Association

ഉണ്ണികൃഷ്ണൻ ബാലൻ

ശ്രീ റൂവൻ സൈമണിന്റെ സ്മരണാർത്ഥം സമീക്ഷ യുകെ ലിസ്ബൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോഫി ഫെസ്റ്റിവൽ ഹൃദയത്തിലേറ്റു വാങ്ങി ലിസ്ബൺ സമൂഹം. ശ്രീ റൂവൻ സൈമണിന്റെ പ്രോജ്വല സ്മരണ ഊഷ്മളത പകർന്ന ചടങ്ങിൽ വിവിധയിനം കാപ്പികളുടേയും, രുചിമുകുളങ്ങളുടെയും ഉത്സവാനുഭവത്തിനാണ് നവംബർ 1 -ന് ലിസ്ബണിലെ നാഷണൽ റാക്കറ്റ് ക്ലബ്ബ് സാക്ഷ്യം വഹിച്ചത്. ബെൽഫാസ്റ്റ് മലയാളി അസോസിയേഷന്റെ സെക്രട്ടറി ശ്രീ.ജയൻ മലയിൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. സമീക്ഷയുകെ ഏരിയാ കോർഡിനേറ്റർ ബൈജു നാരായണൻ പരിപാടിയിൽ വിശിഷ്ടാതിഥി ആയിരുന്നു.യുണിറ്റ് പ്രസിഡന്റ് സ്മിതേഷ് ശശിധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുണിറ്റ് സെക്രട്ടറി വൈശാഖ് മോഹൻ സ്വാഗതവും,വൈസ് പ്രസിഡന്റ്റ് ആതിര രാമകൃഷ്ണപിള്ള നന്ദിയും ആശംസിച്ചു.

 

ഹൃദയസ്പർശിയായ ഒരു ചാരിറ്റി ഫണ്ട് ശേഖരണം കോഫി ഫെസ്റ്റിവലിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. റൂവൻ സൈമണിന്റെ പേരിൽ കേരളത്തിലെ ഒരു നിർധനകുടുംബത്തിന് ഭവനനിർമ്മാണത്തിനായി നടത്തുന്ന ധനസമാഹരണത്തിൽ പങ്ക് ചേരുക എന്നതായിരുന്നു യൂണിറ്റിന്റെ പ്രാഥമിക ലക്ഷ്യം.പ്രാദേശിക ഐറിഷ് ഗ്രൂപ്പുകളുടെയും സംഘടനകളുടെയും പ്രതിനിധികളും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ലിസ്ബേണിൽ നടന്ന സമീക്ഷ കോഫി ഫെസ്റ്റിവൽ കേവലം കാപ്പിയുടെയും ഭക്ഷണവിഭവങ്ങളുടെയും ആഘോഷം മാത്രമായിരുന്നില്ല മറിച്ച് സമത്വത്തിന്റെയും സഹാനുഭൂതിയുടെയും ഹൃദ്യമായ പ്രകടനം കൂടിയായിരുന്നു. ഈ മഹത്തായ പ്രവർത്തനത്തിൽ പങ്കെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും സമീക്ഷ ലിസ്ബൺ യുണിറ്റ് സംഘാടകർ നന്ദി രേഖപ്പെടുത്തി. യൂണിറ്റിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് തുടർന്നും ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി യൂണിറ്റ് ഭാരവാഹികളായ വൈശാഖ് മോഹൻ (യൂണിറ്റ് സെക്രട്ടറി) സ്മിതേഷ് ശശിധരൻ (പ്രസിഡന്റ്) മനു മംഗലം (ട്രഷറർ) എന്നിവർ അറിയിച്ചു.

കേരള ഗവൺമെന്റിന്റെ മലയാളം മിഷന്‍ പദ്ധതിയുടെ ഭാഗമായി എവിടെയെല്ലാം മലയാളിയുണ്ടോ അവിടെല്ലാം മലയാളം എന്ന സന്ദേശവുമായി യുകെയിലെ നോര്‍ത്തംപ്റ്റോണില്‍ “കേരള അക്കാദമി നോര്‍ത്താന്റ്സ്‌” 2023-24 അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ക്ക്‌ നവംബര്‍ 1 -ന് നോർത്താംപ്ടൺ സെന്റ് ആൽബൻസ്ഹാളില്‍ കേരള പിറവിദിനത്തില്‍ തുടക്കംകുറിച്ചു.

