ജൂൺ മാസം 15 ന് ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ), ലിവർപൂൾ ലിമ ഒരുക്കിയ അറിവിന്റെ മണിചെപ്പ് തുറന്ന “ചോദിക്കൂ.. പറയാം” എന്ന അവെർനെസ്സ് പ്രോഗാം മേഴ്സിസൈഡിലെ മലയാളി സമൂഹത്തിൽ ജനശ്രദ്ധ പിടിച്ചു പറ്റി. മേഴ്സിസൈഡിൽ പുതിയതായി എത്തിയവരും, വർഷങ്ങളായി താമസിക്കുന്നവർക്കും പുതിയ അറിവൂകൾ ലഭിക്കുന്നതിന് ഉതകുന്ന വിഷയങ്ങൾ ആയിരുന്നു ക്ലാസ്സുകൾ എടുക്കാൻ വന്നിരുന്നവർ തിരഞ്ഞെടുതിരുന്നത്.

യുകെയിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട യുകെയിലെ വിവിധ നിയമങ്ങൾ, പോലിസ്.
ക്രൈം, പണിഷ്മെൻറ്& കോടതി, ഹേറ്റ് ക്രൈം, യുകെയിലെ വിദ്യഭ്യാസം, സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി അഡ്മിഷൻ, യുകെ യിലെ ഡ്രൈവിങ്, റോഡ് നിയമങ്ങൾ,ഡിബിഎസ്.,യുകെയിലെ വിവിധങ്ങളായ ടാക്സുകൾ & ടാക്സ് റിട്ടെൺ,മോർഗേജ്,വിവിധ ലോൺ. കൂടാതെ തൊഴിലാളി യൂണിയൻ എന്നിവയെ കുറിച്ഛ് ഈ രംഗത്തെ വിദ്ധഗ്തർ ക്ലാസുകൾ എടുത്തു. കൂടാതെ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അപ്പോൾ തന്നെ മറുപടിയും ക്ലാസുകൾ എടുത്തവർ നൽകി.

പുതിയതായി മേഴ്സിസൈഡിലേക്ക് കുടിയേറിയവർക്ക് പരസ്പരം പരിചയപ്പെടാനും, അവരുടെ നിരവധി സംശയങ്ങൾ ദൂരികരിക്കുവാനും, അവരെ ലിമ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും വേണ്ടിയായിരുന്നു ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ ഒരുക്കുന്ന “ചോദിക്കു.. പറയാം “എന്ന പ്രോഗ്രം ഒരുക്കിയത്. കുടിയേറ്റത്തിന്റെ ആദ്യഘട്ടം എന്നത് വളരെ കഷ്ടപ്പാട് നിറഞ്ഞതാണ് ഈ സമയത്തു കുടിയേറി വരുന്നവർക്ക് ഒരു കൈത്താങ്ങാകുന്നതിനു വേണ്ടിയും ആണ് സേവനത്തിന്റെ 24 വർഷങ്ങൾ പിന്നിടുന്ന ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത് .

മുൻ വർഷങ്ങളിൽ പുതിയതായി ലിവർപൂളിൽ എത്തുന്നവർക്കായി ലിമ സംഘടിപ്പിച്ച മീറ്റ് ആൻറ് ട്രീറ്റ് പരിപാടിയുടെ തുടർച്ച ആയിരുന്നു ഈ പ്രോഗാം. ലിവർ പൂളിലെ വിസ്റ്റൺ ടൗൺ ഹാളിൽ ജൂൺ 15 നായിരുന്നു ഈ പ്രോഗ്രാം നടത്തപ്പെട്ടത്. ഈ പ്രോഗ്രാമിന് പ്രവേശനം തികച്ചും സൗജന്യം ആയിരുന്നു. അറിവിന്റെ മണിചെപ്പ് തുറക്കുന്ന ഈ ഇൻഫർമേറ്റീവ് ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നവർക്ക് ഒരു നഷ്ടം തന്നെ ആയിരുന്നു എന്നാണ് പങ്കെടുത്തവർ എല്ലാം അഭിപ്രായപ്പെട്ടത്. പ്രോഗ്രാമിൽ പങ്കെടുത്ത ഏവർക്കും ലിമ കുടുബത്തിന്റെ നന്ദി .

