Association

അപ്പച്ചൻ കണ്ണഞ്ചിറ

കേംബ്രിഡ്ജ് : യു കെ യിൽ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, പുതുമുഖ പ്രതിഭകൾക്ക് അവസരമൊരുക്കിയും, നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും മലയാളികൾക്കിടയിൽ ഏറെ പ്രശസ്തമായ 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു കേംബ്രിഡ്ജിൽ സീസൺ 8 നു വേദിയൊരുങ്ങുന്നു. 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 8 & ചാരിറ്റി ഈവന്റിന് ഇത്തവണ അണിയറ ഒരുക്കുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനയായ ‘കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷൻ’ ആണ്.

യു കെ യുടെ ചരിത്രം ഉറങ്ങുന്ന നഗരിയും, സാംസ്ക്കാരിക കേന്ദ്രവും, വിദ്യാഭ്യാസ മേഖലയിൽ ആഗോളതലത്തിൽ പ്രശസ്തവുമായ കേംബ്രിഡ്ജിൽ ‘ദി നെതെർഹാൾ സ്‌കൂൾ’ ഓഡിറ്റോറിയത്തിലാണ് സംഗീത-നൃത്തോത്സവത്തിനായി വേദി ക്രമീകരിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 22 നു ശനിയാഴ്ച്ച 2 മണിമുതൽ രാത്രി 10 മണി വരെയാണ് സംഗീതോത്സവം നടക്കുക.

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ നടത്തപ്പെടും. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയ കവിയുടെ സംഗീതാർച്ചനയുമായി നിരവധി ഗായക പ്രതിഭകൾ ഗാന വിരുന്നൊരുക്കുമ്പോൾ 7 ബീറ്റ്‌സ് സംഗീതോത്സവം നാളിതുവരെയുള്ള വർഷങ്ങളിൽ ഓ എൻ വി സാറിനായി ഒരുക്കുന്ന കലാ സമർപ്പണം കൂടിയാവും സംഗീതോത്സവം.

കലാസ്വാദകർക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ കലാവിരുന്നാണ് കലാസ്വാദകർക്കായി ഒരുക്കുക.സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവന്റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ഏഴു വർഷമായി കേരളത്തിലെ നിരവധി നിർദ്ധനരായ കുടുംബങ്ങളെ സഹായിക്കുവാൻ 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകർക്ക്‌ സാധിച്ചിട്ടുണ്ട്.

കലയുടെ കേളികൊട്ടും, സംഗീത വിരുന്നും, കലാസ്വാദകരുടെ വൻ പങ്കാളിത്തവും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ നെഞ്ചിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 8 -ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

Venue:-
The Netherhall School, Queen Edith’s Way, Cambridge, CB1 8NN

കോൺവാളിൽ ട്രൂറോമലയാളി അസോസിയേഷൻ അതിവിപുലമായ ഓണഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തനതായ കലാപരിപാടികളും മത്സരങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയും,വടം വലി മത്സരവും ചേർന്ന ട്രൂറോ മലയാളിക്കൊപ്പമുള്ള ഓണം 2024, സെപ്റ്റംബർ 22 ഞായറാഴ്ച സെൻ്റ് എർമെ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

കോൺവാളിലെ എല്ലാ മലയാളികള്‍ പങ്കെടുക്കുന്ന ഈ മഹാ മാമാങ്കത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ന്യൂസ് ഡെസ്ക് . മലയാളം യുകെ

പുതിയതും എന്നാൽ പുതുമ നിറഞ്ഞതുമായ പ്രവർത്തനങ്ങളിലൂടെ യോർക്ഷയറിൽ മുൻനിരയിലേയ്ക്കെത്തുന്ന യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയുടെ പ്രഥമ ഓണാഘോഷം വർണ്ണാഭമായ കലാവിരുന്നോടെ സെപ്റ്റംബർ 15 -ന് ഹരോഗേറ്റിൽ നടന്നു. ഹരോഗേറ്റിലെ ബിഷപ്പ് മോൺക്ടൺ വില്ലേജ് ഹാളിൽ ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക് ഈശ്വരപ്രാർത്ഥനയോടെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. തുടർന്ന് യോർക്ഷയർ കേരള കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ കഥയും തിരക്കഥയും സംവിധാനവും ശബ്ദവും നൽകി അഭിനയിച്ച ഓണം സ്കിറ്റ് അരങ്ങേറി. ഇതുവരെയും കാണാത്ത തീതിയിൽ അവതരിപ്പിച്ച ഓണം സ്കിറ്റ് കാണികൾക്ക് വേറിട്ടൊരനുഭവമായി മാറി. തുടർന്ന് മാവേലിയുടെ എഴുന്നള്ളത്തായിരുന്നു. താലപ്പൊലിയും ചെണ്ടമേളങ്ങളും വാളും പരിചയുമേന്തിയ കളരിപ്പയറ്റുകാരുടെയും നടുവിൽ ഓലക്കുടയും പിടിച്ച് സൈക്കിൾ ചവിട്ടിയാണ് മാവേലി ഇക്കുറിയെത്തിയത്.

