നാണ് സൂചന.
Leave a Reply