രജിസ്റ്റർ ചെയ്ത ഇരുപതോളം കുട്ടികള്‍ അവരുടെ രക്ഷിതാക്കളോട് ഒപ്പം വളരെയധികം ഭാഷാ തൃഷണയോടെയാണ്‌ സ്കൂളില്‍ എത്തിയത്‌. ആദൃ ക്ലാസ്സ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സെക്രട്ടറിയും, കവൻട്രി മലയാളം സ്കൂളിലെ പ്രധാന അദ്ധ്യാപകനും ആയ ശ്രീ. എബ്രഹാം കുര്യന്‍ നേത്യത്വം നല്‍കി. കുഞ്ഞുണ്ണി മാഷിന്റെ കവിതകളോടേ ആദ്യ ദിനം തന്നെ കുട്ടികള്‍ക്ക്‌ ഭാഷാ പഠനം ആസ്വാദൃകരമാക്കി മാറ്റാന്‍ ശ്രീ. എബ്രഹാം കുര്യന് സാധിച്ചു.

ചടങ്ങില്‍ പങ്കെടുത്ത രക്ഷിതാക്കളും ക്ലാസുകള്‍ കേട്ടിരിക്കുകയും അവരുടെ സന്തോഷം അധ്യാപകരെ അറിയിക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തമായ ഒരു പഠനരീതിയാണ്‌ മലയാളം മിഷന്‍ ഇതിനായി രൂപകല്പന ചെയ്തിട്ടുള്ളത്.

സ്കൂള്‍ ചെയര്‍മാനും ലോക കേരള സഭ അംഗവും ആയ അഡ്വ. ദിലീപ്‌ കുമാര്‍ മാതാപിതാക്കളോടും വിദ്യാര്‍ത്ഥികളോടും ഈ അധ്യയന വര്‍ഷ ക്ലാസുകള്‍ സുഗമമായി നടത്തികൊണ്ടുപോകുവാന്‍ സഹകരണം അഭൃര്‍ത്ഥിച്ചു.

സ്കൂള്‍ മാനേജര്‍ ശ്രീ. ആന്റോ കുന്നിപറമ്പില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ചെയര്‍മാനും ലോക കേരള സഭാ അംഗവുമായ ശ്രീ ദിലീപ്‌ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സ്യൂള്‍ പ്രധാന അധ്യാപിക മിസ്സ്‌ സൂസന്‍ ജാക്സണ്‍ കുട്ടിക്കളുമായി നടത്തിയ ഇന്ററാക്ടീവ്‌ സെഷന്‍ വേറിട്ട അനുഭവം സമ്മാനിച്ചു. അധ്യാപകരായ ശ്രീ. രമേഷ്‌ കോല്‍ക്കാട്ടില്‍ രത്നദാസന്‍, ശ്രീമതി. നിവി ദിലീപ്‌ എന്നിവര്‍ ഇന്ററാക്ടീവ്‌ സെഷന്‍ കൂടുതല്‍ സര്‍ഗ്ഗത്മകമാക്കി.

ഒന്നിടവിട്ടുള്ള ബുധനാഴ്ചകളില്‍ ആയിരിക്കും ക്ലാസുകള്‍ ഉണ്ടായിരിക്കുക. ഈ വര്‍ഷത്തെ അഡ്മിഷന്‍ നവംബര്‍ 31 ന്‌ അവസാനിക്കും എന്ന്‌ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍ അറിയിച്ചു . കൂടുതല്‍ വിവരണങ്ങള്‍ക്കു അഡ്വ. ദിലീപ്‌ കുമാര്‍ (07551912890), ശ്രീ ഡോണ്‍ പോള്‍ (07411040440) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്‌.

ജോളി എം. പടയാട്ടിൽ

യൂറോപ്പ്∙ ആഗോള മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 7–ാം സമ്മേളനം മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി. ഒക്ടോബർ 27–ാം തീയതി വൈകീട്ട് ഇന്ത്യൻ സമയം 7.30 ന് വെർച്ചൽ ഫ്ളാറ്റ് ഫോമിലൂടെ നടന്ന ഈ കലാസാംസ്കാരികവേദി സംഗീത അധ്യാപകനും യൂറോപ്പിലെ മികച്ച മലയാളി ഗായകനുമായ ജോസ് കവലച്ചിറയുടെ ഈശ്വര പ്രാർഥനയോടെ ആരംഭിച്ചു.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടന്നുകൊണ്ടിരുന്ന ഈ കലാസാംസ്കാരികവേദി പ്രവാസി മലയാളികളുടെ അഭ്യർത്ഥന മാനിച്ച് ഇനി മുതൽ എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ചകളിൽ ഇതേ സമയം തന്നെ നടത്തുവാൻ തീരുമാനിച്ചതായി ജോളി എം. പടയാട്ടിൽ അറിയിച്ചു.

കേരള ജലസേചനവകുപ്പ് മന്ത്രി റോഷി എം. അഗസ്റ്റിനു ചില സാങ്കേതിക കാരണങ്ങളാൽ ഓൺലൈനിൽ വരുവാൻ കഴിഞ്ഞില്ലെങ്കിലും ഫോണിലൂടെ സമ്മേളനം ഔദ്യോഗികമായി ഉൽഘാടനം ചെയ്തു. പ്രമുഖ വ്യവസായിയും ആഗോളതലത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നതുമായ വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ പ്രസിഡന്റ് ശ്രീ. ജോൺ മത്തായി ആശംസകൾ നേർന്ന് സംസാരിച്ചു.

പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അഡ്വ. റസൽ ജോയി മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചും അതിന്റെ അപകടാവസ്ഥയെയുംക്കുറിച്ച് പ്രഭാഷണം നടത്തി. എറണാകുളം ജില്ല ഉൾപ്പെടെയുള്ള നാലു ജില്ലകൾ മാത്രമല്ല കേരളം മുഴുവൻ നേരിടുന്ന ഗുരുതര ഭീഷണിയാണ് മുല്ലപ്പെരിയാർ ഡാമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് എത്രയും വേഗം പരിഹാരം കണ്ടെത്തിയില്ലെങ്കിൽ മുപ്പത്തിയഞ്ചു മുതൽ നാൽപതു ലക്ഷംവരെയുള്ള ജനങ്ങൾക്ക് ജീവഹാനി സംഭവിക്കുമെന്നതിൽ യാതൊരു സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. അജ്മൻ പ്രൊവിൻസ് പ്രസിഡന്റ് ശ്രീ. ഡെയ്സ് ഇടിക്കുള, വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വിമൻസ് ഫോറം പ്രസിഡന്റ് പ്രൊഫസർ ഡോ. ലളിത മാത്യു, ജർമൻ പ്രൊവിൻസ് പ്രസിഡന്റും എഴുത്തുകാരനും കവിയും മാധ്യമ പ്രവർത്തകനുമായ ജോസ് കുമ്പിളുവേലിൽ, ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്റ് അഡ്വ. ജോബ് കൊല്ലമന, പ്രസിദ്ധ മനഃശാസ്ത്ര വിദഗ്ധനും കവിയും എഴുത്തുകാരനുമായ ഡോ. ജോർജ് കാളിയാൻ, മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാരൂർ സോമൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ അമേരിക്കൻ റീജിയൻ ചെയർമാൻ ജോൺസൻ തലശല്ലൂർ, പ്രമുഖ സാമൂഹ്യ പ്രവർത്തകനും ജീവധാര ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ. സാജു ചാക്കോ, ശ്രീമതി അന്നക്കുട്ടി സ്കറിയ, ചിനു പടയാട്ടിൽ, ജെറോം തുടങ്ങിയവർ സജീവമായി പങ്കെടുത്തു. ഡെയ്സ് ഇടിക്കുള നന്ദി പറഞ്ഞു. അടുത്ത വർഷം നടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ളോബൽ കോൺഫ്രൻസിൽ ഈ വിഷയം പ്രത്യേക അജണ്ടയാക്കുവാൻ ശ്രമിക്കുവെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ സോബിച്ചൻ ചേന്നങ്കര, ജെയിംസ് പാത്തിക്കൽ, ജോസ് കവലച്ചിറ, ലിതീഷ് രാജ് പി. തോമസ് എന്നിവരുടെ ഗാനങ്ങൾ ഈ കലാസാംസ്കാരിക വേദിയെ ധന്യമാക്കി. കലാസാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും വേൾഡ് മലയാളി കൗൺസിൽ ഗ്ളോൽ വൈസ് ചെയർമാനുമായ ഗ്രിഗറി മേടയിലും യുകെയിൽ പഠിച്ചുകൊണ്ടിരിക്കുന്ന അന്ന ടോമും ചേർന്നാണ് ഈ സാംസ്കാരിക വേദി മോഡറേറ്റ് ചെയ്തത്. യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി കൃതജ്ഞത പറഞ്ഞു.

എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയ വിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

രണ്ടുമണിക്കൂർ നീണ്ടു നിൽക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. അടുത്ത കലാസാംസ്കാരിക വേദി നവംബർ 25–ാം തീയതിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഏതെങ്കിലും വിഷയങ്ങളെക്കുറിച്ചു ഈ വേദിയിൽ ചർച്ച ചെയ്യപ്പെടണമെന്നു ആഗ്രഹിക്കുന്നവർ പ്രസ്തുത വിഷയം നവംബർ 15–ാം തീയതിക്കകം വേൾഡ് മലയാളി കൗൺസിൽ യൂറോപ്യൻ റീജിയൻ ഭാരവാഹികളെ അറിയിക്കേണ്ടതാണ്. വിഷയത്തിന്റെ പ്രാധാന്യവും മുൻഗണനാക്രമവുമനുസരിച്ചു ഉത്തരവാദിത്വപ്പെട്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഈ വേദിയിൽ ചർച്ച ചെയ്യപ്പെടുന്നതാണ്. എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

ഉണ്ണികൃഷ്ണൻ ബാലൻ

നോർത്തേൺ ഐലണ്ട് : കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലണ്ടൻ ഡറിയിലെ തടാകത്തിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞ റൂവൻ സൈമൺന്റെ സ്മരണാർത്ഥം നവംബർ ഒന്നിന് സമീക്ഷ യു കെ ലിസ്ബൺ യൂണിറ്റ് ‘കോഫി ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു.

സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവനും നഷ്ടപ്പെടുത്തിയ റൂവന്റെ ധീരതക്കും, നിസ്വർത്ഥതക്കുമുള്ള ആദരവും , റൂവന് നൽകുന്ന സ്മരണാഞ്ജലിയുമായിരിക്കും ഈ ‘കോഫി ഫെസ്റ്റിവൽ’.

ലിസ്ബൺ റാക്കറ്റ് ക്ലബ്ബിൽ നവംബർ ഒന്ന് ഉച്ചക്ക് രണ്ട് മണി മുതൽ ഏഴ് മണി വരെ നടക്കുന്ന പരിപാടിയിൽ വ്യത്യസ്ത രീതിയിൽ തയ്യാറാക്കിയ കോഫികളും, കേരളത്തിന്റെ വൈവിദ്ധ്യമാർന്ന പല ഹാരങ്ങളും അതിഥികൾക്കായി ഒരുക്കിയിരിക്കുന്നു.

റൂവന്റെ ഓർമ്മയക്കായി കേരളത്തിലെ ഒരു നിർധന കുടുംബത്തിന് വേണ്ടി ഒരുങ്ങുന്ന ‘സ്നേഹഭവന’ ത്തിന്റെ നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവനക സ്വീകരിക്കുക എന്നതാണ് ഈ ‘കോഫി ഫെസ്റ്റിവലി’ന്റെ മുഖ്യ ഉദ്ദേശം.

പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കോഫിയുടെ ചരിത്രം, വ്യത്യസ്ത രാജ്യങ്ങളിലെ കോഫിയുടെ സവിശേഷതകൾ, രുചിഭേദങ്ങൾ, ചായ, കോഫി, ലലുഭക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഓരോ രാജ്യത്തിന്റെയും സാംസ്കാരികപശ്ചാത്തലം.. എന്നിവയെല്ലാം ഈ പരിപാടിയിൽ ചർച്ചാ വിഷയങ്ങളാകും.
കോഫി എന്ന പാനീയത്തെക്കുറിച്ചുളള ചർച്ച ഓരോ രാജ്യത്തിന്റെ ചരിത്രത്തിലേക്കും, സംസ്കാരത്തിലേക്കും വെളിച്ചം വീശുന്ന ആശയസംവാദ വേദി കൂടിയായി മാറുമെന്ന് സമീക്ഷ ലിസ്ബൺ യൂണിറ്റ് ഭാരവാഹികളായ ശ്രീ വൈശാഖ് മോഹൻ (സെക്രട്ടറി), ശ്രീ സ്മിതേഷ് ശശിധരൻ (പ്രസിഡന്റ്) എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു.

‘കോഫി ഫെസ്റ്റ്’ ന്റെ ഔപചാരികമായ ഉദ്ഘാടനം ബെൽ ഫാസ്റ്റ് മലയാളി അസ്സോസ്സിയേഷൻ ജന.സെക്രട്ടറി ശ്രീ ജയൻ മലയിൽ നിർവ്വഹിക്കും. സമീക്ഷ യു.കെ ദേശീയ സമിതി അംഗം ശ്രീ.ബൈജു നാരായണൻ, ശ്രീ. ജോസഫ് കുര്യൻ ( ഷാജി – ബാലിമിന ), ശ്രീ മഹേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

റൂവൺ സൈമൺന്റെ സ്മരണാർത്ഥം സമീക്ഷ യു.കെ ലിസ്ബൺ യൂണിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ കാരുണ്യ പ്രവർത്തിന്റെ ഭാഗമാകാൻ എല്ലാ പ്രിയ സഹോദരങ്ങളേയും ഹൃദയപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.