ഓണാഘോഷത്തിൽ പങ്കെടുത്ത പാശ്ചാത്യ സമൂഹത്തിന് ഈ ഘോഷയാത്ര വേറിട്ടൊരനുഭവമായിരുന്നു. റിപ്പണിൽ നിന്നുള്ള ഷിജു മാത്യുവാണ് മാവേലിയായി വേഷമിട്ടത്. തുടർന്ന് നല്ലൊരു ഓണസന്ദേശം നൽകി മാവേലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചീഫ് ഗസ്റ്റുമാരായ റിച്ചാർഡ്, ഡീക്കൻ ഡേവിഡ്, യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കുചേർന്നു. അപ്രതീക്ഷിതമായ തിരക്കുകൾ മൂലം ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ സിറ്റിംഗ് എംപി യോർക്ഷയർ കേരള കമ്മ്യൂണിറ്റിക് ആശംസയറിയിച്ച് അയച്ച വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു. പ്രാദേശിക സമൂഹം പ്രവാസി മലയാളികൾക്കു കൊടുക്കുന്ന പരിഗണനയുടെ പ്രകടമായ തെളിവാണിത്.

ഓണപ്പാട്ട്, തിരുവാതിര, കോലുകളി, കൈകൊട്ടികളി, മുപ്പതോളം കുട്ടികൾ ഒരുമിച്ചവതരിപ്പിച്ച പൂവിളി നൃത്തം തുടങ്ങി ഓണത്തിൻ്റെ ഓർമ്മ മലയാളികളുടെ മനസ്സിൽ നിലനിർത്തുന്ന കലാവിരുന്നാണ് സ്‌റ്റേജിൽ അരങ്ങേറിയത്. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയായിരുന്നു. ഓണസദ്യയ്ക്ക് ശേഷം വിശാലമായ ഗ്രൗണ്ടിൽ കായിക മത്സങ്ങൾ നടന്നു. മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒരുപോലെ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള മത്സരങ്ങളാണ് സംഘാടകർ ഒരുക്കിയിരുന്നത്.
വടംവലി, ഉറിയടി തുടങ്ങിയ പരമ്പരാഗതമായ മത്സരങ്ങളാണ് ഏറ്റവും കൂടുതൽ ആസ്വാദന സുഖമുണ്ടാക്കിയത്.

പ്രത്യേകം ക്ഷണിതാക്കളായ പ്രാദേശിക സമൂഹം മലയാളികളേക്കാൾ കൂടുതൽ ആവേശത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയത് വ്യത്യസ്തമായ കാഴ്ചയായിരുന്നു. പ്രത്യേകിച്ചും സ്ത്രീകളുടെ വടം വലി മത്സരത്തിൽ ആവേശം മൂത്ത് ഒരു ഇംഗ്ലീഷ് പെൺകുട്ടി ഉടുത്തിരുന്ന സാരി പുരുഷന്മാർ മുണ്ട് മടക്കിക്കുന്നതുപോലെ മടക്കിക്കുത്തി വടം വലിക്കിറങ്ങിയത് കാണികൾക്ക് കൗതുകവും മത്സരാർത്ഥികൾക്ക് ആവേശവും പകർന്നു.

മത്സര വിജയികൾക്ക് ഡോ. റിച്ചാർഡ് സമ്മാനദാനം നിർവ്വഹിച്ചു. ചുവന്ന കാർപ്പെറ്റിലൂടെ നടന്ന് വന്ന് പോടിയത്തിൻ്റെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിന്നുകൊണ്ട് സമ്മാനങ്ങൾ വാങ്ങിയ വിജയികൾക്ക് അതൊരു പ്രത്യേക അനുഭവം തന്നെയായിരുന്നു. തുടർന്ന് യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് നന്ദി പ്രസംഗം നടത്തി. 6.30 തോടു കൂടി. യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടികൾ അവസാനിച്ചു.

യോർക്ഷയർ കേരള കമ്മ്യൂണിറ്റിയെ നയിക്കുന്നവർ ഇവരാണ്. ബിനോയ് അലക്സ് ( പ്രസിഡൻ്റ്, സിനി ജയൻ (സെക്രട്ടറി) ജോഷി ജോർജ്ജ് (ട്രഷറർ), ഗ്ലാഡിസ് പോൾ (ജോയിൻ്റ് സെക്രട്ടറി) കുര്യൻ പൈലി (ജനറൽ കോർഡിനേറ്റർ) കൂടാതെ ഈവൻ്റ് കോർഡിനേറ്ററുമാരായ സിജിമോൾ കരേടൻ , ബെൻസ് തോമസ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവരാണ് യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയുടെ നെടുംതൂണുകൾ.

 

റെക്സം കേരളാ കമ്മ്യൂണിറ്റി (WKC)യുടെ തിരുവോണാഘോഷം 14-ാം തീയതി ശനിയാഴ്ച റെക്സം വാർമെമ്മോറിയൽ ഓഡിറ്റോറിയത്തിൽ പ്രഡഗംഭീരം നടത്തപെട്ടു. രാവിലെ പത്തു മണിക്ക് രജിസ്ട്രേഷൻ, തുടർന്ന് അത്തപ്പൂക്കളം ഇടീൽ കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ആനക്ക് വാലുവര, കസേരകളി,. സുന്ദരിക്ക് പൊട്ടുതൊടൽ എന്നിവ മത്സരത്തേക്കാൾ ഉപരി ഏവർക്കും ചിരിപകരുന്ന അനുഭവമായി.