യുകെയിലെ ശ്രദ്ധേയമായ ബാത്ത് കമ്യൂണിറ്റി 22 വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ബാത്ത് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ലൈവ് മ്യൂസിക്കല്‍ നൈറ്റ് ജൂണ്‍ 16 ഞായറാഴ്ച സാല്‍ഫോര്‍ഡ് ഹാളില്‍ നടത്തുന്നു.വൈകീട്ട് നാലു മണി മുതല്‍ 9 മണിവരെയാണ് മെഗാ മ്യൂസിക്കല്‍ ഇവന്റ് നടത്തുന്നത്. ഏവരും ഒരുമിച്ച് ചേരുന്ന ഒരു മനോഹരമായ സായാഹ്നം ഒരുക്കുകയാണ് ബാത്ത് കമ്യൂണിറ്റി ലക്ഷ്യമിടുന്നത്.
യുക്മ ദേശീവ വക്താവ് അഡ്വ എബി സെബാസ്റ്റ്യനാണ് പരിപാടിയുടെ മുഖ്യ അതിഥി. ഡോ വാണി ജയറാമിന്റെയും ടീമിന്റെയും മികച്ചൊരു പ്രോഗ്രാമാണ് വേദിയില്‍ അണിയിച്ചൊരുക്കുന്നത്.
ബാത്തിനും ബാത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള മലയാളി ബിസിനസ് ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് പരിപാടി നടപ്പാക്കുന്നത്. പ്രവാസികള്‍ക്ക് ഒരു കുടുംബമെന്ന തോന്നലുണ്ടാക്കാനും പ്രവാസികള്‍ ഒറ്റക്കെട്ടായി ജീവിക്കാനും ഇത്തരം കൂട്ടായ്മകള്‍ അനിവാര്യമെന്ന വിലയിരുത്തലാണ് ബാത്ത് മലയാളി കമ്യൂണിറ്റിക്കുള്ളത്. പ്രസിഡന്റ് വിന്‍സന്റ് പറശ്ശേരി, സെക്രട്ടറി വിനോദ് കുമാര്‍,മറ്റ് കമ്മറ്റി അംഗങ്ങളായ ഷിബി ഡെന്നി, ജോയ് മാത്യു,ജിനി ജോയ്, സുമിത് മോഹന്‍, ടെസി തോമസ്, രശ്മി സുമിത് എന്നിവര്‍ പരിപാടികള്‍ക്കായി വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയത്.
മെഗാ മ്യൂസിക് ഇവന്റിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ബാത്ത് മലയാളി കമ്യൂണിറ്റി നേതൃത്വം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ; 07756982592

യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ സേവനം യു കെ യുടെ പുതിയ ഒരു യുണിറ്റിനു കവൻട്രിയിൽ തുടക്കം കുറിച്ചു. ശിവഗിരി ആശ്രമം യു കെ യുടെ അടുത്തുള്ള പ്രദേശമായ കവൻട്രിയിൽ താമസിക്കുന്ന സേവനം യു കെ യുടെ അംഗങ്ങളുടെ ദീർഘകാലമായ അഭിലാഷമാണ് കവൻട്രി യുണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്.

സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെ യുടെ പദ്ധതികൾക്ക് പിന്തുണനൽകുവാനും യുണിറ്റ് തീരുമാനമെടുത്തു.

സേവനം യു കെ കൺവീനർ ശ്രീ സജീഷ് ദാമോദരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി ശ്രീ ദിനേശ് കക്കാലക്കുടിയിൽ , സെക്രട്ടറിയായി ശ്രീ മുകേഷ് മോഹൻ , ട്രഷററായി ശ്രീമതി ഐശ്വര്യ മുകേഷ് വനിതാ കോർഡിനേറ്ററായി ശ്രീമതി സൗമ്യ അനീഷിനെയും തെരഞ്ഞെടുത്തു. യോഗത്തിൽ ശ്രീ സിറിൽ കുണ്ടൂർ മുഖ്യ പ്രഭാഷണം നടത്തി. സേവനം യു കെ കുടുംബ യൂണിറ്റ് കോർഡിനേറ്റർ ശ്രീ ഗണേഷ് ശിവൻ, ഗുരുമിത്ര കൺവീനർ ശ്രീമതി കല ജയൻ സേവനം യു കെ ട്രഷറർ ശ്രീ അനിൽകുമാർ രാഘവൻ, ശ്രീ പ്രമോദ് കുമരകം, ശ്രീ രാജേഷ് വടക്കേടം തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ ശ്രീമതി സൗമ്യ അനീഷ് സ്വാഗതവും മുകേഷ് മോഹൻ നന്ദിയും രേഖപ്പെടുത്തി.

സ്റ്റീവനേജ്: യു കെ യിലെ പ്രഥമ ‘പ്ലാൻഡ് സിറ്റി’യായ സ്റ്റീവനേജിന്റെ പ്രൗഢ ഗംഭീര ദിനാഘോഷം കേരളപ്പെരുമയുടെയും ആഘോഷമായി. കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പവലിയൻ സന്ദർശിക്കുന്നതിന് നിരവധിയാളുകളാണ് എത്തിയത്. കേരളത്തിന്റെ തനതു കലാരൂപങ്ങൾ, ആയോധന കലകൾ, വിഭവങ്ങൾ, തൃശ്ശൂർ പൂരം, ടൂറിസം, മൂന്നാർ അടക്കം വർണ്ണ ചിത്രങ്ങൾക്കൊണ്ടു സമ്പന്നമായ സർഗം പവലിയൻ കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്നതായി.

