സജീഷ് ടോം
യുക്മ ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് ഫെബ്രുവരി ഒന്ന് ശനിയാഴ്ച സംഘടിപ്പിക്കുന്ന വിപുലമായ സാംസ്ക്കാരിക സംഗമം “യുക്മ ആദരസന്ധ്യ 2020” വേദിയിൽ, യുക്മ ദേശീയ – റീജിയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം അവതരിപ്പിച്ചിരിക്കുന്ന മൂന്നാമത് യു-ഗ്രാന്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടക്കുന്നു.
പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാന്‍ഡ് ന്യൂ Peugeot 108 കാര്‍ സമ്മാനമായി നേടാന്‍ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാന്റ് 2019 ന്റെ മുഖ്യ ആകര്‍ഷണം. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് ഇരുപത്തിനാല് ഗ്രാമിന്റെ സ്വര്‍ണ നാണയങ്ങളും, മൂന്നാം സമ്മാനാര്ഹന് പതിനാറ് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയങ്ങളും നല്കപ്പെടുന്നു.
ഒരു പവന് വീതം തൂക്കം വരുന്ന പതിനാറ് സ്വര്‍ണ്ണ നാണയങ്ങള്‍ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ ഓരോ റീജിയണുകള്‍ക്കും രണ്ട് വീതം സ്വര്‍ണ്ണ നാണയങ്ങള്‍ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ട്ഗേജ് സര്‍വീസസ് ആണ് യുക്മ യു- ഗ്രാന്റ് 2919 ന്റെ സമ്മാനങ്ങള്‍ എല്ലാം സ്പോണ്സര് ചെയ്തിരിക്കുന്നത്.
യു കെ മലയാളികള്‍ക്കിടയില്‍ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാന്റ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ല്‍ ഷെഫീല്‍ഡില്‍ നിന്നുമുള്ള സിബി മാനുവല്‍ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ വോള്ക്സ്വാഗണ് പോളോ കാര്‍ സമ്മാനമായി നേടിയത്. 2018 ല്‍ ബര്‍മിംഗ്ഹാം നിവാസിയായ സി.എസ് മിത്രന് ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാര്‍ സ്വന്തമാക്കി. ഈ വര്‍ഷത്തെ ബ്രാന്‍ഡ് ന്യൂ Peugeot 108 കാര്‍ സമ്മാനമായി നേടുന്ന ഭാഗ്യശാലി ആരെന്നറിയാന്‍ ഫെബ്രുവരി ഒന്നുവരെ കാത്തിരുന്നാല്‍ മതിയാകും.
യു- ഗ്രാന്റ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന റീജിയണും, അസോസിയേഷനും പ്രോത്സാഹനമായി പ്രത്യേക ക്യാഷ് അവാര്‍ഡുകള്‍ ഉണ്ടായിരിക്കുന്നതാണ്.
സമ്മാനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് യു-ഗ്രാന്റ് നറുക്കെടുപ്പിന് ഈ വര്‍ഷം കൂടുതല്‍ ആവേശകരമായ പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. നറുക്കെടുപ്പ് നീട്ടിവച്ച സാഹചര്യത്തില്‍, പല റീജിയണുകളുടെയും അംഗ അസ്സോസിയേഷനുകളുടെയും അഭ്യര്‍ത്ഥന പരിഗണിച്ച്, നിബന്ധനകള്‍ക്ക് വിധേയമായി, ടിക്കറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള (07960357679), ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് (07985641921) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
“യുക്മ ആദരസന്ധ്യ 2020″ല്‍ വച്ച് ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവര്‍ക്ക് യുക്മ ദേശീയ കമ്മറ്റി സ്വീകരണം നല്‍കുന്നതാണ്. ലോക മലയാളി സമൂഹങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ ഏതാനും വ്യക്തികളെയും കൂടി ആദരിക്കുന്നതിന് യുക്മ ലക്ഷ്യമിടുന്നുണ്ട്. യുക്മയുടെ അംഗ അസോസിയേഷന് ഭാരവാഹികള്‍, യുക്മ പ്രതിനിധികള്‍, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക്, അത്തരത്തില്‍ ആദരിക്കപ്പെടുന്നതിന് അര്‍ഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദവിവരങ്ങള്‍ നല്‍കാവുന്നതാണ്. യുക്മ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സബ് കമ്മറ്റി ഇത് സംബന്ധിച്ച അന്തിമമായ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും. ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജനുവരി 10 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി അയക്കേണ്ടതാണ്.
