Association

അനീഷ് ജോൺ

ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഈ വർഷത്തെ ആദ്യ പരിപാടിയായ സമ്മർ ഫാമിലി സ്പോർട്സ് ഡേയ് ആൻഡ് ഫുഡ് ഫെസ്റ്റിവൽ ആഘോഷം . ഈ കഴിഞ്ഞ മെയ് 27ന് വിൻസ്റാൻലി സ്കൂൾ മൈതാനത്ത് വെച്ച് സംഘടിപ്പിച്ചു. ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഭാഗമായ എല്ലാവരും കുടുംബസമേതം പങ്കെടുത്ത പരിപാടി വൻവിജയമായിരുന്നു.

കുട്ടികളും മുതിർന്നവരുമടക്കം വേനൽച്ചൂടിനൊപ്പം മൽസരച്ചൂടിലേക്കെത്തിയപ്പോൾ കായിക മേള കൂടുതൽ ആവേശമായിമാറി. കുട്ടികൾക്കും മുതിർന്നവരുമടക്കം നൂറുകണക്കിന് ആളുകൾ ആവേശത്തോടെ പങ്കെടുത്തപ്പോൾ അവർക്കായി വാശിയേറിയതും രസകരങ്ങളുമായ ഒട്ടേറെ മൽസരങ്ങൾക്കൊപ്പം പൊറോട്ടയും ഇടിയപ്പവും ബീഫ് കറിയും, നാടൻ ചിക്കൻ കറിയും, പരിപ്പുവടയും, ഉള്ളിവടയും, കട്ട്കേക്കും, ബോണ്ടയും, പൂവൻ പഴവും, മോരും വെള്ളവും, പൊതിച്ചോറും ഉൾപെടുന്ന സ്വാദിഷ്ടമായ നാടൻ ഭക്ഷണങ്ങളുമടങ്ങിയ ഫുഡ് സ്റ്റാളും കായിക മേളയുടെ ഭാഗമായി ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി തയ്യാറാക്കിയിരുന്നു.

ലെസ്റ്റ്ററിലെ ഒരേയൊരു മലയാളി കമ്മ്യൂണിറ്റിയുടെ ഭാഗമായ എല്ലാവർക്കും ഒത്തുകൂടുവാനും പരിചയപ്പെടുന്നതിനും പുതുക്കുന്നതിനും വലിയ ഒരവസരം കൂടിയായി ഈ വർഷം ലെസ്റ്റർ കേരള കമ്യൂണിറ്റി സംഘടിപ്പിച്ച സ്പോർട്സ് ഡേ. കമ്മ്യുണിറ്റി അംഗങ്ങൾ ഏവരും കായികമേളയെ ആവേശത്തോടെ ഏറ്റെടുത്തപ്പോൾ പതിവുപോലെ ഈ വർഷത്തെ കായിക മേളയും വൻ വിജയമായി. കമ്മ്യൂണിറ്റിയുടെ കുടുംബാംഗങ്ങൾക്കൊപ്പം നാട്ടിൽ നിന്നും വന്ന മാതാപിതാക്കൾക്കു സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാമെന്നതും അംഗങ്ങൾക്കിടയിൽ മതിപ്പുളവാക്കി. കേരളത്തിൽ നിന്നും നിന്നും വന്നിട്ടുള്ള മക്കളെ കാണുവാൻ ഇവിടെ എത്തിയ മാതാപിതാക്കൾക്ക് ഒരു നവ്യാനുഭവം ആയിരുന്നു ഈ സ്പോർട്സ് ഡെ. രജിസ്റ്റർ ചെയ്ത എല്ലാ മിടുക്കൻമാരും മിടുക്കികളും മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. കായിക മേളയുടെ ഭാഗമായി തയ്യാറാക്കിയ നാടൻ ഭക്ഷണങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വാദ്യകരമായി തീർന്നു.

അതി രാവിലെ തന്നേ തുടങ്ങിയ പരിപാടികൾ മുഴുവൻ ദിവസവും നീണ്ടു നിന്നു. ഓട്ടമത്സരവും, ബോൾ ത്രോയും, ഗോൾ കിക്കും, മുട്ടായി പിറക്കലും, ഷോട്ട് പുട്ടും, ലെമൺ ആൻഡ് സ്‌പൂണും, വാശിയേറിയ കസേര കളിയും, തീറ്റ മത്സരവും, കൂടാതെ വടംവലിയും ഉൾപ്പെടെ നിരവധി മത്സരങ്ങൾ കാണികളിൽ ആവേശപ്പെരുമഴ പെയ്യിച്ചു. രമേശ് ബാബു, അജിത് സ്റ്റീഫൻ, ബിൻസി മാത്യു (ജോയിന്റ് സെക്രട്ടറി), അനു അംബി , ചന്ദന സുരേഷ് ജിജി, ജിതിൻ വിജയൻ, അജയ് പെരുമ്പലത്തു, സുബിൻ സുഗുണൻ, രാജേഷ് ട്രീസൺ, ടിന്റു സുബീഷ്, അനീഷ് ജോൺ, മനു ഷൈൻസ് തുടങ്ങിയവർ അണിനിരന്ന സ്പോർട്സ് കമ്മിറ്റിയുടെ പരസ്പരം കൈകോർത്തുള്ള പ്രവർത്തനം പരിപാടികൾ വിജയമാക്കിതീർക്കാൻ സഹായിച്ചു.

സ്വാദിഷ്ടമായ ഭക്ഷണം ആയിരുന്നു പരിപാടികളുടെ മാറ്റ് കൂട്ടിയത് എന്ന് എടുത്തു പറയേണ്ടതില്ല. രാവിലെ മുതൽ തുടങ്ങിയ ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഷോപ്പിൽ മിതമായ നിരക്കിൽ നാടൻ ഭക്ഷണ വിഭവങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് കുട്ടികളുമായി വന്ന മാതാപിതാക്കൾക്ക് സുഗമമായി കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞു. തൂശനിലയിൽ പൊതിഞ്ഞ മീൻ വറുത്തതും ചമ്മന്തിയും മൊട്ട പൊരിച്ചതും ഒക്കെ അടങ്ങിയ ഓർമകളുടെ മണമുള്ള പൊതിച്ചോറും, ബോണ്ടയും ചെറുപഴവും വെട്ടു കേക്കും ഉഴുന്ന് വടയും പരിപ്പ് വടയും തുടങ്ങി ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഫുഡ് കമ്മിറ്റി അക്ഷരാത്ഥത്തിൽ ഫാമിലി ഫൺ ഡേയുടെ യഥാർത്ഥ താരങ്ങൾ ആയി മാറി.


