Association

ന്യൂപോർട്ടിലെ അങ്കത്തട്ടില്‍ തീപാറി, ഈ വർഷത്തെ വടംവലിയിലെ തലതൊട്ടപ്പൻമാർ തങ്ങള്‍ തന്നെയെന്ന് സ്റ്റോക്ക് ലയൺ വാരിയർസ്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹെർഫോർഡ് അച്ചായൻസിനെ മുട്ടുകുത്തിച്ചാണ് സ്റ്റോക്ക് ലയൺ വാരിയർസ് കിരീടം കൈപ്പിടിയിലൊതുക്കിയത്. കഴിഞ്ഞ രണ്ടു തവണ തുടർച്ചയായി സമീക്ഷയുടെ കപ്പുയർത്തിയ അച്ചായൻസിനു ഇതോടെ സമീക്ഷയുടെ എവർ റോളിംഗ് ട്രോഫി സ്വന്തമാക്കാനുള്ള അവസരമാണ് നഷ്ടമായത്.

പന്ത്രണ്ടു ടീമുകള്‍ മാറ്റുരച്ച ടൂർണമെന്‍റില്‍ വൂസ്റ്റർ തെമ്മാടിസ് മൂന്നാംസ്ഥാനവും സ്റ്റോക്ക് ലയൺ ചാമ്പ്യൻസ് നാലാം സ്ഥാനവും നേടി. അഞ്ചാം സ്ഥാനം കൊമ്പൻസ് ബ്ലൂ കരസ്ഥമാക്കി. ആറും ഏഴും എട്ടും സ്ഥാനങ്ങൾ യഥാക്രമം ചലഞ്ചേഴ്‌സ് സാലിസ്ബറി, റോവേഴ്സ് എക്സിറ്റർ , ടീം ലിവർപൂൾ എന്നിവർ നേടി. ഫെയർ പ്ലേ അവാർഡ് സ്വന്തമാക്കിയത് റോവേഴ്സ് എക്സിറ്റർ ടീമാണ്. മികച്ച കമ്പവലിക്കാരനായി ഹെർഫോർഡ് അച്ചായൻസിലെ അനൂപ് മത്തായി ഈ വർഷവും തെരഞ്ഞെടുക്കപ്പെട്ടു. യുകെ ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ ആറടി ഉയരമുള്ള ട്രോഫിയും, അഞ്ച് അടി വലിപ്പമുള്ള ഏറ്റവും വലിയ എവർ റോളിംഗ് ട്രോഫിയുമാണ് സമീക്ഷ വിജയികൾക്കായി ഒരുക്കിയത്. ഒന്നാം സ്ഥാനക്കാർക്ക് 1501 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. 1001 പൗണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് നല്‍കിയത്. മൂന്നാം സ്ഥാനക്കാർക്ക് 751 പൗണ്ടും നാലാം സ്ഥാനക്കാർക്ക് 501 പൗണ്ടും കൈമാറി. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 151 പൗണ്ട് നല്‍കി. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 101 പൗണ്ടുമാണ് സമ്മാനിച്ചത്.

സമീക്ഷ നാഷണല്‍ ട്രഷറർ അഡ്വ . ദിലീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാർഡിഫ് & വെയിൽസ്‌ യൂണിറ്റ് സെക്രട്ടറി രാകേഷ് രവി സ്വാഗതം പറഞ്ഞു. സമീക്ഷ നാഷണൽ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. കാർഡിഫ് & വെയിൽസ്‌ യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് എം ജോർജ് നന്ദി പറഞ്ഞു.

സെബാസ്റ്റ്യൻ എബ്രഹാമും അരവിന്ദ് സതീഷും ചേർന്നാണ് മത്സരം നിയന്ത്രിച്ചത്. ചടുലമായ അനൗൺസ്മെൻ്റിലൂടെ സാലിസ്ബറിയിൽ നിന്നുള്ള ജയേഷ് അഗസ്റ്റിൻ കാണികളെ ആവേശം കൊള്ളിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് മത്സരം കാണാൻ ന്യൂപോർട്ടിൽ എത്തിയത്. സംഘാടന മികവ് കൊണ്ടും ടൂർണമെന്‍റ് വേറിട്ടുനിന്നു. വടംവലി മത്സരം വൻവിജമാക്കിയതിന് പിന്നില്‍ മൂന്നു മാസക്കാലത്തെ ചിട്ടയായ പ്രവർത്തനമാണ്.

മനോജ് ജോസഫ്

ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) തിളക്കമാർന്ന വിജയം നേടി ചാമ്പ്യൻപട്ടം കരസ്ഥമാക്കി. ആവേശകരമായ പ്രകടനങ്ങളിലൂടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ലിമ ഈ അത്യുജ്ജ്വല നേട്ടം കൈവരിച്ചത്. ലിമയുടെ ആഭിമുഖ്യത്തിൽ ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ഈ കായികമാമാങ്കം അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് വൻ വിജയമായി മാറി.

രാവിലെ പത്തുമണി മുതൽ വൈകിട്ട് എട്ട് മണി വരെ നടന്ന കായികമേളയിൽ യുകെയിലെ നോർത്ത് വെസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കാണികളും പങ്കെടുത്തു. രാവിലെ 9.30 മണിക്ക് ലിമയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. യുക്മ നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടന വേളയിൽ സന്നിഹിതനായിരുന്നു. ട്രാക്കിലും ഫീൽഡിലുമായി ഒരേ സമയം ഇടവേളകളില്ലാതെ നടന്ന മത്സരങ്ങൾ കായികപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.

ലിവർപൂൾ മലയാളി അസോസിഷേനിൽ നിന്നുമുള്ള രൺവീർ മിലാൻഡ് ആനപ്പറമ്പിൽ, ഷീൻ മാത്യു, അനസ് അലി എന്നിവർ വ്യക്തിഗത ചാംപ്യൻഷിപ്പ് കരസ്ഥമാക്കി.