ഗിൽഡ്ഫോർഡ് : ഗിൽഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ, കലാവിരുന്നുകളുടെ മികവാർന്ന അവതരണം കൊണ്ട്, കാണികൾക്ക് മധുരമുളള അനുഭവമായി. 2020 ജനുവരി 4ന് ആയിരുന്നു പരിപാടി.
ജി.എം.എ പ്രസിഡന്റ് ശ്രീ പോൾ ജെയിംസിന്റെ അധ്യക്ഷതയിൽ ഉച്ചകഴിഞ്ഞു കൃത്യം 3.30 ന് നടന്ന ഉദ്ഘാടന ചടങ്ങിൽ യുക്മ നാഷണൽ പ്രസിഡന്റ് ശ്രീ മനോജ് കുമാർ പിള്ള, സെന്റ് ജോസഫ് സ്കൂൾ ഹെഡ്ടീച്ചർ ശ്രീ ടോം കോളിൻസ് എന്നിവർ ആശംസകൾ നേർന്നു. സർവ്വ ഐശ്വര്യങ്ങളുടെയും പ്രതീകമായ നിലവിളക്ക് കൊളുത്തൽ, യുക്മ പ്രസിഡന്റ് ശ്രീ മനോജ് കുമാർ പിള്ള, സെന്റ് ജോസഫ് സ്കൂൾ ഹെഡ് ടീച്ചർ ശ്രീ ടോം കോളിൻസ്, റോയൽ സറെ ഹോസ്പിറ്റൽ ഡിവിഷണൽ ഹെഡ്മാരായ (നഴ്സിംഗ്) ശ്രീമതി ജൂലി ബർജസ്, ശ്രീ ഉമേഷ് ചീരശേരി, ജി.എം.എ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് നിർവഹിച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി പ്രിയങ്കാ വിനോദ് നന്ദി പറഞ്ഞു, തുടർന്ന് വിശിഷ്ട അതിഥികൾ ചേർന്ന് കേക്ക് മുറിച്ചു,
4 മണിയോടെ ആരംഭിച്ച നേറ്റിവിറ്റി ഷോ, ജി.എം.എ യുടെ കുഞ്ഞുമക്കളുടെ മികവുറ്റ അവതരണം കൊണ്ട് കാണികളുടെ മനം കുളിർപ്പിക്കുന്ന വിസ്മയ കാഴ്ചയായി, പിന്നീട് അങ്ങോട്ട് ആട്ടവും, സ്കിറ്റ് കളും, പാട്ടുമായി ആഘോഷത്തിന്റെ മണിക്കൂറുകൾ, കൃത്യം 6 മണിക്ക് തന്നെ വിഭവ സമൃദ്ധമായ ഡിന്നർ കൊടുക്കുവാൻ കഴിഞ്ഞത് ജി.എം.എ യുടെ സംഘടനാ മികവിന്റെ മറ്റൊരു കാഴ്ചയായി, തുടർന്നും നടന്ന കലാ പരിപാടികൾ രാത്രി 9 മണിയോടെ അവസാനിച്ചു.
ജീവകാരുണ്യസേവനരംഗത്തു സജീവസാന്നിധ്യമായഏഞ്ചൽസ് ബാസൽ, സ്വിറ്റ്സർലൻഡ് ആറാം വർഷത്തിലേക്കു ചുവടുവയ്ക്കുന്ന ഈ അവസരത്തിൽ സംഘടനയ്ക്ക് കരുത്തേകുവാനായി 2020 -2021 വര്‍ഷങ്ങളിലേക്കുള്ള നവസാരഥികൾ ചുമതലയേറ്റു.
പ്രസിഡണ്ട് : റീന മാങ്കുടിയിൽ
വൈസ് പ്രസിഡണ്ട് : സിമ്മി ചിറക്കൽ
സെക്രട്ടറി : ലിജി ചക്കാലക്കൽ
ജോയിന്റ് സെക്രട്ടറി : ആൻസമ്മ മുട്ടാപ്പിള്ളിൽ
ട്രെഷറർ : സാലി തിരുത്താനത്തിൽ
പി .ആർ .ഒ : ലില്ലി മാടശ്ശേരി
കോർഡിനേറ്റർ : ബോബി ചിറ്റാട്ടിൽ
കോർഡിനേറ്റർ : മേഴ്സി തോട്ടുകടവിൽ
കോർഡിനേറ്റർ : ലിസ്സി കുരീക്കൽ
ടോം ജോസ് തടിയംപാട്
ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നൽകുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികൾ നൽകിയ 4003 പൗണ്ട് ( 3,63000 രൂപ) ഇന്നു ഇടുക്കി ഇടുക്കി എം പി ഡീൻ കുര്യക്കോസ് വീടുപണിയാൻ കൂടിയ കമ്മറ്റിയുടെ സാന്നിധ്യത്തിൽ ഏപ്പുചേട്ടനു കൈമാറി
ഏപ്പുചേട്ടന്റെ വാർത്ത ഞങൾ പ്രസിദ്ധികരിച്ചപ്പോൾ വലിയ പിന്തുണയാണ് യു കെ മലയാളികളിൽനിന്നും ലഭിച്ചത്.4003 പൗണ്ട് ഞങളുടെ അക്കൗണ്ടിൽ ലഭിച്ചു .കൂടാതെ Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നേരിട്ടു നൽകുമെന്ന് ഞങ്ങളെ അറിയിച്ചിരുന്നു . .ആകെകൂടി 413000 രൂപയുടെ സഹായം നൽകാൻ യു കെ മലയാളികൾക്ക് കഴിഞ്ഞു. സഹായിച്ച എല്ലാവർക്കും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
യു കെ മലയാളികളുടെ നല്ലമനസുകൊണ് ഏകദേശം 79 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകൾക്ക് നൽകി സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് ..
