അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിൽ ഒന്നായ ‘സർഗം സ്റ്റീവനേജ് ‘ സംഘടിപ്പിക്കുന്ന ‘പൊന്നോണം 2024’ സെപ്തംബർ 14 നു ശനിയാഴ്ച ബാൺവെൽ അപ്പർ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. യുകെ യിലെ പ്രസിദ്ധമായ സർഗ്ഗം പൊന്നോണത്തിനു നാന്ദി കുറിച്ച് നടന്ന ഇൻഡോർ മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളുമായി നിരവധി പേരാണ് ആവേശപൂർവ്വം പങ്കു ചേർന്നത്. കാരംസ്, ലേലം, റമ്മി, ഡോങ്കി, ചെസ്സ് തുടങ്ങിയ ഇനങ്ങളിൽ മത്സരാർത്ഥികളുടെ ബാഹുല്യം നിമിത്തം കളികൾ പൂർത്തീകരിക്കുവാൻ കഴിയാത്തതിനാൽ സെമി ഫൈനൽ മുതലുള്ള മത്സരങ്ങൾ തുടർ ദിവസങ്ങളിൽ നടത്തപ്പെടും.
ഔട്ഡോർ മത്സരങ്ങളിൽ 31 നു ശനിയാഴ്ച ഫുടബോൾ, ക്രിക്കറ്റ് മത്സരങ്ങൾ നടക്കും. സെപ്തംബർ 1 ന് ഞായറാഴ്ച ജനറൽ സ്പോർട്സ് മത്സരങ്ങൾ നടത്തുന്നതാണ്. കിഡ്സ് വിഭാഗത്തിൽ ‘ബീൻഷ് പിക്കിങ്ങും’, ജൂനിയേഴ്സിനായി തവള ചാട്ടം, ലെമൺ സ്പൂൺ റേസും ഉണ്ടായിരിക്കും. തുടർന്ന് അത്ലറ്റിക്സ് ഇനങ്ങളിൽ വ്യത്യസ്ത പ്രായ വിഭാഗത്തിൽ മത്സരങ്ങൾ നടത്തുന്നതാണ്. അത്ലറ്റിക് മത്സരങ്ങൾക്ക് ശേഷം വടം വലി, ഉറിയടി, സുന്ദരിക്ക് പൊട്ടു കുത്തൽ തുടങ്ങിയ മത്സരങ്ങൾക്കൊപ്പം കപ്പിൾസ് റിലേ, ഫാമിലി റിലേ എന്നീ ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയികൾക്കുള്ള സമ്മാന ദാനവും സെന്റ് നിക്കോളാസ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും.
മലയാളക്കരയുടെ പ്രതാപകാലത്തെ തിരുവോണം തെല്ലും ശോഭ മങ്ങാതെ കുടുംബ സദസ്സിൽ അനുഭവവേദ്യമാക്കുന്നതിനായി ഓണാഘോഷ കൊട്ടിക്കലാശ ദിനത്തിൽ സ്റ്റീവനേജ് ‘കറി വില്ലേജ്’ തയ്യാറാക്കുന്ന 24 ഇനം വിഭവങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ ‘ഗ്രാൻഡ് തിരുവോണ സദ്യ’ തൂശനിലയിൽ വിളമ്പും. മാവേലി മന്നൻ ആഗതനാകുമ്പോൾ ആഘോഷം കൊഴുപ്പിക്കുവാൻ കടുവകളും ശിക്കാരിയും കളത്തിൽ ഇറങ്ങും. താലപ്പൊലിയും, തിരുവാതിരയും വള്ളം കളിയും സൗന്ദര്യ മത്സരവും, ഹാസ്യരസം നിറഞ്ഞ സ്കിറ്റും, ഗംഭീരമായ കലാസന്ധ്യയും അടക്കം സർഗ്ഗം തിരുവോണോത്സവത്തിൽ പങ്കു ചേരുന്നവർക്ക് ഒരുക്കുന്നത് അതിസമ്പന്നമായ ആഘോഷ ചേരുവകളാവും.