റീജിയനൽ ഓവറോൾ ചാമ്പ്യൻ പട്ടം ആതിഥേയ അസോസിയേഷനായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) കരസ്ഥമാക്കിയപ്പോൾ വിഗൻ മലയാളി അസോസിഷേൻ രണ്ടാം സ്ഥാനവും, ബേർൻലി മലയാളി അസോസിഷേൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഓരോ മത്സരവും നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. താരങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ കായികമേളയ്ക്ക് മാറ്റുകൂട്ടി. ലിമയുടെ സംഘാടന മികവ് പരിപാടിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. സമയബന്ധിതമായ മത്സരക്രമീകരണങ്ങളും മികച്ച സൗകര്യങ്ങളും പങ്കെടുത്തവരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. ഇത് ഒരു കായികമേള എന്നതിലുപരി മലയാളി സമൂഹത്തിന്റെ ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറി.

കായികമേളയുടെ ഹൈലൈറ്റുകളിലൊന്നായ ആവേശകരമായ വടംവലി മത്സരത്തിൽ വിജയികളായ ടീമിന് “ലൗ റ്റു കെയർ” സ്പോൺസർ ചെയ്ത ഉജ്ജ്വലമായ ക്യാഷ് അവാർഡും, യുക്മ എവർ റോളിങ്ങ് ട്രോഫിയും സമ്മാനിച്ചു.

കായിക മത്സരങ്ങൾക്ക് പുറമെ ഒരു ദിവസത്തെ ദിനചര്യകളിൽ നിന്ന് മാറിനിൽക്കാനും, പ്രിയപ്പെട്ടവരുമായി ഒത്തുചേർന്ന് ആഘോഷിക്കാനുമുള്ള അവസരം ലഭിച്ചതിൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള വൻ വിജയമാക്കി തീർത്തതിന്, പങ്കെടുത്ത കായികതാരങ്ങൾക്കും, കാണികൾക്കും, നിസ്വാർത്ഥമായി പ്രവർത്തിച്ച സംഘാടകർക്കും, എല്ലാ പിന്തുണയും നൽകിയ സ്പോൺസർമാർക്കും ലിമ ഭാരവാഹികൾ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.

ഈ മാസം 28 ശനിയാഴ്ച ലെസ്റ്ററിലെ മഹർ സെൻററിൽ നടക്കുവനിരിക്കുന്ന യൂറോപ്പിൽ ആകമാനം ഉള്ള സുറിയാനി ക്നാനായ ക്രിസ്ത്യാനികളുടെ മഹാ കൂട്ടായ്മയ്ക്കുള്ള പ്രധാന ഒരുക്കങ്ങൾ പൂർത്തിയായി.

മുൻ വർഷങ്ങളിൽ നിന്നും വേറിട്ട്, യൂറോപ്പിലുള്ള എല്ലാ ക്നാനായ ഇടവകകളുടെയും ഇടവക ജനങ്ങളുടെയും, വൈദികരുടെയും, യൂറോപ്യൻ ക്നാനായ കമ്മിറ്റി അംഗങ്ങളുടെയും പരിപൂർണ്ണ പങ്കാളിത്തത്തിലാണ് ഈ വർഷത്തെ ക്നാനായ യൂറോപ്യൻ സംഗമം സഫലമാകാൻ പോകുന്നത്..

കുടിയേറ്റ പാരമ്പര്യം എന്നും നെഞ്ചേറ്റുന്ന യൂറോപ്യൻ ക്നാനായ ജനതയുടെ ഒരുമയുടെയും, തനിമയിൽ ഇഴ ചേർന്ന സ്നേഹബന്ധങ്ങളുടെയും ഊഷ്മളത ഊട്ടിയുറപ്പിക്കു വാനുമായി നടത്തപ്പെടുന്ന ഈ മഹാ സംഗമത്തിന് അനുഗ്രഹ ആശംസകൾ ഏകുവാനും, മുൻനിരയിൽ നിന്ന് നേതൃത്വം വഹിക്കുവാനുമായി ക്നാനായ അതിഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് മെത്രാപ്പോലീത്തായും, അഭിവന്ദ്യ തിരു മനസ്സിനോടൊപ്പംസമുദായ സെക്രട്ടറി ശ്രീ ടി ഓ എബ്രഹാം,, സമുദായ ട്രസ്റ്റി ശ്രീ ടി സി തോമസ്, എന്നിവരും ഇതിനോടകം യുകെയിൽ എത്തിക്കഴിഞ്ഞു .

കഴിഞ്ഞ ഏതാനും മാസങ്ങളായി യൂറോപ്പിലുള്ള എല്ലാ ക്നാനായ ദേവാലയങ്ങളിലും അതതു വികാരിമാരുടെയും ഭരണസമിതിയുടെയും, പ്രോഗ്രാം കോഡിനേറ്റേഴ്സിന്റെയും നേതൃത്വത്തിൽ വിവിധങ്ങളായ ഒരുക്കങ്ങളാണ് നടത്തപ്പെട്ടു പോന്നത്. എട്ടാമത് ക്നനായ സംഗമ വേദിയിൽ അവിസ്മരണീയ കലാപ്രകടനങ്ങൾ നടത്തി വേറിട്ട സാന്നിധ്യമാകുവാനായി എല്ലാ ഇടവകകളും വൈവിധ്യങ്ങ ളാർന്ന കലാ പ്രകടനങ്ങളാണ് അണിയറയിൽ ഒരുക്കുന്നത്.

