Association

സജീഷ് ടോം

യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിച്ച മൂന്നാമത് യു-ഗ്രാൻറ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടന്നു. എൻഫീൽഡിൽ നടന്ന യുക്മ – അലൈഡ് ആദരസന്ധ്യയുടെ പ്രൗഢ ഗംഭീരമായ വേദിയാണ് യു-ഗ്രാന്റ് നറുക്കെടുപ്പിനും വേദിയായത്.

പദ്ധതിയുടെ ഒന്നാം സമ്മാനമായ ബ്രാൻഡ്‌ന്യൂ Peugeot 108 കാർ ഹേവാർഡ്‌സ്ഹീത്തിൽ നിന്നുള്ള ജോബി പൗലോസ് സ്വന്തമാക്കി.(ടിക്കറ്റ് നമ്പർ 704) യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ളയും ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യനും റീജണൽ പ്രസിഡന്റ് ആന്റണി എബ്രഹാമും നേതൃത്വം നൽകുന്ന സൗത്ത് ഈസ്റ്റ്‌ റീജിയണിലെ HUM ഹേവാർഡ്‌സ്ഹീത്ത് അസോസിയേഷൻ അംഗമാണ് ജോബി. എറണാകുളം കാലടി മാണിക്കമംഗലം സ്വദേശിയാണ് ജോബി. സുരഭി ജോബിയാണ് ഭാര്യ. അമീലിയ, ആഞ്ചലീന എന്നിവരാണ് മക്കൾ. ഹേവാർഡ്‌സ്ഹീത്തു പ്രിൻസ് റോയൽ ഹോസ്പിറ്റലിലാണ് ജോബിയും ഭാര്യ സുരഭിയും ജോലി ചെയ്യുന്നത്.

മിഡ്‌ലാൻഡ്‌സിലെ MIKCA വാൽസാൽ അസോസിയേഷൻ സെക്രട്ടറി കൂടിയായ അജീസ് കുര്യൻ രണ്ടാം സമ്മാനമായ ഇരുപത്തിനാല് ഗ്രാമിന്റെ സ്വർണ നാണയങ്ങൾക്ക് ഉടമയായപ്പോൾ (ടിക്കറ്റ് നമ്പർ 4302) , മൂന്നാം സമ്മാനമായ പതിനാറ് ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങൾ WAM വെൻസ്‌ഫീൽഡ് അസോസിയേഷനിലെ ജിജിമോൻ സെബാസ്ററ്യൻ (ടിക്കറ്റ് നമ്പർ 4382) സ്വന്തമാക്കി.

ഒരു പവൻ വീതം തൂക്കം വരുന്ന പതിനാറ് സ്വർണ്ണ നാണയങ്ങൾ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ യുക്മയുടെ ഓരോ റീജിയണുകൾക്കും രണ്ട് സ്വർണ്ണ നാണയങ്ങൾ വീതം ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടന്നത്. മുൻ വർഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു- ഗ്രാൻറ് – 2019 ന്റെ സമ്മാനങ്ങളും എല്ലാം സ്പോൺസർ ചെയ്തത്.

യു കെ മലയാളികൾക്കിടയിൽ വലിയൊരു ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാൻറ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കുന്നത്. 2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയത്. 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രൻ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാർ സ്വന്തമാക്കി.

മുൻ വർഷങ്ങളിൽ നിന്നും യുക്മ യു ഗ്രാന്റ് പദ്ധതി – 2019 നെ ആകർഷകമാക്കി മാറ്റിയത് എല്ലാ റീജിയണുകളിലും ഒരു പവൻ വീതമുള്ള രണ്ട് സമ്മാനങ്ങൾ വീതം ഗ്യാരണ്ടിയായി ഉറപ്പ് വരുത്തിയിരുന്നു. ഓരോ റീജിയൺ തലത്തിൽ വിജയികളായവർ താഴെ പറയുന്നവരാണ്.

സൗത്ത് ഈസ്റ്റ്‌ റീജിയണിൽ ബോയ്സ് കൂവക്കാടൻ(410) (WMA, വോക്കിങ്ങ്),തോമസ് ജോസഫ് (7314) (GMA, ഗിൽഡ്ഫോഡ്), സൗത്ത് വെസ്റ്റ്‌ റീജിയണിൽ മാർട്ടിൻ സെബാസ്റ്റ്യൻ, എൽദോസ് മത്തായി എന്നിവർ സംയുക്തമായി എടുത്ത ടിക്കറ്റ് (5208), ഡോണി ഫിലിപ്പ് (5211)എന്നിവർക്കും, ഈസ്റ്റ്‌ ആംഗ്ലിയ റീജിയണിൽ KCF വാറ്റ്ഫോർഡിലെ മനോജ്‌കുമാർ മകൻ ആർത് മനോജ്‌കുമാറിന്റെ പേരിലെടുത്ത ടിക്കറ്റ് 8002നും, യുക്മ ജ്വാല ചീഫ് എഡിറ്റർ റെജി നന്തിക്കാട്ട് (9820), മിഡ്ലാൻഡ്സ് റീജിയൽ നിന്നും ജോ ഐപ്പ് (9511) (BCMC, ബർമിങ്ഹാം), സാനു ജോസഫ് (4384) (WAM, വെഡ്നെസ്ഫീൽഡ്), യോർക്ക്ഷെയർ & ഹമ്പർ റീജിയണിൽ രഞ്ജി വർക്കി (7055)(WYMA, വേക്ഫീൽഡ്), ഷിജു പുന്നൂസ് (1224) (SMA, ഷെഫീൽഡ്), സ്കോട്ട്ലാൻഡ്, നോർത്ത് ഈസ്റ്റ്‌, വെയിൽസ്‌ എന്നീ സ്ഥലങ്ങളിൽ നിന്നും ബിജു കുര്യാക്കോസ് (8147) (SMA, സ്കോട്ലൻഡ്), സനീഷ് ചന്ദ്രൻ(6419) (CMA, കാർഡിഫ്), നോർത്ത് വെസ്റ്റ് റീജിയണിൽ LIMA, ലിവർപൂൾ മുൻ സെക്രട്ടറി എൽദോസ് സണ്ണി (6803), ജിജോ കിഴക്കേക്കാട്ടിൽ (7404) (MMCA, മാഞ്ചസ്റ്റർ), നാഷണൽ തലത്തിൽ വർഗീസ് ഫിലിപ്പ് തന്റെ മകൾ ഫെബ ഫിലിപ്പിന്റെ പേരിൽ എടുത്ത ടിക്കറ്റ് (3079) (OXMAS ഓസ്‌ഫോർഡ്) എന്നിവരാണ് ഒരു പവൻ വീതം സ്വന്തമാക്കിയത്.