സർഗ്ഗം മെമ്പർമാരിൽ നിന്നും GCSE, A-Level പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും, ഇംഗ്ലണ്ട് ദേശീയ ഷട്ടിൽ ബാഡ്മിന്റൺ ടീമിൽ ഇടം പിടിച്ച ജെഫ് അനി, യുഗ്മ നാഷണൽ സ്പോർട്സിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം നേടിയ ടിന്റു മെൽവിൻ എന്നിവരെയും തദവസരത്തിൽ ആദരിക്കും.
സർഗം പൊന്നോണം 2024 ൽ പങ്കു ചേരുവാനും, സ്പോൺസർമാരാകുവാനും ആഗ്രഹിക്കുന്നവർ കമ്മിറ്റിയുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്
സജീവ് ദിവാകരൻ-
07877902457
ജെയിംസ് മുണ്ടാട്ട്-
07852323333
Barnwell, Stevenage, Hertfordshire, SG2 9SW
ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും പ്രതീകമായ ഓണം വീണ്ടും വരികയായി……മഹത്തായ ഒരു സംസ്കാരത്തിൻറെ ഭാഗമായ ഓണം മലയാളികളില്‍ ഗ്രഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്നു.
ലോകത്തെവിടെയാണങ്കിലും ഏതൊരു മലയാളിയും ഓണം ആഘോഷിക്കാൻ ആഗ്രഹിക്കും.
കള്ളവും ചതിയും ഇല്ലാത്ത ഒരു നാട് നമ്മുടെ പൂർവികരുടെ സങ്കല്പ്പത്തിലും ഉണ്ടായിരുന്നു എന്ന് മാവേലി മന്നന്റെ ഐതീഹ്യ കഥകളിലൂടെ നാം മനസിലാക്കുന്നു.
ഓണവും ആഘോഷങ്ങളും ഒരു മലയാളിക്കും മറക്കുവാൻ കഴിയില്ല. നമുക്കൊരിക്കല്‍ കൂടി ആ പഴയ കാലത്തേക്കൊന്നു തിരിച്ചു പോകാം…
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ. …..
ഈ ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം…….ഒരുമയോടെ ഒരോണം ഐ എം എ യോടൊപ്പം. …..
ഏതൊരാഘോഷമാണെങ്കിലും അതിന്റെ തനിമ നഷ്ടപ്പെടാതെ ആഘോഷിക്കുന്ന യുകെ യിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഇപ്സ്വിച് മലയാളി അസോസിയേഷൻ , ഇത്തവണ മലയാളിമങ്ക മത്സരവും, കാരിരുമ്പിന്റെ കരുത്തുള്ള ഐ എം എ യുടെ ചുണക്കുട്ടികളുടെ വടം വലി മത്സരവും, സ്വാദിഷ്ഠമായ ഓണസദ്യയ്ക്കുമൊപ്പം കലാവിരുന്നും ഡിജെ പാർട്ടിയുമായി സെപ്റ്റംബർ 8 ഞായറാഴ്ച ആവേശപുലരി 2024 മായി നിങ്ങളുടെ മുന്നിലേക്ക് വരികയാണ്.
ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് സ്കൂളിൽ വച്ച് സെപ്റ്റംബർ 8 നു നടക്കുന്ന ഓണാഘോഷത്തിലേക്കു ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
ഓണാഘോഷത്തിന്റെ മുഖ്യ ആകർഷണമായിട്ടുള്ള രുചികരമായ ഓണസദ്യ ഏവർക്കും ആസ്വദിക്കുന്നതിനും പങ്കെടുക്കുന്നവർക്കെല്ലാം യഥേഷ്ടം ഭക്ഷണം ലഭ്യമാക്കുന്നതിനും കൃത്യമായ എണ്ണം അറിയേണ്ടതായിട്ടുണ്ട്. അതിനാൽ ദയവു ചെയ്ത് ഓരാരുത്തരും ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ ഓണം രജിസ്ട്രേഷൻ ഗൂഗിൾഫോം താഴെ കാണുന്ന ലിങ്കിൽ കയറി എത്രയും വേഗം നിർബന്ധമായും രജിസ്റ്റർ ചെയ്തു സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു.
https://forms.gle/HNZ7hUA8bNnMmmDQ9
ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും ആസ്വാദ്യകരമാക്കാൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. ഓണാഘോഷ പരിപാടികളിൽ ഇനിയും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പ്രായഭേദമെന്യേ എല്ലാവരും എത്രയും വേഗം പേരുകൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു .
പേരുകൾ നൽകുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
Nevin Manuel
📞 07588 790065
Shiby Vitus
📞 07877795361.
സിബി ജോസ്
ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും, ഒത്തൊരുമയുടെയും പൊന്നോണക്കാലം, സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ എസ്.എം.എ യുടെ ഈ വർഷത്തെ ഓണാഘോഷം, ആവണി പുലരി സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച കോപ്പറേറ്റീവ് അക്കാദമിയിൽ വച്ച് രാവിലെ 11 മുതൽ ആഘോഷിക്കുന്നു.
ജാതി-മത ഭേദമില്ലാതെ എസ്.എം.എ യുടെ കുടുംബാഗംങ്ങള്‍ എല്ലാവരും ഒരുമിച്ച് ഓണപൂക്കളം ഒരുക്കി കൊണ്ടാണ് ആഘോഷങ്ങള്‍ ആരംഭിക്കുക. ഈശ്വര പ്രാർഥനയോടെ സാംസ്കാരിക പരിപാടികൾ, ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും വര്‍ണകുടകളുടെയും പുലികളിയുടെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലി തമ്പുരാനെ വേദിയിലേക്ക് എതിരേൽപ്.
ഓണാഘോഷം പൊടിപൊടിക്കാന്‍ കുട്ടികളുടെയും മുതിർന്നവരുടെയും മെഗാ തിരുവാതിരകളി, നൃത്ത കലാപരിപാടികൾ, ചെണ്ടമേളം, എസ് എം എയിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫാഷൻഷോ. അസോസിയേഷൻ അംഗങ്ങളായ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉച്ചക്ക് 12 മണിക്ക് പൊന്നോണത്തിന്റെ മുഖ്യ ആകര്‍ഷണമായ വിഭവസമൃദ്ധമായ ഓണസദ്യ.
ഓണാഘോഷം ഏറ്റവും ഭംഗിയായും മനോഹരമായും ആഘോഷിക്കാൻ ടീം എസ്.എം.എ ഒരുങ്ങി, കൂടുതൽ വിവരങ്ങൾക്ക് ബേസിൽ ജോയ് 07863881881 ജയ വിബിൻ 07833827627, ഐനിമോൾ സാജു 07767921913 എന്നിവരുമായി ബന്ധപ്പെടുക.
എസ് എം എ യുടെഓണാഘോഷം ആവണിപുലരിയിലേക്ക് സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികളെ ഹൃദ്യമായി ക്ഷണിക്കുന്നതായി പ്രസിഡൻറ് എബിൻ ബേബിയും, സെക്രട്ടറി ജിജോ ജോസഫും അറിയിച്ചു.
സണ്ണിമോൻ മത്തായി
നിരവധി പ്രാദേശിക സംഗമങ്ങൾ യുകെയിലെ മലയാളികൾ വീജയകരമായി നടത്തി കൊണ്ട് പോകുന്നുണ്ടെങ്കിലും അവയെയെല്ലാം വെല്ലുന്ന മലയാളി സംഗമം ഒരുക്കാൻ ബ്രിട്ടനിലെ പുതുപ്പള്ളിക്കാർ തയ്യാർ എടുക്കുന്നു. 11-ാംമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയായപ്പോൾ തന്നെ നിരവധി കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. രാവിലെ 9മണി മുതൽ വൈകിട്ട് 7മണിവരെയാണ് കുടുംബാംഗങ്ങൾ സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി ഒക്ടോബർ 12ന് ബ്രിസ്റ്റോളിലെ സെൻ്റ് ജോൺസ് ഹാളിൽ ഒത്തുചേരുന്നതാണ്.
