Association

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൻറെ കലയും സംസ്കാരവും മതമൈത്രിയും ഉയർത്തിപ്പിടിച്ച് , ഇംഗ്ലണ്ടിലെ കേരളം എന്നറിയപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡിൽ സെപ്റ്റെംബർ 16 ശനിയാഴ്ച കിങ്‌സ് ഹാളിൽ 2 pm നു കേരളോത്സവം 2023 ന് തിരിതെളിയുന്നു.

ജാതിമതഭേദമെന്യേ സ്റ്റോക്ക് ഓൺ ട്രെന്റിലെ മുഴുവൻ മലയാളികളും പങ്കെടുക്കുന്ന ഈ മഹാ ഉത്സവത്തിൽ അഭിവന്ത്യ കാത്തലിക്‌ ‌ ബിഷപ്പ്മാർ, പാർലിമെന്റ് അംഗങ്ങൾ , വിവിധ മത നേതാക്കൾ പങ്കെടുക്കുന്നു, തുടർന്ന് അവാർഡ് വിതരണം വിവിധ കലാപ്രേകടനകൾ, കേരളതനിമയാർന്ന ഭക്ഷണം, പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും, കോമഡി താരങ്ങളുടെ പ്രകടനവും, കണ്ണിനും കാതിനും കുളിർമയേകുന്ന ബോളിവുഡ് ഡാൻസുകളും ഒരുക്കിയിരിക്കുന്നു . സ്റ്റോക്ക് ഓൺ ട്രെന്റിലെ യിലെ മുഴുവൻ മലയാളികളെയും കേരളോത്സവം 2023 യിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

ബൈജു പോൾ

ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ മലയാളി ഫെഡറേഷന്റെ 34-മത് ആഗോള പ്രവാസി സംഗമം വർണ്ണാഭമായി സമാപിച്ചു. അഞ്ചു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും അവിസ്മരണീയമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. കോവിഡ് കാലഘട്ടത്തിനുശേഷം ഇത്തവണ വിപുലമായ തയ്യാറെടുപ്പുകളോടെ ജർമ്മനിയിലെ കൊളോണിനടുത്തുള്ള പ്രകൃതി രമണീയമായ ഐഫലിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമായി വർഷങ്ങളായി കലാസാംസ്കാരിക സാമൂഹിക സംഘടന മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഏകദേശം 250 തോളം പ്രതിനിധികളാണ് പങ്കെടുക്കുവാനായി എത്തിയത്.

സമ്മേളനം നടന്ന ഓരോ ദിവസവും രാവിലെ മുതൽ വൈകിട്ട് വരെ കൃത്യമായ ആസൂത്രണത്തോടും ചിട്ടയോടുംകൂടി ക്രമീകരിച്ച വിവിധ സമ്മേളനങ്ങൾ, കലാസാംസ്കാരിക പരിപാടികൾ, പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ചർച്ചകളുൾപ്പെടെ നടത്തിയ എല്ലാ പരിപാടികളും ഏറെ ശ്രദ്ധേയവും ഏവർക്കും പ്രയോജനപ്രദവുമായിരുന്നു. സ്നേഹവും കരുണയും കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ സാംസ്കാരിക പ്രതിഭകളുടെ നേതൃത്വത്തിൽ നടത്തിയ വൈവിധ്യമാർന്ന നിരവധി കലാപരിപാടികളും സമ്മേളനത്തിന് മിഴിവേകുവാനായി അവതരിപ്പിക്കുകയുണ്ടായി. വിയന്നയിൽ നിന്നുമെത്തിയ സംഗീത സംവിധായകനും അനുഗ്രഹീത ഗായകനുമായ ശ്രീ സിറിയക്ക് ചെറുകാട് ഇടവേളകളിലായി ആലപിച്ച പഴയതും പുതിയതുമായ ഗാനങ്ങൾ എല്ലാവർക്കും ഏറെ ഹൃദ്യവും ആകർഷണീയവുമായിരുന്നു.

വിവിധ രാജ്യങ്ങളിൽ രാഷ്ട്രീയ സാമൂഹിക കലാ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ വ്യക്തികൾക്ക് ജിഎംഎഫിന്റെ ആഗോള പ്രവാസി സംഗമങ്ങളോടുമനുബന്ധിച്ച് നൽകി വരുന്ന ജി എം എഫ് പുരസ്കാരത്തിന് ഇത്തവണ അർഹനായത് യുകെയിൽ നിന്നുമുള്ള ലോക കേരള സഭ അംഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും യൂണിയൻ ഓഫ് യു കെ മലയാളി അസോസിയേഷൻസ് ( യുക്മ) സാംസ്കാരിക വേദി രക്ഷാധികാരിയുമായ ശ്രീ സി എ ജോസഫാണ്. ആഗോള പ്രവാസി സംഗമത്തിന്റെ നാലാം ദിവസം നടന്ന സാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ച് ജി എം എഫ് ഗ്ലോബൽ ചെയർമാനും ലോക കേരള സഭ അംഗവുമായ ശ്രീ പോൾ ഗോപുരത്തിങ്കൽ ജിഎംഎഫ് കർമ്മശ്രേഷ്‌ഠ പുരസ്കാരം ശ്രീ സി എ ജോസഫിന് സമ്മാനിച്ചു.

മുൻകാലങ്ങളിൽ ജിഎംഎഫ് പുരസ്കാരം സ്വീകരിച്ചിട്ടുള്ള ബഹു കേരള വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ജിഎംഎഫിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നടത്തിയിട്ടുള്ള നല്ല അഭിപ്രായങ്ങളും അനുസ്മരിച്ച ശ്രീ പോൾ ഗോപുരത്തിങ്കൽ യുകെയിലെ കലാസാംസ്കാരിക സാമൂഹിക മേഖലകളിലെ സജീവ സാന്നിധ്യവും ഉജ്ജ്വല വാഗ്മിയും മികച്ച സംഘാടകനും അഭിനേതാവുമായ സി എ ജോസഫിന്റെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ജിഎംഎഫ് കർമ്മശ്രേഷ്‌ഠ പുരസ്കാരം നൽകുവാൻ തീരുമാനിച്ചതെന്നും അറിയിച്ചു. ജി എം എഫ് ജർമ്മൻ പ്രൊവിൻസ് പ്രസിഡന്റ് ശ്രീ സണ്ണി വേലുക്കാരൻ സി എ ജോസഫിനെ പൊന്നാട അണിയിച്ചാദരിച്ചു. ജിഎംഎഫ് ട്രഷററും സാമൂഹിക പ്രവർത്തകനുമായ ശ്രീ വർഗീസ് ചന്ദ്രത്തിൽ പ്രശസ്തി പത്രവും സി എ ജോസഫിന് നൽകി. ജിഎംഎഫിന്റെ സജീവ പ്രവർത്തകനും കവിയുമായ ശ്രീ ബേബി കലയങ്കരി സി എ ജോസഫിനെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു.