ബോസ് ലൂക്കോസ്, സോയ്മോൻ, മാത്യൂസ്, ആദർശ് പീതാംബരൻ, റ്റിജു മാത്യു, ഷിജി കുര്യാക്കോട്, ബേസിൽ റെജി, ഷൈനി ജോ, ടെസ്സി ജെയിംസ്,ഷോണിത്, എമ്മാ സോയിമോൻ എന്നിവരോടൊപ്പം കുട്ടികളായ ആദ്യ അദർശ്, അദ്വ്യത ആദർശ് എന്നിവരുടെ ശ്രവണ സുന്ദരവും, താളാൽമകവുമായ ശിങ്കാരിമേളം സ്റ്റീവനേജ് ‘മെയിൻ അരീന’യിൽ ഒത്തു കൂടിയ നൂറു കണക്കിന് കാണികൾ ഏറെ കയ്യടികളോടെയാണ് സ്വീകരിച്ചത്.

ചെണ്ടമേളം ആസ്വദിക്കുകയും, തുടർന്ന് ആവേശം ഉൾക്കൊണ്ട സ്റ്റീവനേജ് മേയർ, കൗൺസിലർ ജിം ബ്രൗൺ പവലിയൻ സന്ദർശിക്കുകയും ചെണ്ട വാങ്ങി മിനിറ്റുകളോളം താളാല്മകമായിത്തന്നെ കൊട്ടി ആനന്ദിക്കുകയും ചെയ്തു. പവലിയനിൽ അലങ്കരിച്ചിരുന്ന ഓരോ ഫോട്ടോയും ചോദിച്ചറിയുകയും, തന്റെ ശ്രീലങ്കൻ യാത്രയുടെ സമാനമായ അനുസ്മരണം പങ്കിടുകയും ചെയ്തു.

ടെസ്സി ജെയിംസ്, ആതിര ഹരിദാസ്, അനഘ ശോഭാ വർഗ്ഗീസ്, ശാരിക കീലോത് എന്നിവരുടെ വശ്യസുന്ദരവും, ചടുലവുമായ ക്ളാസ്സിക്കൽ ഡാൻസ് വേദിയെ ആകർഷകമാക്കി. നിറകയ്യടിയോടെയാണ് കാണികൾ കേരള നൃത്തത്തെ സ്വീകരിച്ചത്.

അപ്പച്ചൻ കണ്ണഞ്ചിറ,ഹരിദാസ് തങ്കപ്പൻ, നന്ദു കൃഷ്ണൻ, ജെയിംസ് മുണ്ടാട്ട്, പ്രവീൺകുമാർ തോട്ടത്തിൽ, നീരജ ഷോണിത്, ചിന്തു, സഹാന, വിത്സി പ്രിൻസൺ അടക്കം സർഗ്ഗം കമ്മിറ്റി ലീഡേഴ്സ് നേതൃത്വം നൽകി.

‘സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ’ സംഘാടകരുടെ പ്രത്യേക പ്രശംസകൾ ഏറ്റുവാങ്ങി. ‘സർഗം കേരളാ പവിലിയൻ’ സന്ദർശകർക്ക് പാനീയങ്ങളും സ്നാക്സും വിതരണവും ചെയ്തിരുന്നു. 
വാറ്റ്ഫോർഡ്: ഇന്ത്യയിൽ ജനാധിപത്യ-മതേതര മൂല്യങ്ങൾ നശിപ്പിക്കപ്പെടും എന്ന ആശങ്കയിൽ നടന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ഭരണഘടനാ മൂല്യങ്ങൾ വീണ്ടെടുക്കുവാനുള്ള ജനവികാരം വോട്ടായി മാറ്റുവാൻ കഴിഞ്ഞതിൽ മാതൃരാജ്യത്തെ എല്ലാ സമ്മതിദായകർക്കും ഒഐസിസി വാറ്റ്ഫോർഡ് നന്ദി പ്രകാശിപ്പിച്ചു. രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതാവെന്ന നിലയിൽ ആശംസകളും പ്രാർത്ഥനകളും പിന്തുണയും നേരുകയും ചെയ്തു.

വാറ്റ് ഫോർഡ് ഹോളിവെൽ കമ്മൃുണിറ്റി സെന്റെറിൽ മൂന്നു മണിക്കൂറോളം നീണ്ട ആഹ്ളാദം അലതല്ലിയ ഒഐസിസി യോഗത്തിൽ യുണിറ്റ് പ്രസിഡണ്ട് സണ്ണിമോൻ മത്തായി അദ്ധൃക്ഷത വഹിച്ചു.”കേരളത്തിലെ അരാജകത്വ -അഴിമതി ദുർഭരണത്തിനെതിരെ ജനങ്ങൾ നൽകിയ ചുട്ട മറുപടിയാണ് യുഡിഎഫ്ന്റെ മികച്ച വീജയം’ എന്ന് സണ്ണിമോൻ മത്തായി പറഞ്ഞു. ‘കൂടാതെ ഭരണഘടാനാ മൂല്യങ്ങൾ സംരക്ഷിക്കുവാനുള്ള പ്രതിബദ്ധത പ്രകടമാക്കുന്നതുമായി തെരഞ്ഞെടുപ്പ് ഫലം’ എന്ന് സണ്ണി കൂട്ടിച്ചേർത്തു.