ഇത് വരെ നടന്നവയിൽ നിന്നെല്ലാം വൃതൃസ്തമായി യുകെയിലെ മുഴുവൻ പുതുപ്പള്ളി മണ്ഡലക്കാരെയും ഒന്നിച്ച് സംഗമ വേദിയിൽ എത്തിക്കാനായി കഠിന പ്രയ്ത്നത്തിലാണ് സംഘാടകർ. വാകത്താനം, മണർകാട്, പുതുപ്പളളി, മീനടം, പാമ്പാടി, തിരുവഞ്ചുർ, പനച്ചികാട്, കുറിച്ചി, അകലക്കുന്നം ,കങ്ങഴഎന്നിവിടങ്ങളിൽ നിന്നെല്ലാം ഒന്ന് ചേർന്ന് ആണ് പുതുപ്പള്ളി സംഗമം ആഘോഷമാക്കാൻ ഒരുങ്ങുന്നത്.
നാടിന്റെ സ്മൃതി ഉണർത്തുന്ന വാശിയേറിയ പകിടകളി,നാടൻ പന്തുകളി,വടംവലി മത്സരവും,ഗാനമേളയും മേളത്തിന് അകമ്പടി സേവിക്കും. മുൻവർഷങ്ങളിലെപ്പോലെ സംഗമ ഹാളിൽ എത്തിച്ചേരുന്ന മുഴുവൻ കുടുബാംഗങ്ങൾക്കും നൽകുവാനായി പ്രഭാത ഭക്ഷണവും ,ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനു പുറമേ വൈകുന്നേരം ലൈവ് നാടൻ തട്ടുകടയും ഒരുക്കി വൃതൃസ്തതയാർന്ന രൂചിക്കുട്ടിലുളള ഭക്ഷണവും തയ്യാറാക്കി നൽകുന്നതാണ്. പ്രകൃതി രമണീയത കൊണ്ട് പ്രവാസികളുടെ നമ്മയും സൗഹൃദവും പങ്ക് വയ്ക്കപ്പെടുന്ന വേദിയായി ഓക്ടോബർ 12 ന് ബ്രിസ്റ്റോൾ മാറും എന്നതിന് തെല്ലും സംശയമില്ല.
കാർഷിക വിളകളുടെയും,നാണൃവിളകളുടെയും ഈറ്റില്ലം,ജോർജിയൻ തിർത്ഥാടാന കേന്ദമായ പുതുപ്പള്ളി പള്ളി,മരിയൻ തിർത്ഥാടന കേന്ദമായ മണർകാട് പള്ളി,പനച്ചികാട് മുകാമ്പിക ദേവി ക്ഷേത്രം,ലോക പ്രസിദ്ധമായ വാകത്താനം വരിക്ക ചക്കയുടെ പ്രഭാവ കേന്ദം ,യശശരിരനായ മുൻ മുഖൃമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലം എന്നിവ കൊണ്ട് ലോക പ്രസിദ്ധംമാണ് നമ്മുടെ പുതുപ്പള്ളി മണ്ഡലം.
കൂടുതൽ വിവരങ്ങൾക്ക്
ലിസാ 07528236705,റോണി07886997251.
Venue St Johns Hall,Lodge Causeway,Fishpond Bristol,Uk. BS16 3QG
റോമി കുര്യാക്കോസ്
ലണ്ടന്‍: ഹ്രസ്വ സന്ദർശനത്തിനായി യു കെയിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവും എ ഐ സി സി സെക്രട്ടറിയും മുൻ എം പിയുമായ പെരുമാൾ വിശ്വനാഥന് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ സ്വീകരണമൊരുക്കി. ഒഐസിസി നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് വിശ്വനാഥൻ പെരുമാളിന് പൂചെണ്ട് നൽകി സ്വീകരിച്ചു. ഒ ഐ സി സി യു കെയുടെ പ്രസിഡന്റ് ആയി നിയമിതയായ ഷൈനു ക്ലെയർ മാത്യൂസിനും തെരഞ്ഞെടുക്കപ്പെട്ട പുതിയ നാഷണൽ കമ്മിറ്റിക്കും അദ്ദേഹം അനുമോദനങ്ങൾ നേർന്നു.