ടിറ്റി ജോണും ഷിബു മാത്യുവും നേതൃത്വം കൊടുത്ത കമ്മിറ്റിയിൽ ബിനു ശ്രീധരൻ, അരുൺ ഉമ്മൻ, പ്രിയദർശൻ വാസവൻ, ലൂയിസ് കെന്നടി, സനീഷ് സുകുമാരൻ, ബിജു പോൾ, ജോസ്‌ന ടോജോ , സുനിൽ ഏലിയാസ് എന്നിവരും തലേദിവസം മുതൽ പരിപാടിയുടെ വിജയത്തിനായി എല്ലാ ജോലികളും മാറ്റിവെച്ചു അണി നിരന്നു. റീസെപ്‌ഷൻ ആൻഡ് രജിസ്ട്രേഷൻ കൗണ്ടറിൽ ജെയിൻ ജോസഫും(ട്രഷറർ) ശ്യാം കുറുപ്പും (ജോ.ട്രഷറർ), സോണി ജോർജും, സ്‌മൃതി രാജീവും, അക്ഷയ് കുമാറും, രേവതി ഷൈജുവും, ബിജു മാത്യുവും കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുവാനായി അണിനിരന്നു. കൂടാതെ എന്തിനും ഏതിനും സഹായവുമായി കമ്മ്യൂണിറ്റിയിലെ ചുണകുട്ടികളുംകൂടി ചേർന്നപ്പോൾ പരിപാടി വളരെ അനായാസമായി നടത്തിയെടുക്കുവാൻ കമ്മിറ്റിക്കായി.

രാവിലെ തുടങ്ങി വൈകിട്ട് ഒൻപതരവരെ നീണ്ടു നിന്ന പരിപാടിക്കായി വന്നു ചേർന്ന നൂറു കണക്കിന് അംഗങ്ങൾക്ക് ആസ്വാദ്യകരമായ ഭക്ഷണത്തിനൊപ്പം ആവേശോജജ്വലമായ ഓർമ്മകൾക്കൂടി സമ്മാനിച്ച് അവസാനിച്ച ഫാമിലി ഫൺ ഡേ ലെസ്റ്റർ കേരളം കമ്മ്യുണിറ്റിയുടെ ചരിത്രത്തിനു ഊടും പാവും നേർന്നു. പങ്കെടുത്ത മുഴുവൻ അംഗങ്ങളുടെയും സബ് കമ്മിറ്റികളുടെയും ആത്മാർത്ഥമായ സഹകരണത്തിന് നിസ്സീമമായ നന്ദി അറിയിക്കുന്നുവെന്ന് ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ പ്രസിഡന്റ് ജോസ് തോമസും സെക്രട്ടറി അജീഷ് കൃഷ്ണനും അറിയിച്ചു. ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 26ന് നടത്തുമെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റിയും അറിയിച്ചു.

 

കോവിഡ് മഹാമാരിയാൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി മുടങ്ങി കിടന്ന ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമം ഓഗസ്റ്റ് 19 ന് രാവിലെ 10 മണി മുതൽ ബർമിങ്ങ്ഹാം റോയൽ ഹോട്ടലിലെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നൂ.

ഇടുക്കി ജില്ലാ സംഗമം യുകെയിലും, നാട്ടിലുമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നതോട് ഒപ്പം യു കെയിൽ ഓൾ യു കെ ബാഡ്മിൻ്റൺ ടുർണമെൻ്റ്, വടംവലി തുടങ്ങിയ മൽസരങ്ങൾ നടത്തിവരുന്നൂ, യുകെയിലും, നാട്ടിലുമായി ഒരു കോടി 20 ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ഇതുവരെ നടത്തി കഴിഞ്ഞു. ഇടുക്കി ജില്ലാ സംഗമത്തിൻ്റെ നേത്യത്തിൽ ഭവനങ്ങളില്ലാത്തവർക്ക് പത്തോളം വീടുകൾ ഇതു വരെ പൂർത്തിയാക്കി നൽകി കഴിഞ്ഞു. നമ്മുടെ കൂട്ടായ്മക്ക് പുതുജീവൻ നൽകുന്നതിനും, യു കെയിലുള്ള എല്ലാ ഇടുക്കി ജില്ലക്കാർക്കും ഒരു ദിവസം വിശേഷങ്ങൾ പങ്കു വെക്കുന്നതിനും ഇനി വരുന്ന വർഷത്തെ നമ്മുടെ കൂട്ടായ്മയെ മുൻപോട്ടു നയിക്കുന്നതിനുള്ള കമ്മറ്റിക്കാരെ തെരഞ്ഞെടുക്കുന്നതിനും, അതോടൊപ്പം വിവിധ കലാപരിപാടികൾ ആസൃദിക്കുന്നതിനും നിങ്ങൾ എല്ലാവരേയും കൂടാതെ ബ്രിട്ടണിലേക്ക് പുതിയതായി എത്തി ചേർന്ന എല്ലാ ഇടുക്കി ജില്ലക്കാരെയും ബർമിഹ്ഹാം റോയൽ ഹോട്ടൽ ഓഡിറ്റോറിയത്തിലേക്ക് ഓഗസ്റ്റ് 19 ന് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കലാപരിപാടികൾ അവതരിപ്പിക്കാനും, കൂടുതൽ വിവരങ്ങൾക്കും കമ്മറ്റിക്കാരെ ബന്ധപെടുക.