ഒഐസിസി വർക്കിങ്ങ് പ്രസിഡണ്ട് സുജൂ കെ ഡാനിയേൽ ഉദ്ഘാടന പ്രസംഗം നടത്തി.”തിരഞ്ഞെടുപ്പു വീജയം കോൺഗ്രസ്സിന്റെ തീരിച്ചു വരവിന്റെ തുടക്കം മാത്രമാണെന്നും, സതൃവും അതിലുടെ ജനാധിപതൃവും പുനസ്ഥാപിക്കപ്പെടുന്ന സദ് വാർത്തയാണ് തെരഞ്ഞെടുപ്പ് വിധി ‘ എന്നും ഉദ്ഘാടന പ്രസംഗത്തിൽ സുജു അഭിപ്രായപ്പെട്ടു.

ലണ്ടനിലെ പ്രവാസി കോൺഗ്രസ് നേതാവായ സൂരജ് കൃഷ്ണൻ ‘കേരളത്തിലെ ഭരണ ഭീകരത’ എടുത്തു പറഞ്ഞു സംസാരിക്കുകയും രാജ്യത്തു കോൺഗ്രസ്സിന് കരുത്തു പകരുവാൻ പ്രവാസികളുടെ പങ്ക് നിർണ്ണായകമാണെന്നും സൂചിപ്പിച്ചു. യുഡിഎഫ്ന്റെ മികച്ച വിജയത്തെ പ്രകീർത്തിച്ചുകൊണ്ടും കേരളത്തിൽ അനിവാര്യമായ ഭരണ മാറ്റം ഉണ്ടാകണമെന്നും, ക്ഷേമ-പെൻഷൻ ലഭിക്കാതെ നെട്ടോട്ടമോടുന്നവർക്ക് എത്രയും വേഗം പരിഹാരം ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. സിബി ജോൺ, ബീജോയി ഫിലിപ്, വി കൊച്ചുമോൻ പീറ്റർ ,ജോൺ പീറ്റർ എന്നിവർ സംസാരിച്ചു.

യോഗത്തിൽ ഫെമിൻ സിഫ് സ്വാഗതവും, ബീജു മാതൃു നന്ദിയും പറഞ്ഞു. കോൺഗ്രസ് നേതാവ് ബെന്നോ ജോസ് തെരഞ്ഞെടുപ്പ് വിജയത്തിൽ ലഡു വിതരണം ചെയ്തുകൊണ്ട് സന്തോഷം പങ്കിട്ടു. ചായ സൽക്കാരത്തോട് യോഗ നടപടികൾ സമാപിച്ചു.
ബെന്നി അഗസ്റ്റിൻ
യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനിൽ ഒന്നായ കാർഡിഫ് മലയാളി അസോസിയേഷന് (സി.എം.എ) പുതിയ ഭരണസമിതി. പുതിയ നേതൃത്വത്തിന്റെ പ്രസിഡന്റ് – ജോസി മുടക്കോടിൽ, ജനറൽ സെക്രട്ടറി – ബിനോ ആന്റണി, ട്രഷറർ – ടോണി ജോർജ്, ആർട്സ് സെക്രട്ടറി – ബെന്നി അഗസ്റ്റിൻ, സ്പോർട്സ് സെക്രട്ടറി – സാജു സലിംകുട്ടി, വൈസ് പ്രസിഡന്റ് – സരിത ബിനോയ്, ജോയിന്റ് സെക്രട്ടറി – ജോസ്മോൻ ജോർജ്, ജോയിന്റ് ട്രഷറർ – ജോസ് കൊച്ചപ്പള്ളി, എക്സിക്യൂട്ടി മെംബേർസ് – വിനോ ജോർജ്, മാത്യു ഗീവർഗീസ്, ധനിഷ സൂസൻ, ജിനോ ജോർജ്, സുമേശൻ പിള്ള, നിബി ബിബിൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. എക്സ് ഒഫീഷിയോ മെംബേർസ് ആയി ഡോ. മനോജ് തോമസും ശ്രീ. സിജി സലിംകുട്ടിയും തുടരുന്നു. സംഘടനയുടെ പഴയതും പുതിയതുമായ തലമുറയെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ഈ പുതിയ കമ്മിറ്റി.
കാർഡിഫ് മലയാളി അസോസിയേഷന്റെ പുതിയ നേതൃത്വം വളരെ പുതിയതും വ്യത്യസ്തവുമായി രീതിയിൽ സാമൂഹിക- സാംസ്കാരിക പരിപാടികൾ വരും വർഷത്തിൽ സംഘടിപ്പിക്കുവാൻ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രസിഡന്റ് ജോസി മുടക്കോടിൽ കൂട്ടിച്ചേർത്തു. പുതിയ കമ്മറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ അസോസിയേഷൻ അംഗങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. അതുപോലെ പുതിയതും നൂതനവുമായ കലാ – കായിക ആശയങ്ങൾ കൊണ്ട് അസോസിയേഷനെ കൂടുതൽ ഉയർച്ചയിൽ എത്തിക്കുവാൻ അംഗങ്ങളെ അദ്ദേഹം ഓർമ്മിപ്പിച്ചു.
കാർഡിഫ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഈസ്റ്റർ, വിഷു, ഈദ് പരിപാടികൾ ഏപ്രിൽ 26ന് കാർഡിഫിൽ മെർക്കുറി ഹോട്ടലിൽ വച്ച് ആഘോഷിച്ചു. അന്നേ ദിവസം തന്നെ വാർഷിക പൊതുയോഗം കൂടുകയും 2024 – 2025 ലേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. ഈ വർഷത്തെ സ്പോർട്സ് ഡേ ജൂൺ 22 നും ഓണം സെപ്റ്റംബർ 7നും നടത്തുവാൻ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ രണ്ട് വർഷമായി നിസ്വാർഥ സേവനം കാഴ്ച വച്ച പഴയ കമ്മിറ്റിയെ പൊതുയോഗം പ്രത്യേക നന്ദിയും സ്നേഹവും അറിയിച്ചു.