ജിഎംഎഫ് നൽകിയ കർമ്മശ്രേഷ്‌ഠ പുരസ്കാരം ഇനിയും തന്റെ ജീവിതത്തിൽ കഴിയുന്നവിധം ശ്രേഷ്ഠമായ കാര്യങ്ങൾ സമൂഹത്തിനുവേണ്ടി ഉത്തരവാദിത്വത്തോടും കടമയോടുംകൂടി ചെയ്യുവാൻ പ്രേരിപ്പിക്കുന്നതാണെന്നും സൂചിപ്പിച്ച സി എ ജോസഫ് കഴിഞ്ഞ അഞ്ചുദിനങ്ങളിലായി നടന്ന കലാസാംസ്കാരിക പരിപാടികളിലും പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ചർച്ചകളിലുമൊക്കെ പങ്കെടുക്കുവാൻ സാധിച്ചതിനും ജി എം എഫിന്റെ സംഘാടകർക്കും പ്രതിനിധികൾക്കും ഹൃദയം നിറഞ്ഞ നന്ദിയും പ്രകാശിപ്പിച്ചു.

ജിഎംഎഫിന്റെ പ്രാരംഭകാലം മുതലുള്ള സംഘാടകരിലൊരാളും സാമൂഹിക പ്രവർത്തകനും ജിഎംഎഫ് ട്രഷററുമായ ശ്രീ വർഗീസ് ചന്ദത്തിലിന് ജി എം എഫ്- മാൻ ഓഫ് ദി ഈയർ പുരസ്കാരവും നൽകി ആദരിച്ചു. ജി എം എഫ് ഗ്ലോബൽ ചെയർമാൻ ശ്രീ പോൾ ഗോപുരത്തിങ്കൽ പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിച്ചപ്പോൾ കർമ്മശ്രേഷ്‌ഠ അവാർഡ് ജേതാവ് സി എ ജോസഫ് വർഗീസ് ചന്ദത്തിലിന് മെഡലും സമ്മാനിച്ചു.

അഞ്ച് ദിവസങ്ങളിലായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന ചർച്ചകളിൽ പങ്കെടുത്തും സാംസ്കാരിക സമ്മേളനങ്ങളിൽ ആശംസകൾ അർപ്പിച്ചും ജർമ്മനിയിലെ വിവിധ മണ്ഡലങ്ങളിൽ പ്രശോഭിച്ചിട്ടുള്ള അബ്രഹാം നടുവിലേത്ത്, മെറ്റ്മാൻ ജോസഫ്, ബേബിച്ചൻ കലയെത്തുംമൂറിയിൽ, സാബു ജേക്കബ് ആറാട്ടുകുളം, സണ്ണി വെള്ളൂർ, എബ്രഹാം ജേക്കബ്, ജോസ് പുതുശ്ശേരി,ബേബി കുര്യാക്കോസ്, റെജി നന്തികാട്ട്, മേരി ക്രീയ്ഗർ , ഡേവീസ് വടക്കുംചേരി എന്നിവർ സംസാരിച്ചു.

ജിഎംഎഫ് ആഗോള സമ്മേളനത്തിന്റെയും കലാസാംസ്കാരിക പരിപാടികളുടെയും വിജയത്തിനായി ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, സെക്രട്ടറി അഡ്വ സേവ്യർ ജൂലപ്പൻ, ട്രഷറർ വർഗീസ് ചന്ദ്രത്തിൽ, പി ആർ ഒ ബൈജു പോൾ, ജർമ്മൻ പ്രോവിൻസ് പ്രസിഡന്റ് സണ്ണി വേലുക്കാരൻ, ജിഎംഎഫ് സംഘാടകസമിതി അംഗങ്ങളായ ജെമ്മ ഗോപുരത്തിങ്കൽ, സിറിയക്ക് ചെറുകാട്, മേരി ക്രീയ്ഗർ, എൽസി വേലുക്കാരൻ, ലില്ലി ചാക്യാത്ത് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച വിവിധ കമ്മറ്റികളിലെ അംഗങ്ങളും മികവാർന്ന പ്രവർത്തനങ്ങളായിരുന്നു നടത്തി വന്നിരുന്നത്.

സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയവർക്കുവേണ്ടിയുള്ള വ്യായാമത്തിന്റെ ഭാഗമായി ഓരോ ദിവസവും രാവിലെ യോഗയും എയ്റോബിക് ഡാൻസും പരിശീലിപ്പിച്ച മേരി ക്രീയ്ഗറിനെ സംഘാടകസമിതി പ്രത്യേകമായി അഭിനന്ദിച്ചു. കഴിഞ്ഞ 34 വർഷങ്ങളിലായി നടത്തിവരുന്ന അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കലാസാംസ്കാരിക സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി മലയാളികളാണ് എത്തിച്ചേരാറുള്ളത്. അടുത്ത ഗ്ലോബൽ മലയാളി പ്രവാസി സംഗമം 2024 ജൂലൈ 12 മുതൽ 16 വരെ ജർമ്മനിയിലെ കൊളോണിനടുത്തുള്ളി ഐഫലിൽ വെച്ച് നടത്തുന്നതാണെന്നും സംഘാടക സമിതി അറിയിച്ചു.

 

സ്വന്തം ലേഖകൻ 

നോർത്താംപ്ടൺ : വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികൾ ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നു. യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. അടുത്ത വർഷം മുതൽ 10 രാജ്യങ്ങളിൽ GPL ലീഗ് എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഓഗസ്റ്റ് 20 ന് യുകെയിൽ ആരംഭിക്കുന്നത്. ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത്  എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ,ടെക് ബാങ്കുമാണ്.

നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബ്ബിലാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുങ്ങുന്നത്. ഓഗസ്റ്റ് 20 നും സെപ്റ്റംബർ 10 നുമാണ് മത്സരങ്ങൾ നടക്കുന്നത് . വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1500 പൗണ്ടും , രണ്ടാം സമ്മാനമായി 750 പൗണ്ടും , മൂന്നാം സമ്മാനമായി 250 പൗണ്ടും , നാലാം സമ്മാനമായി 250 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 20 ന് നടക്കുന്ന മത്സരം യുകെയിലെ മലയാളി ടീമുകൾക്ക് മാത്രമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത് . ഈ മത്സരത്തിൽ പങ്കെടുത്ത് ഗ്ലോബൽ മത്സരങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ടീമംഗങ്ങൾ ഉടൻ തന്നെ താഴെയുള്ള നമ്പറിൽ ബന്ധപ്പെട്ട് രെജിസ്റ്റർ ചെയ്യേണ്ടതാണ്.

07872067153

07515731008

ജോളി എം. പടയാട്ടില്‍

പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരികവേദിയുടെ 4-0o സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും, ആരോഗ്യസെമിനാറും നടത്തി. ജൂലൈ 28-ാം തീയതി വൈകിട്ട്‌ ഇന്ത്യന്‍ സമയം ഏഴരക്കു വെര്‍ച്ചല്‍ പ്ളാറ്റ്‌ഫോമിലൂടെ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണയോഗത്തിലും, ആരോഗ്യസെമിനാറിലും, കലാസാംസ്‌കാരികവേദിയിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നായി ധാരാളം പ്രവാസി മലയാളികള്‍ പങ്കെടുത്തു.

ഇംഗ്ലണ്ട്‌ മാഞ്ചസ്റ്റര്‍ മ്യൂസിക്ക്‌ (ഗൂപ്പിലെ ജിനീഷിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെയാണ്‌ യോഗം തുടങ്ങിയത്‌. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ പ്രസിഡന്റ്‌ ജോളി എം. പടയാട്ടില്‍ സ്വാഗതം ചെയ്തു. വ്യക്തി രാഷ്ട്രീയത്തിനതീതമായി, ജാതിമത വൃത്യാസങ്ങളില്ലാതെ ജനങ്ങളുടെ ആവലാതികളും, പരാതികളും കേള്‍ക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്ത മഹാനായ വ്യക്തിയായിരുന്നു പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി സാറെന്നും, അദ്ദേഹത്തിന്റെ ധന്യമായി ഓര്‍മ്മകള്‍ക്കു മുമ്പില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും ജോളി എം. പടയാട്ടില്‍ പറഞ്ഞു.

പ്രമുഖ വൃവസായിയും, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ പ്രസിഡന്റുമായ ശ്രീ . ജോണ്‍ മത്തായി ഉമ്മന്‍ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. കറപുരളാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ഉമ്മന്‍ചാണ്ടിയുമായി സഹകരിച്ചു. കേരളത്തിന്റെ വികസനത്തിനായി നടപ്പാക്കിയ പല പദ്ധതികളേയും അദ്ദേഹം അനുസ്മരിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നല്‍കിയ പ്രോത്സാഹനങ്ങളെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഉമ്മന്‍ചാണ്ടിയുമായി വളരെ അടുത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

പ്രശസ്ത അസ്ഥിരോഗ വിദഗ്ധനും, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ മെഡിക്കല്‍ ആന്റ്‌ ഹെല്‍ത്ത് ഫോറം പ്രസിഡന്റുമായ ഡോ. ജിമ്മി ലോനപ്പന്‍ മൊയ്‌ലന്റെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ സെമിനാറിന്റെ ഉല്‍ഘാടനം ശ്രീമതി ഷീല തോമസ്‌ ഐ.എ.എസ്‌. നിര്‍വ്വഹിച്ചു. റബര്‍ കേരള ലിമിറ്റഡിന്റെ ചെയര്‍പേഴ്സനും, മുന്‍ കേരള അഡീഷണല്‍ ചീഫ്സെക്രട്ടറിയും, റബര്‍ ബോര്‍ഡ്‌ ചെയര്‍മാനുമായിരുന്ന ശ്രീമതി ഷീല തോമസ്‌ ഐ.എ.എസ്‌. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ അഭിനന്ദിക്കുകയും, ഡോ.ജിമ്മി ലോനപ്പന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരത്തിലുള്ള ആരോഗ്യ സെമിനാറുകള്‍ എല്ലാ വ്യക്തികള്‍ക്കും ഉപകാരപ്രദമാണെന്നും പറഞ്ഞു.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ മെഡിക്കല്‍ ആന്റ്‌ ഹെല്‍ത്ത് ഫോറം (ടഷറര്‍ ശ്രീമതി റാണി ജോസഫ്‌ ആശംസകള്‍ നേര്‍ന്നു. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ പ്രൊഫസര്‍ ഡോ. ലളിത, ശ്രീ. ജോര്‍ജ്‌ ജോണ്‍, ചിനു പടയാട്ടില്‍ തുടങ്ങിയവര്‍ ആരോഗ്യസെമിനാറിനോടനുബന്ധിച്ച ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

