റോമി കുര്യാക്കോസ്
ലണ്ടന്‍: ഹ്രസ്വ സന്ദർശനത്തിനായി യു കെയിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവും എ ഐ സി സി സെക്രട്ടറിയും മുൻ എം പിയുമായ പെരുമാൾ വിശ്വനാഥന് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ സ്വീകരണമൊരുക്കി. ഒഐസിസി നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് വിശ്വനാഥൻ പെരുമാളിന് പൂചെണ്ട് നൽകി സ്വീകരിച്ചു. ഒ ഐ സി സി യു കെയുടെ പ്രസിഡന്റ് ആയി നിയമിതയായ ഷൈനു ക്ലെയർ മാത്യൂസിനും തെരഞ്ഞെടുക്കപ്പെട്ട പുതിയ നാഷണൽ കമ്മിറ്റിക്കും അദ്ദേഹം അനുമോദനങ്ങൾ നേർന്നു.
ഒഐസിസി യു കെ വർക്കിംഗ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോർജ്, സുജു ഡാനിയേൽ, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, അഡ്വൈസറി ബോർഡ് അംഗങ്ങളായ കെ കെ മോഹൻദാസ്, സി നടരാജൻ, എക്സിക്യൂട്ടീവ് അംഗം ബേബി ലൂക്കോസ് എന്നിവർ പെരുമാൾ വിശ്വാനാഥനെ ത്രിവർണ്ണ ഷാൾ അണിയിച്ചു സ്വീകരിച്ചു.
സ്വകാര്യ സന്ദർശനത്തിനായാണ് പെരുമാൾ വിശ്വനാഥൻ യു കെയിൽ എത്തിയതെങ്കിലും, ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒ ഐ സി സി നേതാക്കന്മാരായും പ്രവർത്തകരുമായും അല്പനേരം ആശയവിനിമയം നടത്തിയതിനു ശേഷമാണ് അദ്ദേഹം തിരിച്ചത്.
കാല്‍പന്തുകളിയുടെ അങ്കത്തട്ട് കമ്പവലിയുടെ ലോകവേദിയാകുന്നു. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി ടൂർണമെന്‍റ് അടുത്ത മാസം ഏഴിന് മാഞ്ചസ്റ്ററില്‍ നടക്കും. വിതൻഷോവ് പാർക്ക് അത്ലറ്റിക് സെന്‍ററാണ് മത്സരവേദി. സമീക്ഷയ്ക്കൊപ്പം വയനാടിനായി വടംവലിക്കാം എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. മത്സരത്തിൻ്റെ ലാഭവിഹിതം വയനാടിനായി മാറ്റിവെയ്ക്കാനാണ് സംഘാടകരുടെ തീരുമാനം.
ആശ്രയമറ്റ ഒരു കുടുംബത്തിന് വീടുവച്ചുനൽകുന്നതിനായുള്ള ധനസമാഹാരണത്തിലേക്ക് ഈ തുക നീക്കിവെയ്ക്കും. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത് ടീമുകള്‍ ടൂർണമെന്‍റില്‍ പങ്കെടുക്കും. വിജയികള്‍ക്ക് 1,501 പൗണ്ടാണ് സമ്മാന തുക. 751 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 501 പൗണ്ടും 251 പൗണ്ടും നല്‍കും. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 101 പൗണ്ടാണ് സമ്മാനം. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 51 പൗണ്ട് നല്‍കും. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫിയും കൈമാറും.
ലോകനിലവരത്തിലുള്ള കോർട്ടാണ് ഒരുക്കിയിട്ടുള്ളത്. രാഷ്ട്രീയ പ്രതിനിധികളുടെയും കലാ-സാസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യമുണ്ടാകും. മത്സരം കാണാനെത്തുന്നവർക്ക് വിവിധ സ്റ്റാളുകളില്‍ നിന്നും കേരളീയ ഭക്ഷണം ലഭ്യമാക്കും. കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്രത്യേക സൗകര്യമുണ്ടാകും. ലൈഫ് ലൈൻ ഇൻഷുറൻസ് സർവ്വീസ്, ഡെയ്‍ലി ഡിലൈറ്റ്, ഏലൂർ കൺസല്‍ട്ടൻസി, ആദിസ് എച്ച്ആർ ആന്‍റ് എക്കൌണ്ടൻസി സൊലൂഷൻസ്, ലെജന്‍റ് സോളിസിറ്റേഴ്സ് എന്നിവരാണ് ടൂർണമെന്‍റിന്‍റെ പ്രായോജകർ. മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമീക്ഷ യുകെ നാഷണല്‍ സ്പോർട്സ് കോർഡിനേറ്റർമാരായ ജിജു സൈമൺ (+44 7886410604), അരവിന്ദ് സതീഷ് (+44 7442 665240) എന്നിവരെ വിളിക്കാം.
