അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിക്കുന്ന ‘സർഗം പൊന്നോണം 2025’ സെപ്തംബർ 13 ന് ശനിയാഴ്ച ആഘോഷമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ പത്തുമണിയോടെ ആരംഭം കുറിക്കുന്ന തിരുവോണ ആഘോഷം സ്റ്റീവനേജ് ബാൺവെൽ അപ്പർ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാവും നടക്കുക. കഴിഞ്ഞ ഒരുമാസത്തോളം നീണ്ടുനിന്ന കായിക ജ്വരം പകർന്ന ഇൻഡോർ-ഔട്ഡോർ-അത്ലറ്റിക്ക് മത്സരങ്ങൾക്ക് സെന്റ് നിക്കോളാസ് ഗ്രൗണ്ടും, സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററും വേദികളായി.
‘സർഗം പൊന്നോണം 2025 ‘ ആഘോഷത്തിലെ ഹൈലൈറ്റായ ഓണസദ്യയിൽ വിഭവ സമൃദ്ധവും, തിരുവോണ രുചി ആവോളം ആസ്വദിക്കുവാനുമുള്ള വിഭവങ്ങൾ ആവും തൂശനിലയിൽ വിളമ്പുക. പൂക്കളമൊരുക്കി സമാരംഭിക്കുന്ന ‘സർഗ്ഗം പൊന്നോണ’ കലാസന്ധ്യക്ക് തിരികൊളുത്തുമ്പോൾ തിരുവാതിരയോടൊപ്പം, നൃത്തനൃത്യങ്ങളും, കോമഡി സ്കിറ്റുകളും ഗാനമേളയും, മിമിക്രിയും അടക്കം നിരവധി ഐറ്റങ്ങളുമായി ആഘോഷരാവിനെ വർണ്ണാഭമാക്കുവാൻ സ്റ്റീവനേജിന്റെ അനുഗ്രഹീത കലാകാരുടെ താര നിരയാവും അണിനിരക്കുക. മാവേലി മന്നന്റെ ആഗമനവും, ഊഞ്ഞാലും, ഓണപ്പാട്ടുകളും, ചെണ്ടമേളവും, അതിലുപരി ‘തിരുവോണ സംഗീത-നൃത്താവതരണവും’ വേദിയെ കീഴടക്കും.
സ്റ്റീവനേജിലെ മലയാളികളുടെ കൂട്ടായ്മ്മയും, സൗഹൃദവേദിയുമായ സർഗ്ഗം ഒരുക്കുന്ന കലാവിരുന്നും, ഓണസദ്യയും മനം നിറയെ ആസ്വദിക്കുവാൻ ‘പൊന്നോണം 2025’ ആഘോഷത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. ഓണാഘോഷത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ പ്രവേശനം ഉറപ്പാക്കുവാൻ മുൻകൂട്ടി തന്നെ സീറ്റ് റിസർവ്വ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സർഗ്ഗം സ്റ്റീവനേജ് ഭാരവാഹികളുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
മനോജ് ജോൺ – 07735285036,
അനൂപ് മഠത്തിപ്പറമ്പിൽ – 07503961952,
ജോർജ്ജ് റപ്പായി – 07886214193
മനോജ് ജോൺ – 07735285036,
അനൂപ് മഠത്തിപ്പറമ്പിൽ – 07503961952,
ജോർജ്ജ് റപ്പായി – 07886214193
Venue: Barnwell Upper Schoo, Barnwell, Stevenage, SG2 9SR
അപ്പച്ചൻ കണ്ണഞ്ചിറ
വാട്ഫോർഡ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയും, സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ സംഘടനയുമായ കെസിഎഫ് നേതൃത്വം നൽകുന്ന ഓണാഘോഷം സെപ്തംബർ 6 ന് ശനിയാഴ്ച വിപുലമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭം കുറിക്കുന്ന തിരുവോണ ആഘോഷത്തോടൊപ്പം കെസിഎഫിന്റെ പത്താം വാർഷികവും ഹോളിവെൽ ഹാളിൽ വെച്ചാണ് സംയുക്തമായി നടത്തുക.
പ്രമുഖ സംഗീത ബ്രാൻഡായ 7 ബീറ്റ്സിന്റെ മുഖ്യ സംഘാടകനും, അനുഗ്രഹീത ഗായകനും, സാമൂഹ്യ-ആത്മീയ-സാംസ്കാരിക- ചാരിറ്റി രംഗങ്ങളിൽ യു കെ യിൽ ശ്രദ്ധേയനുമായ ജോമോൻ മാമ്മൂട്ടിൽ കെസിഎഫ് ഓണാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കുചേരും.