വ്യവസായിയും, സാമൂഹൃപ്രവര്‍ത്തകനും, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വൈസ്‌ ചെയര്‍മാനുമായ ശ്രീ. ഡേവീഡ്‌ ലൂക്കയ്ക്കു പാലാരൂപതയില്‍, ഏറ്റവും കൂടുതല്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള അവാര്‍ഡ്‌ ലഭിച്ചതില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. തുടര്‍ച്ചയായി രണ്ടാം പ്രാവശ്യമാണ്‌ അദ്ദേഹത്തിന് ഈ അംഗീകാരം ലഭിക്കുന്നത്‌.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ വിമന്‍സ്‌ ഫോറം പ്രസിഡന്റും, കവയ്രതിയും, എഴുത്തുകാരിയുമായ പ്രൊഫസര്‍ ഡോ.ലളിത മാത്യു എഴുതി ആലപിച്ച കവിത പാന്‍ഡമി കാലഘട്ടത്തിലെ വേദനാജനകമായ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു. കലാസാംസ്‌കാരിക രംഗത്തു നിറഞ്ഞുനില്‍ക്കുന്ന കവിയും, എഴുത്തുകാരനും, അധ്യാപകനുമായിരുന്ന ശ്രീ. ഡേവിഡ്‌ ഗീവര്‍ഗീസ്‌ പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത ആലപിച്ചു. ഗുരു വിഷ്ണു മോഹന്‍ദാസിന്റെ ശിക്ഷണത്തില്‍ കര്‍ണാടിക്‌ സംഗീതം പഠിച്ചുകൊണ്ടിരിക്കൂന്ന ഇഷ മാലിക്ക്‌, അജ്മാനിലെ പ്രശസ്ത ഗായികയായ ജോവാന്‍ ലിസ്‌ തോമസ്‌ എന്നിവരുടെ ഗാനങ്ങളും കലാസാംസ്‌കാരികവേദിയെ കൂടുതല്‍ സംഗീത സാന്ദ്രമാക്കി. മികച്ച പ്രാസംഗികയും, ഡാന്‍സ്‌കാരിയും ലണ്ടനില്‍ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയുമായ അന്ന ടോം ആണ്‌ ഈ കലാസാംസ്‌കാരികവേദി മോഡറേറ്റ്‌ ചെയ്തത്‌.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി പിന്റോ കന്നമ്പിള്ളി, വൈസ്‌ ചെയര്‍മാന്‍മാരായ ശ്രീ. ഡേവീഡ്‌ ലുക്ക, ഗ്രിഗറി മേടയില്‍, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ അറമ്പന്‍കുടി, എന്‍.ആര്‍.കെ.ഫോറം പ്രസിഡന്റ്‌ അബ്ദുള്‍ ഹാക്കിം, ടൂറിസം ഫോറം പ്രസിഡന്റ്‌ തോമസ്‌ കണ്ണന്‍ങ്കേരില്‍, ഇന്ത്യ റീജിയന്‍ പ്രസിഡന്റ്‌ ഡോ. അജി അബ്ദുള്ള, ദുബായ്‌ പ്രൊവിന്‍സ്‌ ചെയര്‍മാന്‍ പോള്‍സന്‍, അജ്മന്‍ പ്രൊവിന്‍സ്‌ ജനറല്‍ സെക്രട്ടറി സ്വപ്ന ഡേവീഡ്‌, ജോര്‍ജ്ജ്‌ ജോണ്‍ (USA), സൈബിന്‍ പാലാട്ടി (UK), രാജു കുന്നേക്കാട്ട് (അയര്‍ലന്റ്‌ ), സെബാസ്റ്റ്യൻ ജോസഫ്‌ (North West), ലിതീഷ്‌ രാജ്‌ പി. തോമസ്‌ (North West), , ജോണ്‍ മാത്യു (ജര്‍മ്മന്‍), ചിനു പടയാട്ടില്‍ (ജര്‍മ്മന്‍), അറോന്‍ ടോം, ലിസി ജോസ്‌ തുടങ്ങിവര്‍ പ്രൊവിന്‍സുകള്‍ പ്രതിനിധീകരിച്ച്‌ യോഗത്തില്‍ പങ്കെടുത്തു.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളി കൃതജ്ഞത പറഞ്ഞു.

എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്‌കാരികവേദിയില്‍ എല്ലാ (പവാസി മലയാളികള്‍ക്കും, അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍നിന്നുകൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും, (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്‌.

രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സാംസ്‌കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണി ക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചര്‍ച്ച ചെയ്യപ്പെടുക. ഇതില്‍ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്ന ഉദ്യോഗസ്ഥരോ, മ്രന്തിമാരോ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക. അടുത്ത സമ്മേളനം ആഗസ്റ്റ്‌ 25 നാണ്‌ നടക്കുന്നത്‌.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്മയിലേക്ക്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ സ്വാഗതം ചെയ്യുന്നു. ജോളി എം. പടയാട്ടില്‍ (President)04915753181523, ജോളി തടത്തില്‍ (Chairman) 0491714426264 , ബാബു തോട്ടപ്പിള്ളി (Secretary) 0447577834404, ഷൈബു ജോസഫ്‌ (Treasurer)

സ്വന്തം ലേഖകൻ 

ബെർമിംഗ്ഹാം : ഇടുക്കി എന്ന മിടുക്കിയുടെ UK യിലെ മക്കൾ കോവിഡാനന്തരം വീണ്ടും ഒത്തു ചേരുകയാണ്. ആഗസ്റ്റു മാസം 19-ാം തീയ്യതി ശനിയാഴ്ച ബെർമ്മിങ്ങാമിലാണ് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും വലിയ സ്വദേശിയ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന് അരങ്ങൊരുങ്ങുന്നത്.

സംഗമത്തോടനുബന്ധിച്ച് പതിവുപോലെ നടത്തി വരാറുള്ള വടം വലി മത്സരം ഈ വർഷവും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വടം വലി കോർഡിനേറ്റേഴ്സ് ബാബു തോമസ്, സാൻറ്റോ ജേക്കബ് എന്നിവർ അറിയിച്ചു.

വാശിയും വീര്യവും കൊടുമ്പിരി കൊള്ളുന്ന പോരാട്ട ചൂടുമായി, ചകിരി നാരിനാൽ കോർത്തെടുത്ത കമ്പക്കയറിൽ ഇതിഹാസം രചിക്കാൻ കരുത്തിന്റെയും വന്യതയുടെയും സൂത്രവാക്യങ്ങൾ നെഞ്ചറയിൽ കാത്തുവച്ച ബിലാത്തിയിലെ ധീരന്മാരുടെ പെരുങ്കളിയാട്ടത്തിനു ഈ വർഷം വേദിയാകുന്നത് നോർത്താംപ്ടണിലെ മോൾട്ടൺ കോളേജ് സ്റ്റേഡിയമാണ്.