സംഗമം കമ്മിറ്റിക്കു വേണ്ടി കൺവീനർ ജിമ്മി ജേക്കബ്
07572 880046

അഡ്വ ദിലീപ് കുമാർ

ലണ്ടൻ: ഭാഷാ പഠനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ സഹകരണത്തോടെ നോർത്താംപ്ടനിൽ കേരള അക്കാദമി നോർത്താന്റ്സ് എന്ന പേരിൽ ആരംഭിച്ച മലയാളം സ്കൂളിന്റെ ഉദ്ഘാടനം പ്രൗഢോജ്വലമായി. ആഹ്ലാദകരമായ അന്തരീക്ഷത്തിൽ കുട്ടികളും മാതാപിതാക്കളും അടങ്ങിയ വലിയ സദസ്സിനെ സാക്ഷി നിർത്തി മുൻമന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കേരളത്തിന്റെ മഹത്തായ സംസ്കാരവും പൈതൃകവും ചേർത്തു പിടിക്കുവാൻ മാതൃഭാഷാ പഠനം അനിവാര്യമാണെന്നും തേനൂറുന്ന ഭാഷയാണ് മലയാളമെന്നും മാതൃഭാഷയിൽ നിന്നുകൊണ്ടു മാത്രമേ സ്വത്വം നിലനിർത്താനാവുകയുള്ളുവെന്നും എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള മലയാളികളെ ഒന്നിച്ചു നിർത്തുന്നത് മാതൃഭാഷയാണെന്നും മാതൃഭാഷയിലൂടെ ചിന്തിക്കുവാനും സ്വപ്നം കാണുവാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണെന്നും എന്നാൽ അത് തീവ്രമായ ഭാഷാ വാദമായി മാറിയാൽ അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏവർക്കും ചിന്തനീയമായ എം വി ഗോവിന്ദൻ മാസ്റ്ററിന്റെ പ്രസംഗം ഹർഷാരവത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത് .

ലോക കേരളസഭ അംഗവും കേരള അക്കാദമി നോർത്ത് ആൻഡ്സ് സ്കൂൾ ചെയർമാനുമായ അഡ്വ ദിലീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നോർത്താംപ്ടനിലെ മുഴുവൻ സാംസ്കാരിക സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ ഒരു മലയാളം സ്കൂൾ ആരംഭിക്കുവാനായി നേതൃത്വം നൽകുവാൻ സാധിച്ചത് വളരെ സന്തോഷകരമായ കാര്യമാണെന്നും ഈ ഉദ്യമത്തിന് നോർത്താംപ്ടനിലെ എല്ലാ കുടുംബാംഗങ്ങളുടെയും സഹകരണവും പ്രോത്സാഹനവും ഉണ്ടാവണമെന്നും തന്റെ അധ്യക്ഷ പ്രസംഗത്തിൽ അഡ്വ ദിലീപ് കുമാർ എടുത്തുപറഞ്ഞു.

മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റും ലോകകേരളസഭാംഗവുമായ സി എ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യുകെയിൽ വളർന്നുവരുന്ന കുട്ടികൾ മറ്റു ഭാഷകളോടൊപ്പം മാതൃഭാഷയായ മലയാളവും പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും മലയാളം മിഷന്റെ പാഠ്യപദ്ധതിയെ സംബന്ധിച്ചും വിശദമായി അദ്ദേഹം സംസാരിച്ചു. ഇംഗ്ലണ്ടിന്റെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന നോർത്താംപ്ടനിൽ കേരള അക്കാദമി നോർത്ത്ആൻഡ്സ് എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന മലയാളം സ്കൂൾ യുകെയിലെ മറ്റ് സ്കൂളുകൾക്കെല്ലാം മാതൃകാപരമായ ഒരു സ്കൂൾ ആയി വളരട്ടെ എന്നും സിഎ ജോസഫ് ആശംസിച്ചു.

എം വി ഗോവിന്ദൻ മാസ്റ്ററിന്റെ പത്നി പി കെ ശ്യാമള ടീച്ചർ ആശംസ അർപ്പിച്ചു. ഓരോ വ്യക്തികളുടെയും സാംസ്കാരിക വളർച്ചയിൽ ഭാഷയുടെ സ്വാധീനം വലുതാണെന്നും അഭിപ്രായപ്പെട്ട പി കെ ശ്യാമള ടീച്ചർ അന്യദേശത്ത് താമസിക്കുന്ന കുട്ടികളാണെങ്കിലും മാതാപിതാക്കളോട് വീട്ടിൽ മലയാളം സംസാരിച്ചും പുസ്തകങ്ങൾ വായിച്ചും മാതൃഭാഷയെ പ്രിയപ്പെട്ടതാക്കി മാറ്റണമെന്നും സൂചിപ്പിച്ചു. സമീക്ഷ യുകെ ദേശീയ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ, റീജിയണൽ കോർഡിനേറ്റർ ആഷിക്ക് മുഹമ്മദ് നാസർ ചിലങ്ക സെക്രട്ടറി ജിജോ തോമസ്, ഫിനിക്സ് ക്രിക്കറ്റ് ക്ലബ് പ്രതിനിധി ഡോൺ പൗലോസ് മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടനെ പ്രീതിനിധീകരിച്ച് ബ്രീത്ത് വർഗീസ് എന്നിവരും ആശംസ അർപ്പിച്ചു.

മുഖ്യാതിഥികളായി എത്തിയ മുൻ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററിനും പി കെ ശ്യാമള ടീച്ചറിനും കേരള അക്കാദമി നോർത്താന്റ്സ് മലയാളം സ്കൂളിന്റെ ഉപഹാരങ്ങൾ സ്കൂൾ ചെയർമാൻ അഡ്വ ദിലീപ് കുമാറും സ്കൂൾ മാനേജർ ആന്റോ കുന്നേപ്പറമ്പിലും ചേർന്ന് നൽകി.

മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയും മുൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജും മലയാളം അക്കാദമി നോർത്താൻഡ്സ് മലയാളം സ്കൂളിന് ആശംസ സന്ദേശങ്ങളും നൽകിയിരുന്നു.

കുട്ടികളെ യാതൊരു തടസവും കൂടാതെ തുടർച്ചയായി മലയാള ഭാഷ പഠിപ്പിക്കുന്നതിന് സന്നദ്ധ സേവനം നൽകുവാൻ തയ്യാറായ അധ്യാപകരുടെ പാനലും സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നതിന് രക്ഷകർത്താക്കളും അധ്യാപകരുമടങ്ങിയ ഡയറക്ടർ ബോർഡും രൂപീകരിച്ചിട്ടുണ്ട്. സ്കൂൾ ഡെപ്യൂട്ടി ഹെഡ് ടീച്ചർ ശരത് രവീന്ദ്രൻ മറ്റ് അധ്യാപകരായ രമേശ് രത്നദാസൻ, നിവി ദിലീപ് കുമാർ, സൂസൻ ജാക്സൺ എന്നിവരെ പരിചയപ്പെടുത്തുകയും കുട്ടികൾ റോസാപ്പൂക്കൾ നൽകി അധ്യാപകരെ ആദരിക്കുകയും ചെയ്തു.

ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഹെഡ് ടീച്ചർ സൂസൻ ജാക്സൺ സ്വാഗതമാശംസിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചവർക്കും സന്നിഹിതരായവർക്കും സ്കൂൾ ഡയറക്ടർ റിജൻ അലക്സ് നന്ദിയും രേഖപ്പെടുത്തി. സംഘാടകരുടെ നേതൃത്വത്തിൽ ക്രമീകരിച്ച സ്നേഹവിരുന്നോടുകൂടിയാണ് പരിപാടികൾ പര്യവസാനിച്ചത് .

 

ജിമ്മി ജോസഫ് ഗ്ലാസ്ഗോ
ഗ്ലാസ്ഗോ: ബ്രിട്ടീഷ് കബഡി ലീഗിൽ മിന്നൽ പ്രകടനവുമായി യുകെ മലയാളി കബഡി ടീം സെമി ഫൈനലിലേയ്ക്ക് .യുകെയിലെ പ്രഗത്ഭരും പരിചയ സമ്പന്നരുമായ 9 ടീമുകളുമായി മത്സരിച്ച് ചരിത്രത്തിലിതാദ്യമായി ബ്രട്ടീഷ് കബഡി ലീഗിന്റെ കളത്തിലിറങ്ങിയ മലയാളി കബഡി ടീം – നോട്ടിംഗാം റോയൽസ്, ഗ്ലാസ്ഗോ ക്ലബ് ബെല്ലാ ഗൂസ്റ്റണിനിൽ വച്ച് നടന്ന ആവേശോജ്വലമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പരിചയ സമ്പത്തിന്റെ കരുത്തിൽ കേമന്മാരായ എഡിൻബർഗ്ഗ് ഈഗിൾസിനെ നിഷ്പ്രഭരാക്കുന്ന ഗംഭീര പ്രകടനത്തിലൂടെ മുട്ടുകുത്തിച്ചു; യുകെയിലെമ്പാടുമുള്ള കബഡി പ്രേമികളെ ഉൾപുളകം കൊള്ളിച്ചു കൊണ്ട് , കമ്പഡി കളിയുടെ സർവ്വമേഖലയിലും വ്യക്തമായ ആധിപത്യം നേടി മത്സരത്തിലുടനീളം ലീഡുയർത്തി കൊണ്ടേയിരുന്ന നമ്മുടെ സ്വന്തം മലയാളി ടീം തുടക്കകാരന്റെ യാതൊരുവിധ ഭയാശങ്കകളുമില്ലാതെ ബ്രട്ടീഷ് കബഡി ലീഗിലെ ഒട്ടനവധി മത്സരങ്ങളിൽ ആധികാരികമായ വിജയം നേടിയ എഡിൻബർഗ്ഗ് ഈഗിൾസിനെ മലർത്തിയടിച്ചത് 14 പോയിന്റ് വ്യത്യാസത്തിലാണ് , സ്കോർ 29-43.

ബ്രട്ടീഷ് കമ്പഡി ലീഗിൽ വരവറിയിച്ച “കൊടികയറണ പൂരമായി പൊടി പറത്തിയൊരോളമായി ചുണയുടെ പേരുമായി മലയാളത്തിന്റെ ‘അരി കൊമ്പൻ ‘ മാർ നോട്ടിംഗാം റോയൽസ് ചരിത്രം കുറിച്ചു കൊണ്ട് ബ്രട്ടീഷ് കബഡി ലീഗിൽ കരുത്തു തെളിയിച്ച് എതിരാളികളെ മലർത്തിയടിച്ച് മുന്നേറുന്ന മഹനീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നൂറു കണക്കിനാളുകൾ എത്തിച്ചേർന്നത് സംഘാടകരെയും ഇതര ടീമുകളെയും ആശ്ചര്യോ ജനകവും ആകാംക്ഷാഭരിതരുമാക്കി.”തകിലടിച്ചൊരു മുകിലു പാടി അകലെ മുകിലിൽ മംഗളങ്ങൾ ” കരമായി കുരവയായി മലയാളി കബഡി ടീമെന്ന വികാരം മനസ്സിൽ ആളികത്തുന്ന യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരും കബഡി കളിയെക്കുറിച്ച് വലിയ ധാരണയില്ലാത്ത പുതു തലമുറയിൽ പെട്ട മലയാളി കുട്ടികളും വനിതകളും ഗ്ലാസ്ഗോ മലയാളി യുവതയും അണിചേർന്നപ്പോൾ ബ്രിട്ടീഷ് മലയാളി കുടിയേറ്റ ചരിത്രത്തിന്റെ നാൾവഴികളിലെ മറ്റൊരു പൊൻ തൂവലായിതുമാറി.


ഇന്ന് മെയ് 28 രാവിലെ 11:30 ന് ഗ്ലാസ്ഗോ ബെല്ലാ ഗൂസ്റ്റണിൽ നടക്കുന്ന സെമി ഫൈനൽ – ഫൈനൽ മത്സരങ്ങളിൽ ‘മലയാളി ‘വികാരമായ ‘നോട്ടിംഗാം റോയൽസിനെ ആർപ്പാരവങ്ങളോടെ എതിരേൽക്കാൻ , പിന്തുണയേകാൻ യുകെയിലെ പ്രത്യേകിച്ച് സ്കോട്ലാൻഡിലെ എല്ലാ മലയാളികളെയും സഹർഷം സ്വാഗതം ചെയ്യുന്നതോടൊപ്പം ഇന്നലെ നടന്ന മത്സരത്തിൽ സർവ്വാത്മനാ പിന്തുണയേകിയ എല്ലാവർക്കും പ്രത്യേകിച്ച് ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്റെ സ്പന്ദനമറിഞ്ഞ് പുതുതായി ആരംഭിച്ച സ്കോട്ലാൻഡ് മലയാളി അസോസിയേഷൻ കൾചറൽ കമ്മ്യൂണിറ്റി (SMaCC), കലാകേരളം ഗ്ലാസ്ഗോ ,ഫ്രണ്ട്സ് ഓഫ് ഗ്ലാസ്ഗോ , യുണൈറ്റഡ് സ്കോട്ലാൻഡ് മലയാളി അസോസിയേഷൻ (USMA) നും ടീം സ്പോൺസറായ 24/7 ഫസ്റ്റ് കോൾ ക്വാളിറ്റി ഹെൽത്ത് കെയറിനോടുമുളള അകൈതവമായ നന്ദിയും കടപ്പാടും ടീം മാനേജർ രാജു ജോർജും ടീം ക്യാപ്റ്റൻ സജു മാത്യുവും അറിയിച്ചു. ഇന്ന് നടക്കുന്ന സെമി ഫൈനൽ – ഫൈനൽ മത്സരങ്ങൾ നേരിൽ കണ്ട് പ്രോത്സാഹിപ്പിക്കാൻ ഏവരെയും ക്ഷണിക്കുന്നു .നേരിൽ വരാൻ സാധിക്കാത്തവർക്ക് ബിബിസി സ്പോർട്സ് ചാനലിലൂടെയും തത്സമയം മത്സരങ്ങൾ കാണാവുന്നതാണ്.
മത്സര വേദി :
31 Bellahouston Dr, Bellahouston, Glasgow G52 1HH
സമയം : 11:00 am.