ആഘോഷത്തിലെ ഹൈലൈറ്റായ ഓണസദ്യയിൽ 23 ഇനം വിഭവങ്ങൾ ആവും തൂശനിലയിൽ വിളമ്പുക. രണ്ടു തരം പായസവും ഉണ്ടായിരിക്കും.
‘കെസിഎഫ് തിരുവോണം 2025 ‘ ആഘോഷത്തെ വർണ്ണാഭമാക്കുവാൻ ചെണ്ടമേളം, തിരുവതിര,മോഹിനിയാട്ടം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർഎൻ സിങ്ങേഴ്സ് അവതരിപ്പിക്കുന്ന ഗാനമേളയോടൊപ്പം നൃത്തനൃത്യങ്ങളും, കോമഡി സ്കിറ്റുകളും, ഡിജെയും ആകർഷകങ്ങളായ പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായുണ്ടാവും.
വാട്ഫോർഡ് മലയാളികളുടെ സൗഹൃദവേദിയായ കെസിഎഫ്ന്റെ തിരുവോണ ആഘോഷവും, കലാപരിപാടികളും, ഗംഭീര ഓണസദ്യയും ആസ്വദിക്കുവാൻ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. ഓണാഘോഷത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ പ്രവേശനം ഉറപ്പാക്കുവാൻ മുൻകൂട്ടി തന്നെ സീറ്റ് റിസർവ്വ് ചെയ്യേണ്ടതാണ്.
കെസിഎഫിന്റെ ജൈത്രയാത്രയുടെ പത്താമത് വാർഷികത്തിന്റെയും, ഓണാഘോഷത്തിന്റേയും ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ സുരജ് കൃഷ്ണൻ, കോഡിനെറ്റർമാരായ ജെബിറ്റി,ഷെറിൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
സണ്ണിമോൻ 07727993229,
ജെയിസൺ – 07897327523,
സിബി – 07886749305
Venue:Holywell Community Centre,Watford,Chaffinch Ln,
WD18 9QD
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ , ഇടുക്കി വിമലഗിരി സ്വദേശി ബിനോയ് സെബാസ്റ്റ്യനു വേണ്ടി നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 2110 പൗണ്ട് (ഏകദേശം 2,49264 രൂപ ) ഇടുക്കി ചാരിറ്റിയുടെ പ്രതിനിധിയും തോപ്രാംകുടി സ്വദേശിയും ഇപ്പോൾ യു കെ യിലെ ഓസ്ഫോർഡ് ഷെയറിൽ താമസിക്കുന്ന സൂസൻ ജസ്റ്റിൻ വിമലഗിരിയിലെ ബിനോയിയുടെ വീട്ടിൽ എത്തി സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ ബിനോയിയുടെ ഭാര്യ സാലിക്ക് കൈമാറി. ബിനോയ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തെ സന്മനസോടുകൂടി കണ്ടു സഹായിക്കുന്ന എല്ലാ നല്ല യു കെ മലയാളികളെയും നന്ദിയോടെ ഓർക്കുന്നു .ബിനോയ് വാഹനാപകടത്തിൽ പെട്ട് കിടപ്പിലായിരുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങൾ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,45,00000 (ഒരുകോടി നാൽപ്പത്തിഅഞ്ചു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു കേരള കമ്മ്യൂണിറ്റി വിറാൾ , യുകെകെസിഎ (യുണൈറ്റഡ് കിങ്ഡം ക്നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
പ്രവാസജീവിതത്തിന്റെ ആദ്യകാലങ്ങളിൽ പരിമിതമായ സൗകര്യങ്ങളിലും പരസ്പരം താങ്ങും തണലുമായിരുന്ന ഹേവർഹിലിലെ മലയാളി സമൂഹം, ഇന്ന് ഒരു പുതിയ ചരിത്രത്തിന്റെ തിരക്കഥയെഴുതി. 2003-ൽ ഇരുപതോളം കുടുംബങ്ങളാൽ തുടങ്ങിയ യാത്ര, 2025-ൽ 200-ത്തിലധികം കുടുംബങ്ങളായി വളർന്ന് ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) എന്ന ഔദ്യോഗിക സംഘടന രൂപം കൊണ്ടു. ആഗസ്റ്റ് 29-ന് ഹാവെർഹിൽ സ്റ്റീപ്പിൾ ബംപ്സ്റ്റഡ് ഹാളിൽ വച്ച് നടന്ന ഓണാഘോഷ ചടങ്ങിൽ അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം നടന്നു.