ഇടുക്കി ജില്ല സംഗമത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് മാസം 20-ാം തീയ്യതി ഞായറാഴ്ച അവതരിപ്പിക്കുന്ന All UK Tug of War ജേതാക്കളെ കാത്തിരിക്കുന്നത് സമ്മാന പെരുമഴയാണ്. കാലുകൾക്ക് കാരിരുമ്പിന്റെ കരുത്തും, ഉരുക്കിന്റെ കരുത്താർജ്ജിച്ച കരങ്ങളും കടത്തനാടൻ കളരിലെ അങ്ക ചേകവന്മാരുടെ മെയ് വഴക്കവും കൊണ്ട് ഇംഗ്ലണ്ടിലെ അങ്ങോളം ഇങ്ങോളമുള്ള വടം വലി പ്രേമികളുടെ സിരകളിൽ ആവേശത്തിന്റെ ത്രിശൂർ പൂര വെടികെട്ട് തീർത്ത് ജയിച്ചു വരുന്ന ചുണകുട്ടികൾക്ക് സമ്മാന തുകയായി ലഭിക്കുന്നത് £1101 ആണ്. രണ്ടാമത് എത്തുന്നവർക്ക് 601 പൗണ്ടും മൂന്നാം സ്ഥാന കാർക്ക് 451 പൗണ്ടും തുടർ എട്ടാം സ്ഥാനക്കാർക്കു വരെ വിത്യസ്തമായ ക്യാഷ് അവാർഡും ഒമ്പതും പത്തും സ്ഥാനത്തെത്തുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്കുന്നതാണ്.

കരിപുലിയുടെ ക്രൗര്യവും കാട്ടാനയുടെ കരുത്തും കുറുനരിയുടെ കുശാഗ്ര ബുദ്ധിയുമായി ബിലാത്തിയുടെ ചുണ കുട്ടന്മാർ കമ്പ മൈതാനത്ത് നേർക്കുനേർ പൊരുതന്നത് യൂട്യൂബ് ലൈവായി പ്രക്ഷേപണം നടത്തുന്നതും നാടൻ രുചി കൂട്ടുമായി Kerala Food ഉം Children’s Fun Fare, Belly Dance, DJ Cobra തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.

എതിരാളികളുടെ ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ കണ്ണിലെ ഞൊടിയിട നേരത്തെ പരാജയ ഭീതിയുടെ മിന്നലാട്ടം തിരിച്ചറിഞ്ഞ് അവരുടെ മസ്തിഷ്കം തകർത്തുകൊണ്ട് ചവിട്ടി കയറുന്ന വടം വലി മല്ലന്മാർ പോരിനിറങ്ങുമ്പോൾ ബിലാത്തിയുടെ മണ്ണിൽ പുതിയ ചരിത്രങ്ങൾ പിറക്കുമെന്ന് ഉറുപ്പാണ്. ആ ചരിത്ര മുഹൂർത്തങ്ങളിലേക്ക് സ്വാക്ഷ്യകളാകുവാൻ നോർത്താംപ്ടണിലേക്ക് നിരവധി വടം വലി ആരാധകർ എത്തി ചേരുമെന്ന് ഇടുക്കി ജില്ല സംഗമത്തിന്റെ സംഘാടകൾ ഉറപ്പായി പ്രതീക്ഷിക്കുന്നു.

Tug of War:
20 August, Sunday

Venue: Moulton College
Northampton
NN3 7RR

Contacts:
Shajan: 07445207099
Jaison : 07725352955
Babu. : 07730883823
Santo. : 07896 301430

ഇടുക്കി ജില്ലാ സംഗമം: August 19, Saturday

Venue:
Royal Hotel Ablewell St, Walsall WS1 2EL

Contact:
Justin Abraham- 07985656204
Vincy vinod – 07593 953326

Siby Joseph – 07563 544588

Roy mathew – 07828009530

ഇടുക്കി ജില്ലാ സംഗമത്തിനായി എത്തി ചേരുന്നവർ ദയവായി താഴെ തന്നിരുക്കുന്ന ഗൂഗിൾ ഫോം വഴി പേരുകൾ രജിസ്ട്രർ ചേയ്യേണ്ടതാണ് ..

https://docs.google.com/forms/d/e/1FAIpQLScSWwtxv9L3sUTntJY05RLrQmMlz-EJu-akPA40Nyx72rStkA/viewform?usp=sf_link

മണിപ്പൂർജനതയോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട്, മണിപ്പൂരിലെ വംശീയ ഭീകരതക്കെതിരെ യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമിക്ഷയുകെ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ജൂലൈ 30 ഞായർ വൈകുന്നേരം 7 മണിക്ക് യൂണിറ്റുകളിൽ പ്രതിഷേധ ജ്വാല ഉയരും. മണിപ്പൂരിൽ നടക്കുന്ന ആസൂത്രിത വംശീയ കലാപത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ദേശീയ മാധ്യമങ്ങൾ മൂടിവയ്ക്കാൻ ശ്രമിച്ച കലാപത്തിന്റെ ഭീകരത വിദേശ മാധ്യമങ്ങളും സോഷ്യൽ മീഡിയയിലൂടെ ജനങ്ങളും ഈ ലോകത്തോട് വിളിച്ചു പറയുകയാണ്. അതിശക്തമായപ്രതിഷേധങ്ങളാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ ഉയർന്നുവരുന്നത്. ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകുകയാണ്. കൃഷിക്കാരും തൊഴിലാളികളും വനിതകളും വിദ്യാർത്ഥികളും യുവാക്കളും സംഘങ്ങളായി തെരുവിൽ ശബ്ദമുയർത്തുന്നു.മാതൃരാജ്യത്തെ സ്നേഹിക്കുന്ന പ്രവാസികളായ നാം ഓരോരുത്തരും ഈ പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നഭ്യർത്ഥിക്കുകയാണ് .സമീക്ഷ യുകെ നടത്തുന്ന പ്രതിഷേധജ്വാലയുടെ ഭാഗമാകാൻ മതനിരപേക്ഷതയും മാനവികതയും മനസ്സിൽ സൂക്ഷിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

സ്വത്വബോധത്തിന്റെ അതിർവരമ്പുകൾക്കപ്പുറത്ത് , ജാതി മത വർണ്ണ വർഗ്ഗ ദേശ ഭേദങ്ങൾക്ക് അതീതമായ മാനവികതയുടെ ആകാശത്തിൽ ഒരു സൂര്യ തേജസ്സ് ഉദിച്ചുയർന്നിട്ട് 169 സംവത്സരങ്ങൾ ആകുകയാണ്. . ആ മഹാ മനീഷിയുടെ ദർശനങ്ങളിലേക്കു അൽപ്പാൽപ്പമായി ആഴത്തിൽ ഇറങ്ങി ചെല്ലുവാൻ നമുക്ക് ഒത്തൊരുമിച്ചു പരിശ്രമിക്കാം.