ഷാജി വർഗീസ് മാമൂട്ടിൽ
ആറു പതിറ്റാണ്ടിൽ അധികം ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ രാജ്ഞിയായിരുന്ന ക്വീൻ വിക്ടോറിയയുടെ (1819-1901) സ്മരണാർഥം വർഷംതോറും നടത്തപ്പെടുന്ന വിക്ടോറിയ പരേഡ് ജൂൺ 8 ന് ആൾഡർഷോട്ടിൽ വച്ച് നടന്നു. ബ്രിട്ടീഷ് ആർമിയുടെ ഹോം എന്ന് അറിയപ്പെടുന്ന നഗരം ആണ് ആൾഡർഷോട്. ‘ കാർണിവൽ ഓഫ് ദ് ആനിമൽസ് ‘ എന്നായിരുന്നു ഈ വർഷത്തെ പരേഡിൻ്റെ തീം.

പ്രിൻസസ് ഗാർഡനിൽ നിന്നും ആരംഭിച്ച പരേഡ്, ആൾഡർഷോട്ടിൻ്റെ വിവിധ വീഥികളിലൂടെ കാഴ്ചക്കാർക്ക് കണ്ണിനു കുളിർമയേകുന്ന ദൃശ്യവിസ്മയംതീർത്ത് കടന്നു പോയി. പ്രദേശവാസികൾ, കുട്ടികൾ, ബ്രിട്ടീഷ് ആർമിയിൽ നിന്നും വിരമിച്ച മുൻ സൈനികർ, വിവിധ രാജ്യങ്ങളിൽ നിന്നും ഇവിടെ വന്ന് താമസിക്കുന്നവർ എല്ലാം ഇതിൻ്റെ ഭാഗം ആയി. നൃത്ത വിസ്മയങ്ങൾ, ലൈവ് മ്യൂസിക്, അതിശയിപ്പിക്കുന്ന വേഷവിധാനങ്ങൾ, കലാ പ്രദർശനങ്ങൾ, കര കൗശല സ്റ്റാളുകൾ, പാവകളി, ക്ലാസിക് കാറുകളുടെ പ്രദർശനം തുടങ്ങിയവ യൂറോപ്പിലെ പല നഗരങ്ങളിലും നടക്കുന്ന കാർണിവലിനോട് കിടപിടിക്കുന്നവ ആയിരുന്നു.

ഈ വർഷത്തെ പരേഡ് ഇവിടെയുള്ള മലയാളികളെ സംബന്ധിച്ച് ഏറെ സവിശേഷം ആയിരുന്നു. ‘നമ്മുടെ സ്വന്തം ആൽഡർഷോട്’ എന്ന മലയാളി കൂട്ടായ്മയെ ഈ വർഷത്തെ പരേഡിലേക്ക് ഔദ്യോഗികമായി ഇവിടുത്തെ കൗൺസിൽ ക്ഷണിച്ചിരുന്നു. പരമ്പരാഗത കേരള വേഷം ധരിച്ച് നൂറിൽ അധികം മലയാളികൾ ഇവിടുത്തെ നിരത്തുകളിൽ പരേഡിൽ പങ്കെടുക്കാൻ ഇറങ്ങിയപ്പോൾ അത് കണ്ട് നിന്നവരിൽ ഏറെ കൗതുകം സൃഷ്ടിച്ചു. ആടിയും പാടിയും മലയാളി തനിമയോടെ ഈ ആഘോഷത്തിൻ്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷത്തിലാണ് ഇവിടുത്തെ മലയാളികൾ. കാൽ നൂറ്റാണ്ടിൽ അധികം ആയി ഇവിടെ മലയാളികൾ ഉണ്ടെങ്കിലും ആദ്യമായാണ് ഈ പരേഡിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നത്. ബാബു കൊച്ചപ്പിള്ളി, അജി, മനോജ്, നിജിൽ ജോസ് തുടങ്ങിയവർ ഇതിന് നേതൃത്വം നൽകി.