ചിട്ടയായുള്ള ഒരുക്കങ്ങളും, കൃത്യമായ ഇടവേളകളിലെ അവലോകനയോഗങ്ങളും, സമയബന്ധിതമായി പൂർത്തിയാക്കപ്പെടുന്ന തീരുമാനങ്ങളും , എല്ലാ ഇടവകകളിലെ പ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളെയും , നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണവും സമന്വയിപ്പിച്ചാണ് ഫാദർ ബിനോയി തട്ടാൻ കന്നേൽ , അപ്പു മണലിത്തറ, ജിനു കോവിലാൽ, ജോ ഒറ്റ തൈകൽ എന്നിവർ നേതൃത്വം നൽകുന്ന കേന്ദ്ര സംഗമം നിർവാഹക സമിതി പ്രവർത്തിച്ചുവന്നത്.

സംഗമ ദിവസം വിശുദ്ധ കുർബാനയും, യൂറോപ്പിലെ ക്നാനായ ഇടവകാംഗങ്ങളെ അണിനിരത്തി യുള്ള ഘോഷയാത്രയും, പൊതുസമ്മേളനം, മറ്റു വിവിധങ്ങളായ കലാപരിപാടികളും നടത്തപ്പെടും.
ഫാദർ ജോമോൻ പൊന്നൂസ് രചിച്ചു ഈണമേകിയ സ്വാഗത ഗാനത്തിന്റെ താള ശീലുകൾക്ക് യുകെയിലെ അനുഗ്രഹീത കലാകാരൻ കലാഭവൻ നൈസ് 50 പരം കുട്ടികളെ അണിനിരത്തി ചിട്ടപ്പെടുത്തിയ മേളച്ചുവടുകൾ ചേർത്ത് കാണികൾക്ക് എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു ദൃശ്യാനുഭവമാണ് അണിയറയിൽ ഒരുങ്ങുന്നത്.

സംഗമവേദിയിൽ പ്രത്യേകം തയ്യാറാക്കിയ പാർക്കിംഗ്, ഫുഡ് സ്റ്റാൾ, അഡീഷണൽ ടോയ്ലറ്റ് സൗകര്യങ്ങൾ, സെക്യൂരിറ്റി സർവീസ്, മറ്റു വിവിധങ്ങളായ സൗകര്യങ്ങളും അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സംഗമം കമ്മിറ്റി ക്രമീകരിച്ചിട്ടുണ്ട്

സംഗമ വേദിയിലേക്കുള്ള പ്രവേശനം ,മുൻപ് ഇടവകകളിൽ വിതരണം ചെയ്തതോ, സംഗമ ദിവസം വേദിയിൽ ലഭ്യമാകുന്നതോ ആയ പ്രവേശന ടിക്കറ്റ് കളുടെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്… ഇതിനോടകം പ്രവേശന ടിക്കറ്റുകൾ ലഭിക്കാത്ത ക്നാനായ മക്കൾ അതതു ദേവാലയങ്ങളിലെ പ്രോഗ്രാം കോഡിനേറ്ററൂമാരുമായോ കേന്ദ്ര ,സംഗമം കമ്മിറ്റി അംഗങ്ങളോ ആയി ബന്ധപ്പെട്ട വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.

ചരിത്രത്തിൻറെ ഏടുകളിലേക്ക് നടന്നു നീങ്ങുന്ന ഒരു വ്യത്യസ്തമായ സ്നേഹ സമാഗമനത്തിനായി നിങ്ങൾ ഏവരെയും ഒരിക്കൽക്കൂടി ഹാർദ്ദവമായി സംഗമം വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു..

കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ മിഥുന മാസ ശ്രീ അയ്യപ്പ പൂജ, 2025 ജൂൺ 21-ാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. അന്നേ ദിവസം വൈകുന്നേരം 6:30 മുതൽ ഗണപതി പൂജ, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നാളികേരവും, നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ മഹത്തായ പൂജയിൽ പങ്കെടുക്കാമെന്നു അയ്യപ്പ സ്വാമിയുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു.

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ വിളിക്കാവുന്നതാണ്
07838170203, 07985245890, 07507766652, 07906130390

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആൻ്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഫുട്ബോൾ ടൂർണ്ണമെൻറ് ജൂൺ 28-ാം തീയതി ശനിയാഴ്ച ലീഡ്സ് വെസ്റ്റ് റൈഡിങ് കൗണ്ടി മൈതാനത്തു വെച്ചു നടത്തപ്പെടും. കഴിഞ്ഞ രണ്ടു വർഷങ്ങളായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ടൂർണ്ണമെൻറ് സംഘടനാ മികവുകൊണ്ടും, മികച്ച ടീമുകളുടെ സാന്നിധ്യം കൊണ്ടും യുകെയിലെ ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട മത്സരമായി മാറിയിട്ടുണ്ട്.

ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 1111 പൗണ്ടും, റണ്ണർ അപ്പിന് 555 പൗണ്ടും, മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയും തുടങ്ങിയ ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഇതിനു പുറമെ മികച്ച കളിക്കാരനും, ഗോൾകീപ്പറിനും, കൂടുതൽ ഗോളുകൾ നേടുന്നവർക്കും സമ്മാനങ്ങൾ ഉണ്ടായിരിക്കും.

കഴിഞ്ഞ രണ്ടു വർഷവും യുകെയിലെ മികച്ച ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മത്സരങ്ങൾ പലപ്പോഴും പ്രവചനാതീതം ആയിരുന്നു. കഴിഞ്ഞവർഷം പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ട മത്സരത്തിൽ വിജയികളായത് ന്യൂകാസ്റ്റിൽ എഫ്സിയും ആദ്യവർഷത്തെ വിജയകിരീടം ചൂടിയത് നോർത്തേൺ എഫ്സിയും ആണ്. ഈ വർഷത്തെ മത്സരങ്ങൾ ആസ്വദിക്കാനായി യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള ഫുട്ബോൾ പ്രേമികളെ ഹാർദ്ദവമായി ക്ഷണിക്കുന്നതായി പ്രസിഡൻറ് ടോണി പാറയടി അറിയിച്ചു.

വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: യുകെ മലയാളികളെ ആനന്ദ സാഗരത്തിൽ ആറാടിച്ച സംഗീത-നൃത്ത കലകളുടെ മാന്ത്രിക സ്പർശം കാണികളെ വിസ്മയിപ്പിച്ച ‘മഴവിൽ സംഗീത’ത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം പ്രൗഢഗംഭീരമായി. ബോൺമൗത്തിലെ ബാറിംഗ്ടൺ തീയേറ്ററിൽ തിങ്ങിനിറഞ്ഞ കലാസ്വാദകർക്ക് സംഗീത നൃത്ത ദൃശ്യ ആവിഷ്കാരത്തിന്റെ അപൂർവ്വ നിമിഷങ്ങളും,അനുഭവവുമാണ് സമ്മാനിച്ചത്.

എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികളും കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയങ്ങളും, പ്രൗഡോജ്വലമായ വേദിയിൽ സമന്വയിച്ചപ്പോൾ ഓരോ പരിപാടികളും നിറകൈയടിയോടെയാണ് കാണികൾ വരവേറ്റത്.

യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ബാറിംഗ്ടൺ തീയേറ്റർ ഹാളിലേക്ക് ആളുകൾ ഒഴുകിയെത്തി.

കഴിഞ്ഞ 11 വർഷവും മികച്ച സംഗീത-നൃത്ത കലാപരിപാടികളുടെ ഉത്സവച്ഛായ തീർത്ത ‘മഴവിൽ സംഗീത’ നിശയിൽ ഇത്തവണ ആകർഷകമായ ബോളിവുഡ്, ഇന്ത്യൻ സെമി-ക്ലാസിക്കൽ ഡാൻസും ഉൾപ്പെടുത്തിയിരുന്നു. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ പ്രശസ്തരായ ഗായകരും വാദ്യ കലാകാരന്മാരും നർത്തകരുമായ കലാപ്രതിഭകൾ വേദിയിൽ ചേർന്ന് ഏറ്റവും വർണ്ണാഭമായ കലാവിരുന്നാണ് ഒരുക്കിയത്.

മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷിക ആ ഘോഷത്തോട് അനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയവർക്ക് അനീഷ് ജോർജ് സ്വാഗതം ആശംസിച്ചു. ലോക കേരളസഭാംഗവും, മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ് ഭദ്രദീപം തെളിച്ച് ‘മഴവിൽ സംഗീതം’ പന്ത്രണ്ടാം വാർഷികാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പോർട്സ്മൗത്ത് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത ഗോപകുമാരൻ നായർ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും ഹൃദയത്തിൽ ചാലിച്ച ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് മഴവിൽ സംഗീതത്തിന്റെ യവനിക ഉയർന്നത്.

യുക്മ നാഷണൽ ജോയിൻറ് സെക്രട്ടറി സണ്ണിമോൻ മത്തായി, രാജ കൃഷ്ണൻ (ജോസ്കോ), ബിജേഷ് കുടിലിൽ ഫിലിപ്പ് ( ലൈഫ് ലൈൻ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിശിഷ്ടാതിഥികൾക്ക് മഴവിൽ സംഗീതത്തിന്റെ മുഖ്യ സംഘാടകനായ അനീഷ് ജോർജ് ഉപഹാരങ്ങൾ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു . കഴിഞ്ഞ 12 വർഷമായി മഴവിൽ സംഗീതത്തിന്റെ വളർച്ചയ്ക്ക് സുത്യർഹമായ പങ്കുവഹിച്ച സില്‍വി ജോസ്, ജിജി ജോൺസൻ, നിമിഷ മോഹൻ എന്നിവർക്ക് മഴവിൽ സംഗീതത്തിന്റെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

സന്തോഷ് കുമാർ നയിക്കുന്ന യുകെയിലെ പ്രശസ്തമായ വോക്സ് അഞ്ചേല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും, എൽഇഡി സ്ക്രീനിന്റെ മികവിൽ അനുഗ്രഹീതരായ ഗായകാരുടെ ആലാപനം സംഗീതാസ്വാദകർക്ക് നവ്യാനുഭവം പകർന്നു.

മഴവിൽ സംഗീതത്തിന്റെ അമരക്കാരും, യുകെയിലെ അറിയപ്പെടുന്ന ഗായകരുമായ അനീഷ് ജോർജിനോടും, ടെസ്സ ജോർജിനോടുമൊപ്പം തോളോട് തോൾ ചേർന്ന് നിന്ന ഷിനു സിറിയക് ,സിജു ജോസഫ്, സുനിൽ രവീന്ദ്രൻ ,റോബിൻസ് തോമസ്, സാവൻ കുമാർ , ആൻസൺ ഡേവിസ്, റോബിൻ പീറ്റർ, പത്മരാജ്, ജിജി ജോൺസൻ, സിൽവി ജോസ്, നിമിഷ മോഹൻ തുടങ്ങിയ സംഘാടകർ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു മഴവിൽ സംഗീതത്തിന്റെ അത്യുജ്വല വിജയം. സ്റ്റേജ് നിയന്ത്രണത്തിന് പുതിയ മാനങ്ങൾ നൽകി അവതാരകരായി എത്തിയ അനുശ്രീ, പത്മരാജ്, ബ്രൈറ്റ് ,സിൽവി ജോസ് , ആൻസൺ ഡേവിസ് എന്നിവർ വേദി കീഴടക്കി.

യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും, പത്നി ടെസ്സ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 11 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മഴവിൽ സംഗീതം മാറിക്കഴിഞ്ഞു. ബിനു നോർത്താംപ്ടൻ (ബീറ്റ്സ് ഡിജിറ്റൽ) ശബ്ദവും വെളിച്ചവും നൽകി. സന്തോഷ് ബെഞ്ചമിൻ (ഫോട്ടോ ഗ്രാഫിയും) ജിസ്മോൻ പോൾ വീഡിയോയും, ജെയിൻ ജോസഫ് , ഡെസിഗ്നേജ് ,റോബിൻസ് ആർട്ടിസ്റ്ററി ഗ്രാഫിക്സും മികവാർന്ന രീതിയിൽ കൈകാര്യം ചെയ്തു പരിപാടിയെ സമ്പന്നമാക്കി.