ഒഐസിസി യു കെ വർക്കിംഗ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോർജ്, സുജു ഡാനിയേൽ, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, അഡ്വൈസറി ബോർഡ് അംഗങ്ങളായ കെ കെ മോഹൻദാസ്, സി നടരാജൻ, എക്സിക്യൂട്ടീവ് അംഗം ബേബി ലൂക്കോസ് എന്നിവർ പെരുമാൾ വിശ്വാനാഥനെ ത്രിവർണ്ണ ഷാൾ അണിയിച്ചു സ്വീകരിച്ചു.
സ്വകാര്യ സന്ദർശനത്തിനായാണ് പെരുമാൾ വിശ്വനാഥൻ യു കെയിൽ എത്തിയതെങ്കിലും, ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒ ഐ സി സി നേതാക്കന്മാരായും പ്രവർത്തകരുമായും അല്പനേരം ആശയവിനിമയം നടത്തിയതിനു ശേഷമാണ് അദ്ദേഹം തിരിച്ചത്.
കാല്പന്തുകളിയുടെ അങ്കത്തട്ട് കമ്പവലിയുടെ ലോകവേദിയാകുന്നു. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി ടൂർണമെന്റ് അടുത്ത മാസം ഏഴിന് മാഞ്ചസ്റ്ററില്‍ നടക്കും. വിതൻഷോവ് പാർക്ക് അത്ലറ്റിക് സെന്ററാണ് മത്സരവേദി. സമീക്ഷയ്ക്കൊപ്പം വയനാടിനായി വടംവലിക്കാം എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. മത്സരത്തിൻ്റെ ലാഭവിഹിതം വയനാടിനായി മാറ്റിവെയ്ക്കാനാണ് സംഘാടകരുടെ തീരുമാനം.
ആശ്രയമറ്റ ഒരു കുടുംബത്തിന് വീടുവച്ചുനൽകുന്നതിനായുള്ള ധനസമാഹാരണത്തിലേക്ക് ഈ തുക നീക്കിവെയ്ക്കും. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത് ടീമുകള്‍ ടൂർണമെന്റില്‍ പങ്കെടുക്കും. വിജയികള്‍ക്ക് 1,501 പൗണ്ടാണ് സമ്മാന തുക. 751 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 501 പൗണ്ടും 251 പൗണ്ടും നല്‍കും. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 101 പൗണ്ടാണ് സമ്മാനം. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 51 പൗണ്ട് നല്‍കും. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫിയും കൈമാറും.
ലോകനിലവരത്തിലുള്ള കോർട്ടാണ് ഒരുക്കിയിട്ടുള്ളത്. രാഷ്ട്രീയ പ്രതിനിധികളുടെയും കലാ-സാസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യമുണ്ടാകും. മത്സരം കാണാനെത്തുന്നവർക്ക് വിവിധ സ്റ്റാളുകളില്‍ നിന്നും കേരളീയ ഭക്ഷണം ലഭ്യമാക്കും. കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്രത്യേക സൗകര്യമുണ്ടാകും. ലൈഫ് ലൈൻ ഇൻഷുറൻസ് സർവ്വീസ്, ഡെയ്ലി ഡിലൈറ്റ്, ഏലൂർ കൺസല്‍ട്ടൻസി, ആദിസ് എച്ച്ആർ ആന്റ് എക്കൌണ്ടൻസി സൊലൂഷൻസ്, ലെജന്റ് സോളിസിറ്റേഴ്സ് എന്നിവരാണ് ടൂർണമെന്റിന്റെ പ്രായോജകർ. മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമീക്ഷ യുകെ നാഷണല്‍ സ്പോർട്സ് കോർഡിനേറ്റർമാരായ ജിജു സൈമൺ (+44 7886410604), അരവിന്ദ് സതീഷ് (+44 7442 665240) എന്നിവരെ വിളിക്കാം.