12 മണിയോടെ നാലു ടീമുകൾ ആവേശത്തോടെ നടത്തിയ വടം വലി മത്സരം കാണികൾ ഹർഷാരവത്തോടെയാണ് പ്രോൽസാഹിപ്പിച്ചത്. മനോജ് നാരായണൻ സ്പോൺസർ ചെയ്ത 250 /- പൗണ്ട് ക്യാഷ് പ്രൈസും, WKC സ്പോൺസർ ചെയ്ത ഏവർ റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള ശക്തമായ മത്സരത്തിന് റോഷൻ ക്യാപ്റ്റനായ പാപ്പൻ ആന്റ് ടീം, ബെന്നി ക്യാപ്റ്റനായ ഗുരുക്ഷേത്ര ടീം, സെബാസ്റ്റ്യൻ ക്യാപ്റ്റനായ റെക്സം വാര്യയേഴ്സ്, അജു ക്യാപ്റ്റനായ റെക്സം മല്ലൂസ് .എന്നിവരുടെ ശക്തമായ മൽസരം റെക്സം മലയാളികൾക്ക് പുതു അനുഭവമായിരുന്നു..

ബെന്നി ക്യാപ്റ്റനായ ഗുരു ക്ഷേത്ര ഒന്നാം സ്ഥാനവും അജു കാപ്റ്റനായ റെക്സം മല്ലൂസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി, ആൻസിയും, ബീനയും നേതൃത്വം നല്കിയ സ്ത്രീകളുടെ ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി
.
പുരുഷൻമാർക്ക് ഒപ്പം സ്ത്രീകളും വടം വലി മത്സരത്തിൽ മാറ്റുരച്ചത് മൽസരത്തേക്കാൾ ഉപരി ഏവർക്കും സന്തോഷം പകരുന്നതായി.

ഒരുമണിയോടെ വിഭവ സമൃദ്ധമായ ഓണസദ്യയും . തുടർന്ന് ബ്രിട്ടീഷ് മലയാളി അവാർഡ്ദാനത്തിലെ അവതാരകരായ അന്നപോളും, പ്രിൻസ് സേവ്യറും ചേർന്ന് വിശിഷ്ട അതിഥികളായ റെക്സം സിറ്റി മേയർ മാഡം ബെറിൽ ബ്ലാക്ക് മോർ, മേയർ കൺസോൾഡ് ഡൊറോത്തി ലോയഡ് എന്നിവരെ മഹാബലിയോടും പുലികളി സംഘത്തോടും ഒപ്പം ചേർന്ന് കമ്മറ്റി അംഗങ്ങൾ ചെണ്ടമേള അകമ്പടിയോടെ സ്റ്റേജി ലേക്ക് ആനയിച്ചു. തുടർന്ന് ഇവാൻജല പ്രിൻസ് ഈശ്വര പ്രാർത്ഥനയും ധന്യാ മനോജ്‌ ഓണത്തിന്റെ ഐതീഹ്യം വിവരിച്ച് സ്വാഗതപ്രസംഗവും നടത്തി. തുടർന്ന് പ്രസിഡന്റും വിശിഷ്ട വ്യക്തികളും ചേർന്ന് തിരി തെളിച്ച് ഉൽഘാടന കർമ്മം നിർവഹിച് ഏവർക്കും ആശംസകൾ നേർന്നു. നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കളെ പൂഞ്ചെണ്ട് കൊടുത്ത് സ്റ്റേജിൽ ആദരിച്ചത് നമ്മുടെ മാതാപിതാക്കളോടുള്ള സ്നേഹത്തിന്റ പ്രകടനമായി മാറി.


.
തുടർന്ന് നടന്ന കലാപരിപാടികൾ ഏവർക്കും ആസ്വാദകരം ആയിരുന്നു. തിരുവാതിര,, വള്ളംകളി, ഫ്യൂഷൻ ഡാൻസ് പാട്ടുകൾ, സ്കിറ്റുകൾ, കപ്പിൾ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ ഏവരുടേയും മനം കവരുന്നതായിരുന്നു.

സദസിന്റെ മുഴുവൻ കൈയടി നേടിയ കേരള മങ്ക പുരസ്കാരത്തിന് റ്റിൻറുവും കേരള ശ്രീമാൻ പുരസ്കാരം മനുവും കരസ്ഥമാക്കി. അഞ്ചു മണിയോടെ ചൂട് പാറുന്ന ചെറുകടികളും ചായ, കാപ്പി എന്നിവ ഏവർക്കും നൽകിയത് കൂടുതൽ ഊർജം പകരുന്നത് ആയിരുന്നു.