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യു.കെ ആറാം ദേശീയ സമ്മേളനം മെയ് 21 ന് പീറ്റർ ബറോയിൽ സമാപിക്കുമ്പോൾ , അതൊരു സാംസ്കാരിക സംഘടനയുടെ ഏറെ കരുത്തോടെയുള്ള മുന്നോട്ടു കുതിപ്പിന്റെ നാന്ദികുറിക്കൽ കൂടിയായിരുന്നു.

ഗോവിന്ദൻ മാഷിന്റെയും,ആഷിഖ് അബുവിന്റെയും സാന്നിദ്ധ്യം കൊണ്ടും, വൈവിധ്യമാർന്ന കലാപ്രകടന ചാരുതകൊണ്ടും സമ്പന്നമാക്കപ്പെട്ട സാംസ്കാരിക സമ്മേളനത്തോടെ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനം കൊടിയിറങ്ങി.

പൊതു സമ്മേളനത്തിന് ശ്രീ ഗോവിന്ദൻ മാസ്റ്ററും മുഖ്യാതിഥിയായി എത്തിയ സംവിധായകൻ ശ്രീ ആഷിഖ് അബുവും ചേർന്ന് തിരിതെളിച്ചു. തന്റെ ഉത്ഘാടന പ്രസംഗത്തിൽ ഇന്ത്യയുടെ വർഗ്ഗീയ വൽക്കരണത്തെക്കുറിച്ചും കേരളസർക്കാരിൻറെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. ഒപ്പം സമീക്ഷയുകെ യുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിച്ചു. ലണ്ടൻഡറിയിലെ തടാകത്തിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ റൂബൻ സൈമണിന്റെയും ജോസഫ് സെബാസ്റ്റ്യന്റെയും പേരു നൽകിയിരുന്ന സമ്മേളന വേദിയിൽ വെച്ച് ആ കുട്ടികളുടെ ഓർമ്മക്കായി സമീക്ഷയുകെ ലണ്ടൻഡറി ബ്രാഞ്ച് കണ്ണൂർജില്ലയിൽ വീടില്ലാത്ത നിർധന കുടുബത്തിന് ഒരു സ്നേഹ വീട് നിർമ്മിച്ചു നൽകുന്ന കാര്യം തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീ.ഗോവിന്ദൻ മാസ്റ്റർ പ്രഖ്യാപിച്ചു.

മുഖ്യാഥിതിയായി എത്തിയ ആഷിഖ് അബു, ഒപ്പം ലോകകേരള സഭാംഗം ശ്രീ ശ്രീകുമാർ സദാനന്ദൻ , മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോകകേരളസഭാംഗവുമായ ശ്രീ സി എ ജോസഫ് , പീറ്റർബോറോ മലയാളികളുടെ പ്രതിനിധി ശ്രീ ജോജി മാത്യു എന്നിവർ സമീക്ഷ യുകെയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നൽകി.

മലയാളികളായ സ്ത്രീകൾ പ്രവാസി ജീവിതത്തിന്റെ ഭാഗമായി അധികം കടന്നു ചെല്ലാത്ത തൊഴിൽ മേഖലയായ ബസ് ഡ്രൈവിങ്ങ് മേഖലയിൽ ജോലി ചെയ്യുന്ന ഈസ്റ്റ് ഹാമിൽ നിന്നുള്ള ശ്രീമതി സലീന ഹാരിസ്, സമീക്ഷ യുകെ നാഷ്ണൽ ബാഡ്മന്റൻ കോർഡിനേറ്റേഷ്സ് ആയ ജിജു സൈമൺ, ജോമിൻ ജോസ്, വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ട് കോർഡിനേറ്റേഷ്സ് തുടങ്ങിയവരെ ശ്രീ ഗോവിന്ദൻ മാസ്റ്റർ സമ്മേളനത്തിൽ വെച്ച് ആദരിച്ചു.

സമീക്ഷയുകെ യുടെ സ്നേഹാദരമായി ഓരോ മൊമെന്റോ സമീക്ഷയുകെ നാഷ്ണൽ പ്രസിഡൻറ് ശ്രി ശ്രീകുമാർ ഉള്ളപ്പിള്ളിൽ ശ്രീ ഗോവിന്ദൻ മാസ്റ്റർക്കും, നാഷ്ണൽ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി ജോയിൻറ് സെക്രട്ടറി ശ്രീ ചിഞ്ചു സണ്ണി എന്നിവർ ചേർന്ന് ശ്രീ ആഷിഖ് അബുവിനും നൽകി.

പൊതു സമ്മേളനത്തിനു ശേഷം വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ കേരള കലാരൂപങ്ങൾക്കു പുറമേ കഥക് ഭാൻഗ്ര തുടങ്ങിയ നൃത്ത കലാരൂപങ്ങളും അവതരിപ്പിക്കപ്പെട്ടു. കെറ്ററിംങ്ങിൽ നിന്നുള്ള കുട്ടികളുടെ മനോഹരമായ സംഘനൃത്തവും , ഒപ്പം യുകെയിലെ പ്രമുഖ ഗായകരുടെ സംഗീത പരിപാടിയും അരങ്ങേറി. പരിപാടിയിൽ പങ്കെടുത്ത കാലാ പ്രതിഭകളെ ശ്രീ ആഷിഖ് അബു സമീക്ഷയുകെയുടെ മൊമെന്റോ നൽകി ആദരിച്ചു. മുന്നൂറിൽ അധികം പേർ പങ്കെടുത്ത പൊതു സമ്മേളനം നാഷ്ണൽ വൈസ്സ്പ്രസിഡന്റ് ശ്രീ ഭാസ്കർ പുരയിലിന്റെ നന്ദി പ്രകാശനത്തോടെ വൈകിട്ട് ഏഴരയോടെ സമാപിച്ചു .