റോമി കുര്യാക്കോസ്
ലണ്ടൻ: കെ പി സി സിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) – ന്റെ യു കെ നാഷണൽ പ്രസിഡന്റ് ആയി ശ്രീമതി. ഷൈനു ക്ലെയർ മാത്യുസ് നിയമിതയായി. കെ പി സി സി ജനറൽ സെക്രട്ടറി ശ്രീ. ടി യു രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ച ഔദ്യോഗിക കത്ത് പുറത്തിറക്കിയത്. ഒ ഐ സി സിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയാണ് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ്. സംഘടനയുടെ സാന്നിധ്യം യു കെയിൽ ഉടനീളം വ്യാപിപ്പിക്കുക, സംഘടന സംവിധാനം ശക്തമാക്കുക എന്നീ പ്രധാന ദൗത്യങ്ങളാണ് കെ പി സി സി ശ്രീമതി. ഷൈനുവിന് നൽകിയിരിക്കുന്നത്.
ഒ ഐ സി സി (യു കെ) വർക്കിംഗ് പ്രസിഡന്റ്, യൂറോപ്പ് വനിതാ വിംഗ് കോർഡിനേറ്റർ എന്നീ പദവികൾ വഹിച്ചുവരവേയാണ് പുതിയ ചുമതല തേടിയെത്തിയത്. കേരളത്തിലും യു കെയിലും പൊതുരംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഷൈനു മാത്യൂസിന് അർഹതയ്ക്കുള്ള അംഗീകാരം കൂടി ആയാണ് കെ പി സി സി പുതിയ ഉത്തരവാദിത്വം നൽകിയിരിക്കുന്നത്.
20 വർഷങ്ങൾക്ക് മുൻപ് നഴ്സ് ആയി യു കെയിലേക്ക് കുടിയേറിയ ഷൈനു മാത്യൂസ്, വിപരീതമായ ഒട്ടേറെ ജീവിത സാഹചര്യങ്ങളോടും പ്രതിബന്ധങ്ങളോടും പടവെട്ടിയാണ് മുന്നോട്ട് നീങ്ങിയത്. ആത്മവിശ്വാസവും കഠിനാധ്വാനവും മാത്രം കൈമുതലാക്കി പടിപടി ആയി അവർ ഉയർത്തിയ ജീവിത സാഹചര്യം ഇന്ന് പലർക്കും പ്രചോദനമാണ്.
കേരളത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളുടെ പാഠനാവശ്യങ്ങൾക്കായുള്ള ധന ശേഖരണണാർത്ഥം, 2017, 2022 വർഷങ്ങളിൽ രണ്ടു തവണയായി മഞ്ചേസ്റ്ററിൽ വെച്ച് 150,00 അടി ഉയരത്തിൽ സാഹസികമായ സ്കൈ ഡ്രൈവിങ്ങ് നടത്തുകയും അതിലൂടെ സമാഹരിച്ച മുഴുവൻ തുകയും കുട്ടികളുടെ പഠന ചിലവിനായി നൽകുകയും ചെയ്തത്. രണ്ട് പ്രാവശ്യമായി പത്ത് ലക്ഷത്തോളം രൂപയാണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഇങ്ങനെ സമാഹരിക്കപ്പെട്ടത്. അതിന്റെയൊക്കെ തുടർ പ്രവർത്തനമായി സെപ്റ്റംബർ 8 – ന് വീണ്ടും സ്കൈ ഡൈവിങ് ചെയ്യാൻ തയ്യാറെടുത്തിരിക്കുകയാണ് ശ്രീമതി. ഷൈനു.
കെ പി സി സി തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഏൽപ്പിച്ച ദൗത്യം അങ്ങേയറ്റം ആത്മാർത്ഥതയുടെ നിറവേറ്റുമെന്നും അതിനായി എല്ലാവരുടെയും സഹകരണവും പിന്തുണയും തനിക്കുണ്ടാകണമെന്നുമായിരുന്നു ഒ ഐ സി സി (യു കെ) അധ്യക്ഷയായി നിയമിതായ വാർത്തയോട് ശ്രീമതി ഷൈനു ക്ലെയർ മാത്യൂസ് പ്രതികരിച്ചത്.