മലയാളികളുടെ പ്രിയപ്പെട്ട ഉത്സവമായ ഓണം 2025-നും ഒരുമിച്ച് അരങ്ങേറിയപ്പോൾ സന്തോഷം ഇരട്ടിയായി. അത്തപ്പൂക്കളം, ഓണസദ്യ, തിരുവാതിര, വടംവലി, വിവിധ കലാപ്രകടനങ്ങൾ തുടങ്ങി വർണശബളമായ പരിപാടികൾ മലയാളി ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ശക്തി വിളിച്ചറിയിച്ചു. പ്രസിഡന്റ് ശ്രീ. സൈജു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. വിഷ്ണു മോഹൻ സ്വാഗതം പറഞ്ഞു. ട്രഷറർ ശ്രീ. സിജോ ജോർജ്ജ്, വൈസ് പ്രസിഡന്റ് ശ്രീ. പ്രവീൺ ജോസ്, ജോയിന്റ് സെക്രട്ടറി ശ്രീ. തോമസുകുട്ടി ചാക്കോ, ജോയിന്റ് ട്രഷറർ ശ്രീ. ബിനു നാരായണൻ, പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീമതി ജിലി ജിജോ. എന്നിവർക്കൊപ്പം, എക്സിക്യൂട്ടീവ് മെംബർമാരായ അനീഷ് ചാക്കോ, ദിൽന പ്രവീൺ, സൈനത്തു ദിവാകരൻ, വീണാ അനീഷ്, സജിത്ത് തോട്ടിയാൻ, നോബി ജേക്കബ്, നിവ്യ വിഷ്ണു, അനീവ് ആൻ്റണി, രജനി ബിനു, ബൈജു വല്ലൂരാൻ, ദിവ്യാ നോബി, സിജോ വർഗീസ്, ജിജോ കോട്ടക്കൽ, റിജു സാമുവേൽ, ബിജു ബേബി, ആണ്ടോ ജോസ്, ടോണി ടോം, സാൻ തോമസ് എന്നിവർ ചടങ്ങുകൾക്ക് സജീവ നേതൃത്വം നൽകി.
ചടങ്ങിന്റെ മുഖ്യാതിഥിയായി ഹേവർഹിൽ മേയർ ക്വിൻ കോക്സ് പങ്കെടുത്തു. മലയാളി സമൂഹത്തോടുള്ള മേയറുടെ തുടർച്ചയായ പിന്തുണ ചടങ്ങിൽ പ്രത്യേകം അടിവരയിട്ടു. യുകെയിലെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയെ പ്രതിനിധീകരിച്ച് എത്തിയ യുക്മ നാഷണൽ കമ്മിറ്റി അംഗം ശ്രീ. ജെയ്സൺ ചാക്കോച്ചൻ മുഖ്യപ്രഭാഷണം നടത്തി.
യുക്മയിലൂടെ ലഭ്യമാകുന്ന സൗകര്യങ്ങൾ, കേരളീയരുടെ ഐക്യവും സാഹോദര്യവും, മലയാളികളുടെ സംഘടനാപരമായ വളർച്ച എന്നിവയെ അദ്ദേഹം വിശദീകരിച്ചു. യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റായി പലതവണ സേവനമനുഷ്ഠിക്കുകയും, ഇപ്പോൾ യുക്മയുടെ നാഷണൽ കമ്മിറ്റി മെമ്പറാവുകയും ചെയ്ത അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിന് പ്രചോദനമായി.
“ഹേവർഹിൽ മലയാളി അസോസിയേഷൻ മലയാളികൾക്ക് ഒത്തുചേരാനും, ഐക്യത്തോടെ പ്രവർത്തിക്കാനും, നമ്മുടെ സംസ്കാരം പുതിയ തലമുറയിലേക്ക് കൈമാറാനും ഒരു കേന്ദ്രമാകും” – സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. ആഘോഷ പരിപാടികളിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ ഹാവെർഹിൽ മലയാളികൾക്കും സാമ്പത്തീക സഹായം നൽകി പ്രോത്സാഹിപ്പിച്ച സ്പോൺസേഴ്സിനും അസോസിയേഷന്റെ പേരിൽ എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി വീണാ അനീഷ് നന്ദി അറിയിച്ചു. അവസാനമായി, ഓണത്തിന്റെ സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം ജീവിതത്തിൽ നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്ത് എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നു.