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു
ഏപ്പുചേട്ടനുവേണ്ടി വീടുപണിയാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപികരിച്ചു പ്രവർത്തനം ഭംഗിയായി മുൻപോട്ടു പോകുന്നു. വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ. ,ബാബു ജോസഫ് നിക്സൺ തോമസ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് വീടുപണി ഈ മാസം പൂർത്തീകരിക്കുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ്.എന്നിവരാണ് ഞങ്ങൾ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും .
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”
സൗത്താംപ്ടൺ മലയാളീ അസോസിയേഷന്റെ (MAS) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 4 ന് ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ റോംസി കമ്മ്യൂണിറ്റി സ്കൂൾ ഹാളിൽ വച്ച് നടക്കുന്നു.
അതി വിശാലമായ കാർ പാർക്കിങ്ങ്, തീയറ്റർ സൗകര്യങ്ങളോട് കൂടിയ ഇരിപ്പിടങ്ങൾ, രുചികരമായ ഭക്ഷണങ്ങളുടെ കലവറകൾ, അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന പുതുമയാർന്ന കലാമൂല്യമുള്ള ഗാനങ്ങളും, നൃത്തങ്ങളും, സ്കിറ്റുകളോടുമൊപ്പം ഡിജെയും പരിപാടിയോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.
ജോയൽ ചെറുപ്ലാക്കിൽ
ലണ്ടൻ: ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചക്രിസ്മസ്-ന്യൂഇയർ ആഘോഷം പങ്കെടുത്ത എല്ലാവർക്കും വേറിട്ട അനുഭവമായി. ഗിൽഫോർഡ് മേയർകൗൺസിലർ റിച്ചാർഡ് ബില്ലിംഗ്ടൺ, മേയറസ് ലിൻഡാ ബില്ലിംഗ്ടൺ, യുക്മ ദേശീയ പ്രസിഡണ്ട് മനോജ്കുമാർ പിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു
നേറ്റിവിറ്റി ഷോയോടെയാണ് മുതിർന്നവരും കുട്ടികളും പങ്കെടുത്ത കലാപരിപാടികൾക്ക് തുടക്കം കുറിച്ചത്. മോളിക്ളീറ്റസിന്റെ കൊറിയോഗ്രാഫിയിൽ മനോഹരമായ ദൃശ്യ ഭംഗിയിൽ അവതരിപ്പിച്ച നേറ്റിവിറ്റി ഷോവിശിഷ്ടാതിഥികൾക്കും മുഴുവൻ കാണികൾക്കും വിസ്മയകരമായ ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്. സ്വാഭാവികമായ അഭിനയ ചാരുതയുടെ നേർക്കാഴ്ചയാണ് യൗസേപ്പിതാവായി രംഗത്തുവന്ന എൽദോകുര്യാക്കോസും മാതാവായി അഭിനയിച്ച നീനു നോബിയും എലിസബത്ത് ആയി പ്രത്യക്ഷപ്പെട്ട ജിഷ ബോബിയുംസത്രം സൂക്ഷിപ്പുകാരിക്ക് മിഴിവേകിയ ബിനി സജിയും കാണികൾക്ക് നൽകിയത് . നിരവധി കൊച്ചു കുട്ടികൾഅടക്കം അനുയോജ്യമായ വേഷപ്പകർച്ചയിൽ നേറ്റിവിറ്റി ഷോയിൽ പങ്കെടുത്ത മുഴുവൻ കലാ പ്രതിഭകളുംകാണികളുടെ മുഴുവൻ പ്രശംസ ഏറ്റുവാങ്ങി.