ക്രോയ്ഡൺ: ഇക്കഴിഞ്ഞ ശനിയാഴ്‌ച, ഒക്ടോബർ 21ന് ക്രോയിഡനിൽ നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ കലാമേളയിൽ അതിശക്തമായ തിരിച്ചുവരവ് നേട്ടത്തിൽ തിളങ്ങി നിലവിലെ ചാമ്പ്യന്മാർ!
തങ്ങൾ അജയ്യരാണെന്ന് വിളംബരം ചെയ്തുകൊണ്ട് 191 പോയിന്റ് കരസ്ഥമാക്കിയാണ് ക്രോയിഡണിലെ കേരള കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ (KCWA) ചാമ്പ്യൻ കിരീടം നിലനിർത്തിയത്.
കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പ് ജേതാക്കളായ ബ്രൈറ്റൺ മലയാളി അസോസിയേഷൻ (BMA) ഇത്തവണയും ട്രോഫി മറ്റാർക്കും വിട്ടുകൊടുക്കാതെ 46 പോയിന്റുകൾ കരസ്ഥമാക്കി നിലനിർത്തി.
അത്യന്തം വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ മൂന്നാം സ്ഥാനത്തിന് രണ്ട് അവകാശികളുണ്ടായി! കഴിഞ്ഞ വർഷത്തെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു സീമ ഈസ്റ്റ്ബോണും (SEEMA), കറുത്ത കുതിരകളായി കടുത്ത പോരാട്ട വീര്യം കാഴ്ചവച്ച അസോസിയേഷൻ ഓഫ് സ്‌ലോ മലയാളീസും (ASM) 37 പോയിന്റുകൾ വീതം നേടി മൂന്നാം സ്ഥാനതിനര്ഹരായി.
സിനിമാറ്റിക് ഡാൻസ് (സോളോ & ഗ്രൂപ്പ്), സോളോ സോങ്, സ്റ്റോറി ടെല്ലിങ് എന്നിവയിൽ ഓരോന്നിലും ഒന്നാം സ്ഥാനത്തോടെ, 16 പോയിന്റുകൾ നേടിയ ദേവാ പ്രേം നായർ (KCWA) കലാതിലക പട്ടം കരസ്ഥമാക്കി.
സിനിമാറ്റിക് ഡാൻസ് (സോളോ), സോളോ സോങ് എന്നി ഇനങ്ങളിൽ രണ്ടാം സമ്മാനവും, പദ്യപാരായണത്തിൽ ഒന്നാം സമ്മാനവും നേടിയ കോൾബോ വർക്കി ജിൽസ് (HUM) 11 പോയിന്റുകൾ കൈവരിച്ചു കലാപ്രതിഭ പട്ടം കരസ്ഥമാക്കി.
കിഡ്സ് വിഭാഗത്തിൽ ദേവാ പ്രേം നായരും (KCWA), സബ് ജൂനിയർ വിഭാഗത്തിൽ കോൾബോ വർക്കി ജിൽസും (HUM), ജൂനിയർ വിഭാഗത്തിൽ നിവേദ്യ സുനിൽ കുമാർ എടത്താടനും (KCWA), സീനിയർ വിഭാഗത്തിൽ നീതു രാജേന്ദ്ര പ്രസാദും (KCWA) വ്യക്തിഗത ചാമ്പ്യന്മാർ ആയി.
രാവിലെ 8 മണിയോടെ കലാമേളയുടെ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും പങ്കെടുത്ത കലാമേളക്ക് രാവിലെ 10 മണിയോടെയാണ് തിരശീല ഉയർന്നത്. തുടക്കം മുതൽ കലാമേളയ്ക്ക് ആവേശകരമായ പിന്തുണയാണ് അസോസിയേഷനുകളിൽ നിന്നും ലഭിച്ചത്. അഞ്ഞൂറില്പരം കാണികൾ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാനായി സജീവമായി വിവിധ വേദികളിൽ സന്നിഹിതരായിരുന്നു.
സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ ആരക്കോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്‌ഘാടന ചടങ്ങിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ശ്രീമതി ലീനുമോൾ ചാക്കോയാണ് ഭദ്രദീപം കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്തത്. സെക്രട്ടറി ശ്രീ ജിപ്സൺ തോമസ് സ്വാഗതം ആശംസിച്ചു. ക്രോയ്ഡൺ കൗൺസിലർ ശ്രീ നിഖിൽ ഷെറിൻ തമ്പി, യുക്മ മുൻ വൈസ് പ്രസിഡന്റും നിലവിലെ ദേശീയ വക്‌താവുമായ ശ്രീ എബി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ റീജിയണൽ വൈസ് പ്രസിഡന്റ് ഡെന്നിസ് വരീദ്, ട്രഷറർ സനോജ് ജോസ്, മുൻ റീജിയണൽ പ്രസിഡന്റ് ആന്റണി എബ്രഹാം, കലാമേള കൺവീനർ സജി ലോഹിദാസ്, കലാമേള കോഓർഡിനേറ്റർ ഹാഷിം കുഞ്ഞുമുഹമ്മദ്, KCWA വിമെൻസ് ഫോറം എക്സിക്യൂട്ടീവ് ശാരിക അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.
തുടർച്ചയായി മൂന്ന് സ്റ്റേജുകളിലായി അരങ്ങേറിയ പരിപാടികൾ വൈകീട്ട് 10 മണിയോടെയാണ് അവസാനിച്ചത്. തികഞ്ഞ അർപ്പണ ബോധത്തോടെ പ്രവർത്തിച്ച സ്റ്റേജ് മാനേജർമാരുടെ നിശ്ചയദാർഢ്യവും ജഡ്ജിമാരുടെ സമയബന്ധിതമായ പ്രവർത്തനവുംകൊണ്ട് മാത്രമാണ് പരിപാടികൾ നിശ്ചിത സമയ പരിധിക്കുള്ളിൽ തീർക്കാനായത്. സാംസൺ പോൾ, ശാരിക അമ്പിളി, ഡെനിസ് വരീദ്, ജോസ് പ്രകാശ്, ജയൻ സ്റ്റാൻലി, സജി തോമസ് സ്കറിയ എന്നിവരാണ് സ്റ്റേജ് മാനേജര്മാരായി പ്രവർത്തിച്ചിരുന്നത്.