ഏഴാമത് യുക്മാ കേരള പൂരം വള്ളംകളിയിൽ നിറഞ്ഞു നിന്നത് യുകെയിലെ കുട്ടനാട്ടുകാരായിരുന്നു. മത്സരത്തിനിറങ്ങിയ എല്ലാ ടീമുകളിലും സാന്നിധ്യമായി കുട്ടനാട്ടുകാർ നിറഞ്ഞുനിന്നു.
ഏഴാമത് യുഗ്മ ട്രോഫി തൂക്കിയ കുട്ടനാട് സംഗമത്തിന്റെ മുൻ ജനറൽ കൺവീനറും സർവ്വോപരി പുളിങ്കുന്നുകാരനുമായ ശ്രീ മോന്നിച്ചൻ കിഴക്കേചിറയ്ക്കും ബോൾടണിലെ കൊമ്പന്മാർക്കും കുട്ടനാട് സംഗമത്തിന്റെ സ്നേഹ അഭിവാദ്യങ്ങൾ. ഇഞ്ചോടിഞ്ച് മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയ കുട്ടനാടിന്റെ അഭിമാന ഭാജനങ്ങൾ ശ്രീ മാത്യു ചാക്കോ സാൽഫോർഡ് എസ് എം എയ്ക്കും , തോമസ്കുട്ടി ഫ്രാൻസിനും , ജവഹർ ബോട്ട് ക്ലബ് ലിവർപൂളിനും കുട്ടനാട് സംഗമം യുകെയുടെ അകം നിറഞ്ഞ സ്നേഹ ആദരവുകൾ. നാലാം സ്ഥാനത്ത് എത്തിയ ശ്രീ ബാബുക്കളപ്പുരക്കലിനും , വനിത ടീമിന്റെ വിജയികൾക്കും അഭിനന്ദനങ്ങൾ നേരുന്നു .
കുട്ടനാടിന്റെ തനതായ ഭാഷയിൽ വള്ളംകളി കമന്ററി കാണികളിലേക്ക് എത്തിച്ച ജോൺസൺ കളപ്പുരക്കൽ , സിഐ ജോസഫ് , ജിനോ സെബാസ്റ്റ്യൻ സി പോൾ ടീമിനും കുട്ടനാട് സംഗമം യുകെയുടെ പ്രത്യേക അഭിനന്ദനങ്ങൾ. ഫൈനലിൽ എത്തിയ എല്ലാ വള്ളങ്ങൾക്കും , കുട്ടനാടൻ ഗ്രാമങ്ങളുടെയും കുട്ടനാടൻ ചുണ്ടൻ വള്ളങ്ങളുടെയും നാമധേയത്തിൽ 32 പുരുഷ ടീമുകളെയും 12 വനിത ടീമുകളെയും ഉൾപ്പെടുത്തി കേരളപുരം സുന്ദരമായി സംഘടിപ്പിച്ച യുഗ്മയ്ക്കും അതിൻറെ ദേശീയ പ്രസിഡണ്ട് എബി സെബാസ്റ്റ്യനും ടീമിനും കുട്ടനാട് സംഗമം യുകെയുടെ പ്രത്യേകം നന്ദി. മാൻവേഴ്സ് തടാകത്തിൽ തുഴയെറിഞ്ഞ എല്ലാ ജലോത്സവ പ്രേമികൾക്കും വീണ്ടും വീണ്ടും ആർപ്പുവിളികളും ആദരവുകളും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നു.
നെഹ്റു ട്രോഫി വള്ളംകളി ആരവങ്ങൾക്കൊപ്പം യുകെയിലും ആവേശം ആകാശത്തോളം ഉയർത്തി യുക്മ കേരളപൂരം വള്ളംകളിയിൽ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൻ കിരീടം നേടി. ഇംഗ്ലണ്ടിലെ മാൻവേഴ്സ് തടാകത്തിൽ നടന്ന മത്സരത്തിലാണ് വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തി മോനിച്ചൻ കിഴേക്കേച്ചിറയുടെ നേതൃത്വത്തിൽ വിജയം ചൂടിയത്.
വാശിയേറിയ പോരാട്ടം നടത്തി ഈ അവിശ്വസനീയ വിജയം സ്വന്തമാക്കിയ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടന്റെ മാനേജർ ജെയ്സൺ ജോസഫ് ആണ്. വാശിയേറിയ മത്സരത്തിൽ സാൽഫോർഡ് എസ് എം എ . ജവഹർ ബോട്ട് ക്ലബ് ലിവർപൂൾ ആണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.