യുക്മ ദേശീയ സെക്രട്ടറി അലക്സ് വർഗീസ്, യു-ഗ്രാൻറ്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറർ അനീഷ് ജോൺ, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് എന്നിവർ യുക്മ ദേശീയ കമ്മറ്റിക്ക് വേണ്ടി വിജയികൾക്ക് അനുമോദനങ്ങളും ആശംസകളും നേർന്നു. യുക്മ യു ഗ്രാന്റ് നറുക്കെടുപ്പിന്റെ വിജയത്തിനായി ടിക്കറ്റുകൾ എടുത്ത് സഹകരിച്ച എല്ലാവരോടും , ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നാഷണൽ, റീജിയണൽ, അസോസിയേഷൻ ഭാരവാഹികൾക്കും, പ്രവർത്തകർക്കും യുക്മ ദേശീയ സമിതി നന്ദി രേഖപ്പെടുത്തി. വിജയികൾക്ക് അടുത്ത് തന്നെ യുക്മ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണെന്ന് സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.

സജീഷ് ടോം

പതിനാലാം പ്രവർത്തന വർഷത്തിലേക്ക് കടക്കുന്ന ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന് പുതു നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിലെ തെക്കൻ നഗരങ്ങളിൽ പ്രസിദ്ധമായ ബേസിംഗ്‌സ്‌റ്റോക്കിൽ നൂറോളം മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അസോസിയേഷൻ ഭാരവാഹിത്വത്തിൽ പരിചയസമ്പന്നരായ വ്യക്തികളും, ഒപ്പം ഊർജ്വസ്വലരായ പുത്തൻ പ്രതിനിധികളും കൂടി ഉൾപ്പെടുന്ന നവനേതൃനിര അടുത്ത പ്രവർത്തനവർഷത്തിലേക്കുള്ള കർമ്മ പരിപാടികളുമായി സജീവമായിക്കഴിഞ്ഞു.

അസോസിയേഷന്റെ പല നേതൃ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള സാജു സ്റ്റീഫൻ ആണ് പുതിയ പ്രസിഡന്റ്. സാജുവിന്റെ സൗമ്യമായ നേതൃത്വം അസോസിയേഷൻ പ്രവർത്തങ്ങൾക്ക് കരുത്തുപകരും എന്ന് കരുതപ്പെടുന്നു. ആദ്യമായി ബി എം സി എ നേതൃത്വത്തിലേക്ക് കടന്ന് വന്നിരിക്കുന്ന രതീഷ് പുന്നേലി ആണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബേസിംഗ്‌സ്‌റ്റോക്കിലെ മലയാളം ക്ലാസ്സിന്റെ പ്രവർത്തങ്ങളിലും സജീവമാണ് രതീഷ്. അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായിട്ടുള്ള പൗലോസ് പാലാട്ടി ആണ് പുതിയ ട്രഷറർ.

അസോസിയേഷന്റെ കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റ് രാജേഷ് ബേബി വൈസ് പ്രസിഡന്റും മുൻ സെക്രട്ടറി സിജോ ജേക്കബ് ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിക്കും. മുൻ ട്രഷറർ ജോബി തോമസാണ് പുതിയ ഓഡിറ്റർ. ഇവരെ കൂടാതെ ബിജു എബ്രഹാം, സജീഷ് ടോം, ജിജി ബിനു, നൈനു രെജു, ബിനീഷ് അഗസ്റ്റിൻ എന്നിവർ കൂടിച്ചേരുന്നതാണ് ബി എം സി എ യുടെ ഈ പ്രവർത്തന വർഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റി.

വരുന്ന ഒരുവർഷത്തെ മുഴുവൻ പരിപാടികളുടെയും മാർഗരേഖ പ്രഥമ കമ്മറ്റി യോഗം ചർച്ചചെയ്തു. അസോസിയേഷൻ ഭരണസമിതി അംഗങ്ങൾക്ക് പുറമെ, ഓരോ പരിപാടികൾക്കും മുന്നോടിയായി, സഹകരിക്കുവാൻ സമയവും താല്പര്യവുമുള്ള കൂടുതൽ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള പ്രോഗ്രാം കമ്മറ്റികൾ രൂപീകരിച്ച് കൂടുതൽ ജനപങ്കാളിത്തത്തോടെ പരിപാടികൾ സംഘടിപ്പിക്കുന്ന രീതിയാകും പുതിയ ഭരണസമിതി നടപ്പിലാക്കുക.

യു കെ യിലെത്തന്നെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ. 2007 ൽ നാൽപ്പതോളം കുടുംബങ്ങളുമായി ആരംഭിച്ച സംഘടന 2020 ൽ എത്തിനിൽക്കുമ്പോൾ തൊണ്ണൂറോളം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. യുക്മയിലും മൾട്ടി കൾച്ചറൽ സാംസ്ക്കാരിക പ്രവർത്തങ്ങളിലും ഇതര സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലും സജീവമാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ.