ആന്റണി എബ്രഹാമിന്റെ നേതൃത്വത്തിൽ ബിനീഷ് ബിജു, മനു ഫിലിപ്പ് മാത്യു, ബ്രിട്ടോ വർക്കി എന്നിവരുടെ കൂട്ടായ്മയിൽ ഓഫീസ് നിർവഹണം എണ്ണയിട്ട യന്ത്രം പോലെ കൃത്യമായി നടന്നതുകൊണ്ട് ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിങ്ങുമെല്ലാം യഥാസമയം തീർക്കാനായി.
രെജിസ്ട്രേഷൻ, സ്റ്റേജ് കോർഡിനഷൻ എന്നിവ എബി സെബാസ്റ്റ്യൻ, സുരേന്ദ്രൻ ആരക്കോട്ട്, ജിപ്സൺ തോമസ്, സനോജ് ജോസ് എന്നിവരുടെ മേൽനോട്ടത്തിൽ സുഗമമായി നടന്നു.
റീജിയനിലെ വിവിധ അസോസിയേഷൻ ഭാരവാഹികളും നേതാക്കളും അഭ്യൂദയകാംക്ഷികളുമായ അലോഷ്യസ് അഗസ്റ്റിൻ, ഹാഷിം കുഞ്ഞുമുഹമ്മദ്, പവിത്രൻ ദാമോദരൻ, ഷാ ഹരിദാസ്, സജി ലോഹിദാസ്, പ്രേം കുമാർ നായർ, ജേക്കബ് കോയിപ്പള്ളി, ജോബിൾ ജോർജ്, ബൈജു ശ്രീനിവാസ്, ജയപ്രകാശ് പണിക്കർ, അഖില, അനു ബെർവിൻ, ജോസ് മാർട്ടിൻ തുടങ്ങിയർ അണിയറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പ്രവർത്തിച്ചു.
ലൈഫ് ലൈൻ പ്രൊട്ടക്ട്, വോസ്‌റ്റേക്, മുത്തൂറ്റ് ഗ്രൂപ്പ്, മലബാർ ഗോൾഡ് & ഡയമോൻഡ്‌സ്, സീകോം അക്കൗണ്ടൻസി, കെന്റ് സ്‌പൈസസ്, ആർ.ആർ ഹോളിസ്റ്റിക് കെയർ, കൃഷ് മോർഗൻ സോളിസിറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, എം.ജി ട്യൂഷൻ, ജെ.എം.പി സോഫ്റ്റ്‌വെയർ, കേരള സൂപ്പർമാർകെറ്റ്, ബി ഫോർ ബി മീറ്റ് & ഫിഷ് തുടങ്ങിയ സ്പോൺസർമാരുടെ സഹകരണം ഒന്നുകൊണ്ടുമാത്രമാണ് കലാമേള പോലെ ബൃഹത്തായ ഒരു പരിപാടി സംഘടിപ്പിക്കാനായത്.
പരിപാടിയുടെ സ്പോൺസർമാർക്കും, കലാമേളയുടെ നെടുംതൂണായി നിന്ന റീജിയണൽ – അസോസിയേഷൻ ഭാരവാഹികൾക്കും, വോളന്റിയർമാർക്കും, ജഡ്ജിമാർക്കും, സ്റ്റേജ് മാനേജർമാർക്കും, അണിയറയിലും അരങ്ങത്തും സഹായിച്ച എല്ലാവര്ക്കും, കാണികൾക്കും, മത്സരാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ സ്വാഗത സംഘത്തിന്റെ പേരിൽ അകൈതവമായ നന്ദി രേഖപ്പെത്തുന്നു!
സോമർസെറ്റിലെ ചെറുനഗരമായ ടോണ്ടനിൽ പതിനഞ്ച് വർഷമായി പ്രവർത്തിച്ചു വരുന്ന ടോണ്ടൻ മലയാളി അസ്സോസിയേഷന് (ടി.എം.എ) പുതിയ ഭരണസമിതി നിലവിൽ വന്നു. ജതീഷ് പണിക്കർ പ്രസിഡന്റും, വിനു വി നായർ സെക്രട്ടറിയുമായി ഈ മാസം നടന്ന പൊതുയോഗത്തിൽ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.
ടോണ്ടനിലെ മലയാളിക്കൂട്ടായ്മകളിൽ നിറസാന്നിദ്ധ്യമായി പ്രവർത്തിച്ചു വരുന്ന ടി.എം.എ നിരവധി സാംസ്കാരിക-കലാപ്രവർത്തനങ്ങളും നടത്തി വരുന്നു. നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾ ഇക്കഴിഞ്ഞ കാലയളവിൽ സ്തുത്യർഹമായി ചെയ്യാൻ കഴിഞ്ഞത് എടുത്ത് പറയേണ്ടതാണ്. നൃത്തപരിശീലനം, കായികപരിശീലനങ്ങൾ തുടങ്ങിയവയും ടി.എം.എ-യ്ക്ക് നടത്തുവാൻ സാധിക്കുന്നു.
ജിജി ജോർജ്ജ് (വൈസ് പ്രസിഡന്റ്‌), ബിജു ഇളംതുരുത്തിൽ (ജോയിന്റ് സെക്രട്ടറി), അരുൺ ധനപാലൻ (ട്രെഷറർ), എന്നിവരെ കൂടാതെ ഡെന്നിസ് വീ ജോസ്, റോജി ജോസഫ്, അജി തോമസ് മാങ്ങാലി, ജയേഷ് നെല്ലൂർ, ദീപക് കുമാർ, സജിൻ ജോർജ്ജ് തോമസ് തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളായും ചുമതലയേറ്റു.
മുൻകാലങ്ങളിൽ ഉപരിയായി സന്നദ്ധപ്രവർത്തനങ്ങളിലും കലാ-സാംസ്കാരിക മേഖലകളിലും നവീന രീതിയിലുള്ള പ്രവർത്തനങ്ങളാണ് പുതിയ ഭരണസമിതി വിഭാവനം ചെയ്യുന്നത്. ഇക്കാലയളവിൽ യുകെയിൽ എവിടെയുമെന്നപോലെ ടോണ്ടനിലും, പുതുതായി എത്തിച്ചേർന്നിരിക്കുന്ന നിരവധിയായ മലയാളി കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യ സേവനങ്ങൾ ഉറപ്പുവരുത്തുവാനും പുതിയ നേതൃത്വം തീരുമാനിച്ചിരിക്കുന്നു..