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം പീറ്റർബൊറോ ഇന്നസെന്റ് നഗറിൽ മെയ്‌ 20 ശനിയാഴ്ച്ച നടന്നു. ശനിയാഴ്ച്ച സമീക്ഷ നാഷണൽ പ്രസിഡന്റ്‌ ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിൽ പാതകയുയർത്തി തുടങ്ങിയ സമ്മേളനത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നായി 125 പ്രതിനിധികൾ പങ്കെടുത്തു. ദേശീയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പളളിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി ശ്രീ. എം. വി. ഗോവിന്ദൻ മാസ്റ്റർ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു. മത രാഷ്ട്രീയ പരിഗണകൾക്ക് അതീതമായി സാംസ്‌കാരിക സംഘടനകൾ പ്രവർത്തിക്കേണ്ടതിന്റെ പ്രസക്തിയെപ്പറ്റി ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

സമീക്ഷ ദേശീയ വൈസ് പ്രസിഡന്റ്‌ ശ്രീ. ഭാസ്കർ പുരയിൽ അനുശോചന പ്രമേയം അവതരിച്ചു. സെക്രട്ടറിക്കുവേണ്ടി ജോ.സെക്രട്ടറി ചിഞ്ചു സണ്ണി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ക്രിയാത്മക വിമർശനങ്ങളും, ഭാവിയിലേക്കുള്ള പ്രായോഗിക നിർദ്ദേശങ്ങളും ഓരോ പ്രതിനിധികളിൽ നിന്നും ഉയർന്നുവന്നു. പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശ്രീമതി രാജി രാജൻ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും വിശദമായ ചർച്ചകൾക്കും വിശകലനങ്ങൾക്കും ആവശ്യമായ ഭേദഗതികൾക്കും ശേഷം സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. അതോടൊപ്പം മുന്നോട്ടുള്ള ഭാവി പ്രവർത്തന രേഖ സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ. ഉണ്ണികൃഷ്ണൻ ബാലൻ അവതരിപ്പിച്ചു.

പ്രവാസികളുടെ വിമാനയാത്രാ പ്രശ്നങ്ങൾ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന പ്രയാസങ്ങൾ ബന്ധപ്പെട്ട വകുപ്പു മേധവികളുടെ ശ്രദ്ധയിയിൽ കൊണ്ടുവരുന്നതിനായി പത്തോളം പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുകയുണ്ടായി. ചില പ്രമേയങ്ങൾ പുന:പരിശോധനക്കായി മാറ്റി വെക്കുകയും മറ്റുള്ളവ ആവശ്യമായ ഭേദഗതികളോടെ സമ്മേളനം അംഗീകരിക്കുകയും ചെയ്തു.പ്രസീഡിയം, മിനിട്സ് കമ്മറ്റി, പ്രമേയ കമ്മറ്റി എന്നിവയുടെ സംയോജിത പ്രവർത്തനം സമ്മേളന നടപടികൾ സുഗമമായി നിശ്ചിതസമയത്തിനകം പൂർത്തിയാക്കാൻ സഹായിച്ചു.

നാഷണൽ സെക്രട്ടറിയേറ്റിൽ നിന്ന് വിരമിക്കുന്ന ശ്രീ. മോൻസി തൈക്കൂടനെ ദേശീയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്റ് ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്ന് ഷാൾ അണിയിച്ചു ആദരിച്ചു. സമീക്ഷയുടെ ദീർഘകാല പ്രവർത്തകനും, പ്രതിസന്ധി ഘട്ടങ്ങളിൽ സമീക്ഷയെ മുന്നോട്ട് നയിക്കാൻ ശക്തമായി നിലകൊള്ളുകയും ചെയ്ത ശ്രീ. മോൻസി സംഘടനയുടെ ഭാവിപ്രവർത്തനത്തിലും സജീവമായി പങ്കെടുത്തുകൊണ്ട് കൂടെയുണ്ടാകുമെന്ന് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഉറപ്പു നൽകി. നാഷണൽ സെക്രട്ടറിയേറ്റംഗം ശ്രീ. ജോഷി ഇറക്കത്തലിന്റെ നന്ദി പ്രകാശനത്തോടെ പ്രതിനിധി സമ്മേളനം സമാപിച്ചു.

മതസൗഹാർദവും മലയാളിത്തനിമയും കോർത്തിണക്കി ഈസ്റ്റർ വിഷു റംസാൻ ആഘോഷമാക്കി വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ മെയ് 6 -ന് പോൻ്റെഫ്രാക്റ്റ് സ്പോർട്സ് ആൻഡ് സോഷ്യൽ ക്ലബ്ബിൽ വച്ച് നടത്തിയ പരിപാടി സാഹോദര്യത്തിന്റെ നിറവുകൊണ്ട് സമ്പന്നമായിരുന്നു

പ്രോഗ്രാം കോഡിനേറ്റർ റീന റെയ്ച്ചൽ സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയിൽ വൈമ പ്രസിഡൻറ് ജോസ് പരപ്പനാട്ട് മാത്യു ഓർമ്മകളുടെ സുഗന്ധം നിറഞ്ഞ ആഘോഷങ്ങൾ ഒരുമയുടെ വേദിയാകണമെന്ന് സന്ദേശം നൽകി, സെക്രട്ടറി ടോണി പാറടിയിൽ 2022 – 2023 പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിന്ദു അലക്സ് വാർഷിക കണക്കും അവതരിപ്പിച്ചു, പാസാക്കി.

സംഗീതവും, നൃത്തവും മനോഹരമാക്കിയ വേദിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ കൺകുളിർമയ്ക്കുന്ന അനുഭവമായി. പുതിയ അസോസിയേഷൻ സാരഥികളുടെ തിരഞ്ഞെടുപ്പ്, പദവികൾ കൈമാറുന്ന ചടങ്ങും പ്രസിഡൻറ് നേതൃത്വം കൊടുത്തു. ഒത്തുകൂടലിനെ ആഘോഷമാക്കി സ്വാദിഷ്ടമായ ഭക്ഷണവിരുന്നും എല്ലാവരും ആസ്വദിച്ചു. ലേലം വിളിയും, ഡി ജെ സംഗീതവും ആഘോഷങ്ങളുടെ മാറ്റുകൂട്ടി.