പ്രളയ ദുരിതത്തിലും സാമ്പത്തിക തകർച്ചയിലും തളർന്നിരിക്കുന്നവർക്ക് ഒരു കൈത്താങ്ങായി സ്കെന്തോർപ്പിൽ നിന്നും ഒരു കൂട്ടം മലയാളികൾ . പ്രളയദുരിതത്തിൽ കിടപ്പാടം പോലും പ്രകൃതി തട്ടിയെടുത്തൊപ്പോൾ നോക്കി നിൽക്കാനേ നമുക്ക് കഴിഞ്ഞുള്ളു .ഇപ്രകാരം , കിടപ്പാടം തട്ടിയെടുത്ത് പ്രകൃതി ക്രൂരത കാണിച്ചപ്പോൾ ആ കുടുംബത്തിന് കാരുണ്യ തൈലവുമായി ഒരു കൂട്ടം മലയാളികൾ . മനുഷ്യന് അത്യാവശ്യം വേണ്ട മൂന്ന് കാര്യങ്ങൾ ആണ് വായു , ഭക്ഷണം , പാർപ്പിടം . ഇതിൽ മൂന്നാമത്തെ കാര്യം ചെയ്യാൻ സാധിച്ചതിന്റെ കൃതാർത്ഥതയിൽ വരും വർഷങ്ങളിൽ കൂടുതൽ വീട് വച്ചുനൽകാനുള്ള തയാറെടുപ്പിലാണ് ഇവർ.തങ്ങളുടെ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചു ഒരു കുടുംബത്തിന് വീട് എന്ന സ്വപ്നം സാഷാത്കരിക്കാൻ ഇവർ കാണിച്ച ആത്മാർത്ഥത എത്ര പ്രശംസിച്ചാലും മതി വരില്ല. മറ്റുള്ളവർക്കും ഇത് ഒരു മാതൃകയാവട്ടെ എന്ന് ആശംസിക്കുന്നു . സ്വന്തമായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇവർ തങ്ങളുടെ സഹായം സ്വീകരിച്ചവരുടെയും പേര് പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുമ്പോൾ ഈ കാരുണ്യ പ്രവർത്തിയുടെ മാറ്റ് ഇരട്ടിയാക്കുന്നു. ‘നിന്റെ വലതുകൈ ചെയ്യുന്നത് നിന്റെ ഇടതു കൈ അറിയാതിരിക്കട്ടെ’. എന്തിനും ഏതിനും പരസ്യം ചെയ്ത് കൊട്ടിഘോഷിക്കുന്നവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു കൂട്ടായ്‌മ .ഇത് തന്നെയാണ് ഇവരെ വ്യത്യസ്തരാക്കുന്നതും.

ആദ്യ ഭവനം ഉയർന്നത് കുട്ടനാട്ടിൽ .കുട്ടനാട്ടിലെ കൈനടിയിൽ ആണ് ആദ്യ വീട് നിർമ്മിച്ച് നൽകിയത് . സെയിന്റ് മേരീസ് പള്ളിയിലെ വികാരി അച്ചൻ ജോസഫ് നാല്പതംകുളം വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു.

വരും വർഷങ്ങളിൽ കൂടുതൽ വീടുകൾ വച്ചു കൊടുക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും സാമ്പത്തികയി താഴ്ന്നുനിൽക്കുന്നവർക്ക് , വീട് ഇല്ലാതെ കഷ്ട്ടപെടുന്നുണ്ടെങ്കിൽ ബന്ധപ്പെടുക .ആരെങ്കിലും ഇവരുടെ ആശയങ്ങളോടെ ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം ഉണ്ടെങ്കിലും താഴെകാണുന്ന ഫോൺ നമ്പറിൽ ബന്ധപെടുക . 07508825534

ബിജുഗോപിനാഥ്

നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആവേശപൂർവം എത്തിച്ചേർന്ന പ്രവർത്തകരുടെ സാന്നിധ്യത്തിൽ സമീക്ഷ ദേശിയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളി ആണ് സമീക്ഷയുടെ ഇരുപതാമത്തെ ബ്രാഞ്ച് ബ്രിസ്റ്റോളിൽ ഉദ്‌ഘാടനം ചെയ്തത് . ഫെബ്രുവരി 8 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ശ്രീ .ജാക്സൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ .ജോൺസ് മാമൻ യോഗത്തിനെത്തിച്ചേർന്ന പ്രതിനിധികൾക്ക് സ്വാഗതം ആശംസിച്ചു . തുടർന്ന് സമീക്ഷയുടെ നിലപാടുകളുടെയും കഴിഞ്ഞകാല പ്രവർത്തനങ്ങളെയും ഭാവിപരിപാടികളെയും കുറിച്ച് ദേശിയ സെക്രട്ടറി സംസാരിച്ചു . പിന്നീട് നടന്ന ചർച്ചയിൽ പ്രതിനിധികൾ സമീക്ഷ ബ്രിസ്റ്റോൾ ബ്രാഞ്ചിലും യുകെയിലും ഭാവിയിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച്‌ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു .

ഒരുനൂറ്‌ ദിനങ്ങൾ ഒരായിരം മെമ്പർമാർ എന്ന മുദ്രാവാക്യം ഉയർത്തി സമീക്ഷ നടത്തുന്ന മെമ്പർഷിപ് പ്രവർത്തനത്തിന്റെ ഭാഗമായി സമ്മേളനത്തിൽ പങ്കെടുത്തവർ സമീക്ഷയുടെ മെമ്പർഷിപ് ശ്രീ.ദിനേശ് വെള്ളാപ്പള്ളിയിൽ നിന്നും ഏറ്റുവാങ്ങി.
തുടർന്ന് ബ്രാഞ്ചിന്റെ ഭാരവാഹികളായി ഇവരെ തിരഞ്ഞെടുത്തു .
പ്രസിഡന്റ് : ശ്രീ. ജാക്സൺ ജോസഫ്
വൈ പ്രസിഡന്റ് : ശ്രീ. ജിമ്മി മാത്യു
സെക്രട്ടറി : ശ്രീ.സെൽവരാജ് രഘുവരൻ
ജോ . സെക്രട്ടറി : ജോൺസ് മാമൻ
ട്രെഷറർ :ശ്രീ. അനീഷ് വിരകൻ .
പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ശ്രീ .സെൽവരാജ് ബ്രാഞ്ചുരൂപീകരണത്തിനു സഹായിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

 

ഇംഗ്ലണ്ടിലെ പ്രമുഖ മലയാളി സംഘടനയായ എം.എം.എ യ്ക്ക് നവനേതൃത്വം ചുമതലയേറ്റു.

കഴിഞ്ഞദിവസം എം. എം. എ സപ്ലിമെന്ററി സ്കൂളിൽ പ്രസിഡന്റ് അനീഷ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അരുൺ ചന്ദ് (Arun Chand)ഉം വരവ് ചിലവ് റിപ്പോർട്ട് ട്രഷറർ ബിന്ദു P.K യും അവതരിപ്പിച്ചു.

എം.എം. എയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന സപ്ലിമെന്റ് സ്കൂളിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും മലയാളം ക്ലാസ്സിൽ കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തി വിപുലീകരിക്കാനും പൊതു യോഗം തീരുമാനിച്ചു.