ടോം ജോസ് തടിയംപാട്
വാഹനാപകടത്തിൽ പരിക്കേറ്റു കട്ടിലിൽ കിടക്കുന്ന ഇടുക്കി വിമലഗിരി സ്വദേശി ബിനോയ് സെബാസ്റ്റ്യനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് ഇതുവരെ 2110 പൗണ്ട് (ഏകദേശം 2,49264 രൂപ )ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു .ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു. പണം അയച്ചിട്ടുണ്ട് എന്നറിയിച്ച എല്ലാവർക്കും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ്മെൻറ് അയച്ചിട്ടുണ്ട് . സഹായിച്ച എല്ലാ യു കെ മലയാളികളെയും നന്ദിയോടെ ഓർക്കുന്നു . ലഭിച്ച പണം ഈ ഓണത്തിന് മുൻപ് ബിനോയ്ക്ക് കൈമാറും എന്നറിയിക്കുന്നു .
ഒരു ചെറിയ കടനടത്തി വികലാംഗയായ ഭാര്യയെയും ഓട്ടിസം ബാധിച്ച മകളെയും സംരക്ഷിച്ചു മറ്റൊരു മകളെ നേഴ്സിംഗ് പഠിപ്പിക്കാൻ സഹായിച്ചും ജീവിതം മുൻപോട്ടു കൊണ്ടു പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് വാഹനാപകടം ആ കുടുംബത്തെ തകർത്തെറിഞ്ഞത് .
ബിനോയിയുടെ കുടുബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് യു കെ യിലെ സുന്ദർലാണ്ടിൽ താമസിക്കുന്ന ഉപ്പുതോട് സ്വദേശി റെയ്മൻഡ് മാത്യു മുണ്ടക്കാട്ടാണ് , റെയ്മഡിനെ ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.
ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,45,00000 (ഒരുകോടി നാൽപ്പത്തിഅഞ്ചു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു കേരള കമ്മ്യൂണിറ്റി വിറാൾ , UKKCA , മലയാളം യു കെ , പത്ര൦ , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, പടമുഖം സ്നേഹമന്ദിര൦, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് . ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് . ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.”
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ശ്രീകൃഷ്ണ ജയന്തി രക്ഷബന്ധൻ ആഘോഷങ്ങൾക്ക് ഭക്തി നിർഭരമായ സമാപനമായി. 2025 ഓഗസ്റ്റ് 30 ആം തീയതി ശനിയാഴ്ച വൈകുന്നേരം 6.00 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടത്തപ്പെട്ടത്. അന്നേ ദിവസം നാമസംഗീർത്തനം (LHA), പ്രഭാഷണം,ലണ്ടൻ ശ്രീഗുരുവായൂരപ്പ സേവ സംഘം അവതരിപ്പിച്ച നാടകം കുചേല കൃഷ്ണ സംഗമം,രക്ഷബന്തൻ മഹോത്സവം,കുട്ടികളുടെ ചിത്രരചന, ദീപാരാധന, അന്നദാനം എന്നിവ നടത്തപ്പെട്ടു. തന്ത്രി മുഖ്യൻ ശ്രീ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാടും,താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിസ്വരർ തിരുമേനിയും വിശ്ഷ്ട അതിഥികളായിരുന്നു,ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം ആളുകൾ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്തു.
മനോജ് ജോസഫ് , പി. ആർ. ഒ
പുന്നമടക്കായലിലെ നെഹ്റു ട്രോഫി വള്ളംകളി ആരവങ്ങൾക്കൊപ്പം, ആയിരക്കണക്കിന് മൈലുകൾക്കപ്പുറം ഇംഗ്ലണ്ടിലെ മാൻവേഴ്സ് തടാകത്തിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ചരിത്രം കുറിച്ചു. വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തി ലിവർപൂൾ മലയാളി അസോസിയേഷന്റെ (ലിമ ) പെൺപട യുക്മ കേരളപൂരം വള്ളംകളി കിരീടം നേടി.