വൈമയുടെ പുതിയ പ്രസിഡന്റായി ശ്രീമാൻ ജൂഡിൻ സണ്ണിയെയും സെക്രട്ടറിയായി സാന്റോ മാത്യു സണ്ണിയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ടാനിയ ജിജോ, ജോയിൻ്റ് സെക്രട്ടറി ആയി അൻസ്സ ജോർജ്, ട്രഷററായി മനിൽ കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു

പ്രോഗ്രാം കോഡിനേറ്റർ ആയി വെസ്റ്റ് യോർക്ക് ഷെയറിലെ പല ഭാഗങ്ങളിൽ നിന്നായി അഞ്ചോളം പേരെ തിരഞ്ഞെടുത്തു. അവർ യഥാക്രമം ജോമി ജോസ്, സിജൻ സെബാസ്റ്റ്യൻ , ബൈജു ജോസഫ്, ആതിര ലെനിൻ, ജെസ്ന സാബു.

അതിലുപരി യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടി ജെഫ്രിൻ ടോമി, ആഷ്‌ലി അലക്സ്, ഡേയിൻ ജിമ്മി എന്നിവരെയും യൂത്ത് കോഡിനേറ്റേഴ്സ് ആയി തിരഞ്ഞെടുത്തു.

ലണ്ടൻ : മെയ്‌ 26 -ന് ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് യു കെ സമയം ,വൈകുന്നേരം 4മണി ജർമൻസമയം, ഇന്ത്യൻ സമയം വൈകുന്നേരം 7.30, വേൾഡ് മലയാളി കൗൺസിൽ ടൂറിസം ഫോറം ഉൽഘാടനം ബഹു. കേരള ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ് സൂം പ്ലാറ്റ്ഫോമിൽ നിർവഹിക്കുന്നു.

ശ്രീ ഇ എം നജീബ് (എക്സിക്യൂട്ടീവ് ഡയറക്ടർ കിംസ് ഹെൽത്ത്‌ ), ശ്രീ പ്രസാദ് മഞ്ഞളി (എം. ഡി. സിട്രൻ ), ശ്രീ എസ്‌ ശ്രീകുമാർ (ഏഷ്യാനെറ്റ്‌ യൂ കെ, ആനന്ത്‌ ടി വി ), ഗോപാല പിള്ള (ഡെബ്ലി യു എംസി ഗ്ലോബൽ ചെയർമാൻ ), ജോൺ മത്തായി (പ്രസിഡന്റ്‌ ഡബ്ലിയു എം സി ഗ്ലോബൽ ),പിന്റോ കണ്ണംപ്പിള്ളി (ജനറൽ സെക്രട്ടറി ഡബ്ലിയു എം സി ഗ്ലോബൽ ), സാം ഡേവിഡ് മാത്യു (ട്രെഷരാർ ഡബ്ലിയു എം സി ഗ്ലോബൽ ),ഗ്രിഗറി മേടയിൽ (വൈസ് ചെയർമാൻ ഡബ്ലിയു എം സി ഗ്ലോബൽ ), തോമസ് അറബൻകുടി (വൈസ് പ്രസിഡന്റ്‌ ഡബ്ലിയു എം സി ഗ്ലോബൽ ), മേഴ്‌സി തടത്തിൽ (ഡബ്ലിയു എം സി വൈസ് ചെയർപേഴ്സൺ ),തോമസ് കണ്ണൻകേരിൽ (ഡബ്ലിയു എം സി ടൂറിസംഫോറം പ്രസിഡന്റ്‌),ജോൺസൺ തലച്ചല്ലുർ (പ്രസിഡന്റ്‌ അമേരിക്കൻ റീജിയൻ ),ഷൈൻ ചന്ദ്രസേനൻ (പ്രസിഡന്റ്‌ മിഡിൽ ഈസ്റ്റ്‌ റീജിയൻ ), ജോളി തടത്തിൽ (ചെയർമാൻ യൂറോപ്പ് റീജിയൻ ),ജോളി എം പടയാട്ടിൽ (പ്രസിഡന്റ്‌ യൂറോപ്പ് റീജിയൻ ), ബാബു തോട്ടാപ്പിള്ളി (ജനറൽ സെക്രട്ടറി യൂറോപ്പ് റീജിയൻ), അബ്ദുൽ ഹക്കിം (പ്രസിഡന്റ്‌ എൻ ആർ കെ ഫോറം ), ചെറിയാൻ ടി കീക്കാട് (പ്രസിഡന്റ്‌ ബിസിനസ്‌ ഫോറം ), ഡോ. വിജയലക്ഷ്മി (ചെയർമാൻ ഇന്ത്യൻ റീജിയൻ ), ഡോ. അജിൽ അബ്ദുള്ള (ജനറൽ സെക്രട്ടറി ഇന്ത്യൻ റീജിയൻ )തുടങ്ങിയവർ പങ്കെടുക്കും.

ഈ കലാസാംസ്‌കാരിക വേദിയിലേക്ക് ഏവരെയും ഭാരവാഹികൾ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

ജോളി എം പടയാട്ടിൽ (പ്രസിഡന്റ്‌ )
04915753181523.
ജോളി തടത്തിൽ (ചെയർമാൻ )
0491714426264
ബാബു തോട്ടാപ്പിള്ളി (ജനറൽ സെക്രട്ടറി)
0447577834404.

അലോഷ്യസ് ഗബ്രിയേൽ

ലണ്ടൻ: ലൂട്ടന്‍ കേരളൈറ്റ്സ് അസ്സോസിയേഷന്റെ (ലൂക്കാ) ഡാൻസ് ക്ലാസ്സിന് ഉജ്ജ്വല തുടക്കം, കുട്ടികളും രക്ഷിതാക്കളും ഉൾപ്പെട്ട മികച്ച സദസിനെ സാക്ഷിനിർത്തി മെയ് പന്ത്രണ്ടിനാണ് ലൂക്കാ ഡാൻസ് ക്ലാസ്സിനു തിരി തെളിച്ചത്. പ്രശസ്ത നർത്തകിയും മികച്ച അവതാരകയുമായ അനുശ്രീ എസ് നായരാണ് ഡാൻസ് ടീച്ചർ. ആദ്യ ദിവസം തന്നെ വളരെയധികം മാതാപിതാക്കൾ കുട്ടികളുമായി നൃത്ത പഠനത്തിന് എത്തിച്ചെർന്നു. വിവിധ നൃത്തരൂപങ്ങൾ അഭ്യസിയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് കുട്ടികളിൽ വരുത്തുന്ന വ്യക്തിത്വ വികാസത്തെക്കുറിച്ചും നൃത്താദ്ധ്യാപികയായ അനുശ്രീ കുട്ടികൾക്കും മാതാപിതാക്കൾക്കും വിശദമാക്കികൊടുത്തു.