കഴിഞ്ഞ വർഷം നടത്തിയ വിവിധ ആഘോഷങ്ങൾ, മത്സരങ്ങൾ, പദ്ധതികൾ യോഗം വിലയിരുത്തി. കേരളത്തിന്റെ തനതായ സംസ്കാരം വിളിച്ചോതിയ മാഞ്ചസ്റ്റർ പരേഡ്, വിവിധ ഇനങ്ങളിൽ മത്സരിച്ച് വിജയിച്ച യുക്മ ചാമ്പ്യൻ കലാ ചാമ്പ്യൻഷിപ്പ്, കായിക ചാമ്പ്യൻഷിപ്പ്, യുക്മ ദേശീയ കലാ മത്സരങ്ങളിലെ മികച്ച പ്രകടനം ഇവയൊക്കെ വളരെ ഭംഗിയായി നടപ്പിലാക്കിയ മുൻ ഭരണസമിതിയെ പൊതുയോഗം അഭിനന്ദിച്ചു.

തുടർന്ന് 15 ട്രസ്റ്റീ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കെ. ഡി. ഷാജി മോനെ പ്രസിഡന്റ് ആയും മിസ്സിസ് ഷിജി ബിബിനെ(Shiji Biben ) സെക്രട്ടറി ആയും, Dr. രഞ്ജിത്ത് രാജ് ഗോപാലിനെ (Dr.Renjith Raj Gopal)ട്രഷറർ ആയും ശ്രീ സാജു കാവുങ്കയെ  വൈസ് പ്രസിഡന്റ് ആയും. ശ്രീ റോബർട്ട് ബെഞ്ചമിനെ  ജോയിൻ സെക്രട്ടറി ആയും തെരഞ്ഞെടുത്തു.

ശ്രീ ജിജോ വർഗീസ് , ദിനേശൻ ഡി.കെ , ജോജി മാത്യു , വർഗീസ് കോട്ടയ്ക്കൽ , എഡ് വിൻ എഡ് വേർഡ്  , നിതീഷ് ജോസഫ്  മിസ്സിസ് നിഷാ പ്രമോദ്, മിസ്സിസ് രജനി രഞ്ജിത്ത് , മിസ്സിസ് അജിത അജു ശ്രീമതി ബിന്ദു പി കെ  എന്നിവരെ ട്രസ്റ്റീന്റ് ബോർഡിലേക്ക് ട്രസ്റ്റിമാരായും പൊതുയോഗം തെരഞ്ഞെടുത്തു.

ഇംഗ്ലണ്ടിലെ മലയാളികൾക്കിടയിൽ ജാതി മത ചിന്തകൾക്ക് അതീതമായി കൂടുതൽ ശക്തിയോടെ പ്രവർത്തനങ്ങൾ നടത്താനും കേരളീയ തനതായ കൂട്ടായ്മ ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്ത് പൊതു യോഗം അവസാനിച്ചു. അടുത്ത വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ഭംഗിയായി നടത്തുവാൻ വിവിധ കമ്മിറ്റികൾക്ക് രൂപം കൊടുത്ത് പുതിയ ഭരണസമിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

തൃശൂർ, പുതുക്കാട് പഞ്ചായത്തിൽ താമസിക്കും കൃഷ്ണനും ലീലയും ഇന്ന് അപൂർവ രോഗങ്ങൾക്ക് അടിമകളാണ്. കൃഷ്ണൻ ഒരു ടെമ്പോ ഡ്രൈവർ ആയിരുന്നു, ആകസ്മികമായി തളർന്നു വീണ കൃഷ്ണനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിദക്ദ്ധ പരിശോധനയിലാണ് മനസിലാക്കാൻ കഴിഞ്ഞത് കൃഷ്ണന് ഗില്ലാൻബാരി സിൻഡ്രോം എന്ന അപൂർവ രോഗമാണെന്ന് . അതോടുകൂടി കൈകാലുകൾ തളർന്നു കൃഷ്ണൻ കിടപ്പിലാവുകയായിരുന്നു. അതോടെ ആകെയുണ്ടായിരുന്ന കുടുംബത്തിന്റെ വരുമാനം നിലച്ചു.

തൊട്ടടുത്ത മാസം രക്തത്തിലെ സ്വേതാ രക്താണുക്കൾ പൂര്ണവളർച്ചയെത്തുന്നതിനുമുന്പു നശിക്കുന്ന രോഗം ബാധിച്ചു ലീലാമണിയും കിടപ്പിലായി. ത്രിശൂർ മെഡിക്കൽ കോളേജിൽ ആണ് ലീലാമണിയുടെ ചികിത്സ. ലീലാമണിക്കു ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത് അൻപതുലക്ഷത്തിൽ അധികം ചെലവ് വരുന്ന മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രീയയാണ്. ഇതുവരെയുള്ള ചികിത്സകൾ നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് മുൻപോട്ടു കൊണ്ടുപോയത്. വിദ്യാര്ധികളായ മക്കളുടെ വിദ്യാഭ്യാസത്തിനു തന്നെ നല്ലൊരു തുക കടമായി വിവിധ ബാങ്കുകളിൽ നിന്നും എടുത്തിട്ടുണ്ട്. അന്തിയുറങ്ങാൻ വാസയോഗ്യമായ ഒരു വീടില്ലാത്ത കൊണ്ട് വാടക വീട്ടിലാണ് താമസിക്കുന്നത്.

അസാധാരണ രോഗങ്ങളുടെ വേട്ടയാടലിനുമുന്പിൽ പകച്ചു നിൽക്കുകയാണ് ഇ കുടുംബം. കരുണ വറ്റാത്തവരുടെ കരുതലിലാണ് ഇനി പ്രതീക്ഷ. പ്രിയമുള്ളവരേ ഈ നിർധാരരായ കുടുംബത്തെ നമ്മളൊന്ന് മനസുവച്ചാൽ കൈപിടിച്ചുയർത്താൻ കഴിഞ്ഞേക്കും. കൃഷ്ണനെയും ലീലയെയും സഹായിക്കാൻ സന്മനസ്സുള്ള സുഹൃത്തുക്കൾ വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൊണ്ടിലേക്കു നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ ഫെബ്രുവരി ഇരുപതിന്‌ മുൻപായി നിക്ഷേപിക്കാവുന്നതാണ്.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

 ബിജുഗോപിനാഥ്.

