മുംബൈയിലെ ധാരാവിയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 101പേര്‍ക്ക്. ഇന്ന് 15 കേസുകളാണ് ധാരാവിയില്‍ പോസിറ്റീവ് ആയി കണ്ടെത്തിയത്. 10 പേരാണ് ധാരാവിയില്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഏറ്റവുമൊടുവില്‍ 62 വയസ്സുള്ള രോഗി. മാട്ടുംഗ ലേബര്‍ ക്യാമ്പില്‍ മൂന്ന് പുതിയ കേസുകള്‍ വന്നു.

8 ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്തല്‍ വലിയ വെല്ലുവിളിയാണ്. ഈ മേഖല ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് കണ്ടെയ്ന്‍മെന്റ് സോണുകളാണ് അധികൃതര്‍ ധാരാവിയില്‍ കണ്ടെത്തിയിരിക്കുന്നത്. പൊലീസ് ബാരിക്കേഡുകള്‍ വച്ച് എന്‍ട്രി പോയിന്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് അകത്തേയ്‌ക്കോ ഇവിടങ്ങളില്‍ നിന്ന് പുറത്തേയ്‌ക്കോ പോകാന്‍ ആരെയും അനുവദിക്കുന്നില്ല.

മുംബൈയില്‍ മാത്രം 2073 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 117 പേര്‍ ഇതുവരെ മരിച്ചു. മഹാരാഷ്ട്രയില്‍ 3200ലധികം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 27000ത്തിലധികം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു. രാജ്യത്താകെ നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ 12.59 ശതമാനത്തോളം വരും ഇത്.