തുടർന്ന് നടന്ന സമ്മേളനത്തിൽ ജി എ സി എ പ്രസിഡണ്ട് നിക്സൺ ആന്റണി അധ്യക്ഷത വഹിച്ചു. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷന്റെ ക്രിസ്മസ്ന്യൂഈയർ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം യുക്മ പ്രസിഡണ്ട് മനോജ് കുമാർ പിള്ള നിർവ്വഹിച്ചു. ലാളിത്വത്തിന്റെയും വിനയത്തിന്റെയും മാതൃകയായി കാലിത്തൊഴുത്തിൽ ഭൂജാതനായ യേശുക്രിസ്തുവിന്റെസ്നേഹവും ലാളിത്യവും വിനയവും എല്ലാവരുടെയും പ്രവർത്തനങ്ങളിൽ പ്രതിഫലിക്കട്ടെയെന്ന് തന്റെആശംസാപ്രസംഗത്തിൽ മനോജ് കുമാർ പിള്ള സൂചിപ്പിച്ചു. വിശിഷ്ടാതിഥിയായി എത്തിയ ഗിൽഫോർഡ് മേയർകൗൺസിലർ റിച്ചാർഡ് ബില്ലിങ്ങ്ടൺ തന്റെ ആശംസ പ്രസംഗത്തിനിടയിൽ അദ്ദേഹത്തിന് ഏറെആകർഷകമായി തോന്നിയ നേറ്റിവിറ്റി ഷോയിലെ ആട്ടിടയമ്മാരോടൊപ്പം കുഞ്ഞാടായി മികച്ച അഭിനയ മികവ്പ്രകടിപ്പിച്ച കുഞ്ഞു ബേസിലിനെ സ്റ്റേജിലേക്ക് വിളിച്ച് അരുമയോടെ അരികിൽ ചേർത്ത് മലയാളം അറിയാമോഎന്ന് ചോദിച്ചു. അറിയാമെന്ന് തലയാട്ടിയ ബേസിലിനോടും കാണികളോടുമായി മലയാളത്തിൽക്രിസ്മസ്സിന്റെയും പുതുവത്സരത്തിന്റെയും മംഗളാശംസകൾ നേർന്ന് സദസ്സിന്റെ മുഴുവൻ കൈയ്യടി നേടി. ആഘോഷപരിപാടികൾ ആരംഭിക്കുന്നതിനു മുൻപായി ഹാളിലെത്തിയ മേയറുമായി ജി എ സി എ യുടെഎക്സിക്യൂട്ടീവ് മെമ്പറും കേരള ഗവൺമെന്റീന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയുമായ
സി എ ജോസഫ് നടത്തിയ സംഭാഷണത്തിനിടയിൽ കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചുംപരാമർശിക്കുകയുണ്ടായി.മലയാളത്തിൽ ആശംസ നേരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച മേയറിന് സി എ ജോസഫ്പറഞ്ഞുകൊടുത്ത ആശംസാ വാചകമാണ് സന്തോഷത്തോടെ മേയർ സദസ്സിന് നേർന്ന് മുഴുവൻ ആളുകളുടെയുംകരഘോഷം ഏറ്റുവാങ്ങിയത് . രണ്ടു വർഷത്തിലേറെയായി അയൽക്കൂട്ടം എന്ന കൂട്ടായ്മ ഗിൽഫോർഡിൽപ്രവർത്തിച്ചിരുന്നുവെങ്കിലും അടുത്തനാളിൽ സാമൂഹ്യ സംഘടനയായി രൂപീകരിച്ച ആൾക്കൂട്ടം കൾച്ചറൽഅസോസിയേഷന്റെ ഔപചാരികമായ ഉദ്ഘാടനവും മേയർ റിച്ചാർഡ് ബില്ലിങ്ങ്ടൺ നിർവ്വഹിച്ചു. ഗിൽഫോർഡ്അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷൻ സാമൂഹിക പ്രതിബദ്ധതയോടെ നടത്തുന്ന സാമൂഹ്യ സേവനപ്രവർത്തനങ്ങൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും തന്റെ പിന്തുണ ഉറപ്പ്നൽകിയാണ് മേയർ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഗിൽഫോർഡിലെ പ്രാദേശീയ സമൂഹവുമായിഒത്തുചേർന്ന് ഗിൽഫോർഡ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹിക സേവനപ്രവർത്തനങ്ങൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും ജി എ സി എ യുടെ അംഗങ്ങൾ വോളന്റിയേർസ് ആയിപ്രവർത്തിക്കുവാൻ സന്നദ്ധരാണെന്നും പ്രസിഡൻറ് നിക്സൺ ആന്റണി തന്റെ അധ്യക്ഷപ്രസംഗത്തിൽപറഞ്ഞു.
