ലണ്ടന്‍: ഉറക്കമില്ലായ്മ നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുമെന്ന് വിദഗ്ദ്ധര്‍. ബെര്‍ക്കിലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, സെന്റര്‍ ഫോര്‍ ഹ്യൂമന്‍ സ്ലീപ്പ് സയന്‍സ് ഡയറക്ടര്‍ ആയ പ്രൊഫ. മാത്യു വോക്കര്‍ ആണ് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. നമ്മുടെ ജൈവഘടനയെ ഉറക്കക്കുറവ് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് മാരകമായ പല രോഗങ്ങളും ബാധിക്കാന്‍ ഇടയാക്കും. ഉറക്കക്കുറവ് ആധുനിക സമൂഹത്തെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രശ്‌നത്തിന് രാഷ്ട്രീയനേതാക്കളും തൊഴില്‍ദാതാക്കളും വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന പരാതിയും അദ്ദേഹം ഉന്നയിക്കുന്നു. പകരം നന്നായി ഉറങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത് മടിയുടെ ലക്ഷണമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. വൈദ്യുതി വിളക്കുകള്‍, ടെലിവിഷന്‍, കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍, ദീര്‍ഘ യാത്രകള്‍, സ്വകാര്യ സമയവും പ്രവൃത്തിസമയവും തമ്മിലുള്ള അന്തരം കുറയുന്നത്, മറ്റ് ആധുനിക ജീവിത ശൈലികള്‍ എന്നിവ ഉറക്കക്കുറവിന് കാരണമാകുന്നു.

ഏഴ് മണിക്കൂറെങ്കിലും രാത്രിയില്‍ ഉറങ്ങണമെന്നാണ് ഉപദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ പലര്‍ക്കും അതിന് കഴിയാറില്ല. ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, അല്‍ഷൈമേഴ്‌സ്, പൊണ്ണത്തടി, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മറ്റ് ആരോഗ്യത്തകരാറുകള്‍ എന്നിവയിലേക്ക് ഉറക്കക്കുറവ് നയിക്കുന്നു. അതായത് ഉറക്കക്കുറവ് നിങ്ങളെ സാവധാനം മരണത്തിലേക്കാണ് തള്ളിവിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.