റോമി കുര്യാക്കോസ്
ലണ്ടൻ: കെ പി സി സിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) – ന്റെ യു കെ നാഷണൽ പ്രസിഡന്റ് ആയി ശ്രീമതി. ഷൈനു ക്ലെയർ മാത്യുസ് നിയമിതയായി. കെ പി സി സി ജനറൽ സെക്രട്ടറി ശ്രീ. ടി യു രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ച ഔദ്യോഗിക കത്ത് പുറത്തിറക്കിയത്. ഒ ഐ സി സിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയാണ് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ്. സംഘടനയുടെ സാന്നിധ്യം യു കെയിൽ ഉടനീളം വ്യാപിപ്പിക്കുക, സംഘടന സംവിധാനം ശക്തമാക്കുക എന്നീ പ്രധാന ദൗത്യങ്ങളാണ് കെ പി സി സി ശ്രീമതി. ഷൈനുവിന് നൽകിയിരിക്കുന്നത്.
ഒ ഐ സി സി (യു കെ) വർക്കിംഗ് പ്രസിഡന്റ്, യൂറോപ്പ് വനിതാ വിംഗ് കോർഡിനേറ്റർ എന്നീ പദവികൾ വഹിച്ചുവരവേയാണ് പുതിയ ചുമതല തേടിയെത്തിയത്. കേരളത്തിലും യു കെയിലും പൊതുരംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഷൈനു മാത്യൂസിന് അർഹതയ്ക്കുള്ള അംഗീകാരം കൂടി ആയാണ് കെ പി സി സി പുതിയ ഉത്തരവാദിത്വം നൽകിയിരിക്കുന്നത്.
20 വർഷങ്ങൾക്ക് മുൻപ് നഴ്സ് ആയി യു കെയിലേക്ക് കുടിയേറിയ ഷൈനു മാത്യൂസ്, വിപരീതമായ ഒട്ടേറെ ജീവിത സാഹചര്യങ്ങളോടും പ്രതിബന്ധങ്ങളോടും പടവെട്ടിയാണ് മുന്നോട്ട് നീങ്ങിയത്. ആത്മവിശ്വാസവും കഠിനാധ്വാനവും മാത്രം കൈമുതലാക്കി പടിപടി ആയി അവർ ഉയർത്തിയ ജീവിത സാഹചര്യം ഇന്ന് പലർക്കും പ്രചോദനമാണ്.
കേരളത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളുടെ പാഠനാവശ്യങ്ങൾക്കായുള്ള ധന ശേഖരണണാർത്ഥം, 2017, 2022 വർഷങ്ങളിൽ രണ്ടു തവണയായി മഞ്ചേസ്റ്ററിൽ വെച്ച് 150,00 അടി ഉയരത്തിൽ സാഹസികമായ സ്കൈ ഡ്രൈവിങ്ങ് നടത്തുകയും അതിലൂടെ സമാഹരിച്ച മുഴുവൻ തുകയും കുട്ടികളുടെ പഠന ചിലവിനായി നൽകുകയും ചെയ്തത്. രണ്ട് പ്രാവശ്യമായി പത്ത് ലക്ഷത്തോളം രൂപയാണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഇങ്ങനെ സമാഹരിക്കപ്പെട്ടത്. അതിന്റെയൊക്കെ തുടർ പ്രവർത്തനമായി സെപ്റ്റംബർ 8 – ന് വീണ്ടും സ്കൈ ഡൈവിങ് ചെയ്യാൻ തയ്യാറെടുത്തിരിക്കുകയാണ് ശ്രീമതി. ഷൈനു.
കെ പി സി സി തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഏൽപ്പിച്ച ദൗത്യം അങ്ങേയറ്റം ആത്മാർത്ഥതയുടെ നിറവേറ്റുമെന്നും അതിനായി എല്ലാവരുടെയും സഹകരണവും പിന്തുണയും തനിക്കുണ്ടാകണമെന്നുമായിരുന്നു ഒ ഐ സി സി (യു കെ) അധ്യക്ഷയായി നിയമിതായ വാർത്തയോട് ശ്രീമതി ഷൈനു ക്ലെയർ മാത്യൂസ് പ്രതികരിച്ചത്.