മഴവിൽ സംഗീതത്തിന്റെ അനീഷ് ജോർജ്ജ്, ടെസ്സ ജോർജ് എന്നിവരോടൊപ്പം യുകെയിലെ ഏറ്റവും മികച്ച ഗായകരും നർത്തകരും ചേർന്ന് സംഗീതവും നൃത്തവും സമന്വയിപ്പിച്ച അതുല്യ കലാവൈഭവങ്ങൾ സൃഷ്ടിച്ച മാസ്മരിക സായാഹ്നമായിരുന്നു പന്ത്രണ്ടാം വാർഷീകാഘോഷം യുകെ മലയാളികൾക്ക് സമ്മാനിച്ചത്.

 

മെർലിൻ മേരി അഗസ്റ്റിൻ

2025 ജൂൺ 12-ന് അഹമ്മദാബാദിൽ നടന്ന ദാരുണമായ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ORMA International (Overseas Residents Malayalee Association International) അനിശോചന യോഗം സംഘടിപ്പിച്ചു.

അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് ഉച്ചയ്ക്ക് ഒന്നരയോടെ പറന്നുയര്‍ന്ന എയര്‍ ഇന്ത്യ AI171 ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ഇന്ത്യന്‍ വംശജനായ ഒരു ബ്രിട്ടീഷ് പൗരന്‍ ഒഴികെ 241 പേരും മരിച്ചു. വിമാനം വീണ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെ ആകെ 265 പേർക്ക് മരണം സംഭവിച്ചു.

വളരെ ഹൃദയഭേദകമായ ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാവിന് സാന്ത്വനമാകട്ടെ എന്ന പ്രാർത്ഥനയോടെ ORMA International വേദനപൂർണ്ണമായ അനുശോചന യോഗം സംഘടിപ്പിച്ചു. മനസ്സിൽ നൊമ്പരവുമായി ഒന്നിച്ചുകൂടിയ ഈ യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘടനയുടെ നേതാക്കളും അംഗങ്ങളും പങ്കെടുത്തു. യോഗത്തിൽ ORMA International പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, വൈസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, മുൻ പ്രസിഡൻ്റ് ജോർജ് നടവയൽ, പിആർഒ മെർളിൻ അഗസ്റ്റിൻ, ഓർമ്മ ടാലൻറ്റ് പ്രൊമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, പബ്ലിക് അഫയേഴ്സ് ഫോറം ചെയർമാൻ വിൻസന്റ് ഇമ്മാനുവൽ, ഫിനാൻഷ്യൽ ഓഫീസർ ഷാജി അഗസ്റ്റിൻ, ജെയിംസ് തുണ്ടത്തിൽ (നോർത്ത് കരോളിന ചാപ്റ്റർ പ്രസിഡന്റ്), കുര്യാക്കോസ് മാണിവയലിൽ (കേരള ചാപ്റ്റർ പ്രസിഡന്റ്), റെജി തോമസ് (ഷാർജ), എന്നിവർ അനുശോചനപ്രസംഗങ്ങൾ നടത്തി.

പ്രസംഗങ്ങൾക്കിടയിൽ നേതാക്കൾ ഈ ദുരന്തത്തെ ഒരു ദേശീയ ദുരന്തമായി ആഖ്യാനിച്ചു. യാത്രികർക്കായി അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമായി നടപ്പിലാക്കുന്നതിനും, ഇനിയൊരിക്കലും ഇത്തരത്തിലുള്ള വലിയ വിമാന ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ അധികാരികളും കമ്പനികളും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കത്തക്കവിധം അതുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കപ്പെടേണ്ടതിൻറെ ആവശ്യകതയെ കുറിച്ചും ശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ വിമാനയാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി നിർബന്ധമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനിർമാണം അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള വൻദുരന്തങ്ങൾ വിശകലനം ചെയ്യുമ്പോൾ, വികസനത്തോടൊപ്പം സുരക്ഷക്കും പ്രാധാന്യം കല്പിക്കേണ്ടതാണെന്നും, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം മാത്രമല്ല, മാനുഷികവും ഉത്തരവാദിത്വപരവും ആയ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ മുന്നോട്ടുവച്ചു. അപകടത്തിൽ ദുഃഖത്തിലാണ്ടിരിക്കുന്ന മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും അവരുമായി ബന്ധപ്പെട്ട എല്ലാവർക്കും ORMA International ഐക്യദാർഢ്യവും ആത്മസ്വാന്തനവും ഈ അനുസ്മരണ യോഗത്തിലൂടെ അർപ്പിച്ചു.

വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം 22/06/25 തീയതി (ഞായറാഴ്ച), ഓൺലൈൻ ഹെൽത്ത് സെമിനാർ നടത്തുന്നു.

സമയം: 7 പി.എം.(ഇന്ത്യ), 2.30 പി.എം.(യുകെ), 3.30 പി.എം.(ജർമ്മനി), 5.30 പി.എം.(യുഎഇ), 8.30 എ.എം.(ന്യൂയോർക്ക്).

സൂം മീറ്റിംഗ് ഐഡി: 803 423 5854,
പാസ്‌കോഡ്: 2Jgkt9.