സമൂഹം നേരിടുന്ന വെല്ലുവിളികളെ തന്റെ കര്‍മങ്ങളും ഉപദേശങ്ങളും കൊണ്ട് മറികടക്കാന്‍ ഇപ്പോഴും അദൃശ്യ സാന്നിധ്യമായി നിന്നുകൊണ്ട് സഹായിക്കുകയാണ് ഗുരുദേവന്‍. സാമൂഹികവും സാമ്പത്തികവുമായ അവശതകളില്‍പ്പെട്ട് സ്വാഭിമാനം ചോര്‍ന്നുപോയ ഒരു സമൂഹത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനും, വെല്ലുവിളികളെ പ്രതിരോധിക്കാനുമുള്ള കരുത്തും കാഴ്ചപ്പാടും കൈവരിക്കാനും ഗുരുദേവന്റെ ഉപദേശങ്ങള്‍ സഹായിച്ചു. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്കുയര്‍ത്തിയ ഗുരുദേവന്റെ വചനങ്ങള്‍ ഇന്നും കാലിക പ്രസക്തമാണ്. വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനുമാണ് വിദ്യ. ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ച ഗുരുദേവന്റെ 169 മത് ജന്മദിനം സെപ്റ്റംബർ 3ന് നോറ്റിങ്ഹാമിൽ ചതയദിന ഘോഷയാത്ര, പൊതുസമ്മേളനം, സേവനത്തിന്റെ കുടുംബ യൂണിറ്റിലെ കുട്ടികളും, മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ തുടങ്ങി പ്രൗഢഗംഭീരമായി ആഘോഷിക്കുവാൻ ഉള്ള തയാറെടുപ്പുകൾക്കു തുടക്കം കുറിച്ചതായി സേവനം യു കെ അറിയിച്ചു. യു കെ യിലുള്ള എല്ലാ ഗുരുവിശ്വാസികളെയും നോറ്റിങ്ഹാമിലേക്ക് സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.

 

ബൈജു പോൾ

ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ മലയാളി ഫെഡറേഷൻ സംഘടിപ്പിക്കുന്ന 34-മത് ആഗോള പ്രവാസി സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ രാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രവാസി മലയാളികളുടെ പങ്കാളിത്തത്തോടെ വിപുലമായ ഈ വർഷത്തെ ഗ്ലോബൽ കൺവൻഷൻ ജൂലൈ 26 മുതൽ 30 വരെ ജർമ്മനിയിലെ കൊളോണിലാണ് നടത്തുന്നത്.

കോവിഡ് കാലഘട്ടത്തിന്റെ വിഷമതകൾക്ക് ശേഷം നടത്തുന്ന ഇത്തവണത്തെ ആഗോള പ്രവാസി സംഗമത്തിന് വിവിധ രാജ്യങ്ങളിൽ നിന്നും കലാസാംസ്കാരിക സാമൂഹിക സംഘടനാ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി ആളുകൾ പങ്കെടുക്കുന്നതിനായി ആവേശപൂർവ്വം ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അഞ്ചുദിവസങ്ങളിലായി നടത്തുന്ന പ്രവാസി സംഗമത്തിൽ ലോകത്തെമ്പാടുമായി ജീവിക്കുന്ന പ്രവാസി മലയാളികൾ നേരിടുന്ന വ്യത്യസ്തമായ പ്രശ്നങ്ങളെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന കലാസാംസ്കാരിക പ്രതിഭകളുടെ നേതൃത്വത്തിൽ സമ്മേളനം നടക്കുന്ന അഞ്ചു ദിവസങ്ങളിലും വൈവിധ്യമാർന്ന നിരവധി കലാപരിപാടികളും സമ്മേളനത്തിന് മിഴിവേകുവാനായി അവതരിപ്പിക്കുന്നതാണ്.

വിവിധ മേഖലകളിലെ സ്തുത്യർഹമായ പ്രവർത്തനങ്ങളെ വിലയിരുത്തി യുകെയിൽ നിന്നുമുള്ള ലോക കേരള സഭാംഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (യുക്മ) സാംസ്കാരികവേദി രക്ഷാധികാരിയുമായ സി .എ.ജോസഫിന് ജി എം എഫ് കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി ചടങ്ങിൽ ആദരിക്കും.

മുൻവർഷങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രാഷ്ട്രീയ സാമൂഹിക കലാ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ നിരവധി വ്യക്തികൾക്ക് ജി എം എഫ് പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. കേരളത്തിന്റെ ഇപ്പോഴത്തെ ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള പ്രമുഖരായ വ്യക്തികളും ജിഎംഎഫ് പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.

കോട്ടയം ജില്ലയിലെ അമയന്നൂർ സ്വദേശിയായ ശ്രീ സി എ ജോസഫ് യുകെയിലെ കലാ സാംസ്കാരിക സാമൂഹീക രംഗത്തെ സജീവ സാന്നിദ്ധ്യമാണ്. യുകെയിൽ നിന്നുമുള്ള ലോക കേരളസഭാംഗം, കേരള ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് , യുക്മ സാംസ്കാരിക വേദിയുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിക്കുന്ന അദ്ദേഹം ഉജ്ജ്വല വാഗ്മിയും മികച്ച സംഘാടകനുമാണ്. കോവിഡിന്റെ ഫലമായുണ്ടായ ലോക് ഡൗൺ കാലയളവിൽ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവർപ്പിച്ച് നാല്‌ മാസത്തോളം നീണ്ടു നിന്ന യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ഏവരുടെയും പ്രശംസ ആർജ്ജിച്ച ‘Let’s Break It Together’ എന്ന സംഗീത പരിപാടിയുടെ മുഖ്യ ചുമതലയും വഹിച്ച സി എ ജോസഫ് യുക്മയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ‘ജ്വാല’ ഇമാഗസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗം, യുക്മ സാംസ്കാരിക വേദിയുടെ കലാവിഭാഗം കൺവീനർ, ജനറൽ കൺവീനർ, വൈസ് ചെയർമാൻ ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പ്രോഗ്രാം കോർഡിനേറ്റർ എന്നീ നിലകളിലുംപ്രവർത്തിച്ചിട്ടുണ്ട്. യുകെ മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘സമ്മർ ഇൻ ബ്രിട്ടൻ’ ‘ഓർമ്മകളിൽ സെലിൻ’ എന്നീ ഷോർട്ട് മൂവികളിലും ‘ഒരു ബിലാത്തി പ്രണയം’ എന്ന എന്ന ഫുൾ മൂവിയിലും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുള്ള ഒരു മികച്ച അഭിനേതാവ് കൂടിയായ സി എ ജോസഫ് ഈയടുത്തനാളിൽ യുകെയിൽ ആരംഭിച്ച നാടക കലാസമിതിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച ‘വെളിച്ചം’എന്ന നാടകത്തിലെ അഭിനയത്തിനും കാണികളുടെ ഒന്നടങ്കം പ്രശംസ ഏറ്റുവാങ്ങിയിരുന്നു. യുകെ മലയാളികളുടേതായി പുറത്തിറങ്ങിയ ഏതാനും സംഗീത ആൽബങ്ങൾക്ക് ഗാനരചനയും നിർവ്വഹിച്ചിട്ടുണ്ട്.