തുടക്ക കാലത്ത് കേരളത്തിലും മാഞ്ചസ്റ്ററിലെ പൊതു മണ്ഡലത്തിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഷൈനു മാത്യുസിന്റെ പൊതുപ്രവർത്തനവും ചാരിറ്റി സേവനങ്ങളും ഇന്ന് യു കെയുടെ മുക്കിലും മൂലയിലും എത്തിത്തിചേർന്നിട്ടുണ്ട്.
പിതാവിന്റെ അടുത്ത മിത്രവും കുടുംബ സുഹൃത്തുമായ ശ്രീ. ഉമ്മൻ ചാണ്ടിയെ തന്റെ ചെറുപ്പം മുതല്‍ക്കെ അടുത്ത് കണ്ടു അറിയാൻ സാധിച്ചത്, തന്റെ ജീവിതത്തിലെ വലിയ നാഴികകല്ലായി മാറി എന്ന് വിശ്വസിക്കുന്ന ഷൈനു മാത്യൂസ്, കക്ഷി – രാഷ്ട്രീയ – ജാതി – വർണ്ണത്തിനതീതമായുള്ള ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന് അദ്ദേഹത്തെയാണ് മാതൃക ആക്കിയത്.
ആതുര സേവന രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഷൈനു മാത്യൂസ് ഇന്ന് ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട്, സിയോൻ മൗണ്ട് എന്നീ മൂന്ന് നഴ്സ്സിംഗ് ഹോമുകളുടെ ഉടമയുമാണ്.
നഴ്സിംഗ് ഹോമുകൾക്ക് പുറമെ, മലയാളികൾക്ക് നാടൻ ഭക്ഷണം തനതു ശൈലിയിൽ ഗുണമേന്മയോടെ ചുവർച്ചിത്രങ്ങളുടെ ഓരം പറ്റി ആസ്വദിക്കുവാൻ ഉതകുന്ന അന്തരീക്ഷം നൽകിക്കണ്ട് ഗൾഫ് നാടുകളിലും യു കെയിലെ കവട്രിയിലും ഒരുക്കിയിരിക്കുന്ന ‘ടിഫിൻ ബോക്സ്’ ഹോട്ടൽ ശൃംഗലയും ഷൈനു മാത്യൂസിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.
മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ സ്ഥിരതാമസക്കാരിയായ ഷൈനു, പ്രവാസി ഭാരതി കേരള യുടെ ‘ദ് ലേഡി ഓഫ് എക്സലൻസ് പുരസ്കാരം’, ഒഐസിസി – ഇൻകാസ് ഷാർജ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറത്തിന്റെ ‘ബിസിനസ് വിമെൻ’ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്.
നിങ്ങളുടെ ഒരു നേരത്തെ ആഹാരം വയനാടിന്റെ പുനർനിർമ്മാണത്തിനു വേണ്ടി എന്ന ആഹ്വാനവുമായി യുകെയിലെ എല്ലാ പ്രധാന പട്ടണങ്ങളിലും കൈരളി യുകെ ബിരിയാണി ചലഞ്ചുകൾ സംഘടിപ്പിക്കുന്നു. കൈരളിയുടെ വിവിധ യൂണിറ്റുകൾ അവരുടെ പ്രദേശങ്ങളിൽ ബിരിയാണികൾ വീട്ടിൽ എത്തിച്ചാണു സംഭാവനകൾ സ്വീകരിക്കുന്നത്. ലണ്ടനിലെ വാറ്റ്ഫോഡ്, ഹീത്രു, ക്രോയ്ഡൺ കൂടാതെ മാഞ്ചസ്റ്റർ, എഡിൻബ്ര, ന്യൂബറി, റെഡ്ഡിംഗ്, ഓക്സ്ഫോഡ്, ചെംസ്ഫോഡ് എന്നീ സ്ഥലങ്ങളിൽ ഇതിനകം തന്നെ ബിരിയാണി ചലഞ്ചുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഇതുവരെ മലയാളികളും അല്ലാത്തവരിൽ നിന്നും വലിയ പ്രതികരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്, ബിരിയാണിയുടെ വിലയ്ക്ക് പുറമേ വലിയ തുകകൾ സംഭാവനകൾ ലഭിക്കുന്നത് യുകെയിലെ പ്രവാസ സമൂഹത്തിന്റെ കരുതലിന്റെ സാക്ഷ്യമാണെന്ന് കൈരളി യുകെ വിലയിരുത്തി.