പതിനാല് സമ്മാനങ്ങൾ ഉൾകൊള്ളുന്ന റാഫിൾ ടിക്കറ്റ് ഏവർക്കും ഭാഗ്യം പരീക്ഷി ക്കുന്നതും ഉപകാരപ്രഥവുമായിരുന്നു. റെക്സം കേരളാ കമ്യൂണിറ്റിയുടെ ഫണ്ട് ശേഖരണാർത്ഥം നടത്തിയ ആവേശകരമായ ലേലം ഏവരേയും . വാശിയുടെ കൊടുമുടിയിൽ എത്തിച്ചു. നാട്ടിൽ നിന്നും എത്തിച്ച ഓൾഡ് മഗ്ഗ്, യുകെയിലെ മലയാളികളുടെ ഉൽപന്നമായ ഒറ്റ കൊമ്പൻ. സ്വീറ്റ് വൈൻ എന്നിവ 350/- പൗണ്ടിന് രാജേഷും, മനോജ് നാരായണനും ചേർന്ന് ൈ കൈപ്പിടിയിൽ ഒതൂക്കി . ഈ ലേലത്തിൽ ഏവർക്കും പങ്കെടുക്കാൻ കഴിയുന്നത് മത്സര ആവേശവും സന്തോഷവും പകരുന്നതായി മാറി. റെക്സം കേരളാ കമ്മ്യൂണിറ്റി നടത്തിയ സ്പോർട്സ് ഡേ, മറ്റ് കലാ മത്സരങ്ങളുടെയും സമ്മാനവും അതോടൊപ്പം ഓണ ആഘോഷത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ കൈമാറുകയുണ്ടായി.

ഓണ പരിപാടികൾക്ക് സംഗീതത്തിന്റെ ലയന, താളം ഒരുക്കാൻ റെക്സം മന്ത്ര ഒരുക്കിയ സംഗീത നിശ ഏവർക്കും നൃത്തചുവടുകൾ വയ്ക്കാൻ പ്രചോദനകരം ആയിരുന്നു..രാത്രി ഒൻപതു മണിയോടെ സെക്രട്ടറിയുടെ നന്ദി പ്രകടനത്തോടെ ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി…

റോമി കുര്യാക്കോസ് 
ഇപ്സ്വിച്ച്: ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രൗഡഗംഭീരമായി. നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഭദ്രദീപം തെളിച്ചു ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സംഘടനയുടെ ഇപ്സ്വിച്ച് യൂണിറ്റാണ് ഉത്രാട ദിവസം കൊണ്ടാടിയ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയും ഇപ്സ്വിച്ച് യൂണിറ്റ് കമ്മിറ്റിയും പുനസംഘടിപ്പിക്കപ്പെട്ടതിനു ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയെന്ന പ്രത്യേകതയും ഇത്തവണത്തെ ഓണാഘോഷ പരിപാടിക്കുണ്ടായിരുന്നു.
താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ  ഒരുക്കിയ മാവേലി എഴുന്നുള്ളത്തും കേരളീയത നിറഞ്ഞു തുളുമ്പുന്ന ശൈലിയിൽ അലങ്കരിച്ച വേദിയും മെഗാ പൂക്കളവും പകർന്ന ദൃശ്യ വിസ്മയം ഗൃഹാതുരത്വം നിറഞ്ഞതായി. സമൃദ്ധമായി ഒരുക്കിയ വേദിയിലേക്ക് മാവേലി തമ്പുരാൻ ആനയിക്കപ്പെട്ടതോടെ പ്രൗഡഗംഭീരമായ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
വയനാട് പ്രകൃതി ദുരന്തത്തിനിരയായവർക്ക്   അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ ഒ ഐ സി സി (യു കെ) ഇപ്സ്വിച്ച് യൂണിറ്റ് പ്രസിഡന്റ്‌ ബാബു മാങ്കുഴിയിൽ അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ കെ ജി ജയരാജ്‌ ആമുഖവും ഇപ്സ്വിച്ച് യൂണിറ്റ് ജനറൽ സെക്രട്ടറി സ്വാഗതവും ആശംസിച്ചു.
ഉദ്ഘടന പ്രസംഗത്തിൽ സംഘടനാ കൂട്ടായ്മകളിൽ ആഘോഷ പരിപാടികൾ പ്രധാനം ചെയ്യുന്ന സ്നേഹം ഐക്യം എന്നിവയുടെ പ്രസക്തി എടുത്തു പറഞ്ഞു. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു ഇത്തരത്തിൽ വിപുലമായ ക്രമീകരണങ്ങളോടെ  ഓണാഘോഷം ഏറ്റെടുത്തു നടത്താൻ തയ്യാറായ ഇപ്സ്വിച്ച് യൂണിറ്റിനെ നാഷണൽ കമ്മിറ്റിയുടെ അനുമോദനവും നന്ദിയും അറിയിച്ചു.
തുടർന്നു, ഒ ഐ സി സി (യു കെ) വർക്കിംഗ്‌ പ്രസിഡന്റ്‌ അപ്പ ഗഫൂർ, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ജനറൽ സെക്രട്ടറി അഷറഫ് അബ്ദുള്ള, നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, മറ്റു ഭാരവാഹികളായ സി നടരാജൻ, ബേബി ലൂക്കോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഒ ഐ സി സി (യു കെ)  ഇപ്സ്വിച്ച് യൂണിറ്റ് പ്രവർത്തകർ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ 200 – ഓളം പേർ ഒരുമിച്ചിരുന്നു അസ്വദിച്ചത് പുത്തൻ അനുഭവം പകർന്നു . യൂണിറ്റ് അംഗങ്ങളും കുട്ടികളും ചേർന്നു അവതരിപ്പിച്ച കലാവിരുന്നുകൾ ഓണാഘോഷത്തിന്റെ കൊഴുപ്പ് വർധിപ്പിച്ചു. പ്രസ്‌ഥാനത്തിന്റെ മുൻപോട്ടുള്ള പ്രയാണത്തിന് ഉതകുന്ന ഫണ്ട്‌ രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ലേലം, പ്രസ്ഥാനത്തോടുള്ള അംഗങ്ങളുടെ ആത്മാർത്ഥത വിളിച്ചോതുന്നതായിരുന്നു.
അവതരണം കൊണ്ടു സദസ്സിന്റെ പ്രശംസ നേടുകയും ഓണസദ്യവട്ടങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്ത കെ ജി ജയരാജ്‌, പ്രോഗ്രാം കോർഡിനേറ്റർ വിഷ്ണു പ്രതാപ്, ഇപ്സ്വിച്ച് യൂണിറ്റ് ഭാരവാഹികളായ അഡ്വ.  സി പി സൈജേഷ്, ജെനിഷ് ലൂക്ക, ജിജോ സെബാസ്റ്റ്യൻ, നിഷ ജെനിഷ്, ജോസ് ഗീവർഗീസ്, നിഷ ജയരാജ്‌, ജിൻസ് വർഗീസ്, ജോൺസൺ സിറിയക്, ബിജു ജോൺ, ആന്റു എസ്തപ്പാൻ, ജയ്മോൻ ജോസ്, ജെയ്സൺ പിണക്കാട്ട്, ബാബു മത്തായി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
പരിപാടിയുടെ വലിയ വിജയത്തിൽ ചെറുതല്ലാത്ത പങ്കു വഹിച്ച സ്പോൺസമാരായ ഷൈനു ക്ലെയർ മാത്യൂസ് (ടിഫിൻ ബോക്സ്‌, കവന്ററി), ജിജോ സെബാസ്റ്റ്യൻ (വൈസ് മോർട്ഗേജ് ആൻഡ് ഇൻഷുറൻസ്), മാത്യു തോമസ് (കേരള സ്റ്റോർ, ഇപ്സ്വിച്ച്), മാവേലിയുടെ വേഷ പകർച്ച ഗംഭീരമാക്കിയ ജീനീഷ് ലൂക്ക, പരിപാടിയിൽ പങ്കാളികളായവർക്കുമുള്ള നന്ദി യൂണിറ്റ് പ്രസിഡന്റ്‌ ബാബു മങ്കുഴിയിൽ രേഖപ്പെടുത്തി.
പരിപാടിയോട് അനുബന്ധിച്ചു നടന്ന റാഫിൾ നറുക്കെടുപ്പിൽ സമ്മാനാർഹരായവർക്കുള്ള സമ്മാനദാനം ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഷൈനു ക്ലെയർ മാത്യൂസ്, അപ്പ ഗഫൂർ, അഷ്‌റഫ്‌ അബ്ദുള്ള, റോമി കുര്യാക്കോസ് എന്നിവർ നിർവഹിച്ചു. പരിപാടിയിൽ സാന്നിധ്യമറിയിച്ച നാഷണൽ കമ്മിറ്റി ഭാരവാഹികൾക്കുള്ള ഓണസമ്മാനം ഇപ്സ്വിച്ച് യൂണിറ്റ് ഭാരവാഹികൾ നൽകി. കലാവിരുന്നുകളിൽ പങ്കാളികളായ കൊച്ചു മിടുക്കർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും കരുതിയിരുന്നു.
വെകുന്നേരം ആറുമണിക്ക് ദേശീയ ഗാനത്തോടെ ആഘോഷങ്ങൾ പൂർണ്ണമായി.
കൂടുതൽ ചിത്രങ്ങൾ:

സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗ്ഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ അരങ്ങേറിയത്. കോട്ടയം പ്രസ് ക്ലബ്ബിൽ ഉത്രാട ദിനത്തിൽ നടന്ന ലിമ വേൾഡ് ലൈബ്രറി ഓണംസർഗ്ഗസംഗമം അതിന്‍റെ പുതുമകൊണ്ടും സമ്പന്നമായ ആസ്വാദകസദസ്സിനാലും ഏറെ ശ്രദ്ധേയമായിരുന്നു.

ഡോ. പോൾ മണലിൽ ലിമ വേൾഡ് ലൈബ്രറി ഓണംസർഗ്ഗസംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസ സാഹിത്യകാരനും ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ ചീഫ് എഡിറ്ററുമായ കാരൂർ സോമനെ ചടങ്ങിൽ ആദരിച്ചു. ലണ്ടൻ മലയാളി കൗൺസിൽ പുരസ്കാരം മേരി അലക്സിനു സമ്മാനിച്ചു, കാരൂർ സോമൻ്റെ കാർപാത്യൻ പർവ്വതനിരകൾ , മേരി അലക്സിൻ്റെ അവളുടെ നാട് , ജുവനൈല്‍ ഹോം സൂപ്രണ്ട് പി കെ അലക്സാണ്ടറുടെ എൻ്റെ ജുവനൈൽ ഹോം ഓർമ്മകൾ , ഗോപൻ അമ്പാട്ടിൻ്റെ ദി ഫ്രഞ്ച് ഹോൺ & ഫിഡിൽസ് എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഗോപൻ അമ്പാട്ട് എഴുതി, ഉദയ് റാം സംഗീതം നൽകി, വിവേക് ഭൂഷൺ ആലപിച്ച “പുലരിത്തളികയിൽ പൊൻവെയിൽ കൊണ്ടുവരും…. ” എന്ന ഗാനത്തിന്റെ പ്രകാശന കർമ്മം കാരൂർ സോമൻ ഡോക്ടർ അലക്സാണ്ടർ രാജുവിന് കൈമാറി നിർവ്വഹിച്ചു.