സഹൃദയ ദി കെൻ്റ് കേരളൈറ്റ്സ് അഭിമാനപുരസരം അണിയിച്ചൊരുക്കുന്ന ഏഴാമത് അഖില യു.കെ വടം വലി മത്സരം ജൂലൈ ഏഴാം തീയതി ഞായറാഴ്ച ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്കൂൾ മൈതാനത്ത് അരങ്ങേറും.
പൂന്തോട്ട നഗരിയായ കെന്റിനെ പ്രകമ്പനം കൊള്ളിക്കാൻ യുകെയിലെ വടംവലി മത്സരത്തിലെ അജയ്യരും ശക്തരും പരസ്പരം കൊമ്പുകോർക്കുമ്പോൾ ആരാകും ഈ വർഷം കപ്പ് ഉയർത്തുന്നത്?

വടംവലിയുടെ ആവേശപ്പൊലിമയിൽ അവിസ്മരണീയമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കെൻ്റിലെ അങ്കത്തട്ട് ഉണരുമ്പോൾ കൈ- മെയ് മറന്ന് കാളക്കൂറ്റന്മാരെ പോലെ കൊമ്പുകുലുക്കി ഏറ്റുമുട്ടി കരുത്തു തെളിയിക്കാൻ യു.കെയിലെ കരുത്തരായ എല്ലാ വടംവലി ടീമുകളിലെയും വില്ലാളി വീരന്മാരും വമ്പന്മാരും കൊമ്പന്മാരും തയ്യാറായി കഴിഞ്ഞു.
യു.കെയിലെ വടംവലി പോരാട്ടത്തിനു പുതിയ മാനവും വീര്യവും പകർന്നു നൽകിയ സഹൃദയയുടെ വടംവലി മത്സരം ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ, ആ ആവേശം നെഞ്ചോടു ചേർത്തു അതിന്റെ ഭാഗമാകുവാന്‍ യു.കെയിലെ ഒരോ വടംവലി പ്രേമിയും എത്തിച്ചേരുന്ന കാഴ്ചയ്ക്കാണ് ചരിത്രമുറങ്ങുന്ന കെന്റ് സാക്ഷ്യം വഹിക്കാൻ പോകുന്നത് .

വാശിയും വീര്യവും നിറഞ്ഞു നിൽക്കുന്ന ഈ തീ പാറുന്ന കരുത്തിന്റെ പോരാട്ട വിജയികളെ കാത്തിരിക്കുന്നതു ഏറ്റവും മികച്ച സമ്മാന തുകയും ട്രോഫിയുമാണ്. ആദ്യ ഏട്ടു സ്ഥാനക്കാർക്കു ക്യാഷ് പ്രൈസും ട്രോഫിയും നൽകുമ്പോൾ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ സഹൃദയ നൽകുന്നതായിരിക്കും.
യുകെയിലെ ഒരു രജിസ്റ്റേർഡ് ചാരിറ്റി മലയാളി അസോസിയേഷൻ ആയ സഹൃദയ ദി കെൻ്റ് കേരളൈറ്റ്സ് ഒരു ചാരിറ്റ് ഈവൻ്റ് ആയാണ് ഈ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ഏകദേശം ആയിരക്കണക്കിനു കാണികളെ പ്രതീക്ഷിക്കുന്ന ഈ പോരാട്ടത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുകയാണ്. സഹൃദയയുടെ അഖില യു.കെ വടംവലി മത്സരത്തിനോടൊപ്പം സഹൃദയ നിങ്ങൾക്കായി ഒരുക്കുന്നതു ഒരു ദിനം സകുടുബം ആസ്വദിക്കുവാനുമുള്ള സുവർണാവസരമാണ്.

കുട്ടികൾക്ക് വേണ്ടി ബൗൺസി കാസിൽ, ഫേസ് പെയിന്റിംഗ്, നാടൻ ഭക്ഷണശാല, ലക്കി ഡ്രോ ഒപ്പം എല്ലാ വടംവലി പ്രേമികൾക്കും
സൗജന്യ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ ആവേശപോരാട്ടം കണ്ടാസ്വദിക്കുവാനും, സകുടുംബം വന്നു ചേർന്നു സഹൃദയ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിൽ പങ്കാളിയാക്കുവാനും യു.കെ യിലെ ഒരോ മലയാളികളെയും ടീം സഹൃദയ കെന്റിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുകയാണ്.