ഇതു വരെ കൈരളിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഓൺലൈൻ ധനശേഖരണത്തിൽ പന്ത്രണ്ട് ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. ഇതിനു പുറമെ ബിരിയാണി ചലഞ്ച് വഴി ലഭിക്കുന്ന തുക വീടുകൾ പണിയുവാനും കേരള സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായും വിനയോഗിക്കുമെന്ന് കൈരളി യുകെ അറിയിച്ചു. വയനാടിനു വേണ്ടി കൈകോർത്ത എല്ലാവർക്കും നന്ദിയും, തുടർന്ന് വരുന്ന ബിരിയാണി ചലഞ്ച് ഉൾപ്പെടെയുള്ള ധനസമാഹരണം വിജയിപ്പിക്കണമെന്നും കൈരളി യുകെ ദേശീയ കമ്മറ്റി അഭ്യർത്ഥിച്ചു.
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ കലാ സാഹിത്യ വിഭാഗമായ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ലബ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മുതിർന്നവർക്കായി ‘പ്രൗഡ്’, കുട്ടികൾക്കായി ‘യുവക് ‘ കാറ്റഗറികളിലാണ് മത്സരം നടത്തിയത്. പ്രൗഡ് കാറ്റഗറിയിൽ ഷിബു മാത്യു വെസ്റ്റ് യോർക്ക്ഷയറും സുമി ഷൈൻ സ്കൻതോർപ്പും ഒന്നാം സ്ഥാനം പങ്കിട്ടു. ഷാലു വിപിൻ രണ്ടാം സ്ഥാനം നേടിയപ്പോൾ ശ്രീലക്ഷ്മി രാകേഷും ലിബിൻ ജോർജും മൂന്നാം സ്ഥാനത്തിന് അർഹരായി. യുവക് കാറ്റഗറിയിൽ ദേവസൂര്യ സജീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബിൽഹ ഏലിയാസ് രണ്ടാം സ്ഥാനവും ഗബ്രിയേല ബിനോയി മൂന്നാം സ്ഥാനവും നേടി. ഇന്ത്യയോടുള്ള സ്നേഹവും ദേശാഭിമാനവും സ്ഫുരിക്കുന്ന നിരവധി കവിതകളാണ് മത്സരത്തിൽ എൻട്രിയായി ലഭിച്ചത്. ഡോ. ജെ.കെ.എസ് വീട്ടൂരിൻ്റെ നേതൃത്വത്തിലുള്ള പാനലാണ് ജഡ്ജിംഗ് നടത്തിയത്.
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 78 മത് സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന് സ്കൻതോർപ്പിൽ നടക്കും. ക്വൈബൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ഇന്ത്യൻ ദേശീയപതാക ഉയർത്തി ആഘോഷത്തിന് തുടക്കം കുറിയ്ക്കും. തുടർന്ന് സ്പോർട്സ് മീറ്റ് നടക്കും. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ അത്ലറ്റിക്സ് ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും.
ഫോക്കസ് ഫിൻഷുവർ മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ്, സേവ്യേഴ്സ് ചാർട്ടേർഡ് അക്കൗണ്ടൻ്റ്സ് ആൻഡ് രജിസ്റ്റേർഡ് ഓഡിറ്റേഴ്സ്, പ്രൈവറ്റ് ജിപി പ്രാക്ടീസ് ഒപ്റ്റിമ ക്ളിനിക്സ് ഹൾ, ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജിഎംപി ഹൾ എന്നീ സ്ഥാപനങ്ങളാണ് കവിതാ രചനാ മത്സരം, സ്പോർട്സ് മീറ്റ്, ഓണാഘോഷ ഇവൻ്റുകളുടെ പ്രധാന സ്പോൺസർമാർ. കവിതാ രചനാ മത്സരത്തിലെ വിജയികൾക്ക് സെപ്റ്റംബർ 7 ന് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ വച്ച് ട്രോഫികൾ സമ്മാനിക്കും.