തുടക്ക കാലത്ത് കേരളത്തിലും മാഞ്ചസ്റ്ററിലെ പൊതു മണ്ഡലത്തിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഷൈനു മാത്യുസിന്റെ പൊതുപ്രവർത്തനവും ചാരിറ്റി സേവനങ്ങളും ഇന്ന് യു കെയുടെ മുക്കിലും മൂലയിലും എത്തിത്തിചേർന്നിട്ടുണ്ട്.
പിതാവിന്റെ അടുത്ത മിത്രവും കുടുംബ സുഹൃത്തുമായ ശ്രീ. ഉമ്മൻ ചാണ്ടിയെ തന്റെ ചെറുപ്പം മുതല്ക്കെ അടുത്ത് കണ്ടു അറിയാൻ സാധിച്ചത്, തന്റെ ജീവിതത്തിലെ വലിയ നാഴികകല്ലായി മാറി എന്ന് വിശ്വസിക്കുന്ന ഷൈനു മാത്യൂസ്, കക്ഷി – രാഷ്ട്രീയ – ജാതി – വർണ്ണത്തിനതീതമായുള്ള ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന് അദ്ദേഹത്തെയാണ് മാതൃക ആക്കിയത്.
ആതുര സേവന രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഷൈനു മാത്യൂസ് ഇന്ന് ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട്, സിയോൻ മൗണ്ട് എന്നീ മൂന്ന് നഴ്സ്‌സിംഗ് ഹോമുകളുടെ ഉടമയുമാണ്.
നഴ്സിംഗ് ഹോമുകൾക്ക് പുറമെ, മലയാളികൾക്ക് നാടൻ ഭക്ഷണം തനതു ശൈലിയിൽ ഗുണമേന്മയോടെ ചുവർച്ചിത്രങ്ങളുടെ ഓരം പറ്റി ആസ്വദിക്കുവാൻ ഉതകുന്ന അന്തരീക്ഷം നൽകിക്കണ്ട് ഗൾഫ് നാടുകളിലും യു കെയിലെ കവട്രിയിലും ഒരുക്കിയിരിക്കുന്ന ‘ടിഫിൻ ബോക്സ്’ ഹോട്ടൽ ശൃംഗലയും ഷൈനു മാത്യൂസിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.
മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ സ്ഥിരതാമസക്കാരിയായ ഷൈനു, പ്രവാസി ഭാരതി കേരള യുടെ ‘ദ് ലേഡി ഓഫ് എക്സലൻസ് പുരസ്‌കാരം’, ഒഐസിസി – ഇൻകാസ് ഷാർജ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറത്തിന്റെ ‘ബിസിനസ് വിമെൻ’ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്.
നിങ്ങളുടെ ഒരു നേരത്തെ ആഹാരം വയനാടിന്റെ പുനർനിർമ്മാണത്തിനു വേണ്ടി എന്ന ആഹ്വാനവുമായി യുകെയിലെ എല്ലാ പ്രധാന പട്ടണങ്ങളിലും കൈരളി യുകെ ബിരിയാണി ചലഞ്ചുകൾ സംഘടിപ്പിക്കുന്നു. കൈരളിയുടെ വിവിധ യൂണിറ്റുകൾ അവരുടെ പ്രദേശങ്ങളിൽ ബിരിയാണികൾ വീട്ടിൽ എത്തിച്ചാണു സംഭാവനകൾ സ്വീകരിക്കുന്നത്. ലണ്ടനിലെ വാറ്റ്ഫോഡ്, ഹീത്രു, ക്രോയ്ഡൺ കൂടാതെ മാഞ്ചസ്റ്റർ, എഡിൻബ്ര, ന്യൂബറി, റെഡ്ഡിംഗ്, ഓക്സ്ഫോഡ്, ചെംസ്ഫോഡ് എന്നീ സ്ഥലങ്ങളിൽ ഇതിനകം തന്നെ ബിരിയാണി ചലഞ്ചുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഇതുവരെ മലയാളികളും അല്ലാത്തവരിൽ നിന്നും വലിയ പ്രതികരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്, ബിരിയാണിയുടെ വിലയ്ക്ക് പുറമേ വലിയ തുകകൾ സംഭാവനകൾ ലഭിക്കുന്നത് യുകെയിലെ പ്രവാസ സമൂഹത്തിന്റെ കരുതലിന്റെ സാക്ഷ്യമാണെന്ന് കൈരളി യുകെ വിലയിരുത്തി.