ലണ്ടന്‍ മലയാളി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ശ്രീ ജഗദീഷ് കരിമുളയ്ക്കൽ , കവിത സംഗീത്, റെജി പാറയില്‍ എന്നിവര്‍ കവിതാപാരായണവും പ്രശസ്ത പുലാങ്കുഴല്‍ കലാകാരനായ സരുണിന്‍റെ പുല്ലാങ്കുഴല്‍ ആലാപനവും ഉണ്ടായിരുന്നു

പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള , തേക്കിൻകാട് ജോസഫ്, ജോൺസൻ ഇരിങ്ങോൾ എന്നിവര്‍ ആശംസകളും, ഫോട്ടോവൈഡ് മാസികയുടെ പത്രാധിപർ കെ പി ജോയ് ഓണ സന്ദേശം നൽകി. ലിമ വേൾഡ് ലൈബ്രറി ഓണം സർഗസംഗമം കോര്‍ഡിനേറ്റര്‍ മിനി സുരേഷ് നന്ദി പ്രകാശിപ്പിച്ചു.

സെപ്റ്റംബർ 21 ന് നടത്തപ്പെടുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ഓണത്തിന് “ദേ മാവേലി 2024” മാറ്റ് കൂട്ടി കൊണ്ട് ലിമ അവതരിപ്പിക്കുന്നു യുകെയിൽ ഇത് വരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത, കേരളത്തിൽ പോലും നശിച്ചു പോയി കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനത് കലാരൂപമായ വില്ലടിച്ചാൻ പാട്ട്. തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാകഥനസമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻപാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന്‌ നാട്ടിൽ പേരുകളുണ്ട്.

സേവനത്തിന്റെ മഹത്തായ 24 വർഷങ്ങൾ പിന്നിടുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ കേരളത്തിൽ പോലും അന്യം നിന്ന് പോയി കൊണ്ടിരിക്കുന്ന കഥകളി, ചാക്യർകൂത്ത്, ചവിട്ട് നാടകം എന്നിവയെല്ലാം മുൻ കാലങ്ങളിൽ യുകെയിലെ അറിയപ്പെടുന്ന കലാകാരനായ ശ്രീമാൻ ജോയി അഗസ്തിയുടെ നേതൃതത്തിൽ ലിവർപൂളിൽ അവതരിപ്പിച്ച് യുകെ മലയാളികളുടെ മുക്തകണ്ഡമായ പ്രശംസകൾ ഏറ്റുവാങ്ങിയിട്ടുള്ളതാണ്.

100ന് മുകളിൽ കലാകാരൻമാരും, കലാകാരികളും ഇക്കൊല്ലത്തെ ലിമ ഓണത്തിന് വിവിധ കലാപരിപാടികളിൽ പങ്കെടുക്കുന്നു. ലിവർപൂളിലെ കാർഡിനൻ ഹീനൻ സ്കൂൾ ഓഡിറ്റോറിയത്തിൽ(L12 9HZ) വച്ചാണ് ഇക്കൊല്ലത്തെ ലിമയുടെ ഓണം.

ഷ്രോപ്ഷ്യർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ (SMCA) ഓണാഘോഷം സെപ്റ്റംബർ 13ന് ശനിയാഴ്ച ടെൽഫോർഡിൽ ഉള്ള ചാൽടൺ സ്കൂൾ സ്പോർട്സ് ഹാളിൽ വെച്ചു “ഓണാവേശം 2K24” എന്ന പേരിൽ വർണാഭമായ കലാപരിപാടികളോടു കൂടി നടത്തുകയുണ്ടായി . ടെൽഫോർഡ് എംപി ശ്രീ.ഷോൺ ഡേവിസ് ആയിരുന്നു വിശിഷ്‌ടാഥിതി . ഷ്രോപ്‌ഷ്യർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ പ്രസിഡന്റ് ശ്രീ സനൽ ജോസ് ,സെക്രട്ടറി ശ്രീ.പോൾസൺ ബേബി ആറാൻഞ്ചേരിൽ ,ട്രെഷർ ശ്രീ.ജിജു ജോർജ് ,വൈസ് പ്രസിഡന്റ് ശ്രീ.ജോബി ജോസ് ,ജോയിന്റ് സെക്രട്ടറി ശ്രിമതി.കൊച്ചുറാണി ഷാജു ,ജോയിന്റ് ട്രെഷറർ ശ്രീ.ബിബിൻ ഗോപാൽ തുടങ്ങിയവർ ഓണാഘോഷങ്ങളുടെ ഉദഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു .ശ്രീ.ഷോൺ ഡേവിസ് ടെൽഫോർഡ് എംപി ആയിട്ട് തെരഞ്ഞെടുത്ത ശേഷം പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക പരിപാടിയിരുന്നു എന്ന പ്രത്യേകതയും ഓണാവേശം 2K24 ന് ഉണ്ടായിരുന്നു.

ജി.സി.എസ്.ഇ, എ-ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ശ്രീ.ഷോൺ ഡേവിസ് അനുമോദിക്കൂയും ചെയ്യുകയും ചെയ്തു.