കുട്ടികളും കൗമാരക്കാരും ഉൾപ്പെടുന്ന വളർന്നു വരുന്ന തലമുറയ്ക്ക് ആത്മവിശ്വാസം പകരാനും വിവിധ മേഖലകളിൽ പ്രാപ്തരാക്കുവാനും വേണ്ടി UK യിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത് .
ഇതിന്റെ ഭാഗമായി ആവിഷ്കരിച്ച പ്രോഗ്രാം ആണ് STEPS (പടവുകൾ ).

കുട്ടികളുടെ വിദ്യാഭാസവും കലാപരവും കായികവുമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകുക , കുട്ടികൾക്ക് ആത്മവിശ്വാസവും പഠനത്തോട് പോസിറ്റീവ് ആയ മനോഭാവം ഉണ്ടാക്കുക , ഉന്നത വിദ്യാഭാസ മേഖലയിലും തൊഴിൽ മേഖലയിലും മാറിവരുന്ന ട്രെൻഡുകളെയും അവസരങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക കുട്ടികൾക്ക് ടീം വർക്കിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക തുടങ്ങിയവയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

മത്സാരാധിഷ്ഠിതമായ സമൂഹത്തിൽ കമ്മ്യൂണിക്കേഷൻ സ്‌കിൽസിനു വളരെ പ്രാധാന്യം ഉണ്ട് . കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്‌കിൽസ് മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ STEPS പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

കുട്ടികളുടെ മാനസികമായ ആരോഗ്യത്തിനും STEPS പ്രോഗ്രാം വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട് . കുട്ടികളുടെ മനഃശാസ്ത്ര മേഖലയിലും വ്യക്തിത്വ വികസന മേഖലയിലും വ്യക്തുമുദ്ര പതിപ്പിച്ച പ്രമുഖർ ആണ് ഈ പ്രോഗ്രാം രൂപകൽപന ചെയ്തിട്ടുള്ളത്.

സമീക്ഷ STEPS പ്രോഗ്രാമിന്റെ ഉദ്‌ഘാടനവും ആദ്യ അവതരണവും ഫെബ്രുവരി 16 ഞായറാഴ്ച 1 മണിക്ക് മാഞ്ചെസ്റ്റിറിൽ അരങ്ങേറുകയാണ്.

പരിപാടിയുടെ ഭാഗമായി വിജ്ഞാനപ്രദമായ വൈവിധ്യമാർന്ന സെഷനുകൾ ആണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.

പ്രോഗ്രാമിലെ മുഖ്യപ്രഭാഷകർ ആയി പങ്കെടുക്കുന്നത് ഇംഗ്ലണ്ട് ഹോക്കി ടീമിന്റെ മനഃശാസ്ത്രവിദഗ്ധൻ ആയിരുന്ന Paul Connolly യും കുട്ടികളുടെ മനഃശാസ്ത്ര വിഷയത്തിൽ വിദഗ്ദ്ധയും ഷെഫീൽഡ് Children’s Hospitalഇൽ കോൺസൾട്ടന്റുമായ സീന പ്രവീണും ആണ് . ഇവർ സദസ്സിലുള്ള കുട്ടികളുടെയും മുതിർന്നവരുടെയും സംശയങ്ങൾക്ക് മറുപടി നൽകും .

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ ആദരിക്കുകയും പങ്കെടുക്കുന്ന കുട്ടികൾക്ക് അവരുമായി ഇടപഴകാനും അവസരം ഒരുക്കുന്ന Meet the Stars എന്ന ഒരു സെഷനും ഉൾപ്പെടുത്തിയിട്ടുണ്ട് .

ജിജു സൈമൺ ,സീമ സൈമൺ , ആഷിക് തുടങ്ങിയവർ ആണ് ഈ പ്രോഗ്രാമിന് നേത്രത്വം നൽകുന്നത്.

ടീം ബിൽഡിംഗ് പേഴ്സണാലിറ്റി ഡെവലെപ്മെന്റ് എന്നിവ അടിസ്ഥാനമാക്കി ചില ഗെയിം സെഷനുകളും ഉണ്ടാവുന്നതാണ് .

പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി സമീക്ഷ മാഞ്ചസ്റ്റർ ബ്രാഞ്ച് ജിജു സൈമൺ , കെ.ഡി.ഷാജി മോൻ , ജോസഫ് ഇടിക്കുള തുടങ്ങിയവരുടെ നേത്രത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്.

യുകെയിലെ ഏറ്റവും വലുതും ശക്തവുമായ അസോസിയേഷനുകളിലൊന്നായ ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിക്ക്‌ പുതിയ ഭരണസമിതി. യുയുകെ എംയിലെ ചാമ്പ്യൻ അസ്സോസിയേഷനായ ബിസിഎംസി- യെ 2020 – 2021 കാലയളവിൽ നയിക്കുവാനുള്ള ഭരണസമിതിയെ ജനുവരി 11 ന് ചേർന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് തെരഞ്ഞെടുത്തത്. പ്രസിഡന്റായി ജെസ്സിൻ ജോൺ കൊഴുവന്താനം, സെക്രട്ടറിയായി സജീഷ് ദാമോദരനും, ട്രഷററായി ബിജു ജോൺ ചക്കാലക്കൽ, വൈസ് പ്രസിഡന്റായി ജെമി ബിജു, ജോ.സെക്രട്ടറിയായി മനോജ് ആഞ്ചലോ, കൾച്ചറൽ കോ-ഓർഡിനേറ്ററായി ജിതേഷ് നായർ എന്നിവരെ തെരഞ്ഞെടുത്തു. ഷൈനി നോബിൾ, ഷീന സാജു എന്നിവരാണ് ലേഡീസ് റപ്രസെന്റേറ്റീവ്സ്, യൂത്ത് കോ-ഓർഡിനേറ്റേഴ്സായി അലൻ ജോയി, റ്റാനിയ ബിജു എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ 15 വർഷത്തോളമായി ബർമിംഗ്ഹാമിലും പരിസരത്തുമായി അധിവസിക്കുന്ന നൂറ്റി അറുപതോളം കുടുംബങ്ങളുടെ കൂട്ടായ്മയാണ് ബി സി എം സി. കലാകായിക രംഗത്ത് എപ്പോഴും വിജയശ്രീലാളിതരായി നിൽക്കുന്ന അസോസിയേഷനാണ് ബിസിഎംസി. യുകെയിലും വിദേശത്തും ധാരാളം ആരാധകരെ നേടിയെടുത്തവരാണ് ബിസിഎംസി യുടെ വടം വലി ടീം. കുട്ടികളുടെയും മുതിർന്നവരുടെയും അഭിരുചിക്കനുസരിച്ച് വൈവിധ്യമാർന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതോടൊപ്പം, ധാരാളം ചാരിറ്റി പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്ന അസോസിയേഷനാണ് ബിസി എംസി. ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് നിലവിലെ ഭാരവാഹികളായ സാന്റോ, ജേക്കബ്, ജെയിംസ്, റെജി, രാജീവ്, റാണി, ബീന, ജോളി, ജീൽസ്, ജോയൽ, ആര്യ എന്നിവർ നേതൃത്വം കൊടുത്തു.