ഇതു വരെ കൈരളിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഓൺലൈൻ ധനശേഖരണത്തിൽ പന്ത്രണ്ട് ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. ഇതിനു പുറമെ ബിരിയാണി ചലഞ്ച് വഴി ലഭിക്കുന്ന തുക വീടുകൾ പണിയുവാനും കേരള സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായും വിനയോഗിക്കുമെന്ന് കൈരളി യുകെ അറിയിച്ചു. വയനാടിനു വേണ്ടി കൈകോർത്ത എല്ലാവർക്കും നന്ദിയും, തുടർന്ന് വരുന്ന ബിരിയാണി ചലഞ്ച് ഉൾപ്പെടെയുള്ള ധനസമാഹരണം വിജയിപ്പിക്കണമെന്നും കൈരളി യുകെ ദേശീയ കമ്മറ്റി അഭ്യർത്ഥിച്ചു.
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ കലാ സാഹിത്യ വിഭാഗമായ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ലബ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മുതിർന്നവർക്കായി ‘പ്രൗഡ്’, കുട്ടികൾക്കായി ‘യുവക് ‘ കാറ്റഗറികളിലാണ് മത്സരം നടത്തിയത്. പ്രൗഡ് കാറ്റഗറിയിൽ ഷിബു മാത്യു വെസ്റ്റ് യോർക്ക്ഷയറും സുമി ഷൈൻ സ്കൻതോർപ്പും ഒന്നാം സ്ഥാനം പങ്കിട്ടു. ഷാലു വിപിൻ രണ്ടാം സ്ഥാനം നേടിയപ്പോൾ ശ്രീലക്ഷ്മി രാകേഷും ലിബിൻ ജോർജും മൂന്നാം സ്ഥാനത്തിന് അർഹരായി. യുവക് കാറ്റഗറിയിൽ ദേവസൂര്യ സജീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബിൽഹ ഏലിയാസ് രണ്ടാം സ്ഥാനവും ഗബ്രിയേല ബിനോയി മൂന്നാം സ്ഥാനവും നേടി. ഇന്ത്യയോടുള്ള സ്നേഹവും ദേശാഭിമാനവും സ്ഫുരിക്കുന്ന നിരവധി കവിതകളാണ് മത്സരത്തിൽ എൻട്രിയായി ലഭിച്ചത്. ഡോ. ജെ.കെ.എസ് വീട്ടൂരിൻ്റെ നേതൃത്വത്തിലുള്ള പാനലാണ് ജഡ്ജിംഗ് നടത്തിയത്.
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 78 മത് സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന് സ്കൻതോർപ്പിൽ നടക്കും. ക്വൈബൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ഇന്ത്യൻ ദേശീയപതാക ഉയർത്തി ആഘോഷത്തിന് തുടക്കം കുറിയ്ക്കും. തുടർന്ന് സ്പോർട്സ് മീറ്റ് നടക്കും. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ അത്‌ലറ്റിക്സ് ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും.
ഫോക്കസ് ഫിൻഷുവർ മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ്, സേവ്യേഴ്സ് ചാർട്ടേർഡ് അക്കൗണ്ടൻ്റ്സ് ആൻഡ് രജിസ്റ്റേർഡ് ഓഡിറ്റേഴ്സ്, പ്രൈവറ്റ് ജിപി പ്രാക്ടീസ് ഒപ്റ്റിമ ക്ളിനിക്സ് ഹൾ, ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജിഎംപി ഹൾ എന്നീ സ്ഥാപനങ്ങളാണ് കവിതാ രചനാ മത്സരം, സ്പോർട്സ് മീറ്റ്, ഓണാഘോഷ ഇവൻ്റുകളുടെ പ്രധാന സ്പോൺസർമാർ. കവിതാ രചനാ മത്സരത്തിലെ വിജയികൾക്ക് സെപ്റ്റംബർ 7 ന് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ വച്ച് ട്രോഫികൾ സമ്മാനിക്കും.