എംപി ഷോൺ ഡേവീസിനെ എസ്.എം.സി.എ പ്രസിഡന്റ് ശ്രീ.സനൽ ജോസ് പൊന്നാട അണിയിച്ച് ആദരിക്കുകയും അതോടൊപ്പം കമ്മിറ്റി അംഗമായ ശ്രീ.സിബു ബാലൻ പെൻസിൽ കൊണ്ട് വരച്ച എംപി യുടെ ഛായചിത്രം നല്കുകയും ചെയ്തു.


അംഗങ്ങളുടെ വൈവിധ്യങ്ങളായ കലാപരിപാടികൾക്കു ശേഷം ആഘോഷങ്ങളിൽ പങ്കെടുത്ത 500 ഇൽ അധികം അംഗങ്ങൾക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് അംഗങ്ങൾക്ക് വേണ്ടി ഉള്ള വിനോദപ്രദമായ മത്സരങ്ങളും ഓണാഘോഷത്തിന്റെ തനത് കായിക വിനോദമായ വാശിയേറിയ വടംവലിയും നടത്തുകയുണ്ടായി .വൈകുന്നേരം നാടൻ വിഭവങ്ങൾ ലഭിക്കുന്ന ഒരു തട്ടുകടയും ഉണ്ടായിരുന്നത് ആഘോഷപരിപാടികളുടെ മാറ്റ് കൂട്ടുകയുണ്ടായി.

വയനാട് ദുരിതാശ്വാസതിനുള്ള ഒരു ഫണ്ട് റൈസിങ് ആയിട്ട് റാഫിൾ ടിക്കറ്റ് സെയിൽ നടത്തുകയും അതിന്റെ ഒരു ലക്കി ഡ്രോ സമ്മാനം ആയിട്ട് ഒരു 55 inch 4K TV സമ്മാനം നല്കുകയും ചെയ്തു . ഓണാഘോഷത്തിൽ പങ്കെടുത്ത അംഗങ്ങളുടെ ഭാഗത്ത് നിന്ന് റാഫിൾ ടിക്കറ്റ് എടുക്കുവാൻ വളരെ നല്ല സഹകരണം ആയിരുന്നു.വടംവലി വിജയികൾ അവർക്ക് ലഭിച്ച സമ്മാന തുകയിൽ നിന്ന് ഒരു വിഹിതം ഈ സഹായ ഉധ്യമത്തിനായിട്ട് നൽകുകയും ചെയ്തു.റഫിൽ ടിക്കറ്റിന്റെ സമ്മാനമായ ടിവിയുടെ തുക കഴിഞ്ഞുള്ള തുക വയനാട് ചാരിറ്റിക്ക് വേണ്ടി നൽകുന്നതാണ്.

ഇംഗ്ലണ്ടിലെ സോമർസെറ്റ് കൗണ്ടിയിൽ ടോണ്ടൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.. ഓണാഘോഷ പരിപാടികൾ രാവിലെ 9 മണി മുതൽ കുട്ടികളുടെ കായിക മത്സരങ്ങളോടു കൂടി ട്രൾ വില്ലേജ് ഹാളിൽ വച്ച് ആരംഭിച്ചു.. അതിനെ തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു..

ടോണ്ടൻ ബീറ്റ്സിന്റെ അതിഗംഭീരമായ ചെണ്ടമേളത്തോട് കൂടി മാവേലിത്തമ്പുരാനെ സ്റ്റേജിലേക്ക് വരവേൽക്കുകയും തുടർന്ന് കലാപരിപാടികൾ ഔദ്യോഗികമായി ആരംഭിച്ചു ടി.എം.എ പ്രസിഡൻറ് ശ്രീ ജതീഷ് പണിക്കരുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം ബഹുമാനപ്പെട്ട യൂക്മ പ്രസിഡൻറ് ഡോക്ടർ ബിജു പെരിങ്ങത്തറ ഉദ്ഘാടനം നിർവഹിച്ചു.. ടി.എം.എ സെക്രട്ടറി വിനു വിശ്വനാഥൻ നായർ സ്വാഗതം ആശംസിക്കുകയും യൂക്മ സൗത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീ സുനിൽ ജോർജ് ഓണ സന്ദേശം നൽകുകയും ചെയ്തു..

പ്രസ്തുത ചടങ്ങിൽ ഈ വർഷം ജി.സി.എസ്.ഇ /എ ലെവൽ പാസായ കുട്ടികളെ അനുമോദിക്കുകയും, ഒപ്പം വയനാട് ദുരിതബാധിതർക്കായി ഫണ്ട് ശേഖരണാർത്ഥം ടോൺഡനിൽ നിന്ന് ബോൺമൗത്ത് വരെ സൈക്കിൾ റാലി സംഘടിപ്പിച്ച ടോണ്ടൻ മലയാളികളായ സോവിൻ സ്റ്റീഫൻ, ജോയ്സ് ഫിലിപ്പ്, ജോബി എന്നിവരെ ഉപഹാരം നൽകി ആദരിക്കുകയും ഉണ്ടായി.. ഒപ്പം കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനവും നടന്നു..