വിശിഷ്ടാതിഥികളെ ജി എ സി എ യുടെ ആദരവ് പ്രകടിപ്പിക്കുന്നതിനായി പൊന്നാട അണിയിച്ച് വേദിയിൽആദരിച്ചു. മേയർ റിച്ചാർഡ് ബില്ലിംഗ്ടനെ സി എ ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ യുക്മ ദേശീയപ്രസിഡണ്ട് മനോജ് കുമാർ പിള്ളയെ നിക്സൺ ആന്റണിയും യുക്മ ദേശീയ കലാ പ്രതിഭ ടോണിഅലോഷ്യസിനെ ജി എ സി എ വൈസ് പ്രസിഡന്റും കൾച്ചറൽ കോർഡിനേറ്ററുമായ മോളി ക്ലീറ്റസും പൊന്നാടഅണിയിച്ച് ആദരിച്ചു. ജി എ സി എ യുടെ സ്നേഹോപഹാരം പ്രസിഡൻറ് നിക്സൺ ആൻറണിയും സെക്രട്ടറിസനു ബേബിയും ചേർന്ന് ജി എ സി എ എക്സികുട്ടീവ് മെമ്പറും യുക്മ സാംസ്കാരിക വേദിരക്ഷാധികാരിയുമായ സി എ ജോസഫിനും നൽകി ആദരിച്ചു. വിശിഷ്ടാതിഥികളോടൊപ്പം ജി എ സി എ യുടെഭാരവാഹികളും മുഴുവൻ നിർവ്വാഹക സമിതി അംഗങ്ങളും ഉദ്ഘാടനവേളയിൽ വേദിയിൽസന്നിഹിതരായിരുന്നു .
വിശിഷ്ടാതിഥികൾക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തിയ എല്ലാ പ്രതിഭകൾക്കുംആഘോഷപരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഴുവനാളുകൾക്കും സി എ ജോസഫ് സ്വാഗതം ആശംസിച്ചു. ‘അയൽക്കൂട്ടം’എന്ന വാക്കിന്റെ അർത്ഥവും അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷൻ എന്ന സംഘടനയുടെഉദ്ദേശ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ഹൃസ്വമായി സി എ ജോസഫ് തന്റെ സ്വാഗതപ്രസംഗത്തിൽ വിശദീകരിച്ചു. ജി എ സി എ യുടെ കൾച്ചറൽ കോർഡിനേറ്റർ ഫാൻസി നിക്സൺ വിശിഷ്ടാതിഥികൾക്കും സദസ്സിനുംകൃതജ്ഞത പ്രകാശിപ്പിച്ചു.
ആഘോഷപരിപാടികളിൽ പങ്കെടുക്കുവാനെത്തിയ മുഴുവൻ ആളുകൾക്കുമായി വ്യത്യസ്തമായ വിഭവങ്ങൾഉൾപ്പെടുത്തി ഒരുക്കിയ ക്രിസ്മസ് ലഞ്ചിന് ശേഷം ഒരു നിമിഷം പോലും ഇടവേളയില്ലാതെ ഗിൽഫോർഡിൽഇന്നുവരെ ദർശിക്കാത്ത വർണാഭമായ വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറിയപ്പോൾഅപൂർവ ദൃശ്യാനുഭവമാണ് സദസ്സിന് സമ്മാനിച്ചത്.