പാട്ടഴകിന്റെ വിസ്മയ നിമിഷങ്ങള്‍ പകരാന്‍ നീലാംബരി സീസണ്‍ 4 എത്തുകയായ്. ഓരോ വര്‍ഷവും നീലാംബരിയിലേക്കുള്ള ജനപ്രവാഹം കൂടുന്നത് പരിഗണിച്ച് ഇക്കുറി കൂടുതല്‍ മികവുറ്റ സൗകര്യങ്ങളും വിപുലമായ സന്നാഹങ്ങളുമുള്ള പൂള്‍ ലൈറ്റ് ഹൗസിലാണ് പരിപാടി നടത്തുന്നത്.
കൂടുതല്‍ ഇരിപ്പിടങ്ങളുള്ള ലൈറ്റ് ഹൗസിലെ അത്യാധുനിക വേദിയില്‍ 2024 ഒക്ടോബര്‍ 26ന് നീലാംബരി കലാകാരന്‍മാര്‍ സംഗീത -നൃത്ത ചാരുതയുടെ ഭാവതലങ്ങള്‍ പകരുമ്പോള്‍ ആസ്വാദകാനുഭവം ആനന്ദമയമാകുമെന്ന് ഉറപ്പിക്കാം. കലയുടെ ലയപൂര്‍ണിമ നുകരാന്‍ താങ്കളെയും കുടുംബത്തെയും ഏറെ സ്‌നേഹത്തോടെ നീലാംബരി സീസണ്‍ 4ലേക്ക് സ്വാഗതം ചെയ്യുകയാണ്.
മനസില്‍ മായാതെ കുറിച്ചിടാന്‍ തീയതി ചുവടെ ചേര്‍ക്കുന്നു.
നീലാംബരി സീസണ്‍ 4
2024 ഒക്ടോബര്‍ 26
Lighthouse
21 kingland Road, poole
BH15 1UG
എബ്രഹാം കുര്യൻ
സമാനതകളില്ലാത്ത ദുരന്തങ്ങളിലൂടെ കടന്നുപോയ വയനാടിന്റെ കണ്ണീരൊപ്പാനും കൈത്താങ്ങാകുവാനും മലയാളം മിഷൻ യു കെ ചാപ്റ്റർ ധനസമാഹരണം നടത്തുകയാണ്.
യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ഭാഷാ പ്രവർത്തകർ എന്നിവരിൽ നിന്നും മിനിമം ഒരു പൗണ്ടിൽ കുറയാത്ത തുക വീതം സമാഹരിച്ച് ലഭിക്കുന്ന തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുവാനാണ് മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ പ്രവർത്തകസമിതി തീരുമാനിച്ചിരിക്കുന്നത്.
വയനാട്ടിൽ ഉണ്ടായ ദാരുണമായ ഉരുൾപൊട്ടലിന്റെ ഫലമായി മാതാപിതാക്കളും കിടപ്പാടവും വിദ്യാലയവുമൊക്കെ നഷ്ടപ്പെട്ട വയനാടിന്റെ മക്കളെ വർണ്ണങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി മലയാളം മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച “വയനാടിനൊരു ഡോളർ” എന്ന കാമ്പയിന്റെ ഭാഗമായി പ്രവാസ ലോകത്തെ എല്ലാ മലയാളം മിഷൻ ചാപ്റ്ററുകളും നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം വയനാട്ടിലെ സഹോദരങ്ങളുടെ അതിജീവനത്തിനായി മലയാളം മിഷൻ യു കെ ചാപ്റ്ററിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും കൈകോർക്കുകയാണ് .
വയനാടിന് പുനർജീവൻ നൽകുന്നതിനായുള്ള ധനസമാഹരണത്തിൽ പങ്കാളികളാകുവാൻ മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പഠന കേന്ദ്രങ്ങളിലെ അധ്യാപകരുടെയോ ഭാരവാഹികളുടെയോ നേതൃത്വത്തിൽ സമാഹരിക്കുന്ന തുക 2024 ഓഗസ്റ്റ് 25നു മുൻപായി ചാപ്റ്റർ സെക്രട്ടറിയുടെ താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് കൈമാറണമെന്നും ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
Account Name: Malayalam UK
Sort Code:30-99-50
Account No: 56924063
പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്തഭൂമിയിൽ എല്ലാം നഷ്ടപ്പെട്ട് അതിജീവിച്ച് കഴിയുന്ന മക്കൾക്ക് പുനരധിവാസത്തിനു വേണ്ടി മലയാളം മിഷൻ യു കെ ചാപ്റ്റർ നടത്തുന്ന ധനസമാഹരണത്തിൽ പഠനകേന്ദ്രങ്ങളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഭാരവാഹികളും രക്ഷിതാക്കളും മിനിമം ഒരു പൗണ്ടെങ്കിലും സംഭാവന നൽകി പങ്കാളികളാവണമെന്ന് മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡൻറ് സി എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.