യുകെയിലെ കലാസാംസ്കാരിക രംഗത്തെ മികച്ച പ്രവർത്തനങ്ങളെ മാനിച്ച് ലണ്ടനിലെ പ്രമുഖ സാംസ്കാരിക സംഘടന ഏർപ്പെടുത്തിയ ‘കേളി’ പുരസ്കാരവും യൂണിയൻ ഓഫ് യു കെ മലയാളി അസോസിയേഷന്റെ ‘സ്പെഷ്യൽ റെക്കഗ്നിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് എന്ന നിലയിൽ സി എ ജോസഫിന്റെ നേതൃത്വത്തിലുള്ള മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ 2021ലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കാണ് കേരള ഗവൺമെന്റിന്റെ പ്രഥമ ‘കണിക്കൊന്ന’ പുരസ്കാരം ലഭിച്ചത് എന്നതും സി എ ജോസഫിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായും വിലയിരുത്തപ്പെടുന്നു.

സൗദി അറേബ്യയിലെ കമ്മീസ് മുഷയത്തിൽ പ്രവർത്തിച്ചിരുന്ന കമ്മീസ് ഇന്റർനാഷണൽ സ്കൂളിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം സൗദിയിലെ കലാ സാംസ്കാരിക മേഖലകളിലും സജീവമായിരുന്നു. സൗദി അറേബ്യയിലെ 15 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം 2006ൽ യുകെയിലെത്തിയ സി എ ജോസഫ് ലണ്ടനടുത്തുള്ള ബേസിംഗ്സ്റ്റോക്കിലാണ് കുടുംബസമേതം ഇപ്പോൾ താമസിക്കുന്നത്.

ജൂലൈ 26 ബുധനാഴ്ച ആരംഭിക്കുന്ന ആഗോള പ്രവാസി സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ജിഎംഎഫ് ഗ്ലോബൽ ചെയർമാനും ലോക കേരളസഭ അംഗവുമായ ശ്രീ പോൾ ഗോപുരത്തിങ്കൽ നിർവ്വഹിക്കുന്നതാണ്. ഇന്ന് മുതൽ അഞ്ചു ദിവസങ്ങളിലായി ജർമ്മനിയിൽ നടക്കുന്ന ഗ്ലോബൽ മലയാളി ഫെഡറേഷന്റെ ആഗോള പ്രവാസി സംഗമത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, സെക്രട്ടറി അഡ്വ സേവ്യർ ജൂലപ്പൻ, ട്രഷറർ വർഗീസ് ചന്ദ്രത്തിൽ, പി ആർ ഒ ബൈജു പോൾ, ജിഎംഎഫ് ജർമ്മൻ പ്രോവിൻസ് പ്രസിഡന്റ് സണ്ണി വേലുക്കാരൻ, ജിഎംഎഫ് സംഘാടകസമിതി അംഗങ്ങളായ ജെമ്മ ഗോപുരത്തിങ്കൽ, സിറിയക്ക് ചെറുകാട്, മേരി ക്രെയ്ഗർ, എൽസി വേലുക്കാരൻ, ലില്ലി ചാക്യാത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളുടെ മികവാർന്ന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. എല്ലാവരുടെയും സാന്നിധ്യ സഹായസഹകരണങ്ങൾ നൽകി ആഗോള പ്രവാസി സംഗമം വിജയിപ്പിക്കണമെന്നും സംഘാടകസമിതി അറിയിച്ചു.

സ്വന്തം ലേഖകൻ

ഗ്ലോസ്റ്റർ :  ഗ്ലോസ്റ്ററിൽ വച്ച് നടന്ന പതിനാലാമത് കുട്ടനാട് സംഗമം മാറ്റത്തിന് തുടക്കം കുറിക്കുന്ന വേദിയായി മാറി. പതിവിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ട യുകെയിലെ കുട്ടനാട്ടുകാരുടെ ഇപ്രാവശ്യത്തെ സംഗമം വളരെയേറെ പ്രതീക്ഷകൾക്ക് ഇടം നൽകുന്ന ഒരു സംഗമമായിരുന്നു . കോവിഡിന് ശേഷം നടന്ന സംഗമത്തിന് വരുത്തിയ മാറ്റങ്ങളെ എല്ലാ അംഗങ്ങളും ഒരേ മനസ്സോടെയാണ് ഉൾക്കൊണ്ടത്.

സിൻഡർ ഫോർഡിലെ സ്‌നൂക്കർ ക്ലബ്ബിൽ മനോഹരമായി അണിയിച്ചൊരുക്കിയ വേദിയിൽ ജൂൺ 24 ശനിയാഴ്ച്ച  രാവിലെ 10 മണി മുതൽ വൈകിട്ട് ആറ് മണിവരെ നടന്ന പതിനാലാമത് കുട്ടനാട് സംഗമത്തിൽ വർഷങ്ങളായി പങ്കെടുത്തിരുന്ന സജീവ അംഗങ്ങളിൽ ഭൂരിഭാഗം പേരും എത്തിചേർന്നിരുന്നു . പതിവിൽ കവിഞ്ഞ സഹകരണവും ഒത്തൊരുമയും ഈ സംഗമത്തിന്റെ വലിയൊരു പ്രത്യേകതയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം നടന്ന സംഗമത്തിൽ പതിവ് കുട്ടനാടൻ കലാരുപങ്ങൾക്കൊപ്പം കുട്ടനാടിന്റെയും , സംഗമത്തിന്റെയും വളർച്ചയ്ക്കായി അവതരിപ്പിക്കപ്പെട്ട പുതിയ ആശയങ്ങൾക്ക് ഒരേ മനസ്സോടെ അംഗീകാരവും കൈയ്യടിയും നേടി.