വിഷയങ്ങളും പ്രഭാഷകരും; 1. പുനരധിവാസ വൈദ്യശാസ്ത്രം: ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലേക്കുള്ള ഒരു ആമുഖം – ഡോ.ജിമി ജോസ്, എം.ബി.ബി.എസ്., എം.ഡി (പി.എം&ആർ), ഡി.എൻ.ബി., എം.എൻ.എ.എം.എസ്., ഫെലോഷിപ്പ് ഇൻ ഇന്റർവെൻഷണൽ പെയിൻ മാനേജ്മെന്റ്, കൺസൾട്ടന്റ് റീഹാബിലിറ്റേഷൻ ആൻഡ് ഇന്റർവെൻഷണൽ ഫിസിയാട്രിസ്റ്റ് ആൻഡ് എച്ച്.ഒ.ഡി., പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല. 2. നഷ്ടപ്പെട്ട പല്ല് എത്രയും വേഗം മാറ്റിസ്ഥാപിക്കുന്നുവോ അത്രയും നല്ലത് – ഡോ. മിലൻ മറിയം രാജീവ്, ബി.ഡി.എസ്., എം.ഡി., പ്രീമിയർ ഡെന്റൽ സ്പെഷ്യാലിറ്റികൾ, കോട്ടയം. 3. നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ മറഞ്ഞിരിക്കുന്ന പക്ഷപാതങ്ങൾ – സൈക്കോളജിസ്റ്റ് ദിയ തെരേസ് ജോസ്, എം.എ., എം.ഫിൽ., ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, തിരുവല്ല. ഡബ്ല്യു. എം. സിയുടെ ആരോഗ്യ ടൂറിസം സൈറ്റ് സന്ദർശിക്കുക: www.wmchealthtourism.org. വിവരങ്ങൾക്ക് ബന്ധപ്പെടുക; ഫോറത്തിന്റെ പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലൻ (യുകെ): വാട്ട്‌സ്ആപ്പ് 00447470605755. സൂം മീറ്റിംഗ് ലിങ്ക്: https://us02web.zoom.us/j/8034235854?pwd=c0tsRkFmUVA3bnFTaEtwMHBMczMzQT09&omn=81904634774

അപ്പച്ചൻ കണ്ണഞ്ചിറ

നിലമ്പൂർ: യുഡിഎഫ് തങ്ങളുടെ നഷ്ട കോട്ടയായ നിലമ്പൂർ നിയോജകമണ്ഡലം ഉപതെരെഞ്ഞെടുപ്പിലൂടെ തിരിച്ചു പിടിക്കുന്നതിനും, കേരളത്തെ പിന്നോട്ടടിക്കുകയും, ജനജീവിതം ദുസ്സഹമാക്കുകയും ചെയ്ത എൽഡിഎഫ് സർക്കാരിനുള്ള ചുട്ട മറുപടി നൽകുന്നതിനും, പ്രചാരണ രംഗത്ത് നിലമ്പൂരിന്റെ നാഡീസ്പന്ദനമായി ഐഒസി(യു കെ) കർമ്മസേന. ഇതര പ്രവാസ സംഘടനകൾക്ക് മാതൃകാപരവും, കൃത്യവും ചിട്ടയുമായ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് എ ഐ സി സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ഘടകത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ നടന്നുവരുന്നത്. പ്രചരണ പ്രവർത്തനങ്ങൾക്ക് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസും, ഐ ഒ സി നേതാവ് റോമി കുര്യാക്കോസും നേരിട്ട് നേതൃത്വം നൽകുന്നു.

തോരാതെ പെയ്യുന്ന മഴയിലും ശമിക്കാത്ത പ്രചരണ ചൂടിൽ ആവേശം മുറ്റിനിൽക്കുന്ന പ്രവർത്തനങ്ങളിലൂടെ ഐ ഒ സി (യു കെ) നിലമ്പൂർ പോർമുഖത്ത് ശ്രദ്ധേയമാവുകയാണ്. മുമ്പ് തൃക്കാക്കര, പുതുപ്പള്ളി,വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ പ്രവർത്തന പരിചയവും നേതൃത്വവും നിലമ്പൂരിൽ ആവർത്തിക്കുകയായിരുന്നു. കോൺഗ്രസ്‌ – യുഡിഎഫ് പ്രവർത്തകർക്ക് കരുത്തുപകരുവാൻ 32 പേരടങ്ങുന്ന ‘ഐ ഓ സി കർമ്മസേന’ക്ക് രൂപം നൽകുകയും, നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ നടത്തേണ്ട പ്രചരണ പരിപാടികളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യപടി. ഐ ഒ സി (യു കെ) പ്രവർത്തകനും നിലമ്പുർ നിയോജകമണ്ഡലം നിവാസിയുമായ ഷിജോ മാത്യുവാണ് മണ്ഡലതല പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകുന്നത്.

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ്‌ ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ‘ഐ ഓ സി കർമ്മസേന’ പ്രചരണ പ്രവർത്തനങ്ങക്ക് തുടക്കം കുറിക്കുകയും നിയോജക മണ്ഡലത്തിലെ നിലമ്പുർ മുനിസിപ്പാലിറ്റി, ഇടക്കര, മൂത്തേടം, അമരമ്പലം എന്നീ പഞ്ചായത്തുകൾ മുഖ്യ കേന്ദ്രമാക്കി ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തിപ്പോരുകയുമാണ്.

പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനോടൊപ്പം എടക്കര പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ഇൻകാസ് പ്രവർത്തകർക്കൊപ്പം ചുരുളായി പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലും, പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകർക്കൊപ്പം മൂത്തേടം പഞ്ചായത്തിലെ ഭവന സന്ദർശനത്തിലും ഐ ഒ സി (യു കെ) പ്രവർത്തകർ സജീവ പങ്കാളികളായി. അമരമംഗലം പൂക്കോട്ടുംപാടത്ത് വച്ച് സംഘടിപ്പിച്ച കുടുംബ സംഗമത്തിലും, മരുതയിൽ വച്ച് സംഘടിപ്പിച്ച സ്ഥാനാർഥി പര്യടന-സ്വീകരണ യോഗത്തിലും ഐ ഓ സി നേതാക്കൾ മുഖ്യാതി ത്കളായി പങ്കെടുത്തു. നിലമ്പൂരിലെ യു ഡി എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ച് സംഘടിപ്പിച്ച കോൺഗ്രസ് അനുകൂല പ്രവാസി സംഘടന നേതാക്കളുടെ തെരഞ്ഞെടുപ്പ് അവലോകന മീറ്റിംഗിലും ഐ ഒ സി നേതാക്കൾ സജീവ സാന്നിധ്യമായി.