യു.കെയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനാറോളം ടീമുകൾ ഏറ്റുമുട്ടുന്ന ഈ വടംവലി മാമാങ്കത്തിൽ ആരാകാം ഈ വർഷത്തെ ചാമ്പ്യൻ പട്ടം ഉയർത്തുക? ആരാകും ഈ വർഷത്തെ അട്ടിമറി വീരന്മാർ ? എന്നീ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിനുള്ള ഉത്തരം ജൂലൈ ഏഴിന്.
വടംവലി മത്സരം നടക്കുന്ന വേദിയുടെ വിലാസം: Sackville School, Hildenborough, Kent TN11 9HN
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രസിഡൻ്റ് ആൽബർട്ട് ജോർജ് – 07956 184796 സെക്രട്ടറി – ഷിനോ തുരത്തിയിൽ – 07990935945, സേവ്യർ ഫ്രാൻസിസ് – 07897641637
ഉണ്ണികൃഷ്ണൻ ബാലൻ
മലയാളി മനസ് കീഴടക്കി സമീക്ഷയുടെ കുതിപ്പ്. ചുരുങ്ങിയ കാലം കൊണ്ട് യുകെയുടെ മണ്ണില്‍ നിലയുറപ്പിച്ച സമീക്ഷ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. സമീക്ഷയുടെ മുപ്പത്തിമൂന്നാമത് യൂണിറ്റ് ഷ്രോപ്ഷയറിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി നിർവഹിച്ചു. ഇനി ഷ്രോപ്ഷയർ മേഖലയിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്കാൻ സമീക്ഷയുണ്ടാകും. സമീക്ഷയുമായി യോജിച്ച് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
പുതിയ യൂണിറ്റിന്റെ പ്രസിഡന്റായി അഖില്‍ ശശിയേയും സെക്രട്ടറിയായി ജോബി ജോസിനേയും തെരഞ്ഞെടുത്തു. അലക്സ് റോയ് വൈസ് പ്രസിഡന്റും സജികുമാർ ഗോപിനാഥൻ ജോയിന്റ് സെക്രട്ടറിയുമാണ്. ജെറിൻ തോമസാണ് ട്രഷറർ. സിറാജ് മെയ്തീൻ, അനിത രാജേഷ്, ജുബിൻ ജോസഫ്, ശ്വേത, സജി ജോർജ് എന്നിവർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളാണ്. പുതിയ ഭാരവാഹികളെല്ലാം നാട്ടിൽ സിപിഐഎം/ഡിവൈഎഫ്ഐ സജീവ പ്രവർത്തകരായിരുന്നു. കോട്ടയം കുറുമള്ളൂർ സ്വദേശിയായ ജോബി ജോസ് സിപിഐഎം കാണാക്കാരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.
ബാലസംഘം ജില്ലാ രക്ഷാധികാരിയായും ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഖിൽ ശശി ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി അംഗമായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് സജികുമാർ ഗോപിനാഥൻ. സിപിഐഎം വക്കം ലോക്കൽ കമ്മിറ്റി അംഗമായും ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. എസ് എഫ് ഐയുടെ സജീവ പ്രവർത്തകനായിരുന്നു അലക്സ് റോയ്. എറണാകുളം കോലഞ്ചേരി സ്വദേശിയായ സിറാജ് മൈതീൻ സിപിഐഎം കുമ്മനോട് ബ്രാഞ്ച് മെമ്പറാണ്. ജൂബിൻ ജോസഫ് ഇടുക്കി നെടുങ്കടം ലോക്കൽ കമ്മിറ്റി അംഗമാണ്. എറണാകുളത്ത് നിന്നുള്ള സജി ജോർജ് സജീവ സി.ഐ.ടി.യു പ്രവർത്തകനായിരുന്നു.
യൂണിറ്റ് രൂപീകരണ യോഗത്തില്‍ നാഷണല്‍ സെക്രട്ടറിയേറ്റ് അംഗം ഉണ്ണികൃഷ്ണൻ ബാലൻ അധ്യക്ഷത വഹിച്ചു. നാഷണല്‍ വൈസ് പ്രസിഡന്റ് ഭാസ്കരൻ പുരയിലാണ് പാനല്‍ അവതരിപ്പിച്ചത്. നാഷണല്‍ പ്രസിഡന്റ് ശ്രീകുമാർ ഉള്ളാപ്പള്ളില്‍, ട്രഷറർ രാജി ഷാജി, സെക്രട്ടറിയേറ്റ് അംഗം അഡ്വ. ദിലീപ് കുമാർ, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ പ്രവീൺ രാമചന്ദ്രൻ, ഗ്ലീറ്റർ, അരവിന്ദ് സതീശ്, ബൈജു പി കെ എന്നിവർ ആശംസ അറിയിച്ചു.
ഏഴ് വർഷം മുൻപാണ് യുകെയില്‍ സമീക്ഷ പ്രവർത്തനം തുടങ്ങിയത്. ഇടത് രാഷ്ട്രീയത്തോട് താല്പര്യമുള്ള മലയാളികളുടെ കൂട്ടായ്മയായിരുന്നു ലക്ഷ്യം. കുറഞ്ഞ കാലം കൊണ്ട് നിരവധി പേരാണ് സമീക്ഷക്കൊപ്പം ചേർന്നത്. ഇന്ന് യുകെയിലെ പ്രധാന നഗരങ്ങളിലെല്ലാം സമീക്ഷയുടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.