റോമി കുര്യാക്കോസ്
ബോൾട്ടൻ: യു കെയിലെ പ്രബല മലയാളി സംഘടനകളിലൊന്നായ ‘ബോൾട്ടൻ മലയാളി അസോസിയേഷ’ന്റെ (ബിഎംഎ) ഭരണസമിതിക്ക് നവ നേതൃത്വം. നേരത്തെ, അസോസിയേഷന്റെ മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയ വാർഷിക ജനറൽ ബോഡി യോഗത്തിൽ നിന്നും ഏകകണ്ഠമായാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
ബേബി ലൂക്കോസ് (പ്രസിഡന്റ്)
അനിൽ നായർ (സെക്രട്ടറി)
ജെയ്‌സൺ കുര്യൻ (ട്രഷറർ)
സോജിമോൾ തേവാരിൽ (വൈസ് – പ്രസിഡന്റ്)
സൂസൻ ജോസ് (ജോയിന്റ് – സെക്രട്ടറി)
കുര്യൻ ജോർജ്, ജെയ്‌സൺ ജോസഫ്, ഷാരോൺ ജോസഫ് (യുക്മ പ്രതിനിധികൾ)
റോമി കുര്യാക്കോസ് (പബ്ലിക് റിലേഷൻ ഓഫീസർ)
മാത്യു കുര്യൻ (സ്പോർട്ട്സ് കോർഡിനേറ്റർ)
അനിയൻകുഞ്ഞ് സഖറിയ, അബി അജയ് (എക്സ് – ഓഫീഷ്യോ അംഗങ്ങൾ)
ഫിലിപ്പ് കൊച്ചിട്ടി, മോളി ജോണി, ബിനു ജേക്കബ്, ആന്റണി ചാക്കോ, മാർട്ടിൻ വർഗ്ഗീസ് (കമ്മിറ്റി അംഗങ്ങൾ)
എന്നിവരടങ്ങുന്നതാണ് പുതിയ ഭരണസമിതി.
അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷ പരിപാടികൾ പൂർവാധികം ഗംഭീരമായി സെപ്റ്റംബർ 21 (ശനിയാഴ്ച) ബോൾട്ടനിലെ ഇന്ത്യൻ ക്രിക്കറ്റ് ക്ലബ്ബിൽ വെച്ച് സംഘടിപ്പിക്കും. പരിപാടി സംബന്ധിച്ച മറ്റു വിശദാശങ്ങൾ പിന്നാലെ അറിയിക്കുമെന്നും ഏവരും അന്നേ ദിവസത്തെ തിരക്കുകളൊക്കെ ക്രമീകരിച്ചു കുടുംബസമേതം പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രവർത്തനാരംഭ കാലം മുതൽ സാമൂഹ്യ – സാംസ്‌കാരിക – കായിക – ജീവ കാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി കേരളീയ പൈതൃകത്വത്തിനു മുൻതൂക്കം നൽകി പ്രവർത്തിച്ചു വരുന്ന കൂട്ടായ്മ എന്ന നിലയിലും, യു കെയിലെ തന്നെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്ന് എന്ന നിലയിലും ബോൾട്ടൻ മലയാളികൾക്ക് അഭിമാനവും, യു കെയിൽ ഏറെ ശ്രദ്ധേയവുമായ മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ബി എം എ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ‘ബോൾട്ടൻ മലയാളി അസോസിയേഷൻ’
അസോസിയേഷൻ മുൻ കാലങ്ങളിൽ തുടങ്ങി വെച്ചിട്ടുള്ള മലയാളികൾക്കായുള്ള ക്ഷേമകരമായ കർമ്മ പദ്ധതികൾ തുടർന്നു കൊണ്ടുപോകുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയും, സാംസ്ക്കാരിക പൈതൃകവും, കലാ – കായിക – ക്ഷമതാ സംരക്ഷണം തുടങ്ങിയ മേഖലകൾക്ക് മുൻതൂക്കം നൽകി കൊണ്ടായിരിക്കും അസോസിയേഷന്റെ തുടർ പ്രവർത്തനമെന്ന് ഭാരവാഹികൾ അറിയിച്ചു.