തെരഞ്ഞെടുപ്പ് പ്രചരണരംഗം കൊഴുപ്പിച്ചുകൊണ്ട് ഐ ഒ സി (യു കെ)യുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ യു ഡി എഫ് സ്ഥാനാർഥിയുടെ ചിത്രം പതിച്ച പോസ്റ്ററുകളും ലഖുലേഖകളുമായി ഭവന സന്ദർശനവും നേരിട്ടുള്ള വോട്ടഭ്യർത്ഥനയും ഇപ്പോൾ നടന്നുവരികയാണ് എന്ന് ഷൈനുവും, റോമിയും അറിയിച്ചു. പ്രതിപക്ഷനേതാവ് അഡ്വ. വീ ഡി സതീശൻ, സന്ദീപ് വാര്യർ, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എം.എൽ.എ. ,ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കുട്ടത്തിലടക്കം നേതാക്കളുടെ പ്രശംസ ഏറ്റു വാങ്ങിയ പ്രവർത്തനങ്ങളാണ് ഷൈനുവിന്റെയും റോമിയുടെയും നേതൃത്വത്തിൽ നടന്നു വരുന്നത്.

അനിൽ ആറന്മുള

ന്യൂ ജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസും അവാർഡ് നൈറ്റും ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്‌സിയിലെ എഡിസൺ ഷെറാട്ടണിൽ അരങ്ങേറുകയാണ്. കോൺഫെറെൻസിന്റെ സുഗമമായ നടത്തിപ്പിനായി പ്രസ്സ് ക്ലബ് ന്യൂ യോർക്ക് ചാപ്റ്ററിന്റെ തുടക്കം മുതൽ സജീവ സാനിധ്യവും, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രെഷറർ എന്നീ വിവിധ നിലകളിൽ പ്രവർത്തിച്ചതും, കേരളഭൂഷണം പത്രത്തിന്റെ അമേരിക്കൻ പ്രതിനിധിയുമായ സജി എബ്രഹാമിനെ പതിനൊന്നാം സമ്മേളനത്തിന്റെ കോൺഫറൻസ് ചെയർമാനായി IPCNA നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തതായി അറിയിച്ചു.

കേരളത്തിൽ നിന്നും പ്രമുഖരായ മാധ്യമ പ്രവർത്തകരും മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രഗത്ഭരും, അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ അതികായരും പങ്കെടുക്കുന്ന ഈ കോൺഫറൻസ് അമേരിക്കൻ മലയാളികൾക്ക് അവിസ്മരണീയമായിരിക്കും എന്ന് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രെഷറർ വിശാഖ് ചെറിയാൻ എന്നിവർ അറിയിച്ചു.. അമേരിക്കയുടെ വിവിധഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം അംഗങ്ങളാണ് കോൺഫറൻസിൽ പങ്കെടുക്കുക. വൈകുന്നേരങ്ങളിൽ നടക്കുന്ന പൊതുസമ്മേളനം വൻ ജനപങ്കാളിത്തത്തോടെ ആണ് നടക്കുക.

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രാരംഭ കാലം മുതൽ തന്നെ സജീവ സാന്നിധ്യമായിരുന്ന സജി എബ്രഹാം ന്യൂ യോർക്ക് ചാപ്റ്ററിന്റെ നിരവധി നിലകളിൽ തന്റെ സേവനം പ്രസ് ക്ലബ്ബിന് നൽകിയിരുന്നു എന്ന് അന്ന് ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ആയിരുന്ന സുനിൽ ട്രൈസ്റ്റാർ അഭിപ്രായപ്പെട്ടു. നോർത്ത് അമേരിക്കയിൽ ഏറ്റവും കൂടുതൽ പ്രസ്സ് മീറ്റുകൾ നടത്തിയതും ആ സമയത്തായിരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ കാര്യക്ഷമമായി നിറവേറ്റുന്ന സജി എബ്രഹാം ഐ. പി. സി. എൻ. എ ന്യൂയോർക്ക് ചാപ്റ്റർ ട്രെഷറർ, സെക്രട്ടറി, വൈസ് പ്രസിഡണ്ട്, നാഷണൽ ഓഡിറ്റർ എന്നീ നിലകളിൽ പ്രശംസാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.

പ്രസ് ക്ലബ് ന്യൂ യോർക്ക് ചാപ്റ്ററിന്റെ സാമ്പത്തികമായി ‘സുവർണ കാലം’ എന്ന് വിശേഷിപ്പിച്ചിരുന്ന കാലഘട്ടമായിരുന്നു സജി എബ്രഹാം ട്രഷറർ ആയിരുന്ന സമയം എന്ന് അന്നത്തെ സെക്രട്ടറിയും മുൻ നാഷണൽ പ്രെസിഡന്റുമായ മധു കൊട്ടാരക്കരയും അഭിപ്രായപ്പെട്ടു. കോൺഫറൻസ് ചെയർമാൻ എന്ന പദവി എല്ലാം കൊണ്ടും സജി അബ്രഹാമിന് അഭികാമ്യമാണെന്നു ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി പറയുകയുണ്ടായി. കേരളഭൂഷണം പത്രത്തിന്റെ (https://www.keralabhooshanam.com) നോർത്ത് അമേരിക്കൻ പ്രതിനിധിയായി രണ്ടു പതിറ്റാണ്ടായി സജി എബ്രഹാം പ്രവർത്തിക്കുന്നു. നാലു പതിറ്റാണ്ടിലധികമായി വസ്ത്ര നിർമാണ രംഗത്തു പ്രവർത്തിക്കുന്ന സജി നിലവിൽ കേരളം സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ പ്രസിഡണ്ട് ആണ്.