കഴിഞ്ഞ ആഴ്ചകളിൽ ആരംഭിച്ച മ്യൂസിക്, മലയാളം ക്ലാസുകളുടെ തുടർച്ചയായി, എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരമായിരിയ്ക്കും ഡാൻസ് ക്‌ളാസ്സുകളും നടത്തുക എന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേല്‍ അറിയിച്ചു. ഡിനി തൃപ്രയാർ സുനിൽദത്തിന്റെ ശിക്ഷണത്തിൽ നടക്കുന്ന ലൂക്ക മ്യൂസിക് ക്ലാസ്സും ലൂക്കാ അധ്യാപകരുടെതന്നെ ശിക്ഷണത്തിൽ നടക്കുന്ന ലൂക്ക മലയാളം ക്ലാസ്സും കുട്ടികളും മാതാപിതാക്കളും നല്ലരീതിയിൽ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ക്ലാസ്സിക്കൽ ഡാൻസിനൊപ്പം ബോളിവുഡ് ഡാൻസും ലൂക്കാ ഡാൻസ് ക്ലാസ്സിന്റെ ഭാഗമായി പ്രത്യേകമായി പഠിപ്പിയ്ക്കുന്നതാണെന്ന് അലോഷ്യസ് അറിയിച്ചു.

ലൂട്ടന്‍ കേരളൈറ്റ്സ് അസ്സോസിയേഷൻ ആരംഭിച്ച മ്യൂസിക്, മലയാളം ക്‌ളാസുകൾക്കൊപ്പം ഡാൻസ് ക്ലസ്സുകളും നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് എല്ലാവരുടെയും സഹകരണം അസ്സോസിയേഷന്‍ സെക്രട്ടറി ജോർജ് കുര്യൻ അഭ്യർത്ഥിച്ചു. നൃത്താഭ്യസനം തുടങ്ങിയ ആദ്യ ദിനം തന്നെ ക്ലാസിക്കൽ ഡാൻസും ബോളിവുഡ് ഡാൻസും തങ്ങൾക്കു വഴങ്ങുമെന്ന് ലൂക്കയിലെ കുട്ടികൾ കാണിച്ചു. അംഗ ചലനങ്ങൾക്കൊപ്പം ഭാവ വ്യതാസങ്ങളും പ്രകടമാക്കി ഡാൻസ് ടീച്ചറായ അനുശ്രീയ്ക്കൊപ്പം കുട്ടികൾ നൃത്തച്ചുവടുകൾ വച്ചത് കണ്ടുനിന്ന മാതാപിതാക്കൾക്കൊപ്പം ലൂക്കാ ഭാരവാഹികൾക്കും ഒരു നവ്യാനുഭവമായിരുന്നു.

 

 

 

 

 

ഉണ്ണികൃഷ്ണൻ ബാലൻ

മലയാളിയുടെ സർഗ്ഗ ഭാവനയ്ക്ക് ചിറകുകൾ നൽകിയ യു കെയിലെ സാംസ്കാരിക പ്രസ്ഥാനമായ സമീക്ഷ യു.കെ യുടെ ആറാം ദേശീയ സമ്മേളനത്തിൽ സ്നേഹ സാന്നിധ്യമായി വിപ്ലവ കേരളത്തിന്റെ ജനകീയ മുഖം പ്രിയപ്പെട്ട ശ്രീ ഗോവിന്ദൻ മാസ്റ്ററും, സംവിധായകൻ ആഷിഖ് അബുവും 17-ാം തീയതി യുകെയിൽ എത്തി. ലണ്ടൻ ഗാറ്റ്വിക്ക് എയർപോർട്ടിൽ സമീക്ഷ യുകെ നാഷ്ണൽ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി നാഷ്ണൽ പ്രസിഡൻറ് ശ്രീ ശ്രീകുമാർ ഉള്ളപ്പിള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ അതിഥികൾക്ക് പ്രവർത്തകർ ഊഷ്മളമായ വരവേൽപ്പ് നൽകി.

ഇന്ന് വൈകുന്നേരം 3 മണിക്ക് കാൾ മാർക്സിന്റെ ഓർമ്മകൾ ഉറങ്ങുന്ന ലണ്ടനിലെ ഹൈഗേറ്റ് സെമിട്രിയിലെ സ്മാരകത്തിൽ ശ്രീ ഗോവിന്ദൻ മാസ്റ്റർ അഭിവാദ്യങ്ങൾ അർപ്പിക്കും. ലണ്ടനിലെയും പരിസര പ്രദേശത്തെയും സമീക്ഷ പ്രവർത്തകരും ഇടതുപക്ഷ പുരോഗമന വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വൈകുന്നേരം 6 മണിക്ക് സമീക്ഷ യുകെ ഈസ്റ്റ് ഹാം ബ്രാഞ്ച് സംഘടിപ്പിക്കുന്ന കുടുംബ സംഗമ – സംവാദ സദസ്സിൽ അദ്ദേഹം പങ്കെടുക്കും.

20-ാം തീയതി ശനിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നായി നൂറ്റിഅമ്പതോളം സഖാക്കൾ പങ്കെടുക്കും.

നൃത്ത സംഗീത സംഗമ വേദികൂടി ആകുന്ന പൊതു സമ്മേളനം 21 നു ഉച്ചക്ക് 1.30 നു ആരംഭിക്കും. സമ്മേളനത്തിൽ മുൻ മന്ത്രിയും സി പി ഐ എം സംസ്ഥാന സെക്രട്ടറിയുമായ ശ്രീ ഗോവിന്ദൻ മാസ്റ്റർ യുകെയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും. ചലച്ചിത്ര സംവിധായകൻ ശ്രീ. ആഷിക് അബു മുഖ്യാതിഥി ആയിരിക്കും.

പൊതുസമ്മേളന വേദിയുടെ മേൽവിലാസം ചുവടെ ചേർക്കുന്നു.
The Fleet – ICA, PE2 8DL

സമ്മേളനത്തിൽ എത്തി ചേരുന്നവർക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും ഒരിക്കിയിട്ടുണ്ട്. എല്ലാ ജനാധിപത്യ വിശ്വാസികളേയും, കലാസ്നേഹികളെയും സമ്മേളനത്തിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

 

RECENT POSTS
Copyright © . All rights reserved