അനിൽ ഹരി
കഴിഞ്ഞ രണ്ട് വർഷമായി വിജയകരമായി നടത്തുന്ന എൽ എസ് കെ പ്രീമിയർ കപ്പിന്റെ തേർഡ് എഡിഷൻ (L S K PREMIER CUP 2024 3rd Edition )ഈ വരുന്ന ജൂൺ 9 , 16, 30 തീയതികളിൽ നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.
ആസൂത്രണ മികവുകൊണ്ടും, മികച്ച പങ്കാളിത്തം കൊണ്ടും എൽ എസ് കെ പ്രീമിയർ കപ്പ് മികച്ചനിൽക്കുന്നതിനാൽ യുകെയിലെ വിവിധഭാഗങ്ങളിൽ നിന്നായി പതിനാറു ടീമുകൾ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് പൂരമാണ് അന്ന് അരങ്ങേറുന്നത്. ബോളിന്റെ സ്പീഡിനെക്കാൾ വാശിയേറിയ മത്സരങ്ങൾ ഗ്രൂപ്പ്സ്റ്റേജിൽ തുടങ്ങുന്നു. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും സൂപ്പർ 8 സ്റ്റേജിൽ എത്തുമ്പോൾ നോകൗട്ട് മത്സരങ്ങൾ ആരംഭിക്കുന്നു. ഓരോ ബോളിലും, വീറും വാശിയും നിറഞ്ഞു നില്ക്കുന്ന ക്രിക്കറ്റ് കാർണിവൽ.
കഴിഞ്ഞ രണ്ടു തവണയും കലാശപ്പോരാട്ടത്തിൽ കപ്പുയർത്തിയ എൽ എസ് കെ സൂപ്പർകിങ്സ് മൂന്നാം അങ്കത്തിനിറങ്ങുമ്പോൾ കപ്പ് തന്നെയാണ് ലക്ഷ്യം, എന്നാൽ മറ്റു ടീമുകൾക്കും ലക്ഷ്യം കപ്പ് തന്നെ ആയതിനാൽ പൂരം പൊടിപൂരം ആയിരിക്കും. കലാശപോരാട്ടത്തിലെ വിജയികൾക്ക് 1000 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 500 പൗണ്ടും ട്രോഫിയും, കൂടാതെ ബെസ്റ്റ് ബാറ്റ്സ്സമാൻ, ബെസ്റ്റ് ബൗളർ എന്നിവർക്കും ട്രോഫികൾ നൽകുന്നു.
കളിക്കളത്തിലെ പുൽനാമ്പുകളെ പോലും കോരിത്തരിപ്പിക്കുന്ന കളികളുമായി എൽ എസ് കെ പ്രീമിയർ കപ്പ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. രാവിലെ 9മണി മുതൽ തുടങ്ങുന്ന മത്സരങ്ങൾ വൈകിട്ട് വരെ നീണ്ടുനിൽക്കുന്നു. തീപാറുന്ന മത്സരങ്ങളുടെ ഇടയിൽ നിങ്ങൾക്കായി രുചികരമായ ഭക്ഷണങ്ങളുമായി രാവിലെ മുതൽ ഇന്ത്യൻ ദാബായുടെ സ്റ്റാൾ പ്രവർത്തിക്കുന്നു.
എൽ എസ് കെ പ്രീമിയർ കപ്പ് 2024 ന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ കൺവീനർ ശ്രീ സ്വരൂപ് വർഗീസുമായി ബന്ധപ്പെടേണ്ട നമ്പർ 07535 116479. എൽ എസ് കെ പ്രീമിയർ കപ്പ് 2024 ന്റെ കോഓർഡിനേറ്റർസ് ശ്രീ ബിബിൻ യോഹന്നാൻ (07476698789), ശ്രീ സജി ജോൺ ( 07771616407), ശ്രീ ജയ്മോൻ ജെയ്സൺ (07768497472).
ആവേശവും സൗഹൃദവും അവിസ്മരണീയ നിമിഷങ്ങളും നിറഞ്ഞ ഈ ടൂർണമെന്റ് പൂരത്തിനായി ജൂൺ 9 മുതൽ ലിവർപൂളിൽ വരുക കാണുക ആസ്വദിക്കുക.