ചാലക്കുടി മേഖലയിൽ നിന്നും, യുകെയിൽ കുടിയേറിയ എല്ലാവരും 2020ജൂൺ 27ന് ശനിയാഴ്ച ബിർമിംഗ്ഹാം അടുത്തുള്ള വൾസാലിൽ സംഗമിക്കുന്നു. നാടിന്റെ, നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹാർദ്ദം പുതുക്കാനും ഈ കൂട്ടായ്‌മ ഹേതുവാകുന്നു എന്നുള്ളത് അഭിമാനാര്ഹമാണ്. കഴിഞ്ഞ ഡിസംബർ 28ന് കൂടിയ ക്രിസ്മസ് &ന്യൂ ഇയർ കൂട്ടായ്‌മയിൽ വച്ച് 2020 ജൂൺ 27ശനിയാഴ്ചയിലെ എട്ടാമതു വാർഷിക സംഗമത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ നിലവിൽവന്നു. അന്നേദിവസം രാവിലെ 10മണി മുതൽ വൈകുന്നേരം 6മണി വരെയാണു കലാസാസ്‌കാരികസമ്മേളനo ഒരുക്കിയിരിക്കുന്നത്. വിഭവസമൃദ്ധമായ നാടൻ സദ്യ ഒരുക്കുന്നുണ്ട്. ഈ കലാവിരുന്നിലേക്കു എല്ലാവരെയും ഒരിക്കൽകൂടി ഹാർദ്ദമായി സ്വാഗതം ചെയിതുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കു ഭാരവാഹികളുമായി ബന്ധപ്പെടേണമെന്ന്‌ താൽപ്പര്യപെടുന്നു.
പ്രസിഡന്റ്‌ സൈബിൻ പാലാട്ടി വാൾസാൽ  07411615189
സെക്രട്ടറി ബിജു അമ്പൂക്കൻ വാൾസാൽ 07903959086
ട്രെഷരാർ ഷൈജി ജോയ്  07846792989.
                
               

യുക്മ നേഴ്സസ് ഫോറം എന്ന (UNF) യു എൻ എഫിന്റെ സ്ഥാപനം മുതൽ നാളിതുവരെ ആ പ്രസ്ഥാനത്തിൻറെ വളർച്ചയിലും പ്രവർത്തിയിലും ഒരു നിർണായക പങ്കു വഹിച്ച വ്യക്തിയാണ് ശ്രീ തമ്പി ജോസ്. ലിവർപൂളിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട അതിൻറെ ലീഗൽ സെല്ലിന്റെ ചെയർമാനായി നിയമിതനായ നാൾമുതൽ നഴ്സുമാരെ ബാധിക്കുന്ന നിയമപ്രശ്നങ്ങൾ വസ്തുനിഷ്ടമായും ആധികാരികമായും അനുഭവങ്ങളുടെയും കേസുകളുടെയും പിൻബലത്തിൽ അവതരിപ്പിച്ച് യുകെയിലെ എല്ലായിടത്തും നിന്നുമുള്ള അനേകം നഴ്സുമാർക്ക് വെളിച്ചം വീശിയിട്ടുണ്ടദ്ദേഹം. യു എൻ എഫ് സംഘടിപ്പിച്ച എല്ലാ ട്രെയിനിങ് കരിയർ സെമിനാറുകളിലും എന്നും ഒരു നിറസാന്നിദധ്യമായിരുന്നു- ഒരുപ്രതിഫലവും പ്രതീക്ഷിക്കാതെ സ്വന്തം സമയവും അർത്ഥവും ചെലവഴിച്ച് എത്രയോ പ്രശ്നങ്ങളിൽപ്പെട്ട നഴ്സുമാർക്ക് അത്താണിയും ആശ്വാസവും ആയിരിക്കുന്നു. എൻഎംസി ലണ്ടനിലും കാർഡിഭിലും ആയി ഒരാഴ്ച വരെ നീളുന്ന ഹിയറിങ്ങുകൾക്ക് പോലും പോകുമ്പോൾ മനസ്സിലാക്കാൻ വിഷമം തോന്നുന്ന ഒരു പ്രവർത്തന ശൈലിയാണ് അദ്ദേഹത്തിന്റേത്. ഒരു വ്യക്തി എന്ന നിലയിൽ യുകെയിലെ മലയാളി നഴ്സുമാർക്ക് ഏറ്റവും സഹായം നൽകിയത് ശ്രീ തമ്പി ജോസ് ആണെന്ന ഒരു തിരിച്ചറിവാണ് ഈ സന്ദർഭത്തിൽ യു എൻ എഭിൻറെ അകമഴിഞ്ഞ പ്രശംസ അർപ്പിക്കുവാൻ പ്രേരിപ്പിക്കുന്നത്.