ടി.എം.എ മെമ്പേഴ്സിന്റെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികൾ ഓണാഘോഷത്തിന് മിഴിവേകി.. ടി.എം.എ- യുടെ ഓണാഘോഷ പരിപാടികൾക്കു ജിജി ജോർജ്ജ് (വൈസ് പ്രസിഡന്റ്‌), വിനു വിശ്വനാഥൻ നായർ (സെക്രട്ടറി), ബിജു ഇളംതുരുത്തിൽ (ജോയിന്റ് സെക്രട്ടറി), അരുൺ ധനപാലൻ (ട്രെഷറർ), എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാർ ആയ ജയേഷ് നെല്ലൂർ, അജി തോമസ് മംഗലി, റോജി ജോസഫ്, ഡെന്നിസ് വീ ജോസ്, ദീപക് കുമാർ, സജിൻ ജോർജ് തോമസ് എന്നിവർ നേതൃത്വം നൽകി..

യുകെയിലേക്ക് പുതിയതായി പഠിക്കുവാൻ എത്തുന്ന വിദ്യാർഥികൾക്ക് ഇവിടുത്തെ ജീവിത സാഹചര്യങ്ങളുമായിട്ട് ഇണങ്ങിച്ചേരുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന കൈരളി യുകെയുടെ ഓറിയന്റേഷൻ സെഷൻ സെപ്തംബർ 19 വ്യാഴാഴ്ച ഓൺലൈനിൽ നടക്കും. പുതിയ സ്ഥലം, പുതിയ സാഹചര്യം, പുതിയ ജീവിതം; മറ്റൊരു രാജ്യത്തിലെ സംവിധാനങ്ങളും നിയമങ്ങളും തുടക്കത്തിലേ മനസ്സിലാക്കുക, പാർട്ട്‌ ടൈം ജോലി, താമസം, മെഡിക്കൽ, ബാങ്ക്‌ അക്കൗണ്ട്‌, ഡ്രൈവിംഗ്, കോഴ്സ് വർക്ക്‌ തുടങ്ങി ഏറെ ചോദ്യങ്ങളാണു യുകെയിലെ യൂണിവേഴ്സിറ്റികളിൽ പുതിയതായി എത്തുന്ന വിദ്യാർത്ഥികൾ ചോദിച്ചറിയാറുള്ളത്‌. കുടുംബമായി എത്തുന്നവർക്ക്‌ സ്കൂൾ, ചൈൽഡ്കെയർ, പങ്കാളിയുടെ ജോലി തുടങ്ങി അനവധി ചോദ്യങ്ങൾ വേറെയും.

ഇപ്പോൾ പഠിക്കുന്നവരോടും മുൻപ്‌ പഠിച്ച്‌ ഇപ്പോൾ ജോലി ചെയ്യുന്നവരോടും സംവദിക്കാനുള്ള അവസരവും, യുകെയുടെ എല്ലാ ഭാഗങ്ങളിലും യൂണിറ്റുള്ള കൈരളി യുകെ നിങ്ങൾക്ക്‌ അതാത്‌ സ്ഥലങ്ങളിലെ പ്രവർത്തകരുമായ്‌ ചേർന്ന് നിങ്ങളെ സഹായിക്കുവാനും ഇതുമൂലം സാധിക്കും. യുകെയിൽ തൊഴിലിടങ്ങളിൽ വിദ്യാർത്ഥികൾക്ക്‌ പലവിധ ചൂഷണണങ്ങൾ വർദ്ധിച്ചു വരുന്നത്‌ ആശങ്കയോടെ കാണുന്നു. കുറഞ്ഞ വേതനം, ശമ്പളം കൊടുക്കാതിരിക്കുക, രേഖകൾ പിടിച്ചുവെയ്ക്കുക, ലൈംഗിക അതിക്രമങ്ങൾ എന്നിങ്ങനെ പല പ്രതിസന്ധികളിൽ സഹായം എവിടെ നിന്ന് സ്വീകരിക്കണമെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചോദിച്ചറിയാനും കഴിയും.

കഴിഞ്ഞ വർഷം യുകെയിലെ യൂണിവേഴ്സിറ്റികളിൽ അനേകം വിദ്യാർഥികൾ കോഴ്സിൽ തോറ്റതായി  ശ്രദ്ധയിൽപ്പെട്ടു, പഠന വിഷയങ്ങളിൽ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ വ്യാഴാഴ്ചത്തെ ചർച്ചയിൽ ഉണ്ടായിരിക്കും. ഇപ്പോഴത്തെ യുകെയിലെ സാഹചര്യം അനുസരിച്ച് ഒരു ജോലി ലഭിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള സമയമാണ്, നിങ്ങൾ ഒരു പാർട്ട് ടൈം ജോലിക്ക് ആയിട്ട് ശ്രമിക്കുമ്പോൾ നിങ്ങളുടെ സീവി, അതുപോലെ ഇന്റർവ്യൂവിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം ഈ ചർച്ചയിൽ ഉണ്ടായിരിക്കും.

മുൻകാലത്ത് നടത്തിയിരുന്ന സെഷനുകൾ വളരെ നല്ലതായിരുന്നു എന്ന അഭിപ്രായം ലഭിച്ചതനുസരിച്ച് കൂടുതൽ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ചർച്ച തയ്യാറാക്കിയിരിക്കുന്നത്. എല്ലാ തലങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരുപോലെ ഉപകാരപ്പെടുന്ന ഈ സെഷനിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് – https://fb.me/e/2uK4m6PfH

RECENT POSTS
Copyright © . All rights reserved