ഉണ്ണികൃഷ്ണൻ ബാലൻ

ഓക്ടോബർ 22 ന് സമീക്ഷ യു.കെ യുടെ ആഭിമുഖ്യത്തിൽ ചെംസ്ഫോർഡിൽ സംഘടിപ്പിച്ചിട്ടുള്ള ഓണ ഗ്രാമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിന്റെ സാംസ്കാരികത്തനിമയും, കലാ സൗന്ദര്യവും ഒത്തുചേരുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

യുകെയിലെ പ്രഗത്ഭരായ പതിനാറോളം ടീമുകൾ അണി നിരക്കുന്ന വടംവലി മത്സരം, മലയാളിയുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും താളവും ഈണവും ചേർത്തിണക്കി മലയാളി മങ്കമാർ അണിനിരക്കുന്ന തിരുവാതിരകളി മത്സരം, രുചിയൂറും കേരളീയ ഭക്ഷണങ്ങൾ നിറഞ്ഞ ഭക്ഷണശാല, കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി ഓണക്കളികളും സമ്മാനങ്ങളും, .മനസ്സുനിറയാൻ നിരവധി കലാപരുപാടികൾ, ഒപ്പം ഈ ഓണക്കാലം ഒർമ്മയിലേക്ക് ഒപ്പിയെടുക്കാൻ ഒരു ഫോട്ടോ ബൂത്ത് അങ്ങനെ ഈ സമ്മർ ഫെസ്റ്റ് നിങ്ങൾക്ക് ഒരു അവിസ്മരണീയമായ അനുഭവമാകും എന്ന കാര്യത്തിൽ സംശയമില്ല. സമീക്ഷ യു.കെ യുടെ മേൽനോട്ടത്തിൽ വിപുലമായ സ്വാഗത സംഘവും അനുബന്ധ കമ്മറ്റികളും രൂപീകരിച്ച് കഴിഞ്ഞ ഒരു മാസത്തിൽ ഏറെയായി ആഘോഷത്തിന്റെ ഒരുക്കങ്ങൾ നടന്നു വരുകയായിരുന്നു.

യു.കെ. മലയാളികളുടെ ഓണാഘോഷ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ചെംസ്ഫോർഡിൽ നടക്കുന്ന ‘ഓണഗ്രാമം 23’ എന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. ഒക്ടോബർ 22 ന് ചെംസ് ഫോർഡ് ഓണ ഗ്രാമത്തിലേക്ക് ഏവരേയും ഹൃദയം പൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

ജോളി എം പടയാട്ടിൽ

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 7-ാം സമ്മേളനം ഒക്ടോബർ 27-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3:00 PM (യു കെ സമയം), 4 :00 PM (ജർമൻ സമയം), 7 :30 PM (ഇന്ത്യൻ സമയം ) 18 : 00 PM (യുഎഇ സമയം ) വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്നു . പ്രസ്തുത സമ്മേളനത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷി എം. അഗസ്റ്റിനും , പ്രമുഖ സുപ്രീംകോടതി വക്കീൽ അഡ്വ. റസൽ ജോയിയും പങ്കെടുക്കുന്നു.