ജി എ സി എ യുടെ കുട്ടികളും മുതിർന്നവരും അടങ്ങിയ കലാ പ്രതിഭകളുടെ സദസ്സിനെ ഇളക്കിമറിച്ചകലാപ്രകടനങ്ങളോടൊപ്പം കാണികളെ വിസ്മയിപ്പിച്ച നൃത്തച്ചുവടുമായി യുക്മ ദേശീയ കലാപ്രതിഭ ടോണിഅലോഷ്യസും യുകെയിലെ വളർന്നുവരുന്ന അനുഗ്രഹീത ഗായികയും നർത്തകിയുമായ ആനി അലോഷ്യസും കലാവിരുന്നിനെ സമ്പന്നമാക്കുവാൻ വേദിയിലെത്തി. ഇടകലർന്ന് അവതരിപ്പിച്ച വ്യത്യസ്തമായ ഗാനങ്ങളുംനൃത്തങ്ങളും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. അബിൻ ജോർജ്ജ്, നിക്സൺ ആൻറണി,ആനിഅലോഷ്യസ് ,സജി ജേക്കബ്ബ് , സിനി സാറ, ചിന്നു ജോർജ്, ജിൻസി ഷിജു, കൊച്ചു ഗായകൻ ബേസിൽ ഷിജുഎന്നിവർ കർണ്ണാനന്ദകരമായ വിവിധ ഗാനങ്ങൾ ആലപിച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ജി എ സി എ യുടെകൊച്ചു നർത്തകരായ കെവിൻ, ജേക്കബ്, ഗീവർ,സ്റ്റീഫൻ, ജോയൽ, ജോണി,ആദർശ് ,ആഷ്റിത് , അദ്വൈത് ദിവ്യ, എലിസബത്ത്, മാനസ് വാണി എന്നിവർ ചേർന്ന് അവതരിപ്പിച്ച ബോളിവുഡ് ഡാൻസ് ഏറെആകർഷണീയമായിരുന്നു. സെയ്റ സജി, റിയാന, എലിസബത്ത് , ദിവ്യ , മാനസ് വാണി എന്നിവരുടെവ്യത്യസ്തങ്ങളായ ബോളിവുഡ് നൃത്തങ്ങൾ ഏവർക്കും നയനാനന്ദകരമായി. ലക്ഷ്മി ഗോപി അവതരിപ്പിച്ചക്ലാസിക്കൽ നൃത്തം വേറിട്ട ആസ്വാദന തലങ്ങളിൽ കാണികളെ എത്തിച്ചു. കുരുന്നു നർത്തകരായ കിങ്ങിണി, ബേസിൽ, സ്കാർലെറ്റ് എന്നിവരുടെ ഗ്രൂപ്പ് ഡാൻസും ഏറെ ആകർഷണീയമായിരുന്നു. വ്യത്യസ്തങ്ങളായഗാനങ്ങൾക്കൊപ്പം നൃത്തച്ചുവടുമായി എത്തിയ ചിന്നു ജോർജ്ജും സന്തോഷ് പവാറും കാണികളെവിസ്മയഭരിതരാക്കി. ബീന,ഷാർലറ്റ് , മാഗ്ത എന്നിവർ ചേർന്ന് അവതരിപ്പിച്ച ബോളിവുഡ് നൃത്തംകാണികൾക്ക് അത്യപൂർവ്വമായ ദൃശ്യാനുഭവം നൽകിയപ്പോൾ ജി എ സി എ യുടെ നാട്യ പ്രതിഭകളായ മോളി, ഫാൻസി,ജിനി,ലക്ഷ്മി, നിമിഷ, നീനു, സിനി, ശ്രീലക്ഷ്മി എന്നിവർ ചേർന്ന് അവതരിപ്പിച്ച ബോളിവുഡ് ഡാൻസ്സദസ്സ് ഒന്നടങ്കം ആരവം മുഴക്കിയാണ് സ്വീകരിച്ചത്. ജി എ സി എ യുടെ യുവ നർത്തകരായ നിക്സൺ,ഗോപി, ബിനോദ്,അജു,സന്തോഷ് ,അനൂപ് ,ജോയൽ,
ജെസ്വിൻ , ഓസ്റ്റിൻ, വെലാൻഗോ എന്നിവർ ചേർന്ന് അവതരിപ്പിച്ച സംഘ നൃത്തവും മോളി,ഫാൻസി,ജിഷ, ജിൻസി, ജിനി എന്നിവർ ചേർന്ന് അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും വേദിയെയും സദസ്സിനെയും ഇളക്കി മറിച്ചു.
വേദിയിൽ മിന്നൽപ്പിണർ സൃഷ്ടിച്ച നൃത്തങ്ങളിൽ ആകൃഷ്ടരായി ആവേശം കത്തിപ്പടർന്ന് കാണികൾ ഹാളിൽഅവതരിപ്പിച്ച സംഘനൃത്തം ഫ്ളാഷ് മോബിന്റെ പ്രതീതി ജനിപ്പിച്ച് കാണികൾക്ക് നയനാനന്ദകരവുംഅത്യപൂർവവുമായ ദൃശ്യാനുഭവവുമാണ് സമ്മാനിച്ചത്. ജി എ സി എ ട്രഷറർ ഷിജു മത്തായിയുടേയുംഎക്സികൂട്ടിവ് മെമ്പർ രാജീവ് ജോസഫിന്റെയും നേതൃത്വത്തിൽ ദീപാലങ്കാരങ്ങൾക്കൊപ്പം വ്യത്യസ്തമായസമ്മാനങ്ങൾ വർണ്ണ കടലാസിൽ പൊതിഞ്ഞ് അലങ്കരിച്ച ക്രിസ്മസ് ട്രീ കുട്ടികൾക്കും മാതാപിതാക്കൾക്കുംകൗതുകമായി. എല്ലാവരും ആവേശത്തോടെ ട്രീയിൽ ക്രമീകരിച്ചിരുന്ന സമ്മാനങ്ങൾ വാങ്ങി സന്തോഷത്തോടെതുറന്ന് ആഹ്ലാദം പങ്കുവച്ചു.