ആദ്യമായി പങ്കായം കയ്യിലെടുത്ത ലിമയുടെ പെൺപട, വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ടീമുകളോട് വാശിയേറിയ പോരാട്ടം നടത്തിയാണ് ഈ അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. ആവേശം നിറഞ്ഞ മത്സരത്തിൽ, ഓളപ്പരപ്പിലെ പായുംപുലികളായി അവസാന നിമിഷം നടത്തിയ അവിശ്വസനീയമായ കുതിപ്പിലൂടെയാണ് ലിമയുടെ വനിതാ ടീം കിരീടം പിടിച്ചെടുത്തത്. ശ്രീ. ഹരികുമാർ ഗോപാലന്റെ നേതൃത്വത്തിൽ, കോച്ച് ശ്രീ. സൂരജിന്റെ സഹായത്തോടെ, ജൂലി ഫിലിപ്പിന്റെ ക്യാപ്റ്റൻസിയിൽ തുഴയെറിഞ്ഞ ലിമയുടെ പെൺപട തീപാറും പോരാട്ടമാണ് കാഴ്ച വച്ചത്.
പ്രവാസലോകത്തെ വനിതകളുടെ നിശ്ചയദാർഢ്യത്തെയും കഠിനാധ്വാനത്തെയും നേർസാക്ഷ്യമായ ഈ വിജയം,ഓരോ മലയാളിക്കും, പ്രത്യേകിച്ച് പ്രവാസി സമൂഹത്തിന്, അഭിമാനത്തിന്റെ നിമിഷമാണ്. എൽ.ടി.സി (love to care) ഗ്രൂപ്പിന്റെ പിന്തുണയോടെ, ഈ ചരിത്രവിജയത്തിന് പിന്നിൽ പ്രവർത്തിച്ച ലിമയിലെ ഓരോ വനിതാ അംഗങ്ങൾക്കും, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
600 ൽ പരം ആളുകൾക്ക് ഓണസദ്യ സ്വന്തമായി ഒരുക്കി വിസ്മയമായി വീണ്ടും ലിവർപൂളിനടുത്തുള്ള കേരളാ കമ്മ്യൂണിറ്റി വിരാൽ. വിരാലിലെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധനും, സംഘടനാ പ്രവർത്തകനുമായ ശ്രീ ആന്റോ ജോസിന്റെ നേതൃത്വത്തിലാണ് ഈ മെഗാ ഓണസദ്യ ഒരുക്കപ്പെട്ടത്. ഇവരുടെ ഓണ ആഘോഷത്തിന് മാറ്റ് കൂട്ടികൊണ്ട് നിരവധി ഓണകളികളും, വിവിധങ്ങളായ നൃത്തങ്ങളും,ഗാനങ്ങളും, വയലിൻ കച്ചേരിയും, കൂടാതെ ലിവർപൂളിലെ അതി പ്രശസ്ത ചെണ്ട വിദ്വാന്മാർ ഒന്നിക്കുന്ന വാദ്യ ചെണ്ടമേളം ഗ്രൂപ്പിന്റെ ചെണ്ട മേളവും കുടി ഒന്നിച്ചപ്പോൾ ഓണ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ ജന സഹസ്രങ്ങളുടെ വയറും, കണ്ണും, മനസ്സും, ഹൃദയവും നിറഞ്ഞു.
ഇവരുടെ ഓണ ആഘോഷ വേദിയിൽ വച്ചു യുകെയിലെ പ്രശസ്തനായ ചാരിറ്റി പ്രവർത്തകൻ ശ്രീ ടോം ജോസ് തടിയംപാടിന് പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. ഇടുക്കി ചാരിറ്റി എന്ന ചാരിറ്റി പ്രസ്ഥാനത്തിലൂടെ ഇദ്ദേഹം രണ്ട് കോടിയോളം രൂപയുടെ ചാരിറ്റി പ്രവർത്തനനങ്ങൾ പാവങ്ങൾക്ക് വേണ്ടി നടത്തിയിട്ടുണ്ട്. കേരളാ കമ്മ്യൂണിറ്റി വിരാലിന്റെ ഓണ ആഘോഷങ്ങൾക്ക് ഒരു കുടുoബത്തിന് വെറും £35 മാത്രമേ ഇടാക്കിയുള്ളു എന്നതിൽ നിന്ന് തന്നെ ഇവരുടെ സാമൂഹ്യ പ്രതിബദ്ധത നമുക്ക് മനസ്സിൽ ആക്കുവാൻ സാദിക്കും.. ചടങ്ങിൽ ശ്രീ ജയിംസ് ഐലൂർ അധ്യക്ഷത വഹിച്ചു. ഓണ ആഘോഷ ചടങ്ങിൽ വച്ചു വിരാലിലെ പ്രശസ്ത സെന്റ് മേരിസ് ക്രിക്കറ്റ് ക്ലബ്ബിനെയും ആദരിച്ചു.