കേരളത്തിൻറെ നിലനിൽപ്പ് തന്നെ അപകടത്തിലായേക്കാവുന്ന മുല്ലപ്പെരിയാർ ഡാമിൻറെ അപകടാവസ്ഥയെക്കുറിച്ച് അഡ്വ. റസൽ ജോയി നയിക്കുന്ന ചർച്ചകളിൽ ആഗോളതലത്തിലുള്ള വിവിധ മലയാളികൾ പങ്കെടുക്കും.

എല്ലാ മാസത്തിന്റെയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും , അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും , അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും ) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കലാസാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ , മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. ഒക്ടോബർ 27 – ന് നടക്കുന്ന .സമ്മേളനത്തിൽ ആഗോള മലയാളികളെ ഭീതിയിലാക്കുന്ന മുല്ലപെരിയാർ ഡാമിൻറെ അപകടാവസ്ഥയെ കുറിച്ച് അഡ്വ. റസൽ ജോയി സംസാരിക്കുന്നു. എല്ലാ പ്രവാസി മലയാളികളെയും വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

ജോളി എം പടയാട്ടിൽ – പ്രസിഡൻറ് : 04915753181523
ജോളി തടത്തിൽ – ചെയർമാൻ : 0491714426264
ബാബു തോട്ടപ്പള്ളി – ജനറൽ സെക്രട്ടറി : 0447577834404
ഷൈബു ജോസഫ് – ട്രഷറർ

മിഡ് ലാൻഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓൾ യു കെ മലയാളി ബാഡ്മിന്റൺ ടൂർണമെൻറ് ബർമിംഗ്ഹാമിൽ. ഒന്നാം സമ്മാനം 500 പൗണ്ട്

മിഡ് ലാൻഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓൾ യുകെ മലയാളി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. നവംബർ 11-ാം തീയതി സ്റ്റെക്ഫോർഡ് ലെഷർ സെന്ററിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 30 പൗണ്ട് ആണ് രജിസ്ട്രേഷൻ ഫീ.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മത്സരത്തിനായി രജിസ്റ്റർ ചെയ്യാം.
https://forms.gle/KgrC8TxaEYRTzqSZ6

കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
എൽബർട്ട് ജോയ് +44848871488
മെൽവിൻ ജോസ് +447910745785

ബെഡ്ഫോര്‍ഡ്‌; സെപ്റ്റംബര്‍ 23 ന്‌ നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ 2022 – ’23 എക്ടിക്യൂടീവ്‌ കമ്മിറ്റി വരവ്‌ ചെലവ്‌ കണക്കുകളും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ശേഷം 2023 -24 വര്‍ഷത്തെ എക്ടിക്യൂട്ടീവ്‌ കമ്മിറ്റിയെ നിയോഗിക്കുകയും മുന്നോടുള്ള പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ചര്‍ച്ചയും നടന്നു.

രേഖ സാബു പ്രസിഡന്റായും സുധീഷ്‌ സുധാകരന്‍ സെക്രട്ടറിയായും ജെഫ്രിന്‍ ട്രെഷററായും നിയുക്തരായി. മാത്യൂസ്‌ മറ്റമന , സജിമോന്‍ മാത്യു, സുബിന്‍ ഈശോ, നിവിന്‍ സണ്ണി എന്നിവര്‍ എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായി സ്ഥാനമേറ്റപ്പോള്‍, രഞ്ജു ഫിലിപ്പ്‌ ഏലിയാമ്മ ബേബി എന്നിവര്‍ വനിതാ പ്രതിനിധികളായി. ഡെല്‍ന ബിബി, കെവിന്‍ സജി എന്നിവര്‍ യുവ പ്രതിനിധികളുടെ ഉത്തരവാദിത്വം വഹിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ തിരഞ്ഞെടുപ്പ്‌ കൂടാതെയാണ്‌ ജനറല്‍ ബോഡി മുന്നോട്ടു വച്ച അംഗങ്ങളെ എക്ടിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ നിയോഗിച്ചത്‌ എന്നുള്ളത്‌ ഇവിടെ ശ്രദ്ധേയമാണ്‌. BMA അംഗങ്ങളുടേ ഉത്തരവാദിത്വ പൂര്‍ണ്ണമായ സമീപനമാണ്‌ ഈ സംഘടനയെ ഇങ്ങനെ ഒത്തൊരുമയോടെ മുന്നോട്ടു നയിക്കുന്നത്‌.

RECENT POSTS
Copyright © . All rights reserved