റോമി കുര്യാക്കോസ്
ലണ്ടൻ: കെ പി സി സിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) ശക്തമായ സംഘടന പ്രവർത്തനം യു കെയിൽ ഉടനീളം വ്യാപിപ്പിക്കുവാൻ തീരുമാനിച്ചു. കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും ജനറൽ സെക്രട്ടറി എം എം നസീറും യു കെയുടെ സംഘടന ചുമതല ഏറ്റെടുത്തുകൊണ്ട് യു കെയിൽ ഉടനീളമുള്ള പ്രധാന റീജിയനുകൾ സന്ദർശിച്ചു അറിയിച്ചതാണ്. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പങ്കെടുക്കാനായി യു കെയിൽ എത്തിയതാണ് കെ പി സി സി നേതാക്കൾ. ഉമ്മൻ ചാണ്ടി അനുസ്മരണം കെ പി സി സി പ്രസിഡന്റ് ശ്രീ. കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എം എൽ എ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ യു കെ ചാപ്റ്ററിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു. കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രൻ, എം എം നസീർ, റിങ്കു ചെറിയാൻ ഒ ഐ സി സി ഗ്ലോബൽ ചെയർമാൻ ജെയിംസ് കൂടൽ, കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല, ആഷ്‌ഫോഡ് എം പി സോജൻ ജോസഫ്, ക്രോയ്ഡൻ മുൻ മേയർ മഞ്ജു ഷാഹുൽ ഹമീദ്, ഒ ഐ സി സി യൂറോപ്പ് കോഡിനേറ്റർ സുനിൽ രവീന്ദ്രൻ ഐ ഒ സി യു കെ പ്രസിഡന്റ് കമൽ ദളിവാൾ, മലങ്കര ഓർത്തോഡോക്സ് സഭ വൈദിക സെക്രട്ടറി ഡോ. റവ. ഫാ. നൈനാൻ കോശി, കെ എം സി സി ബ്രിട്ടൻ ചെയർമാൻ കരീം മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല, ആഷ്‌ഫോഡ് എം പി സോജൻ ജോസഫ് എന്നിവരെ കെ പി സി സി അധ്യക്ഷൻ പൊന്നാട അണിയിച്ച് ആദരവ് അർപ്പിച്ചു. ഒ ഐ സി സി (യു കെ) പ്രസിഡന്റ് കെ കെ മോഹൻദാസ് അധ്യക്ഷനായിരുന്നു. ഐ സി സി (യു കെ) ജനറൽ സെക്രട്ടറി ബേബി കുട്ടി ജോർജ് സ്വാഗതം ആശംസിച്ചു. ശ്രീ. വിൽസൺ ജോർജ് നന്ദി അർപ്പിച്ചു.
ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയിലും വിവിധ റീജിയൻ കമ്മിറ്റികളിലും സംഘടന സംവിധാനം ശക്തിപ്പെടുത്തുമെന്ന് കെ പി സി സി ഭാരവാഹികൾ വി പി സജീന്ദ്രനും എം എം നസീറും അറിയിച്ചു. നാഷണൽ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ചുള്ള കെ പി സി സി നിർദേശങ്ങൾ അംഗീകരിച്ചു. നാഷണൽ / റീജിയണൽ കമ്മിറ്റികളിൽ വനിതകൾ അടക്കമുള്ള യുവ നേതൃത്വത്തിന് മതിയായ പ്രാതിനിധ്യം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനു വേണ്ടി പഠന ക്ലാസ്സുകൾ സംഘടിപ്പിക്കും. ദേശീയ നേതാക്കളുടെ അനുസ്മരണങ്ങൾ, ചാരിറ്റി പ്രവർത്തനം, കലാ – സാംസ്കാരിക കൂട്ടായ്മകൾ വിവിധ റീജിയനുകളിൽ സംഘടിപ്പിക്കും. പഠനത്തിനായും തൊഴിൽ തേടിയും എത്തുന്നവരെയും സഹായിക്കുന്നതിന് ഒരു ‘സെല്ലി’ന് രൂപം നൽകും. കേരളത്തിൽ വയനാട് നടന്ന ദുരന്തത്തിൽ ഇരയായവർക്ക് യു കെ മലയാളികൾ കഴിയുന്നത്ര സഹായം നൽകാൻ നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു.
കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു യു കെയിൽ തൊഴിതേടി എത്തിയവരെ സംഘടിപ്പിക്കുവാനും ബിസിനസ്സുകാർ, നഴ്സുമാർ എന്നിവരെ ഒ ഐ സി സിയിൽ അംഗങ്ങളാക്കുവാൻ ഒരു കർമ്മ പദ്ധതിയും യു കെ ഒ ഐ സി സി രൂപം നൽകും.
ശ്രീ. കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗം കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ബേബിക്കുട്ടി ജോർജ്, ഷൈനു ക്ലെയർ മാത്യൂസ്, സുജു കെ ഡാനിയൽ, അപ്പാ ഗഫൂർ, മണികണ്ഠൻ ഐക്കാട്, ജവഹർ, വിൽസൺ ജോർജ് എന്നിവർ പ്രസംഗിച്ചു.
റോമി കുര്യാക്കോസ്
മാഞ്ചസ്റ്റർ: അഞ്ചു പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ സാമാജികനായും കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായും ജനപ്രീയ മുഖ്യമന്ത്രിയായും നിറഞ്ഞുനിന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ദീപ്ത ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു ഒഐസിസി (യു കെ) നോർത്ത് വെസ്റ്റ് റീജിയൻ. മാഞ്ചസ്റ്ററിലെ ക്രംസാൽ സെന്റ്. ആൻസ് പാരിഷ് ഹാളിൽ ‘നീതിമാന്റെ ഓർമകൾക്ക് പ്രണാമം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വികാരനിർഭരമായി.
മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റികളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന സുമനസുകളും അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചു.
ഒഐസിസി (യു കെ) വർക്കിങ് പ്രസിഡന്റ് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ. സോണി ചാക്കോ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് ശ്രീ. റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.
ഒരു ജനാതിപത്യ ഭരണ സംവിദാനത്തിൽ, ജനങ്ങളുടെ പ്രസക്തി മറ്റുള്ളവർക്ക് ബോധ്യമാക്കി കൊടുത്ത കേരളഭരണാധികാരിയായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി എന്നും ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും കരുത്തുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
ഇന്നത്തെ പല ഭരണാധികാരികളിൽ നിന്നും വ്യത്യസ്തമായി ധാർഷ്ട്ട്യം, അഹങ്കാരം തുടങ്ങിയ ചേഷ്ട്ടകൾ ഒരിക്കലും ശ്രീ. ഉമ്മൻ ചാണ്ടി കാട്ടിയിരുന്നില്ലെന്നും ലളിതമായ ജീവിതവും സുതാര്യമായ പ്രവർത്തനവുമായിരുന്നു എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ശ്രീ. സോണി ചാക്കോ പറഞ്ഞു.
ഏത് സാഹചര്യത്തിലും തന്റെ പൊതുജീവിതം സജീവമാക്കി നിലനിർത്തുകയും വിമർശനങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ടും, രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച ശ്രീ. ഉമ്മൻ ചാണ്ടി പുതുതലമുറയിലെ പൊതുപ്രവർത്തകർക്ക് എന്നും ഒരു പാഠപുസ്‌തകമാണെന്ന് ആമുഖ പ്രസംഗത്തിൽ ശ്രീ. റോമി കുര്യാക്കോസ് പറഞ്ഞു.
കേരളത്തിലങ്ങോളമിങ്ങോളം വിശ്രമമില്ലാതെ സഞ്ചരിച്ച്, ജനങ്ങളെ കേൾക്കാനും ചേർത്ത് പിടിക്കാനും തയ്യാറായ ജനകീയനായ നേതാവിനെയാണ് നഷ്ട്ടമായതെന്നു ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീ. പുഷ്പരാജ് പറഞ്ഞു. ശ്രീ. ഷാജി ഐപ്പ്, ശ്രീ. ബേബി ലൂക്കോസ്, ശ്രീ. ജിതിൻ തുടങ്ങിയവരും അനുസ്മരണ സന്ദേശങ്ങൾ നൽകി.
ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ കോർത്തിണക്കി ഒരുക്കിയ ഗാനാർച്ചനയോടെ അനുസ്മരണ സമ്മേളനം സമാപിച്ചു.