ആഘോഷപരിപാടികളുടെ വിജയത്തിന് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച ജെസ്വിൻ ജോസഫും സെയ്റസജിയും അവതാരകരായി തിളങ്ങിയപ്പോൾ പരിചയസമ്പത്തിന്റെ കരുത്തിൽ പരിപാടികളുടെ തുടക്കം മുതൽഅവസാനം വരെ മികവുറ്റ രീതിയിൽ സ്റ്റേജ് നിയന്ത്രിച്ച ഫാൻസി നിക്സനും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
ജി എ സി എ യുടെ ക്രിസ്മസ് – ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി വാദ്യമേളങ്ങളോടെ സംഘടിപ്പിച്ചകരോൾ സർവീസിൽ പങ്കെടുത്തു വിജയിപ്പിച്ചവർക്കും,ക്രിസ്മസ് ന്യൂ ഇയർ ആഘോഷ പരിപാടികളിൽപങ്കെടുക്കുകയും സഹായഹസ്തങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്ത മുഴുവൻ ആളുകൾക്കും, പരിപാടികളുടെ വിജയത്തിനായി സ്പോൺസർ ചെയ്ത സീകോം അക്കൗണ്ടൻസി സർവീസിനും, ഈസ്റ്റ്ഹാമിലെ തട്ടുകട റെസ്റ്റോറന്റിനും പ്രത്യേകം നന്ദിയും പറഞ്ഞുകൊണ്ടുള്ള മോളി ക്ളീറ്റസ്സിന്റെ കൃതജ്ഞതാപ്രകാശനത്തോടെ ആഘോഷപരിപാടികൾ സമംഗളം പര്യവസാനിച്ചു.
മെയ്ഡസ്റ്റോൺ: കെന്റിലെ ഇന്ത്യൻ ആര്‍ട്ട്സ് സ്കൂൾ കാലക്ഷേതയും യുകെയിലെ പ്രശസ്ത ഡാൻസ് സ്കൂളായ ദക്ഷിണ യുകെയും ചേർന്ന് അണിയിച്ചൊരുക്കുന്ന സംഗീതനൃത്ത സന്ധ്യയും ചിലങ്കപൂജയും ശനിയാഴ്ച മെയ്ഡസ്റ്റണിലെ ഡിറ്റൺ കമ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും. കലാക്ഷേത്ര യുകെ യുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 4 .30 ന് നടത്തപ്പെടുന്ന കലാവിരുന്നിൽ പ്രശസ്ത നൃത്താധ്യാപികയും കൊറിയോഗ്രാഫറുമായ ശ്രീമതി ചിത്രാലക്ഷ്മിയുടെ ശിക്ഷണത്തിൽ നൃത്തമഭ്യസിക്കുന്ന 40 ലധികം വരുന്ന കലാകാരികൾ പങ്കെടുക്കും. യുകെയിലെ പ്രശസ്ത സംഗീതാധ്യാപിക ശ്രീമതി കീർത്തി, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ റവ. ഫാ. ടോമി എടാട്ട് എന്നിവർ വിശിഷ്ടതിഥികളായി പങ്കെടുക്കും. ചിലങ്കപൂജക്കു ശേഷം യുകെയിലെ യുവഗായകൻ ഷംസീറും സംഘവും അവതരിപ്പിക്കുന്ന സംഗീതസന്ധ്യ അരങ്ങേറും.