പ്രാദേശിയ വ്യത്യാസങ്ങളിലാതെ കുട്ടനാടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള അംഗങ്ങൾ പങ്കെടുത്ത ഈ സംഗമം ആഴമേറിയെ സാഹോദര്യ ബന്ധത്തിനും, മനസ്സറിഞ്ഞ സഹകരണത്തിനും നേർകാഴ്ചയായി മാറി. ഓരോ കുട്ടനാടൻ മക്കളും പൂർണ്ണ സംതൃപ്തിയോടെ മടങ്ങിയ സംഗമമായിരുന്നു പതിനാലാമത് കുട്ടനാട് സംഗമം . കുട്ടനാടിൻറെ തനതായ ഉത്സവങ്ങളെയും, സംഗീതത്തെയും , മനോഹരമായി ഒരുക്കിയ വേദിയിൽ , നൂതന സാങ്കേതിക വിദ്യകളാൽ ശ്രവിക്കാനും , കാണുവാനും അവയെ രുചിയേറും വിഭവങ്ങൾക്കൊപ്പം ആസ്വദിക്കാനും കഴിഞ്ഞ സംഗമമായിരുന്നു ഗ്ലോസ്റ്ററിൽ നടന്നത്.

പുളിങ്കുന്ന് സെന്റ് : ജോസഫ് സ്കൂളിലെ പ്രിൻസിപ്പാൾ ആയിരുന്ന പി റ്റി ജോസഫ് സാറിന്റെയും , ഫാദർ ജോ മുലേശ്ശേരിയുടെയും കുട്ടനാടൻ ചരിത്രത്തെ വ്യക്തമാക്കി തന്ന പ്രഭാഷണങ്ങൾ വളരെയധികം അറിവും , ആവേശവും പകർന്നു. അതോടൊപ്പം പ്രായോഗികമായി യുകെയിലെ കുട്ടനാട് സംഗമം എങ്ങനെ കുട്ടനാടിന്റെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്താമെന്ന കൺവീനർ ടോമി കൊച്ചുതെള്ളിയിൽ അവതരിപ്പിച്ച ഡോക്കുമെന്ററി വരും വർഷങ്ങളിൽ യുകെയിലെ കുട്ടനാട് സംഗമങ്ങൾ കൂടുതൽ ക്രിയാത്മക തലത്തിലേയ്ക്ക് നീങ്ങുവാനും കാരണമായി മാറും .

പതിവിൽ നിന്ന് വിപരീതമായി അടുത്ത കുട്ടനാട് സംഗമവേദി കണ്ടെത്തുവാൻ വേണ്ടി ചർച്ചകൾ പോലും നടത്താതെ ഞങ്ങൾ നടത്തിക്കൊള്ളാം എന്ന് ഏറ്റു പറഞ്ഞുകൊണ്ട് ലിവർപൂളിൽ നിന്നുള്ള കുട്ടനാട്ടുകാർ മുന്നോട്ട് വന്നത് ഈ സംഗമത്തിന്റെ ഏറ്റവും വലിയ വലിയൊരു പ്രത്യേകതയായിരുന്നു. ആവേശപൂർവ്വം പങ്കായം ഏറ്റുവാങ്ങിയ ആന്റണി പുറവടി , റോയി മൂലംകുന്നം , ജോർജ്ജ് കാവാലം , വിനോദ് മാലിയിൽ, ജെസ്സി വിനോദ് എന്നിവർ അടങ്ങിയ ടീം അടുത്ത സംഗമ വേദിയും മറ്റ് വിവരങ്ങളും ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിലെ ഏറ്റവും ജനപ്രീയനായ നേതാവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ കേരള ഘടകം അനുശോചന യോഗം സംഘടുപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോം മുഖേന സംഘടിപ്പിച്ച യോഗത്തിൽ യുകെയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ ഉൾപ്പടെ നിരവധി പേർ പങ്കുചേർന്നു.
രാഷ്ട്രീയ കേരളത്തിൽ ശ്രീ. ഉമ്മൻ ചാണ്ടിയുടെ വിയോഗം കൊണ്ടുണ്ടായ വിടവ് സമീപ ഭാവിയിൽ ആർക്കും നികത്താൻ സാധിക്കില്ല എന്ന പൊതു വികാരം അനുശോചന സംഗമത്തലുടനീളമുണ്ടായി.
യുവ കോൺഗ്രസ്‌ നേതാവ് അരിത ബാബു ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്ന് ആവർത്തിച്ചിരുന്നതിന്റെ പ്രത്യക്ഷതെളിവായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടിയെ ന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി അദ്ദേഹം ചെയ്ത ജനനന്മകൾ എന്നും ഓർക്കപ്പെടുമെന്നും അരിത ബാബു അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഐഒസി യുകെ കേരള ഘടകം പ്രസിഡന്റ്‌ ശ്രീ. സുജു ഡാനിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഘടകം വക്താവ് ശ്രീ. അജിത് മുതയിൽ സ്വാഗതം ആശംസിച്ചു. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹമെന്നും ശ്രീ. സുജു ഡാനിയേൽ പറഞ്ഞു.

ഐഒസി യുകെ സീനിയർ വൈസ് പ്രസിഡന്റ്‌ ഗുർമിന്തർ രൻധ്വാ, സീനിയർ നേതാവ് ബേബിക്കുട്ടി ജോർജ്, ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, ഡോ. ജോഷി ജോസ്, തോമസ് ഫിലിപ്പ്, ബിജു വർഗ്ഗീസ്, ജോർജ് ജേക്കബ്, അശ്വതി നായർ, സൂരജ് കൃഷ്ണൻ, ബിജു കുളങ്ങര, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് നിധീഷ് കടയങ്ങൻ, അളക ആർ തമ്പി, അർഷാദ് ഇഫ്തിക്കറുദ്ധീൻ, അനഘ എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. ശ്രീ. ജോൺ പീറ്റർ നന്ദി പ്രകാശിപ്പിച്ചു.

രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും ശ്രീ. ഉമ്മൻ ചാണ്ടിയെ ഉലയാതെ നിർത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു. അന്ത്യയാത്രയിൽ തിങ്ങിക്കൊടുന്ന ജനസാഗരം അതിന്റെ മകുടോദാഹരണമാണ്.
RECENT POSTS
Copyright © . All rights reserved