ഐ. പി. സി. എൻ. എ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രെഷറർ ബിനു തോമസും മറ്റു ഭാരവാഹികളും ആണ് കോൺഫെറെൻസിന്റെ ആതിഥേയത്വം വഹിക്കുന്നത്. ന്യൂയോർക്ക് അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 20 മിനിറ്റ് മാത്രം അകലയെയാണ് ഷെറാട്ടൺ എഡിസൺ ഹോട്ടൽ സമുച്ചയം നില കൊള്ളുന്നത്. അമേരിക്കൻ മണ്ണിലെ മലയാള മാധ്യമപ്രവർത്തക കൂട്ടായ്മയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവും 11-ാം മത് കോൺഫെറെൻസ് എന്ന് വിലയിരുത്തുന്നു.

എല്ലാം കൊണ്ടും വ്യത്യസ്തമായതും, അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക് പ്രയോജനം നല്കുന്നതിലൂന്നിയുള്ളതുമായ പ്രോഗ്രാമുകൾ ആണ് ഈ വർഷത്തെ കോൺഫെറെൻസിൽ വിഭാവനം ചെയ്യുന്നതെന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് (2026-27) രാജു പള്ളത്തു എന്നിവർ പറഞ്ഞു. അവയ്ക്ക് അന്തിമ രൂപം നൽകി വരുന്നു. ഹോട്ടൽ ബുക്കിംഗിനും രജിസ്ട്രേഷനുമുള്ള വെബ്‌സൈറ്റ് സജ്ജമായി എന്നും ഹോട്ടൽ മുറികൾ എത്രയും വേഗം ബുക്ക് ചെയ്യണമെന്നും അറിയിച്ചു. ഓരോ കോൺഫെറെൻസുകളും ഒന്നിനൊന്നു മികച്ചു നിന്ന പാരമ്പര്യമാണ് പ്രസ് ക്ലബിനുള്ളതെന്ന് വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള ചൂണ്ടിക്കാട്ടി. ഇപ്രാവശ്യവും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് തങ്ങൾ കരുതുന്നത്.

ജനുവരിയിൽ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ നടത്തിയ പ്രസ് ക്ലബിന്റെ മാധ്യമശ്രീ, മാധ്യമര്തന, പയനിയർ, മീഡിയ എക്‌സലൻസ് അവാർഡ് ദാന ചടങ്ങു വൻ വിജയമായി തീർന്നു. ഇന്ത്യക്കകത്തോ പുറത്തോ നടക്കുന്ന ഏറ്റവും വലിയ മാധ്യമ പുരസ്‌കാര വേദിക്കായിരുന്നു ഗോകുലം കൺവൻഷൻ സെന്റർ സാക്ഷ്യം വഹിച്ചതെന്നു ചടങ്ങിന് ചുക്കാൻ പിടിച്ച ജോയിന്റ് സെക്രട്ടറി ആശ മാത്യു അഭിപ്രയപ്പെട്ടു. കേരളത്തിൽ ഇത്തരത്തിലൊരു പുരസ്‌കാര വേദി ഒരുക്കുന്നത് വളരെ അധികം ശ്രമകരമാണെങ്കിലും ഇത് ഭംഗിയായി നടത്തിയതിന് എല്ലാവരും ഒന്നടങ്കം നന്ദി പറയുകയുണ്ടായി എന്ന് ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം പറഞ്ഞു. ഏറ്റവും കൂടുതൽ പുരസ്‌കാര ‘ക്യാഷ്’ അവാർഡുകൾ നൽകിയ വേദിയായി കൊച്ചി മാധ്യമ പുരസ്‌കാര വേദി മാറി. ഏകദേശം 6 ലക്ഷം രൂപയും പ്രശംസാ ഫലകങ്ങളും പുരസ്കാരമായി മാധ്യമ പ്രവർത്തകർക്കും, കൂടാതെ ഒരു ലക്ഷം രൂപ മാധ്യമ പ്രവർത്തകരെ വാർത്തെടുക്കുന്ന മീഡിയ അക്കാഡമിക്കുമായി നൽകുകയുണ്ടായി.

എളിയ രീതിയിൽ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സ് ഇന്ന് വളർന്നു പന്തലിച്ചു എന്നത് അഭിമാനകരമാണ്. അന്ന് മുഖ്യ പ്രഭാഷകനായി വന്നത് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആയിരുന്ന തോമസ് ജേക്കബ് ആയിരുന്നു . കേരളത്തിലെ ഒട്ടുമിക്ക മുഖ്യധാരയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ രംഗത്തെ അതികായരെയും പങ്കെടുപ്പിച്ചും കൊണ്ടാണ് ഇത്തവണയും കോണ്‍ഫറന്‍സ് നടക്കാൻ പോകുന്നത്. ന്യു ജേഴ്‌സിയിൽ മുൻപ് മൂന്നു തവണ കൺവെൻഷൻ വ്യത്യസ്ത വേദികളിൽ നടന്നിട്ടുണ്ട്. അവയിലെല്ലാം വലിയ ജനപങ്കാളിത്തവും ലഭിച്ചിരുന്നു. ട്രൈസ്റ്റേറ്റ് മേഖലയിൽ നിന്നും വാഷിംഗ്ടണിൽ നിന്നുമൊക്കെ എത്താൻ പറ്റുന്നതാണ് വേദി.

കൂടുതൽ വിവരങ്ങൾക്കായി www.indiapressclub.org സന്ദർശിക്കാം. കോൺഫറൻസ് രജിസ്ട്രേഷൻ സംവിധാനവും ഇപ്രാവശ്യം ഉൾപ്പെടുത്തിയിട്ടുണ്ട് indiapressclub.org/conference25. Conference Video: https://youtu.be/_fQ18f4IV1A

RECENT POSTS
Copyright © . All rights reserved