കലാക്ഷേത്ര ഇന്ത്യൻ സ്കൂൾ ഓഫ് ആർട്സ് ന്റെ കീഴിലുള്ള കുട്ടികളും മുതിർന്നവരും അടങ്ങുന്ന വലിയൊരു നിരയാണ് ഈ കലാവിരുന്നിൽ അണിനിരക്കുന്നത്. ആസ്വാദകരുടെ കണ്ണിനും കാതിനും കുളിർമയായി ഭരതനാട്യം, മോഹിനിയാട്ടം, കഥക്, ഫ്യൂഷൻ ഡാൻസ് ഇനങ്ങൾ ഉൾപ്പെടുന്ന നിരവധി നൃത്തരൂപങ്ങൾ വേദിയിൽ അരങ്ങേറും. കലാസ്വാദകർക്കായി രുചികരമായ ഫുഡ്സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്. സംഗീതവും നൃത്തവും സമന്വയിക്കുന്ന ഈ അസുലഭ കലാവിരുന്നിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. സഹൃദയരായ എല്ലാ കലാസ്നേഹികളെയും ഈ സംഗീതനൃത്ത സന്ധ്യയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ബിനു ജോർജ്
മെയ്ഡ്സ്റ്റോൺ : കെന്റിലെ മലയാളികൂട്ടായ്മയായ മെയ്ഡ് സ്റ്റോൺ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപനം. കഴിഞ്ഞ ശനിയാഴ്ച മെയ്ഡ് സ്റ്റോൺ സെന്റ് നിക്കോളാസ് ഹാളിൽ അരങ്ങേറിയ ആഘോഷരാവ് സാഹോദര്യത്തിന്റെയും സംസ്കൃതിയുടെയും ഒത്തൊരുമയുടെയും സമ്മേളനമായിരുന്നു. വൈകിട്ട് 4 മണിക്ക് കുട്ടികളുടെ നേറ്റിവിറ്റിയോടുകൂടി ആരംഭം കുറിച്ച ആഘോഷപരിപാടികൾക്ക് മുഖ്യാതിഥിയായി എത്തിയത് കൗൺസിലറും മുൻ ലൗട്ടൻ മേയറും ആയ ശ്രീ. ഫിലിപ്പ് എബ്രഹാം ആയിരുന്നു. പ്രസിഡന്റ് എബി എബ്രഹാം അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ സെക്രട്ടറി സിസാൻ ചാക്കോ സ്വാഗതം ആശംസിച്ചു.പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച കമ്മറ്റിയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യോഗാവസാനം ട്രഷറർ വർഗീസ് സ്കറിയ ഏവർക്കും നന്ദി അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് കണ്ണിനും കാതിനും കുളിര്‍മയായി എംഎംഇഎയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വർണ്ണാഭമായ കലാസന്ധ്യക്ക് തുടക്കമായി. നാല്പതിലധികം വരുന്ന വിവിധങ്ങളായ പരിപാടികൾ കലാസ്വാദകർക്കുമുന്‍പിൽ ഇടതടവില്ലാതെ അവതരിപ്പിക്കപ്പെട്ടു, പ്രോഗ്രാം കോർഡിനേറ്റേഴ്സായ ബിജു ജോസഫ്, ദിൽറാണി, ജൂബി ബൈജു, ഷീമോൾ എബി എന്നിവരുടെ നേതൃത്വത്തിലാണ് കലാപരിപാടികൾ സംഘടിപ്പിച്ചത്.
കലാപരിപാടികൾക്ക് ശേഷം നടന്ന ജനറൽ ബോഡിയിൽ വച്ച് 2020 ലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ലാലിച്ചൻ ജോസഫ്, സെക്രട്ടറിയായി ബൈജു തങ്കച്ചൻ, ട്രഷററായി ജോസ് കുര്യൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കമ്മറ്റി അംഗങ്ങളായി പ്രവീൺ ആർ എസ്, അലക്സ് വൈദ്യൻ,ജോഷി ആനിത്തോട്ടത്തിൽ, ഗീത ഷാജി, അന്ന രഞ്ജു, ജിൻസി ബിനു എന്നിവരെയും ഓഡിറ്ററായി ജോൺസൻ വറുഗീസിനെയും തെരഞ്ഞെടുത്തു. കഴിഞ്ഞ കമ്മറ്റിയുടെ നിസ്തുലങ്ങളായ പ്രവർത്തനങ്ങളെ അഭനന്ദിച്ച നിയുക്ത പ്രസിഡന്റ് കാലഘട്ടത്തിന്റെ അനിവാര്യതക്കനുസരിച്ച് യുവതലമുറയുടെ അഭിരുചികൾ കണക്കിലെടുത്തു അവരുടെ പങ്കാളിത്തത്തോടെ പുതിയ പ്രവർത്തനപരിപാടികൾക്ക് രൂപം കൊടുക്കുമെന്ന് അറിയിച്ചു.
ജനറൽ ബോഡിക്കുശേഷം വ്യത്യസ്തമായ വിഭവങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ രുചികരമായ ക്രിസ്മസ് ഡിന്നറോടുകൂടി ആഘോഷങ്ങൾക്ക് സമാപനമായി. കഴിഞ്ഞ ഒരു വർഷക്കാലം ശ്ലാഖനീയമായ കർമ്മപരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കിയ കഴിഞ്ഞ കമ്മറ്റിക്ക് ഏവരും അഭിനന്ദനം അറിയിച്ചു.