രണ്ടായിരാമാണ്ട് തുടക്കത്തിൽ ലിവർപൂളിൽ ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും കുടിയേറിപ്പാർത്ത ലിവർപൂൾ മലയാളികൾക്ക് ഒരു മാർഗ്ഗദർശി ആയിരുന്നു ശ്രീ തബ്ബി ജോസ്. ഇന്നത് ആളുകൾക്ക് അംഗീകരിക്കുവാൻ വിഷമമുണ്ട് എന്നത് വിധിവൈപരീത്യം. ഭാഷയുടെയും സംസ്കാരത്തെയും പരിചയത്തിന്റെയും മുൻപിൽ പകച്ചു നിന്ന ഒരു ചിതറിയ സമൂഹത്തെ ഒന്നിച്ചു കൂട്ടാനും അവരുടേതായ സാന്നിധ്യവും ഐഡൻറിറ്റിയ്യും സൃഷ്ടിക്കുവാൻ തമ്പി നൽകിയ നേതൃത്വം അനന്യമാണ്. അദ്ദേഹത്തിൻറെ നേതൃത്വത്തിലാണ് ലിവർപൂൾ കേരള കാത്തലിക് സൊസൈറ്റി (LKCS) 2003ൽ രൂപംകൊണ്ടത്. ഒരുപക്ഷേ യുകെയിലെ ആദ്യത്തെ കുടിയേറ്റ മലയാളി കത്തോലിക്കാ സംഘടിത സംവിധാനമായിരുന്നിരിക്കാം അത്. ആദ്ധ്യാത്മിക മേഖലയിൽ അത് നൽകിയ സംഭാവനകൾ പോലെ തന്നെയാണ് മലയാളി സമൂഹത്തിന് അത് നൽകിയ സമൂഹാധിഷ്ഠിതമായ സംഭാവനകൾ. സോഷ്യൽ ഇൻറഗ്രേഷനും തദ്ദേശീയ ശ്രേണികളിലുള്ളവരുമായുള്ള ഇഴയടുപ്പവും അത് നൽകിയ സംവിധാനങ്ങളും ദിവ്യബലിയും മറ്റു ദൈവികാരാധനകളും മതബോധന ക്ലാസ്സുകളും മറ്റും മുറതെറ്റാതെ നടത്തുമ്പോൾ തന്നെ മതവിഭാഗങ്ങളുടെ വേലിക്കെട്ടിനുള്ളിൽ തളച്ചിടാതിരിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇന്ന് അത് മറിച്ചുള്ള ഒരു അനുഭവ യാഥാർത്ഥ്യവും. അദ്ദേഹം ഒരു മതവാദി ആയിരുന്നില്ല എന്നാൽ ആദ്ധ്യാത്മികതയിൽ നിലപാടുകൾ ഉണ്ടായിരുന്നു.

2003 ഓഗസ്റ്റ് പതിമൂന്നാം തീയതി ലിവർപൂൾ കാത്തീഡ്രലിൽ ഇംഗ്ലീഷുകാർക്കായി ബഹു: നായ്ക്കംപറമ്പിൽ അച്ഛൻറെ ഏകദിന ധ്യാനത്തിന് 3500 പരം വെള്ളക്കാർക്ക് പങ്കെടുക്കുവാൻ അവസരം ഉണ്ടാക്കുവാൻ അദ്ദേഹത്തിൻറെ ദൈവ സന്നിവേശമായ ഒരു ചരിത്രനിയോഗം ആയിരുന്നു. ഒരു കുടിയേറ്റ സമൂഹത്തെക്കുറിച്ചുള്ള തദ്ദേശീയ ധാരണയിൽ കാതലായ മാറ്റം വരുത്തിയ ഒരു നാഴികക്കല്ലാണ് ഈ ആധ്യാത്മിക സംഭവം.

തമ്പി ജോസിന്റെ മറ്റൊരു വലിയ സംഭാവന എന്ന് പറയുന്നത് ലിംക ( LIMCA) എന്ന് അറിയപ്പെടുന്ന ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ UK യിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മലയാളി അസോസിയേഷനാണ്. ഒന്നര പതിറ്റാണ്ടുകൾക്ക് മുന്‍പ് തമ്പി ജോസ് പ്രസിഡന്റ് ആയി തുടക്കം കുറിച്ച ലിംക ഇന്നു ലിവര്‍പൂള്‍ മലയാളികളുടെ മുഖമുദ്ര ആയി മാറികഴിഞ്ഞു . ഒന്നര പതിറ്റാണ്ടായി എല്ലാ വർഷവും നവംബർ മാസത്തിൽ ലിംക നടത്തുന്ന ചില്‍ഡറന്‍സ് ഫെസ്റ്റിവലില്‍ കൂടി ഒട്ടേറെ കുട്ടികള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചു. ഈ ആശയങ്ങളുടെ എല്ലാം ഉപജ്ഞതാവ് ശ്രീ തമ്പി ജോസ് ആയിരുന്നു . ലിംക നടത്തുന്ന മലയാളം സ്കൂളും അതോടൊപ്പം മലയാളം പുസ്തകങ്ങള്‍ സങ്കടിപ്പിച്ചു കൊണ്ട് തുടക്കം ഇട്ട ലൈബ്രറിയും ലിവർപൂളിലെ ഇളം തലമുറയെ മലയാള ഭാഷയുമായുള്ള ബന്ദം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. നിലവിൽ ലിംകയുടെ പ്രസിഡണ്ട് ആയി അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ദേഹത്തിൻറെ പ്രാവീണ്യം ഏറ്റവും പ്രയോജനം ചെയ്തത് അദ്ദേഹത്തിനോ കുടുംബത്തിനോ ആല്ല മറിച്ച് സമൂഹത്തിനാണ്. എൻ എം സിയിലും സോഷ്യൽ സർവീസ് മേഖലകളിലും പോലീസ് സംബന്ധമായ വിഷയങ്ങളിലും ഇടപെടലുകൾ മറ്റുള്ളവർക്കുവേണ്ടി നടത്തുമ്പോൾ ഒക്കെ പ്രയോജനം ലഭിച്ചത് സമൂഹത്തിനാണ്. തൊഴിൽ മേഖലകളിൽ ഉന്നതിക്കുവേണ്ടി തയ്യാറാക്കുന്ന പ്രബന്ധങ്ങൾ, വിദ്യാർത്ഥികൾക്ക് വേണ്ട കരിയർ ഗൈഡൻസ് തുടങ്ങിയ സാമൂഹികപ്രതിബദ്ധതയുള്ള കാര്യങ്ങളിലെല്ലാം ഈ ഭാഷാനൈപുണ്യം ലാഭേച്ഛകൂടാതെ പ്രയോജനകരമായിട്ടുണ്ട്.

പാലാ സെൻറ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 1963ൽ തുടങ്ങിയ അദ്ദേഹത്തിൻറെ വിദ്യാഭ്യാസ യാത്ര അവിടുന്ന് ലഭിച്ച ആദ്യ സ്വർണമെഡലിൽ തുടങ്ങി, പാലാ സെൻറ് തോമസ് കോളേജിൽ ഡിഗ്രിയിൽ എത്തി, കാര്യവട്ടം യൂണിവേഴ്സിറ്റി സെന്ററിൽ നിന്നും എക്കണോമിക്സിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി, തിരുവനന്തപുരം ഗവൺമെൻറ് ലോ കോളേജിലെ നിയമ പഠനത്തിലൂടെ കടന്നു ലിവർപൂൾ ഹോപ്പ് യൂണിവേഴ്സിറ്റിയിൽനിന്ന് എം പി എയിൽ എത്തി നിൽക്കുന്ന വിദ്യാഭ്യാസ മികവ് പ്രശംസനീയം തന്നെ. ആ ലഭിച്ച അറിവുകളും കഴിവുകളും സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയുന്നതിലപ്പുറവും സമൂഹത്തിനു വേണ്ടി ഉപയോഗിച്ചു എന്ന് പറയുമ്പോഴാണ് കർമ്മശ്രേഷ്ഠം എന്ന പദവി അന്വർത്ഥമാകുന്നത്.

ഒരു വിളിപ്പുറത്തിനിപ്പുറം ഏത് ആവശ്യത്തിനും ഒരു സഹായ ഹസ്തം ആയി അദ്ദേഹം വിനയാന്വിതനായി നിലകൊണ്ടത് അദ്ദേഹത്തിൻറെ മൂല്യം കുറച്ചു കാണുവാൻ ഇടയായിട്ടുണ്ട്. നാട്ടിൽ നിന്നും പ്രഗൽഭരായ അന്തരിച്ച ജി കാർത്തികേയനും നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ പാലോട് രവിയും, സാഹിത്യകാരൻമാരായ ജോർജ് ഓണക്കൂറും, സക്കറിയയും മുൻ എംഎൽഎ ഇ എം ആഗസ്തിയും മുൻ എംപി തലേക്കുന്നിൽ ബഷീർ തുടങ്ങിയ അതി പ്രശസ്തർ യുകെയിൽ എത്തിയപ്പോഴാണ് നമ്മൾ തിരിച്ചറിയാതിരുന്ന നമ്മുടെ തമ്പി ജോസഫിൻറെ ഒരു വ്യക്തിത്വം മനസ്സിലാക്കുന്നത്.

വിദ്യാർത്ഥി യൂണിയൻ യുവജന നേതാവായി എണ്ണം പറഞ്ഞ ഒരാളായി തിളങ്ങി നിന്നപ്പോഴും പഠന മേഖലയിൽ അങ്ങേയറ്റം അംഗീകരിക്കപ്പെട്ടിരുന്നു. അന്ന് തിരുവനന്തപുരം സർക്കിളിൽ വളരെ പ്രതീക്ഷയോടെ ഒരു ഭാവി തമ്പി ജോസിൽ ഗുരുക്കന്മാർ കണ്ടിരുന്നു. ഡോക്ടർ സി രാധാകൃഷ്ണൻ ഫൗണ്ടേഷൻ എന്ന ഗവേഷണ സ്ഥാപനത്തിൻറെ സ്ഥാപക സെക്രട്ടറി ആയിരുന്നു അദ്ദേഹം. ഇന്ന് ലോകമൊന്നാകെ വിളിച്ചുപറയുന്ന ഗ്രീൻ വേൾഡിന്റെ പ്രസക്തി കാലേക്കൂട്ടി തിരിച്ചറിഞ്ഞ് തിരുവനന്തപുരം ആസ്ഥാനമാക്കി മാൻ ആൻഡ് നേച്ചർ എന്ന പഠന കേന്ദ്രം കേരള യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്ന ഡോക്ടർ നന്ദകുമാറിനോടൊപ്പം ആരംഭിച്ച ഒരു ക്രാന്തദർശി ആയിരുന്നു അദ്ദേഹം. യുകെയിലേക്ക് കുടിയേറുന്ന 2002 വരെ ആ സ്ഥാപനത്തിൻറെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

കർമ്മ ശ്രേഷ്ഠ എന്ന ഈ പുരസ്കാരം അദ്ദേഹത്തിനു വളരെ വളരെ വൈകി വന്ന ഒരു അംഗീകാരമാണ്. അതിൻറെ അർഹത സംശയരഹിതവും. ഏത് പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും സമൂഹത്തിൻറെ സ്ഥായിയായ നന്മയ്ക്ക് പ്രേരകം ആണെന്ന് ഉറച്ചുവിശ്വസിക്കുന്ന അദ്ദേഹം യുകെ മലയാളി സമൂഹത്തിൽ ഒരു മുതൽക്കൂട്ടാണ്.

കോട്ടയം ജില്ലയിലെ പാല കുരിശുംമൂട്ടില്‍ കുടുംബാംഗമായ തമ്പി ജോസ് മേഴ്‌സി റെയിലിൽ ഓഫീസറായി ജോലി നോക്കുന്നു. ലിവർപൂൾ റോയൽ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിചെയ്യുന്ന ശ്രീമതി ആനി ജോസഫാണ് ഭാര്യ. ലണ്ടൻ കിംഗ്സ് കോളേജിൽ മെഡിസിന് പഠിക്കുന്ന നയൻ തമ്പി മകളും ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന അതുൽ തമ്പി മകനുമാണ്. അചഞ്ചലമായ ആയ ഈ സൽപ്രവർത്തിക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന കുടുംബാംഗങ്ങൾക്ക് യു കെ മലയാളികളുടെ പ്രണാമം.

യു എൻ എഫ് അദ്ദേഹത്തിൻറെ നിസ്സീമമായ പ്രവർത്തനങ്ങളെ സ്ലാഘിക്കുകയും നന്മകൾ നേരുകയും ചെയ്യുന്നു. വൈകിയ വേളയിലും അദ്ദേഹത്തെ അംഗീകരിക്കുവാനും ആദരിക്കുവാനും കാണിച്ച ആർജ്ജവത്തിന് യുക്മയെ അഭിനന്ദിക്കുന്നു.

Copyright © . All rights reserved
➤